DJ MENON'S BLOG

November 18, 2008

കാലഹരണപ്പെടാത്ത സൂര്യതേജസ്സുകളെ കണ്ടില്ലെന്നു നടിക്കുന്നവർ

എം.മുകുന്ദൻ വി.എസ്സിനെ “കാലഹരണപ്പെട്ട പുണ്യവാളൻ” എന്നു വിശേഷിപ്പിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾ ഇളകിയാട്ടം കഴിഞ്ഞ് ഏകദേശം ഒന്നടങ്ങിയ മട്ടാണ്. ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ‘ എഴുതിയ മുകുന്ദനെ എനിക്കു പരിചയമുണ്ട്. നേരിട്ടല്ല, വല്ലതുമൊക്കെ വായിക്കുന്ന കൂട്ടത്തിലുള്ള ഏതു മലയാളിക്കുമുള്ള പരിചയം. എന്റെ കാര്യത്തിൽ ‘വല്ലതുമൊക്കെ വായിച്ചിരുന്ന’ എന്നൊരു ചെറിയ തിരുത്തൽ കൂടി വേണ്ടിവരുമെന്നു മാത്രം. വി.എസ്സിനേയും എനിക്കു ചെറിയ പരിചയമുണ്ട്. പി എസ്സ് സി പരീക്ഷകളുടെ കാലം കഴിഞ്ഞതിന് ശേഷം മന്ത്രിമാരുടെ പേരുകൾ ഓർത്തുവെക്കുന്നതൊക്കെ നിറുത്തി എങ്കിലും വി എസ്സ് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നൊക്കെ എനിക്കും അറിയാം. ‘സ്ഥാനമാനങ്ങൾ ചൊല്ലികലഹിച്ചും നാണം കെട്ടു നടക്കുന്നിതു ചിലർ’ എന്നൊരു പശ്ചാത്തലസംഗീതത്തോടു കൂടിയല്ലാതെ ഒരൊറ്റ രാഷട്രീയക്കാരനേയും ഓർക്കാൻ പറ്റാത്ത ഒരാളാണെങ്കിലും, വി എസ്സിനേയും എ കെ ആന്റണിയേയും പറ്റി കേൾക്കുമ്പോൾ,
എട്ടുകാലിയേയും പാറ്റയേയും മറ്റു ക്ഷുദ്രജീവികളേയും എന്തോ പെട്ടന്ന് ഓർമ്മ വരാറില്ല. വിവാദമായതിനെ തുടർന്നുള്ള മുകുന്ദന്റെ എസ് എം എസ് വഴിയുള്ള രാജി , സാംസ്കാരിക മന്ത്രിയുടെ മൊബൈൽഫോണിലൂടെയുള്ള രാജിനിരസിക്കൽ ഇതൊന്നും അല്ല ഇവിടെ എന്റെ വിഷയം.( രാജി, സാഹിത്യ അക്കാദമിയിൽ നിന്നോ മറ്റോ…………..ബോർഡ്, കോർപ്പറേഷൻ, അക്കാദമി തുടങ്ങിയവ സേവക്കാരെ ഇരുത്താനുള്ള സ്ഥലങ്ങളുടെ കൂട്ടത്തിൽ പെട്ടതായതു കൊണ്ടും, നേരത്തെ സൂചിപ്പിച്ച പി എസ്സ് സി പരീക്ഷയുടെ പ്രായം കഴിഞ്ഞു പോയതു കൊണ്ടും ഇത്തരക്കാരെപ്പറ്റിയും ഓർത്തു വെക്കാറില്ല……എന്നാലും ചരിത്രത്തിൽ ആദ്യമായി എസ് എം എസ് വഴി രാജി വെച്ച ആളുടെ പേർ ഓർത്തു വെക്കാൻ തീർച്ചയായും ഇനി പരീക്ഷ എഴുതാനുള്ള കുട്ടികളോട് ഉപദേശിക്കണം)

കുറച്ചുകാലം മുമ്പാണ്. കൃത്യമായി പറഞ്ഞാൽ 2005 ഓഗസ്റ്റ് 7 -ലെ മാതൃഭൂമിയിൽ ‘കേട്ടതും കേൾക്കേണ്ടതും‘ പംക്തിയിൽ സാഹിത്യവാരഫലം കൃഷ്ണൻ‌നായരുടേതായി ഒരു ഉദ്ധരിണി കാണുകയുണ്ടായി. “ഈച്ചയുടെ ചിറകിന്റെ അൽ‌പത്വം പോലെ അൽ‌പമായ പ്രതിഭയുള്ള ആളായിരുന്നു ഒ.വി.വിജയൻ” എന്നായിരുന്നു ആ ഉദ്ധരിണി. ഒ.വി.വിജയൻ മരിച്ചിട്ട് ഏതാനും മാസങ്ങൾ പോലും ആയിട്ടില്ല. താമസിച്ചിരുന്ന ഹോട്ടലിന്റെ റിസെപ്ഷൻ ഡെസ്കിൽ പോയി ഒരു വെള്ളപേപ്പർ മേടിച്ച് മനസ്സിൽ തോന്നിയ പ്രതികരണം അപ്പോൾ തന്നെ പകർത്തി നേരെ മാതൃഭൂമിക്ക് അയച്ചുകൊടുത്തിട്ടേ കിടന്നുള്ളു. അതിന്റെ പൂർണ്ണ രൂപം ഇതാ:

പ്രതിഭയുടെ അളവുകോൽ
ഏതോ ഒരു പാശ്ചാത്യകൃതിയിലെ കഥാപാത്രത്തിന്റെ ലൈം‌ഗീകാവയവത്തിൽ പ്രകൃതിവിരുദ്ധ ലൈംഗീകതയ്ക്കു ശേഷം പ്രത്യക്ഷപ്പെട്ട വിസർജ്യത്തിന്റേതായ മഞ്ഞ വളയങ്ങൾ വിശദമായി വിവർത്തനം ചെയ്ത് ഉദ്ധരിച്ചിട്ട്, ഗ്രന്ഥകർത്താവിന്റെ പ്രതിഭയെ പുകഴ്ത്തിയ കൃഷ്ണൻ‌നായരുടെ വാഗ്വിലാസം ഒന്നോ രണ്ടോ ദശകങ്ങൾക്കു മുമ്പാണ് വായിച്ചതെങ്കിലും ഇപ്പോഴും മനം മടുപ്പിക്കുന്ന ഒരോർമ്മയാണ്.

“ഈച്ചയുടെ ചിറകിന്റെ അൽ‌പത്വം പോലെ അൽ‌പമായ പ്രതിഭയുള്ള ആളായിരുന്നു ഒ.വി.വിജയനെന്ന” അഭിപ്രായം 7-8-05 ലെ മാതൃഭൂമിയിലെ ‘കേട്ടതും കേൾക്കേണ്ടതും’ പംക്തിയിൽ കണ്ടപ്പോഴാണ് പ്രതിഭയെ അളക്കുവാൻ അദ്ദേഹം ഉപയോഗിക്കുന്ന അളവുകോലിന്റെ ഓക്കാനം വരുത്തുന്ന ഓർമ്മ വീണ്ടും ഉണ്ടായത്.

ഏത് സാഹചര്യത്തിൽ, ഏത് വേദിയിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത് എന്നറിയില്ലെങ്കിലും ഇതിനെതിരെ പ്രതികരിക്കാതിരിക്കുന്നത്, മരിച്ച് ശരീരത്തിലെ ചൂട് പോലും മായാത്ത ഒരു മഹാപ്രതിഭയുടെ ആത്മാവിനോടു ചെയ്യുന്ന ഒരു ക്രൂരതയാണെന്ന തോന്നലാണീ കുറിപ്പിനാധാരം.

ഒ.വി.വിജയന്റേയും, എം.ടിയുടേയും, ഉറൂബിന്റേയും, എസ്.കെ.പൊറ്റെക്കാടിന്റേയും ഒക്കെ പ്രതിഭ അളക്കുവാൻ തുനിയുന്ന ഒരാൾക്ക് വേണ്ട ഏറ്റവും ചുരുങ്ങിയ യോഗ്യത, വൈകൃതഭാവനകളിൽ അഭിരമിക്കുവാൻ വിസമ്മതിക്കുന്ന, ഋജുവും ശുദ്ധവും ആയ ഒരു മനസ്സാണ് എന്നെനിക്കു തോന്നുന്നു.

ബൌദ്ധികമായ ആർത്തവവിരാമത്തെപ്പറ്റി മലയാളിയെ ഓർമ്മിപ്പിക്കാറുള്ള ഈ മനുഷ്യന് ‘ബൌദ്ധീകമായ ചിന്നൻ’ (പ്രായക്കൂടുതൽ കൊണ്ടുണ്ടാകുന്ന ബുദ്ധിഭ്രമത്തിന് മദ്ധ്യകേരളത്തിൽ നൽകിയിട്ടുള്ള വിളിപ്പേര് ) ബാധിച്ചിട്ടും പിന്നേയും കോളമെഴുതുവാനും മറ്റും ഇടം ലഭിക്കുന്നത്, പണ്ട് ഇടക്കെങ്കിലും പ്രകടമാക്കിയിട്ടുള്ള
സർഗ്ഗശേഷിയുടെ പേരിലെന്ന്, അൽ‌പ്പമെങ്കിലും തെളിയുന്ന ബുദ്ധിയുടെ ഇടവേളകളിലെങ്കിലും (lucid intervals) ഈ പ്രൊഫസ്സർ തിരിച്ചറിയുമെന്ന്‌ നമുക്കാശിക്കാം.

ഒപ്പ്

ഡി. ജെ. മേനോൻ.“

മാതൃഭൂമിയിലേക്കല്ലെ അയച്ചത്. അതെപ്പൊ ചവറ്റുകുട്ടയിലേക്ക് പോയീയെന്നു ചോദിച്ചാമതീല്ലൊ. അതു പോട്ടെ, എഴുപതുകളുടെ മദ്ധ്യത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലൂടെ, ഒരു കൊടുങ്കാറ്റു പോലെ കടന്നുവന്ന്‌, മലയാള നോവൽ സങ്കൽ‌പ്പങ്ങളെ കീഴ്മേൽ മറിച്ച ഒരു മഹാപ്രതിഭയുടെ മൃതശരീരത്തിലെ ചൂട് മായുന്നതിനു പോലും മുമ്പ് വന്ന നികൃഷ്ടമായ ഈ പരാമർശത്തിനെതിരെ, ഒരു വരിയെങ്കിലും പ്രസിദ്ധീകരിക്കുവാൻ, ബൌദ്ധീക വർണ്ണരാജിയുടെ അതിർത്തികൾക്കുള്ളിലോ പുറത്തോ ഉള്ള ആരും തയ്യാറായില്ല എന്നതാണ് എന്നെ ഏറെ ദുഃഖിപ്പിച്ചത്. ഖസാക്കിന്റെ ഇതിഹാസവും, ഗുരുസാഗരവും, ഇതിഹാസത്തിന്റെ ഇതിഹാസവും വായിച്ചിട്ടുള്ള മലയാളിക്ക് എങ്ങിനെ ഇത്രയും ‘ഇമ്പൊട്ടൻ‘ ആകാൻ പറ്റും എന്നുള്ളതും എന്നെ കുറച്ചൊന്നും അല്ല അദ്ഭുതപ്പെടുത്തിയത്.

ചാവടിയന്തിരത്തിനും ചരമവാർഷികത്തിനും കുറെ പഴകിതേഞ്ഞ പദപ്രയോഗങ്ങൾ നിരത്തിയതല്ലാതെ, ഒരു ആഴ്ചപ്പതിപ്പിലും പത്രത്തിലും ഒരു ചാനലിലും ഒരു വിവാദക്കൊടുങ്കാറ്റും കണ്ടില്ല. ഒ.വി.വിജയൻ മരിച്ചുമണ്ണടിഞ്ഞല്ലൊ ഇനി അങ്ങോരെപറ്റി ആരെന്തു പറഞാലെന്ത്? കളക്ടറുടെ അമ്മ മരിച്ചാലല്ലാതെ കളക്ടർ മരിച്ചാൽ മലയാളി എന്തിനു വീട്ടിൽ പോണം?

വാൽകഷ്ണം: ‘ഒന്നോടിച്ച് നോക്കിയിട്ട് ആർക്കും സാഹിത്യരചനകളെപറ്റി അഭിപ്രായം പറയാം എന്നു
കാണിച്ചുതന്നത് എം. കൃഷ്ണൻ നായരാണെ‘ന്നോ മറ്റോ കെ.പി.നിർമൽ കുമാർ പറഞ്ഞതായി ഈയിടെ മാതൃഭൂമിയിലെ അതേ പംക്തിയിൽ കണ്ടു! കൃഷ്ണൻ നായരും മരിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഇനിയും കുറെ സാഹിത്യകാരന്മാർ കൂടി അഭിപ്രായം പറയാൻ വരുമെന്നാണ് കരുതിയത്. അപ്പോഴേക്കും ആണ് മുകുന്ദൻ വെടി പൊട്ടിച്ചത്. അതിന്റെ പുക (പു.ക.സ അല്ല) അടങ്ങുന്ന മുറക്ക് വല്ലതും വരുമോ എന്നു നോക്കാം. ഇല്ലെങ്കിലും സാരമില്ല, അപ്പോഴേക്കും വേറേ എന്തെങ്കിലും വിവാദം വന്നോളും. ബിഷപ്പിന്റെ ദത്തോ, പള്ളീലച്ചൻ മൂന്നു മക്കളുടെ അമ്മയുമായി ഒളിച്ചോടീതോ, ശബരിമല തന്ത്രിയെ ഒന്നിൽ കൂടുതൽ യുവതികൾക്കൊപ്പം പോലീസ് പൊക്കിയതോ, രക്താഭിഷേകമോ…………..അങ്ങിനെ എന്തെങ്കിലും. നമുക്കതു മതിയല്ലോ.

Advertisements

November 9, 2008

ക്രിസ്തുവിന്റെ ചരിത്ര പശ്ചാത്തലം – ഒരു പുനര്‍വായന


ചാവുകടൽ ചുരുളുകളുടെ വീണ്ടെടുപ്പും വിവാദങ്ങളുടെ വേലിയേറ്റവും
യഹൂദാ മരുഭൂമിയിൽ നിന്നു തന്നെ നമുക്ക് തുടങ്ങാം. യേശുക്രിസ്തുവിന്റെ പാദമുദ്രകൾ പതിഞ്ഞതാണ് ഈ വിജനത എന്നാണ് വിശ്വാസം. പക്ഷെ, ക്രിസ്തുവിന് വളരെ മുമ്പ് തന്നെ മറ്റൊരു യഹൂദ തീവ്രവാദ പ്രസ്ഥാനത്തിന് ഈ വിജനത തന്റെ മടിത്തട്ടിൽ അഭയം നൽകിയിരുന്നതായി കുറച്ചുനാൾ മുമ്പാണ് വെളിപ്പെട്ടത്. ഇവർ ഇവിടെ അവശേഷിപ്പിച്ചിട്ടു പോയ കുറേ പുരാലിഖിതങ്ങൾ പിന്നീട് ക്രൈസ്തവീകതയുടെ തന്നെ ഉദയത്തെ സംബന്ധിച്ച് വളരെ വിവാദപരമായ സിദ്ധാന്തങ്ങൾക്ക് വഴിവെക്കുകയുണ്ടായി. ക്രിസ്തുവിന്റെ ജീവിത കാലഘട്ടത്തിൽ തന്നെ എഴുതപ്പെട്ടതിൽ വെച്ച്, ലഭ്യമായ ഒരേയൊരു രേഖ എന്ന നിലക്ക്, ഈ പൂർവ-സുവിശേഷ ലിഖിതങ്ങൾക്ക് വിവരിക്കാവാനാവാത്തത്ര പ്രാധാന്യമാണുള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാലിഫോർണിയാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മദ്ധ്യ-പൌരസ്ത്യ മതങ്ങളുടെ വിഭാഗത്തിലെ പ്രൊഫ. റോബർട്ട് ഐസൻ‌മാ‍നും (Robert Eisenman) ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ അരായ്മിക് ഭാഷാ അസി. പ്രൊഫ. മൈക്കേൽ വൈസും (Michael Wise) ചേർന്ന് പ്രസിദ്ധീകരിച്ച ഈ ലിഖിതങ്ങളുടെ പരിഭാഷയും വ്യാഖ്യാനവുമാണ്, ക്രൈസ്തവീകതയുടെ ഉദയത്തെ സംബന്ധിച്ച അസുഖകരമായ ഒരുപാട് വിവാദങ്ങൾ ആദ്യമായി തൊടുത്തു വിട്ടത്. ലഭ്യമായിട്ട് നാലഞ്ച് പതിറ്റാണ്ടുകൾക്കു ശേഷവും ദുരൂഹതയുടെ കട്ടിയായ ആവരണത്തിനുള്ളിൽത്തന്നെ ഈ രേഖകളെ തളക്കുവാൻ കൃസ്തീയ സഭാ നേതൃത്വം കാട്ടിയ ഉത്സാഹമാവട്ടെ ഈ വിവാദങ്ങൾക്ക് മതപരമായതിൽ കവിഞ്ഞ മാനങ്ങളും പ്രദാനം ചെയ്തു.

വലിയ വാദകോലാഹലങ്ങളിലേക്കും, ബൌദ്ധികതയുടെ തന്നെ വ്യാപാരങ്ങളെ സംബന്ധിച്ച വൻ വിവാദങ്ങളിലേക്കും നയിച്ച ഈ സംഭവപരമ്പരകളുടെ തുടക്കം, 1947 -ലെ ഒരു സായംസന്ധ്യയിലാണ് ഉണ്ടായത്. കൂട്ടം തെറ്റിപ്പോയ തന്റെ ആടുകളെ തെരഞ്ഞു നടക്കുന്നതിനിടയിൽ ‘ബെദോയിൻ’ നാടോടി ഗോത്രത്തിൽ പെട്ട ഒരു ആട്ടിടയ ബാലനാണ് അന്ന് ഒരു ഗുഹാന്തർഭാഗത്തു നിന്നും കാലപ്പഴക്കം കൊണ്ട് കറുത്തിരുണ്ട തുകൽ ഭാണ്ടങ്ങളും മറ്റും, പുരാതന കളിമൺ പാത്രങ്ങൾക്കിടയിൽ നിന്നും, ആദ്യമായി കണ്ടെടുക്കുന്നത്. ലോകത്തിൽ അവശേഷിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും പുരാതനമായതിലും ഒരു സഹസ്രാബ്ദമെങ്കിലും പഴക്കമേറിയ, ‘എശയ്യാവിന്റെ പുസ്തക‘മാണതെന്ന്, അക്ഷരാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത ആ ബാലൻ അറിഞ്ഞിരുന്നില്ല! പിറ്റെ ദിവസം ബെത്‌ലഹേമിലെ ഒരു പുരാവസ്തു വ്യാപാരിക്ക് ഈ അമൂല്യനിധി കൈമാറുകയും, തുടർന്ന് ഇത്തരം രേഖകൾക്കായുള്ള തെരച്ചിൽ, പിന്നീടുള്ള കുറേ കാലത്തേക്ക്, ആ നാടോടി ഗോത്രത്തിലെ ആബാലവൃദ്ധം ജനങ്ങളുടേയും ദേശീയവിനോദമായി മാറുകയും ചെയ്തു.

ജോര്‍ദാനിലെ ഹുസൈന്‍ രാജാവിന്റെ അധീനതയിലായിരുന്ന കിഴക്കന്‍ ജെറുസലേമില്‍ ഉള്‍പ്പെട്ട ‘കുംമ്രാന്‍ ‘ പ്രദേശത്തുനിന്ന് ഇങ്ങിനെ കണ്ടെടുക്കപ്പെട്ട പതിനായിരത്തോളം വരുന്ന രേഖകളും കൃസ്തീയ പണ്ഢിതന്മാര്‍ മാത്രമുള്‍പ്പെട്ട ഒരു ഫ്രെഞ്ച്‌ ഗവേഷണസ്ഥാപനമായ ‘ ഈക്കോള്‍ ബിബ്ലിക്കിന്റെ ‘ കൈയ്യിലെത്തുകയാണ് ഉണ്ടായത്. പിന്നീട് പുരാവസ്തു ഗവേഷകന്മാരുടെ ശ്രമഭലമായി കണ്ടെടുക്കപ്പെട്ട മറ്റൊരു അയ്യായിരം രേഖകള്‍ കൂടിച്ചേര്‍ന്ന ഈ ബ്രഹത്‌ ശേഖരത്തിന്റെ പ്രസിദ്ധീകരണത്തിന്റെ ചുമതല, ഡൊമിനിക്കന്‍ പാതിരിയായ ദെവൂവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തിനായിരുന്നു. ഇസ്രായേലിലെ റോക്ക്ഫെല്ലര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഈ ശേഖരത്തിലെ മിക്ക രേഖകളും പഴയ നിയമത്തിലെ ലഭ്യമായ പുസ്തകങ്ങള്‍ തന്നെ ആയിരുന്നു. എന്നാല്‍ മറ്റുചിലവ ആവട്ടെ, തീവ്രവാദ യഹൂദത്വത്തിന്റെയും ക്രൈസ്തവീകതയുടേയും തന്നെ ശൈശവാവസ്ഥയില്‍, പലസ്തീന്‍കാരുടെ ഇടയില്‍ നിലനിന്നിരുന്ന ചിന്തകളുടെ ശക്തമായ പ്രതിഫലനം ആയിരുന്നു. ഈക്കോള്‍ ബിബ്ലിക്കിലെ കൃസ്തീയപണ്ഢിതന്മാരെ സംബന്ധിച്ചിടത്തോളം ഇവയുടെ ഉള്ളടക്കം ആയിരുന്നു ഏറെ വിസ്മയകരം. അന്യാദൃശനായ ഒരു നേതാവ് – ഒരു ധാര്‍മീകാചാര്യന്‍ . കുബുദ്ധിയായ ഒരു പുരോഹിതനിൽ നിന്നും അദ്ദേഹത്തിന് നേരിടേണ്ടി വരുന്ന നിരന്തരമായ പീഡനം. പീഡനത്തെയും പ്രവാസത്തെയും തുടര്‍ന്നു അദ്ദേഹത്തിനു നേരിടേണ്ടി വരുന്ന മൃത്യു. ആചാര്യനോടുള്ള വിശ്വസ്തത തങ്ങളുടെ സത്തയുടെ തന്നെ സാരാംശമാക്കിയ കുറച്ച് അനുയായികള്‍. ഇവയെല്ലാം സംഭവിക്കുന്നതോ, വൈദേശികാധിപത്യത്തിന്റെ തീവ്രമായ ഭീഷണിയുടെ പശ്ചാത്തലത്തിലും! 1950-കളുടെ തുടക്കത്തില്‍ ആദ്യമായി ഈ രേഖകളിലൂടെ കണ്ണോടിച്ച പ്രൊട്ടെസ്റ്റെന്റ്‌ പണ്ഢിതന്‍മാരെ സംബന്ധിച്ചിടത്തോളം, അവര്‍ക്ക് സുപരിചിതമായ സംഭവങ്ങള്‍ തന്നെ ആയിരുന്നുവല്ലോ ഇവയെല്ലാം.

ഈ രേഖകള്‍ കും‌മ്രാൻ ഗുഹകളിൽ എങ്ങിനെ വന്നു ചേര്‍ന്നു? അവ ജെറുസലേമില്‍ നിന്നോ ജെറിക്കോയില്‍ നിന്നോ മറ്റോ കൊണ്ടുവന്നതോ, അതോ കുംമ്രാനില്‍ വെച്ചു തന്നെ രചിക്കപ്പെട്ടതോ? കുംമ്രാനിലെ ഉപേക്ഷിക്കപ്പെട്ട ഈ അധിവാസ കേന്ദ്രം മുമ്പേ തന്നെ ചരിത്ര ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടിരുന്നതാണ്. എന്നാല്‍ അതുവരെ വിശദമായ ഒരു അന്വേഷണത്തിന്‌ അത് വിധേയമാക്കപ്പെട്ടിരുന്നില്ല എന്ന് മാത്രം. ബി. സി. 142 -ല്‍ റോമാക്കാരുടെ ആക്രമണം ഉണ്ടാവുന്നതിനു മുമ്പ് ഏകദേശം മുന്നൂറ്‌ വര്‍ഷത്തോളം ഇവിടെ ജനവാസം ഉണ്ടായിരുന്നു എന്നതും അറിയപ്പെടുന്ന വസ്തുതയാണ്. ഇവിടെ നിന്ന് ലഭിച്ച കളിമണ്‍ പാത്രങ്ങളും മറ്റു വസ്തുക്കളും ‘കാര്‍ബണ്‍ ഡേയ്റ്റിങ്ങിനു്‌’ വിധേയമാക്കിയപ്പോള്‍ ഇവയുടെ പഴക്കവും ഈ കാലയളവിലേതെന്ന് വെളിവാക്കപ്പെടുകയും ചെയ്തു. ഇതേ സ്ഥലത്തുനിന്ന് തന്നെ ഓടിലും കളിമണ്ണിലും തീര്‍ത്ത രണ്ട്‌ മഷിക്കുപ്പികളും തുകല്‍ ശരിപ്പെടുത്തി എടുക്കുന്നതിന്‌ എന്ന് വിശ്വസിക്കപ്പെടുന്ന ചില പ്ലാറ്റ്ഫോമുകളും കൂടി കണ്ടെടുക്കുക ഉണ്ടായി. മഷിക്കുപ്പിയില്‍ നിന്ന് കിട്ടിയ മഷിയും പുരാരേഖകളിലെ മഷിയും സമാനമെന്ന് കണ്ടെത്തുക കൂടി ചെയ്തതില്‍ നിന്നും, ഈ രേഖകള്‍ ഇവിടെ വസിച്ചിരുന്നവരുടെ തന്നെ സൃഷ്ടി ആണെന്ന നിഗമനങ്ങളിലേക്കാണ് പണ്ഢിതവര്‍ഗ്ഗത്തെ എത്തിച്ചത്.

ചാവുകടല്‍ തീരത്ത് വസിച്ചിരുന്നു എന്ന്‍ ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ള , ‘എസ്സീനര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന സന്ന്യാസീ സമൂഹം ആണിവര്‍, എന്നായിരുന്നു ഈക്കോള്‍ ബിബ്ലിക്കിലെ പണ്ഢിതന്‍മാരുടെ നിഗമനം. മാ‍മോദീസ, ആചാരാനുഷ്ടാനപരമായ ഭോജ്യം, സമുദായാംഗങ്ങൾക്കിടയിലെ വസ്തുക്കളുടെ പങ്കിടൽ എന്നിങ്ങനെ കൃസ്തീയ സമൂഹങ്ങളിൽ നിലനിന്നിരുന്ന പല പല ആചാരങ്ങളും ഈ പൌരാണിക സമൂഹത്തിലും നിലനിന്നിരുന്നു എന്നാണ് ഈ പുരാരേഖകളിൽ നിന്നും വെളിവാക്കപ്പെട്ടത്. അന്യാദൃശമായ ഈ സമാനതകളെ സംബന്ധിച്ച് പല സിദ്ധാന്തങ്ങളും ഉരുത്തിരിഞ്ഞ് വരികയുണ്ടായി. യേശുക്രിസ്തുവിന് പാപത്തെയും പ്രായശ്ച്ചിത്തത്തെയും കുറിച്ചുള്ള ഉൾക്കാഴ്ച്ചകൾ പകർന്നു കൊടുത്ത സ്നാപക യോഹന്നാൻ ഒരു പക്ഷെ ഈ സന്യാസസമൂഹത്തിലെ അംഗമായിരുന്നോ? അല്ലെങ്കിൽ, ക്രിസ്തുവിന്റെ ജീവിത കഥ തന്നെ എസ്സീനരുടെ നേതാവായ ‘ധാർമീകാചാര്യ’ന്റെ ജീവിതകഥയെ ആസ്പദമാക്കി പിന്നീട് രൂപപ്പെട്ടതോ?

അഞ്ചാറ് പതിറ്റാണ്ടുകൾക്കു ശേഷവും ഈ സമാനതകളെ സംബന്ധിച്ച തർക്കങ്ങൾ ഉത്തരം കിട്ടാതെ തന്നെ അവശേഷിക്കുകയാണ്. അഞ്ച് പതിറ്റാണ്ടുക
ൾക്കു ശേഷവും നൂറ് പുരാരേഖകൾ പോലും തികച്ച് പ്രസിധീകരിക്കുവാൻ കഴിയാതിരുന്ന ഈക്കോൾ ബിബ്ലിക്കിന്റെ നടപടി ഒരുപാട് നിറമുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കു വഴിവെച്ചതിൽ അസ്വാഭാവികത ഒന്നുമില്ലല്ലോ. വത്തിക്കാനെ വരെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയ ഈ സിദ്ധാന്തങ്ങളെ പൂർണ്ണമായും എതിർത്ത, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ലോറൻസ് ഷിഫ്മാന് വരെ പക്ഷെ, മദ്യാസക്തി, കടുത്ത അസൂയ, അത്യാർത്തി എന്നിങ്ങനെ പണ്ഢിത വരേണ്യ വർഗ്ഗത്തിനിടയിൽ സംശയിക്കുവാൻ പോലും പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ കൊണ്ടുണ്ടായ ഒരു മഹാ അപവാദമായി ഈ അസാമാന്യ കാലതാമസത്തെ വിശേഷിപ്പിക്കേണ്ടി വന്നു.

ഔദ്യോഗിക സംഘത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും പക്ഷെ ഈ പുരാരേഖകളുടെ മോചനം എന്നാൽ ആകസ്മികമായും പൊടുന്നനേയും സംഭവിക്കാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. എൺപതുകളുടെ അവസാനം, രേഖകളിലെ മുഴുവൻ വാക്കുകളുടേയും ഒരു പട്ടിക, ഒരു നിഘണ്ടുവിലേതെന്നപോലെ തയ്യാറാക്കിയത്, കർശനമായ മാർഗനിർദ്ദേശങ്ങളോടെ എതാനും സ്ഥാപനങ്ങൾക്ക് ഈക്കോൾ ബിബ്ലിക്കിന്റെ തലവൻ പ്രൊഫ. സ്ട്രഗ്നെൽ കൈമാറിയിരുന്നു. ഇവ ലഭ്യമായ സ്ഥാപനങ്ങളിലൊന്നായ സിൻസിനാറ്റിയിലെ ഹീബ്രൂ യൂണിയൻ കോളേജിലെ ഒരു ബിരുദ വിദ്യാര്‍ത്ഥിയായ മാർട്ടിൻ ആബ്ബെ, തന്റെ ഗുരുവായ പ്രൊഫ. ബെൻ സയോൺ വാക്കോൾഡറുടെ സഹായത്തോടെ, മാർഗ്ഗനിർദ്ദേശങ്ങൾ അവഗണിക്കുകയും, കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഇവയുടെ പൂർണ്ണ രൂപം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതൊരു വൻ മോഷണം ആയി ചിത്രീകരിക്കപ്പെട്ടതിൽ നിന്നു തന്നെ ഇവയുടെ ആധികാരികത ലോകത്തിനു ബോദ്ധ്യപ്പെടുകയുമുണ്ടായി. സംസ്കാരത്തിന്റെയും മാനവീകതയുടേയും തന്നെ നാരായവേരെന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഈ അമൂല്യ നിധി ലോകത്തിനു പതിറ്റാണ്ടുകളോളം നിഷേധിച്ച ഔദ്യോഗിക സംഘത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുവാനും തുടങ്ങിയിരുന്നു. ചരിത്രപരമായി അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്ന ഈ രേഖകൾ ഇത്രയധികം കാലം നിഗൂഢതക്കുള്ളിൽ തളക്കുവാൻ കൃസ്തീയ പണ്ഢിതന്മാർ നടത്തിയ ശ്രമത്തെ വിശ്രുത ശാസ്ത്ര മാസികയായ ‘നേച്ചർ‘ പോലും അപലപിക്കുകയുണ്ടായി. ഔദ്യോഗിക സംഘത്തെ സംബന്ധിച്ചിടത്തോളം മറ്റൊരു ഭീഷണിയും എതാണ്ടിതേ കാലയളവിൽ തന്നെ മറ്റൊരു അസാധരണ കോണിൽ നിന്നും കൂടി ഉയർന്നു വരുന്നുണ്ടായിരുന്നു. പ്രത്യേകമായി സംരക്ഷിക്കപ്പെട്ടിരുന്ന ചില ലോക്കറുകൾ അടങ്ങിയ ‘സ്ക്രിപ്റ്റോറിയം’ എന്ന ഒരു വിഭാഗം 1990-ൽ ലോസ് ഏയ്ഞ്ചെൽ‌സിലെ ഹണ്ടിങ്ങ്ടൺ ലൈബ്രറിയിൽ അതിന്റെ ഡയറക്ടർ ആയി ചുമതലയേറ്റ വില്ല്യം മോർഫെറ്റിന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി. ധനാഢ്യയായൊരു സ്ത്രീയിൽ നിന്നും സംഭാവനയായി ലഭിച്ച ഈ വിഭാഗത്തിൽ ചാവുകടൽ ചുരുളുകളുടെ ഫോട്ടോഗ്രാഫുകളായിരുന്നു സംരക്ഷിക്കപ്പെട്ടിരുന്നത് എന്ന വിവരം അദ്ദേഹത്തെ അമ്പരപ്പിച്ചുകളഞ്ഞു. കും‌മ്രാൻ ഗുഹകളിൽ നിന്നും ലഭിച്ച സമ്പൂർണ്ണ രേഖകളുടേയും മുഴുവൻ ഫോട്ടോഗ്രാഫുകളും തന്റെ ലൈബ്രറിയിലുണ്ടെന്ന അറിവ് സമ്മാനിച്ച വിസ്മയവുമായി തന്റെ ഓഫീസിലെത്തിയ അദ്ദേഹത്തെ എതിരേൽക്കുവാൻ പക്ഷെ, വിരോധാഭാസമെന്നു പറയട്ടെ, രേഖകളുടെ നെഗറ്റീവുകൾ തിരികെ കൊടുക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് സ്ക്രോൾ കമ്മിറ്റിയുടെ സീനിയർ അമേരിക്കൻ എഡിറ്റർ എഴുതിയ കത്താണ് കാത്തിരുന്നിരുന്നത്. പുരാരേഖകൾ സംഘത്തിന്റെ നിയന്ത്രണത്തിലാണെന്നത് ശരി തന്നെ, പക്ഷെ തന്റെ അധീനതയിലുള്ള ഫോട്ടോഗ്രാഫുകളുടെ മേൽ അവർക്ക് നിയന്ത്രണാധികാരം ഒന്നുമില്ല എന്നതായിരുന്നു മോർഫെറ്റിന്റെ കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ അവ തിരികെ നൽകുവാൻ അദ്ദേഹം തയ്യാറായുമില്ല. കോടതികളിലേക്കും നിയമനടപടികളിലേക്കും തർക്കം നീണ്ടാൽ പോലും വർദ്ധിച്ചുവരുന്ന പൊതുജന വികാരത്തിന്റെ അടിസ്ഥാനത്തിൽ പിടിച്ചുനിൽക്കാം എന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസവും. എന്നുമാത്രമല്ല തന്റെ ലൈബ്രറിയിലെ സ്ക്രിപ്റ്റോറിയം അദ്ദേഹം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും കൂടി ചെയ്തു!

ഔദ്യോഗിക സംഘത്തെ സംബന്ധിച്ചിടത്തോളം പക്ഷെ, അവസാനത്തേതും മാരകവുമായ പ്രഹരം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. വെളിപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു സ്രോതസ്സിൽ നിന്നും ഒന്നര വർഷത്തോളമായി പ്രൊഫ. ഐസൻ‌മാനും നിരന്തരം ഈ രേഖകളുടെ ഫോട്ടോഗ്രാഫുകൾ സംഭരിക്കുന്നുണ്ടായിരുന്നു. ഹണ്ടിങ്ങ്ടൺ ലൈബ്രറിയിലെ ശേഖരം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് രണ്ടു മാസത്തിനകം തന്നെ തന്റെ കയ്യിലുള്ള ഫോട്ടോഗ്രാഫുകളുടെ ഒരു പൂർണ്ണ പതിപ്പ് അദ്ദേഹവും പ്രസിധീകരിചു. അതോടെ ഔദ്യോഗികസംഘത്തിന്റെ തകർച്ച പൂർണ്ണമാവുകയായിരുന്നു.

ഈ രേഖകളുടെ ഇംഗ്ലീഷിലേക്കുള്ള വിവർത്തനം ആയിരുന്നു ഐസൻ‌മാന്റെ അടുത്ത ലക്ഷ്യം. അതിലേക്കായി അദ്ദേഹം ഹീബ്രൂ ഭാഷയിലെ പുരാതന കൈയ്യെഴുത്തു പ്രതികളെ സംബന്ധിച്ച പഠനത്തിൽ വൈദഗ്ധ്യം നേടിയ പ്രൊഫ. മൈക്കേൽ വൈസിനെ സമീപിക്കുകയും രണ്ടുപേരും ചേർന്ന് അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. പ്രൊഫ. വൈസിന്റെ അഭിപ്രായത്തിൽ മദ്ധ്യകാലഘട്ടത്തിൽ ഗലീലിയൊ തന്റെ ഗവേഷണഫലങ്ങൾ പുറത്തുവിട്ടിരുന്നതിന് സമാനമായ ഒരു അവസ്ഥയാണ് തുടർന്ന് സംജാതമായത്. ഭാഗ്യവശാൽ അന്നു നടന്നതിനു വിരുദ്ധമായി ഇത്തവണ മതപരമായ കടും‌പിടുത്തം ഉപേക്ഷിക്കപ്പെടുകയും ഗവേഷണഫലങ്ങളോട് സഹിഷ്ണുതാപൂർണ്ണമായ ഒരു സമീപനം ഉരുത്തിരിയുകയും ചെയ്തു.

എന്നാൽ ഇവരുടെ പഠനത്തിന്റെ ഫലങ്ങൾ വെളിവാക്കപ്പെടുന്തോറും വിവാദങ്ങളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടാവാൻ തുടങ്ങുകയായിരുന്നു. ക്രിസ്തീയ ബിംബകൽ‌പ്പനകളുടേയും ഭാഷാപരമായ സവിശേഷതകളുടേയും അദ്വിതീയതയെ സംബന്ധിച്ചുള്ള ഒരുപാട് അസുഖകരമായ ചോദ്യങ്ങളാണിവ ആദ്യം തൊടുത്തുവിട്ടത്. രേഖകളിലെ ‘ധാർമ്മീകാചാര്യൻ’ ക്രിസ്തു തന്നെ എന്ന് സംശയിക്കപ്പെടാവുന്ന ഒരുപാട് സൂചനകൾ ഇവർ ഈ രേഖകളിൽ നിന്ന് കണ്ടെടുക്കുകയുണ്ടായി. എന്തിന്, പുനരുത്ഥാനത്തെ പറ്റിയുള്ള പരാമർശങ്ങൾ വരെ ഈ രേഖകളിൽ ഉള്ളതായി ഇവരുടെ പഠനം വെളിവാക്കി. മാത്രമല്ല, ആദിമ നൂറ്റാണ്ടിൽ നാൽ‌പ്പതുകളിലും അൻപതുകളിലും പലസ്തീനിൽ പ്രയോഗത്തിലിരുന്ന ഭാഷാപരമായ സവിശേഷതകളും ബിംബകൽ‌പ്പനകളും ഈ രേഖകളിലും അങ്ങിനെ തന്നെ പ്രതിഫലിക്കുന്നതായുള്ള, തുടർന്നുള്ള ഇവരുടെ വെളിപ്പെടുത്തലുകൾ, ക്രൈസ്തവീകതയെ സംബന്ധിച്ചിടത്തോളം ഭീതിജനകമായ അവസ്താവിശേഷമാണ് സ്ര്‌ഷ്ടിച്ചത്. കാരണം, ആദിമ സഭയുടെ സ്ര്‌ഷ്ടിയാണീ രേഖകളെങ്കിൽ സുവിശേഷങ്ങളിലെ വിവരണങ്ങൾ അപഭ്രംശം സംഭവിച്ചവ ആയേ പറ്റൂ. ഒരു കരണത്തടിച്ചാൽ മറുകരണം കൂടി കാണിച്ചു കൊടുക്കുന്ന, സമാധാനപൂർണ്ണമായതും പശ്ചാത്താപത്തിൽ അധിഷ്ടിതവും ആയ ഒരു സമൂഹമാണ് ക്രിസ്തു തുടങ്ങി വെച്ചതെന്ന ധാരണയെ തകിടം മറിക്കുന്ന തരത്തിൽ, അക്രമവും പ്രതികാരവും ആധാരമാക്കിയ ഒരു സമൂഹത്തിന്റെ ശക്തമായ സാന്നിദ്ധ്യമായിരുന്നു രേഖകളിൽ പ്രതിഫലിച്ചിരുന്നത്. റോമാ സാമ്രാജ്യത്തിന്റെ ക്രോധാഗ്നിയിൽ നിന്ന് രക്ഷപെടുവാൻ വേണ്ടി വി. പൌലോസ് മനപ്പൂർവം വ്യതാസപ്പെടുത്തിയതായിരിക്കണം അവതരണത്തിലെ ഈ സുപ്രധാന വ്യത്യാസം എന്നാണ് ഐസൻ‌മാന്റെ നിഗമനം.

ക്രിസ്തുവിനെ സംബന്ധിച്ച് ആധികാരികമായതും വിശ്വസനീയമായതുമായ വിവരങ്ങൾ ഒന്നും തന്നെ നമുക്കു ലഭ്യമല്ല എന്നതാണ് വസ്തുത. ആകെ ലഭ്യമായ സുവിശേഷങ്ങളാകട്ടെ ചരിത്ര രേഖകളായി കണക്കാക്കുകുവാൻ തീരെ വയ്യാത്തതും. ഐസൻ‌മാനെ സംബന്ധിച്ചിടത്തോളം, രേഖകളിൽ നിന്നുരിത്തിരിയുന്ന ചിത്രമാണ് ക്രിസ്തുവിന് മുമ്പും പിമ്പുമുള്ള ആദിമ ശതകങ്ങളിലെ സംഭവവികാസങ്ങളുടെ യഥാർത്ഥ പ്രതിഫലനം. ഐസൻ‌മാന്റെ വാദം ശരിയായിരിക്കണമെങ്കിൽ കും‌മ്രാൻ രേഖകൾ ക്രിസ്തുവിന്റെ ക്രൂശാരോഹണത്തിന് ശേഷം അധികം വൈകാതെയുള്ള കാലയളവിൽ എഴുതപ്പെട്ടവ ആയിരിക്കണം. അതല്ല അതിന് മുമ്പാണിവയുടെ കാലമെങ്കിൽ രേഖകളിലെ ‘ധാർമ്മീകാചാര്യൻ’ മറ്റുവല്ലവരുമായിരിക്കണം. ‘ദമാസ്കസ് രേഖ’, ‘സാമുദായിക നിയമങ്ങൾ’, ‘എം എം ടി‘ എന്നീ പേരുകളിൽ അറിയപ്പെടുന്ന രേഖകളിൽ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്താനത്തിലാണ് ഐസൻ‌മാൻ പ്രധാനമായും തന്റെ നിഗമനങ്ങളിലെത്തുന്നത്. ദമാസ്കസ് എന്ന പേർ തന്നെ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അക്കാലത്ത് കും‌മ്രാനെ സൂചിപ്പിക്കുന്ന മറ്റൊരു പേരായിരുന്നു. എന്നാൽ പ്രൊഫ. സ്‌ട്രഗ്‌നെലും സംഘവും ഈ വാദങ്ങളെ നിരാകരിക്കുകയാണ് ഉണ്ടായത് . അവരെ സംബന്ധിച്ചിടത്തോളം, കും‌മ്രാൻ രേഖകളുടെ കാലം ക്രിസ്തുവിന് മുമ്പ് ചുരുങ്ങിയത് ഒരു നൂറ്റാണ്ടെങ്കിലും പുറകിലാണ്. അതുകൊണ്ടുതന്നെ രേഖകളിലെ സംഭവങ്ങളും സുവിശേഷങ്ങളിലെ സംഭവങ്ങളും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു വാദം. രേഖകളുടെ പഴക്കം നിർണ്ണയിക്കുന്നതിന് ശാസ്ത്രീയമാർഗ്ഗങ്ങൾ അവലംബിക്കുക എന്ന അഭിപ്രായമാണ് തുടർന്ന് സംജാതമായത്. രേഖകളെ കാർബൺ ഡേയ്റ്റിങ്ങിന് വിധേയമാക്കുവാൻ ഐസൻമാൻ നിരന്തരം ആവശ്യപ്പെടുകയും അതിൽ ഭാഗീകമായെങ്കിലും വിജയിക്കുകയും ചെയ്തു. തുടർച്ചയായുള്ള സമ്മർദ്ദങ്ങളെ തുടർന്ന് ഇസ്രായേൽ പുരാവസ്തു വകുപ്പ് (Israel Antiquities Authority) എട്ട് രേഖകളിൽ നിന്നും എടുത്ത ചെറിയ ഭാഗങ്ങൾ, ടുറീനിലെ ശവക്കച്ച മുമ്പ് പരീക്ഷണവിധേയമാക്കിയ, സൂറിച്ചിലെ അതേ ലബോറട്ടറിയിലേക്ക് അയക്കുകയും, അവിടെ വെച്ച് അവയെ കാർബൺ ഡേയ്റ്റിങ്ങിന് വിധേയമാക്കുകയും ചെയ്തു. അവിടുത്തെ പരീക്ഷണങ്ങളുടെ ഫലം പക്ഷെ ഐസൻ‌മാന്റെ വാദത്തെ നിരാകരിക്കുന്നവ ആയിരുന്നു. ‘രേഖകളിൽ ആറും പൂർവ്വ-ക്രൈസ്തവ കാലഘട്ടത്തിലേതെന്ന് തീർച്ച, ശേഷിച്ച രണ്ടും ഏതാണ്ടിതേ കാലഘട്ടത്തിലേതു തന്നെയാവാനാണ് സാധ്യത’ – ഇതായിരുന്നു ഈ പരീക്ഷണങ്ങളിൽ നിന്നും വെളിവാക്കപ്പെട്ടത്.

എന്നാൽ കാർബൺ ഡേയ്റ്റിങ്ങിനു വിധേയമാക്കുവാൻ തെരഞ്ഞെടുത്ത ഭാഗങ്ങളൊന്നും തന്നെ സുപ്രധാനമായ ‘ദമാസ്കസ് രേഖ‘യോ അതുപോലെ തന്റെ സിദ്ധാന്തങ്ങളെ സാധൂകരിക്കുവാൻ പോന്ന മറ്റു സുപ്രധാന രേഖകളിൽ നിന്നോ എടുത്തവയല്ല എന്നത് ഐസൻ‌മാനെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രേഖകൾ ആദിമ ക്രൈസ്തവ കാലഘട്ടത്തിലേതുതന്നെ എന്നതിന് തെളിവുകൾ, രേഖകളിൽ ലഭ്യമായ വിവരങ്ങൾ തന്നെയാണ്. ഉദാഹരണത്തിന് രേഖകളിൽ പ്രദിപാദിക്കപ്പെടുന്ന പലസ്തീനിലെ സൈനികാക്രമണം റോമാ സാമ്രാജ്യം അഴിച്ചുവിട്ടതാണെന്നും, അതുപോലുള്ള അനേകം സുപ്രധാന സംഭവങ്ങളുടെ വിവരണം തന്നെ തന്റെ വാദം ശരിയാണെന്ന് തെളിയിക്കുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. ഐസൻ‌മാൻ സൂചിപ്പിച്ച രേഖകൾ ഒന്നും തന്നെ കാർബൺ ഡേയ്റ്റിങ്ങിനു വിധേയമാക്കിയില്ല എന്ന് ഷിഫ്മാനും സമ്മതിക്കുന്നു. എന്നാൽ അവയും വിധേയമാക്കിയിരുന്നാൽ പോലും ഫലം മറിച്ചാവില്ലായിരുന്നു എന്നാ‍ണ് അദ്ദേഹത്തിന്റെ നിഗമനം. മാത്രമല്ല, ഇനി മറിച്ചായാൽ കൂടിയും അത് പിന്നീടെടുത്ത ഒരു പകർപ്പ് മാത്രമായിക്കൂടെ എന്നും അദ്ദേഹം ചോദിക്കുന്നു.

പുനരുത്ഥാനത്തെക്കുറിച്ചുള്ള ആദിമ പരാമർശം രേഖകളിൽ നിന്നും കണ്ടെടുത്തതിനെ തുടർന്ന്, ഒരു മിശിഹയുടെ കുരിശുമരണത്തിനെ സംബന്ധിച്ചുള്ള പരാമർശം കൂടി രേഖകളിൽ ഉണ്ടെന്ന ഐസൻ‌മാന്റേയും വൈസിന്റേയും തുടർന്നുള്ള വെളിപ്പെടു  ത്തലുകൾ വിശ്വാസിസമൂഹത്തിൽ അതിശക്തമായ പ്രകമ്പനങ്ങളാണ് സൃഷ്ടിച്ചത്. കാരണം, ഒരു മിശിഹാപുരുഷൻ കുരിശിൽ മരിക്കുക എന്നത് ക്രൈസ്തവീകതയുടെ തന്നെ മർമ്മമത്രെ! എന്നാൽ ഇവിടെയും അവ്യക്തത ബാക്കി നിൽക്കുന്നു എന്നാണ് മറുപക്ഷത്തിന്റെ വാദം. കാരണം ഹീബ്രുവിന്റെ ഒരു പ്രത്യേകതയാണ് ആ ഭാഷയിൽ സ്വരാക്ഷരങ്ങൾ ഇല്ല എന്നത്. വായിച്ചുപോകുന്നതിനനുസരിച്ച് വ്യാഖ്യാതാവ് ആണിവ പ്രദാനം ചെയ്യുന്നത്. അപ്പോൾ വായിക്കുന്ന ആളിന്റെ മനോധർമ്മമനുസരിച്ച് വ്യാഖ്യാനത്തിൽ അർത്ഥഭേദം വരുന്നു. അങ്ങിനെയാവുമ്പോൾ ഒരേ വാക്യത്തിൽ തന്നെ ‘മിശിഹാ വധിച്ചു’ എന്നും ‘മിശിഹാ വധിക്കപ്പെട്ടു’ എന്നും മാറിമാറി അർത്ഥഭേദം കൽ‌പ്പിക്കുവാൻ പറ്റുമെന്നതാണവസ്ഥ. ഐസൻ‌മാന്റെ വാദമാണ് ശരിയെന്നു വന്നാൽ അതുളവാക്കുന്ന അർത്ഥഭേദങ്ങൾ ദൂരവ്യാപക ഫലങ്ങൾ ഉളവാക്കുന്നവയാണ്. കാരണം പൂർവ-ക്രൈസ്തവ കാലഘട്ടത്തിലെ യഹൂദ ചിന്തകളിൽ ഒന്നും തന്നെ ഒരു മിശിഹാപുരുഷൻ കുരിശിൽ വധിക്കപ്പെടുന്നത് വിഭാവനം ചെയ്യപ്പെട്ടിരുന്നില്ല. എന്നു മാത്രമല്ല, രേഖകളിലെ ‘ധാർമീകാചാര്യൻ’ യേശുവാണെന്നും രേഖകളിലെ പ്രതിപാദ്യം ആദിമ ക്രൈസ്തവ കാലഘട്ടത്തിലേതാണെന്നുമുള്ള ഐസൻ‌മാന്റെ വാദത്തിന്റെ ഏറ്റവും ശക്തമായ സാധൂകരണം ആയിരിക്കും അതു പ്രദാനം ചെയ്യുക. ഇനി ഈ ലിഖിതങ്ങൾ പൂർവ-ക്രൈസ്തവ കാലഘട്ടത്തിലേതാണെന്ന മറുപക്ഷത്തിന്റെ വാദമാണ് ശരിയെന്നു വന്നാൽ പോലും അവ സൃഷ്ടിക്കുന്ന നിഗമനങ്ങൾ ഒരുപാട് അസ്വസ്തതകളാണ് ഉളവാക്കുന്നത്. കാരണം അനുയായികൾ ധാർമീകാചാര്യനെന്നും മിശിഹാപുരുഷനെന്നും വിവക്ഷിക്കുന്ന ഒരു സാമുദായിക ശ്രേഷ്ഠനും, അദ്ദേഹത്തിനു നേരിടേണ്ടിവന്ന പീഡനവും പ്രവാസവും, തുടർന്ന് നേരിടേണ്ടി വന്ന കുരിശിലെ മരണവും, പിന്നീടുണ്ടായ പുനരുത്ഥാനവും ഉൾപ്പെടെ ഇന്ന് യേശുവിന്റേതെന്ന് വിശ്വസിക്കപ്പെടുന്ന ജീവിതകഥ മുഴുവനും ക്രിസ്തുവിന് മുമ്പേതന്നെ രചിക്കപ്പെട്ടിരുന്നു എന്നു വന്നാൽ അതു പിടിച്ചുലക്കുന്നത് ക്രൈസ്തവീകതയുടെ അസ്തിവാരത്തിലാണ് എന്നതിനുപരി ക്രിസ്തുവിന്റെ തന്നെ അസ്തിത്വത്തിലാണ്.

സുവിശേഷങ്ങളിലെ ചരിത്രക്കേടുകൾ

കഴിഞ്ഞ രണ്ട് സഹസ്രാബ്ദങ്ങളിലായി ലോക ചരിത്രത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വ്യക്തി എന്നു വിശേഷിപ്പിക്കപ്പെടുന്ന യേശുക്രിസ്തുവിന്റെ ചരിത്രത്തിലെ സ്വന്തം സ്ഥാനം യഥാർത്ഥത്തിൽ എന്താണ്? വ്യാപകമായി വിശ്വസിക്കപ്പെടുന്നതിനും വിശേഷിപ്പിക്കപ്പെടുന്നതിനും അപ്പുറം അദ്ദേഹം യഥാർത്ഥത്തിൽ ഒരു ചരിത്ര പുരുഷനാണോ? പ്രത്യേകിച്ചും ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ അനുയായികളുള്ള പ്രബല മതമായി ക്രൈസ്തവീകത വളരുകയും, ലോകം മുഴുവനും അംഗീകരിക്കുന്ന കാലഗണന പോലും അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുകയും ചെയ്യുന്ന അവസ്ഥയിൽ?

ക്രിസ്ത്വബ്ദം എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ കാലഗണനാ സമ്പ്രദായം എന്നാൽ യഥാർത്ഥത്തിൽ ആറാം നൂറ്റാണ്ടിൽ, കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ എ ഡി 532-ഓടടുപ്പിച്ച് മാത്രമാണ് നിലവിൽ വന്നത്. ഡയണീഷ്യസ് എക്സിഗൂസ് (Dionysius Exiguus ) എന്നൊരു സ്കയിത്തിയൻ (ഇന്നത്തെ റൂമേനിയയിൽ) സന്യാസി ആണ് ക്രിസ്തുവിന്റെ ജനന വർഷം കണക്കുകൂട്ടി എടുത്ത്, ആ സംഭവത്തിന് ശേഷം 532 വർഷം കഴിഞ്ഞു എന്നു ഗണിച്ച് ‘നമ്മുടെ നാഥന്റെ വർഷം’ ( Anno Domini ) എന്ന പേരിൽ ഈ കാലഗണനാ സമ്പ്രദായത്തിന് ആവിഷ്കാരം നൽകിയത്. എന്നാൽ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകളിൽ പിഴവുകൾ പറ്റിയിട്ടുണ്ട് എന്നത് വളരെ സുവിദിതമാണ്. ഉദാഹരണത്തിന് മത്തായിയുടെ സുവിശേഷം അനുസരിച്ച് ക്രിസ്തു ജനിക്കുന്നത് ഹെരോദാ രാജാവിന്റെ കാലത്താണ്. എന്നാൽ ബി സി നാലിലാണ് ഹെരോദാ രാജാവ് മരിച്ചത് എന്നത് വ്യക്തമായി അറിയാവുന്ന  കാര്യമാണ്. അതുപോലെ സുവിശേഷങ്ങളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന പലസ്തീനിലെ സെൻസസ് ബി സി ഏഴിലായിരുന്നു എന്നതും അറിയപ്പെടുന്ന വസ്തുതയാണ്. അപ്പോൾ എക്സിഗൂസ് കണക്കുകൂട്ടിയതു പ്രകാരം എ ഡി ഒന്നിലാണ് ക്രിസ്തു ജനിച്ചതെങ്കിൽ അവ ഈ അറിയപ്പെടുന്ന വസ്തുതകളുമായി പൊരുത്തപ്പെടാതെ വരും എന്നു വന്നു. ചുരുക്കിപറഞ്ഞാൽ ബി സി നാലിനോ ഏഴിനോ അടുത്ത് എപ്പോഴോ ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു എന്നല്ലാതെ ക്രിസ്തു ഏതു വർഷമാണ് ജനിച്ചതെന്ന് ഇപ്പോഴും വ്യക്തമായി അറിഞ്ഞുകൂടാ എന്നതാണ് അവസ്ത. ജ്യൂലിയസ് സീസറിന്റെ കാലത്ത്, ബി സി 45- ൽ തന്നെ മുന്നൂറ്റി അറുപത്തി അഞ്ച് ദിവസം ദൈർഘ്യമുള്ള വർഷവും മുന്നൂറ്റി അറുപത്തി ആറ് ദിവസം നീളമുള്ള അധിവർഷവും അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ രീതിയിലുള്ള കാലഗണനാ സമ്പ്രദായം നിലവിൽ വന്നു കഴിഞ്ഞിരുന്നു എന്നും, എന്നിട്ടു പോലും ക്രിസ്തുവിന്റെ ജനനവർഷത്തെ സംബന്ധിച്ച് ഇതാണവസ്ത എന്നും ഓർക്കേണ്ടതുണ്ട്.

ജനനവർഷത്തെ സംബന്ധിച്ച ഈ അവ്യക്തതയെക്കാളും പക്ഷെ വളരെയേറെ രൂക്ഷമാണ് ജനനത്തീയതിയെ സംബന്ധിച്ച അവ്യക്തത. ക്രിസ്തുവിന്റെ ജനനത്തിനെ അനുസ്മരിക്കുന്നതിനായി ലോകം മുഴുവൻ ആചരിക്കുന്ന ക്രിസ്തുമസ് എന്ന പുണ്യദിനത്തിന് ക്രിസ്തുവിന്റെ ജനനവുമായി പുലബന്ധം പോലുമില്ല എന്നതാണ് യാഥാർത്ഥ്യം. പുരാതന റോമിലെ തികച്ചും അക്രൈസ്തവമായ ഒരു ഉത്സവമായിരുന്നു ഡിസംബർ 25-ന് വളരെ പുരാതനകാലം മുതൽ തന്നെ ആചരിച്ചുപോന്നിരുന്നത്. മകരസംക്രാന്തിയോടെ സൂര്യന്റെ ഉത്തരായനകാലം ആരംഭിക്കുന്നതിനാൽ ഉത്തരാർദ്ധഗോളത്തിൽ സൂര്യന് കൂടുതൽ തെളിച്ചം ഉണ്ടാകുന്നതിന്റെ അടിസ്ഥാ‍നത്തിൽ ഡിസംബർ 25 സൂര്യദേവന്റെ ജന്മദിനമായി ഔറേലിയസ് ചക്രവർത്തിയുടെ കാലം മുതൽ ആചരിച്ചുപോന്നിരുന്നതാണ്. കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രൈസ്തവ വിശ്വാസത്തിൽ ആകൃഷ്ടനാവുകയും എ ഡി 325- ൽ നിഖിയായിൽ വെച്ച് ഒരു ക്രൈസ്തവസഭാ സമ്മേളനം വിളിച്ചുകൂട്ടുകയും ചെയ്തതിനെ തുടർന്ന് നാലാം നൂറ്റാണ്ടിൽ എ ഡി 336- നോട് അടുപ്പിച്ച് മാത്രമാണ് ഇത് ക്രിസ്തുമസ് എന്ന പേരിൽ ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കുന്നതിനായി ആചരിക്കുവാൻ തുടങ്ങിയത്.

സുവിശേഷങ്ങളിൽ ലഭ്യമായ വിവരങ്ങൾ തന്നെ പലതും, ക്രിസ്തുവിന്റെ ചരിത്രപരമായ അസ്തിത്വത്തെ സ്തിരീകരിക്കുന്നതിനും, അതിലൂടെ സുവിശേഷങ്ങളുടെ തന്നെ പ്രാമാണികത്വത്തെ ബലപ്പെടുത്തുന്നതിനും വേണ്ടി, പിന്നീട് കൃത്രിമമായി കൂട്ടിചേർത്തവയാണെന്ന് സംശയിക്കാൻ പാകത്തിനുള്ളവയാണ്. കൂടുതൽ വിശദമായ പരിശോധനക്കു മുമ്പിൽ പിടിച്ചുനിൽക്കാൻ കഴിവില്ലാത്ത ഇവ എല്ലാം ഇന്ന് അടിസ്ഥാന കഥയുടെ ദുബലതയെ കൂടുതൽ ദുർബലമാക്കുന്നു എന്നു കാണുവാൻ കഴിയും. ക്രിസ്തുവിന്റെ ജനനസമയത്ത് വാനിലുദിച്ചു എന്നു പറയുന്ന പുണ്യനക്ഷത്രത്തിന്റെ കഥ ഇത്തരത്തിലുള്ള ഒന്നാണ്. അതിപുരാതന കാലം മുതൽ തന്നെ മനുഷ്യശ്രദ്ധയെ ആകർഷിച്ചു പൊന്നിരുന്നതാണ് ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും ആകാശഗമനം. ഋതുക്കളുടെ ആഗമനത്തെയും കാലാവസ്തയിലെ മാറ്റങ്ങളെയും, കാർഷികവൃത്തിയെ അടിസ്ഥാനപ്പെടുത്തി ജീവിതം ക്രമീകരിച്ചിരുന്ന ഈ സമൂഹങ്ങളെല്ലാം ബന്ധിപ്പിച്ചിരുന്നതും ഇവയുടെ ചലനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. വൈദ്യുതവിളക്കുകളുടെയും മറ്റും താരത‌മ്യേന സമീപകാലത്തുണ്ടായ ആവിർഭാവത്തിനു മുമ്പു വരെ, സന്ധ്യ കഴിഞ്ഞാൽ ഏറ്റവും പ്രകടമായി അവനെ പ്രകൃതി-പ്രകൃത്യാതീത ശക്തികളുമായി സംവദിക്കുന്നതിന് സഹായിച്ചിരുന്നതും ഇവ തന്നെയായിരുന്നുവല്ലൊ. അതുകൊണ്ടുതന്നെ ഇവയെ സൂക്ഷ്മ‌മായി നിരീക്ഷിക്കുന്നതും അവയുടെ ചലനങ്ങൾ സൂക്ഷ്മ‌മായി രേഖപ്പെടുത്തുന്നതും അവരുടെ ഒരു അടിസ്ഥാന സ്വഭാവവും ആയിരുന്നു. സുവിശേഷങ്ങൾ അവകാശപ്പെടുന്നതു പോല
െ ക്രിസ്തുവിന്റെ ജനന സമയത്ത് പുതിയൊരു നക്ഷത്രം വാനിലുദിച്ചു എന്നത് വസ്തുതകൾക്ക് നിരക്കാത്തതാണ്. ഈ കാലയളവിനു മുമ്പും പിമ്പും ഭൂമിയിൽ ദൃശ്യഗോചരമായിരുന്ന വാൽനക്ഷത്രങ്ങൾ എല്ലാം തന്നെ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളവയാണ്. എന്നുമാത്രമല്ല ഇവ ഓരോന്നും പ്രവചനവിധേയവും ആണ്. ഭൂമിയിൽ ദൃശ്യഗോചരമാവുന്ന വാൽനക്ഷത്രങ്ങളൊന്നുംതന്നെ ഈ കാലയളവിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല എന്ന വസ്തുത തന്നെ സുവിശേഷത്തിലെ വാദങ്ങളെ പൂർണ്ണമായും നിരാകരിക്കുന്നുണ്ട്. ബി സി ഏഴിനോടടുത്ത് ശുക്രനും വ്യാഴവും ഭൂമിയിൽ നിന്നു നോക്കുമ്പോൾ ഏകദേശം ഒരേ രേഖയിൽ വന്നിരുന്നത് മാത്രമാണ് പ്രത്യേകതയുള്ള എന്തെങ്കിലും ഒരു പ്രതിഭാസം, ആ കാലയളവിൽ ദൃശ്യമായിരുന്നത്. ഇനി ഭൂമിയിലെ ഏതെങ്കിലും ഒരു സ്ഥലം ചൂണ്ടിക്കാണിക്കുവാനുള്ള കഴിവ്, സ്ഥിരം ചലനവിധേയമായിക്കൊണ്ടിരിക്കുന്ന ഈ ആകാശ ഗോളങ്ങൾക്കില്ല എന്നതും ഇത്തരുണത്തിൽ പരിഗണിക്കേണ്ടതുണ്ട്. നിരീക്ഷിക്കുന്ന ആളിനോടൊപ്പം ചലിക്കുന്നതായി അനുഭവപ്പെടുന്ന ഈ ഗ്രഹങ്ങൾ കിഴക്കു നിന്നുള്ള ജ്ഞാനികൾക്ക് വഴികാണിച്ചു എന്നതും വിശ്വസനീയമല്ലെന്നത് വ്യക്തമാണല്ലൊ. ഉത്തരാർദ്ധഗോളത്തിൽ മുന്നൂറ്റിയറുപത്തഞ്ചു ദിവസവും ഒരേ സ്ഥാനത്ത് നിൽക്കുന്ന, ചലനവിധേയമല്ലാത്ത ഒരേയൊരു നക്ഷത്രം ധ്രുവനക്ഷത്രമാണെന്നും, ഈ നക്ഷത്രത്തെയാണ് പുരാതനകാലം മുതൽ ദിശ കണ്ടുപിടിക്കുവാൻ സഞ്ചാരികൾ പ്രധാനമായും അടിസ്ഥാനമാക്കിയിരുന്നത് എന്നുംകൂടി പ്രത്യേകം ഓർക്കേണ്ടതുണ്ട്.

ഇത്തരത്തിലുള്ള മറ്റൊന്നാണ് ഹെരോദാ രാജാവിന്റെ നാമം എന്നെന്നും മനുഷ്യമനസ്സാക്ഷിയെ വേട്ടയാടുന്ന ഒന്നായി സ്ഥിരപ്രതിഷ്ഠ നേടുവാൻ ഇടയാക്കിയ കൂട്ട ശിശുഹത്യയുടെ കഥ. ബെത്‌ലഹേ‌മിലും പരിസരത്തും ജനിച്ച രണ്ടുവയസ്സിൽ താഴെ പ്രായമുള്ള എല്ലാ ശിശുക്കളെയും വധിക്കുവാൻ ഹെരോദാ രാജാവ് ഉത്തരവിട്ടു എന്നതാണീ കഥയുടെ പ്രസക്ത ഭാഗം. റോമാസാമ്രാജ്യത്തിനു കീഴിൽ പലസ്‌തീൻ ഭരിച്ചിരുന്ന ഹെരോദാ രാജാവ് അറബി വംശജനായ ഒരു ജൂതനായിരുന്നു. മഹാന്മാരുടെ കൂട്ടത്തിലാണ് ചരിത്രം ഇദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ വാർദ്ധക്യകാലത്ത് സംശയാലുവും ക്രൂരനുമായിതീർന്ന ഇദ്ദേഹം തന്റെ ഭാര്യ മിരിയാമിനെയും അവരുടെ കുട്ടികളെയും മാത്രമല്ല, അവരുടെ അമ്മയേയും സഹോദരനേയും കൂടി വധിക്കുകയുണ്ടായി. മിരിയാമിനെ കൂടാതെ വേറേ എട്ട് ഭാര്യമാരും അതിൽ ആറു പേരിൽ കുട്ടികളും ഉണ്ടായിരുന്നു ഹെരോദിന്. ഇങ്ങിനെ ഇദ്ദേഹത്തിന്റെ ഒരുപാട് ക്രൂരതകൾ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നിരപരാധികളായ ശിശുക്കളുടെ കൂട്ടഹത്യ അതിലെങ്ങും ഇല്ല എന്നുള്ളതാണ് വസ്തുത. എന്നു മാത്രമല്ല, സുവിശേഷങ്ങളിൽ പോലും മത്തായിയുടെ സുവിശേഷത്തിൽ മാത്രമാണ് ഈ കഥ ഉൾപ്പെട്ടിട്ടുള്ളത്. സമാന്തര സുവിശേഷങ്ങൾ എന്നറിയപ്പെടുന്ന മാർക്കോസിന്റെയും ലൂക്കോസിന്റെയും സുവിശേഷങ്ങളിൽ പോലും ഇത്രയും സുപ്രധാനമായ ഒരു സംഭവം സ്ഥാനം പിടിക്കാതെ പോയി എന്നുണ്ടെങ്കിൽ അതിന്റെ കാരണം വ്യക്തമാണല്ലൊ.

ബി സി ആറാം ശതകം മുതൽക്കിങ്ങോട്ടുള്ള ചരിത്രം അനുക്രമം സുവ്യക്തമായിക്കൊണ്ടിരിക്കുന്ന ഒന്നാണെന്ന് കാണുവാൻ കഴിയും. ബി സി ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും തന്നെ ഈ വ്യക്തത അതിന്റെ ഉച്ചകോടിയിലെത്തി എന്നതിന്റെ തെളിവാണ് ആ പ്രദേശത്തെ സംബന്ധിച്ചുള്ള സമകാലീന ചരിത്രത്തിന്റെ സമൃദ്ധി. മനുഷ്യഭാവനയെ പ്രദീപ്തമാക്കിയ ഒരുപാട് ആഖ്യായികകൾക്ക് പ്രചോദനമേകിയ ജ്യൂലിയസ് സീസറുടെയും മാർക്ക് ആന്റണിയുടെയും ക്ലിയോപാട്രയുടെയും കഥകൾ ജീവിതവേദിയിൽ അരങ്ങേറുന്നത് ഈ കാലഘട്ടത്തിന്റെ തുടക്കത്തിലാണ്. ക്രിസ്തുവിന്റെ കാലഘട്ടത്തിലെ പലസ്‌തീനെ ഏറ്റവും പ്രകടമായി സ്വാധീനിച്ചിരുന്ന രാഷ്ട്രീയ മേധാ ശക്തിയായ റോമാസാമ്രാജ്യത്തിലെ ചക്രവർത്തിപരമ്പരകൾക്കു തൊട്ടുമുമ്പ്, കൃത്യമായി പറഞ്ഞാൽ ബി സി 100 ജൂലൈ പന്ത്രണ്ടാം തീയതിയാണ് ജ്യൂലിയസ് സീസർ ജനിക്കുന്നത്. ആഭ്യന്തര യുദ്ധത്തിൽ പരാജയപ്പെട്ട് ഗ്രീസിലേക്ക് രക്ഷപെട്ട പ്രതിയോഗി പോം‌പിയെ ബി സി 49- ൽ ഫർസാലയിൽ വെച്ച് പരാജയപ്പെടുത്തുന്നതും, തുടർന്ന് ഈജിപ്തിലേക്ക് രക്ഷപെട്ട പോം‌പിയെ പിന്തുടർന്ന് അലെക്സാണ്ട്രിയയിൽ പ്രവേശിച്ച സീസർ, ടോളമി പതിമൂന്നാ‍മന്റെ കെണിയിൽ അകപ്പെടുന്നതും, അവിടെ നിന്നും സമർത്ഥമായി രക്ഷപെട്ട് ടോളമിയെ വധിച്ച്, ക്ലിയോപാട്രയെ ഈജിപ്തിലെ രാജ്ഞിയായി അവരോധിക്കുന്നതും മറ്റുമുള്ള സംഭവപരമ്പരകളുടെ കൃത്യതയും ലഭ്യതയുടെ സമൃദ്ധിയും അത്ഭുതാവഹമാണ്. അഞ്ച് വർഷത്തെ ഭരണത്തിന് ശേഷം സീസറുടെ ഉയർച്ചയിൽ അസൂയ മുഴുത്ത കാഷ്യസ്, ബ്രൂട്ടസ്സുമായി ചേർന്ന് ഗൂഢാലോചന നടത്തി അദ്ദേഹത്തെ വധിച്ചത് ബി സി 44 മാർച് മാസം പതിന‌ഞ്ചാം തീയതിയാണ്.

സീസറുടെ ഒസ്യത്തിൽ അനന്തരാവകാശി ആയി പ്രഖ്യാപിക്കപ്പെട്ടിരുന്ന ദത്തുപുത്രൻ ഒൿടേവിയൻ ആവട്ടെ ബി സി 63 സെപ്തംബർ ഇരുപത്തിമൂന്നാം തീയതിയാണ് ജനിച്ചത്. അപ്പൊളോണിയയിൽ വിദ്യർത്ഥിയായിരിക്കുമ്പോൾ സീസറുടെ മരണവാർത്തയറിഞ്ഞ് റോമിലെത്തിയ ഒൿടേവിയന് അതിശക്തരായ മൂന്ന് പ്രതിയോഗികളെയാണ് നേരിടേണ്ടിയിരുന്നത്. അസാമാന്യ നയതന്ത്രജ്ഞതയും ബുദ്ധിസാമർത്ഥ്യവും പ്രകടിപ്പിച്ച് ആദ്യം സെനറ്റിനെ ശുദ്ധീകരിച്ചും, പിന്നീട് ബ്രൂട്ടസ്സിനേയും കാഷ്യസ്സിനേയും വധിച്ചും, അവസാനം മാർക്ക് ആന്റണിയേയും ക്ലിയോപാട്രയേയും യുദ്ധത്തിൽ പരാജയപ്പെടുത്തി മരണത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചും തന്റെ പരമാധികാരം ഉറപ്പിച്ച്, അഗസ്റ്റസ് എന്ന ഔദ്യോഗിക നാമം സ്വീകരിച്ച് മഹത്തായ റോമൻ ചക്രവർത്തി പരമ്പരകൾക്ക് ഒൿടേവിയൻ തുടക്കമിട്ടത് ബി സി 27 -ലാണ്. തുടർന്നുള്ള തന്റെ ഭരണകാലത്ത് അദ്ദേഹം റിപ്പബ്ലിക്കൻ ഭരണരീതി പുനസ്ഥാപിക്കുകയും സെനറ്റ്, അസ്സംബ്ലി, മജിസ്ത്രസി എന്നിവ വീണ്ടും ആരംഭിക്കുക മാത്രമല്ല, ഗംഭീരങ്ങളായ ക്ഷേത്രങ്ങളും സർക്കാർ മന്ദിരങ്ങളും നിർമ്മിച്ച് റോമാനഗരത്തെ മോടിപിടിപ്പിക്കുകയും, ആദ്യമായി പോലീസ് സേനയും അഗ്നിശമന സേനയും ആരംഭിക്കുകയും ചെയ്യുകയുണ്ടായി. വിവാഹവും വിവാഹമോചനവും സംബന്ധിച്ച നിയമങ്ങൾ പരിഷ്കരിക്കുകയും പ്രവിശ്യാ ഗവർണ്ണർ‌മാർക്ക് ശമ്പളം നിശ്ചയിക്കുകയും ചെയ്തതും ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. തന്റെ സാ‌മ്രാജ്യത്തിലെ ജനങ്ങളുടെ വിശദമായ സ്ഥിതിവിവരക്കണക്കുകൾ മൂന്നാമതും ശേഖരിക്കുകയും സഹിത്യത്തേയും കലകളേയും അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഇദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഇന്നു നമ്മൾ ഉപയോഗിക്കുന്ന കലണ്ടറിൽ കാണുന്ന ഓഗസ്റ്റ് എന്ന മാസം ഉണ്ടായതു തന്നെ. സംസ്കാരിക പുരോഗതിയുടെ അത്യുന്നതി കാരണം റോമിന്റെ സുവർണ്ണയുഗം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ബി സി 27 മുതൽ എ ഡി 14 വരെയുള്ള ഇദ്ദേഹത്തിന്റെ ഭരണകാലമാണ്. എന്നുമാത്രമല്ല, മറ്റു വിദൂരദേശങ്ങളിലെ പിന്നീടുള്ള ശതകങ്ങളിലെ പോലും സാഹിത്യ പുരോഗതിയുടെ കാലഘട്ടത്തെ അഗസ്റ്റൻ യുഗം എന്നു വിളിക്കുന്നതിൽ നിന്നും, ആ കാലഘട്ടത്തിലെ സംസ്കാരിക പുരോഗതിയുടെ അളവ് ഊഹിക്കാവുന്നതേയുള്ളു. എ ഡി 14 ഓഗസ്റ്റ് മാസം 19 -ആം തീയതി അഗസ്റ്റസ് ചക്രവർത്തിയുടെ മരണത്തോടെയാണ് നാല് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ ഭരണകാലം അവസാനിക്കുന്നത്.

അഗസ്റ്റസിനെ തുടർന്ന് എ ഡി 14 -ൽചക്രവർത്തിയായ അദ്ദേഹത്തിന്റെ ദത്തുപുത്രൻ തൈബീരിയസ് ആകട്ടെ മരിക്കുന്നത്, തന്റെ ദത്തുപുത്രനായ കലിഗുളയെ അനന്തരാവകാശിയായി പ്രഖ്യാപിച്ച ശേഷം എ ഡി 37 -ലാണ്. തൈബീരിയസ് നേടിവെച്ച സമ്പത്തെല്ലാം ധൂർത്തടിക്കുകയും, സഹോദരി ഡ്രൂസില്ലയുടെ മരണശേഷം അവരെ പുണ്യവാളത്തിയായി പ്രഖ്യാപിച്ചതും ജെറുസലേമിലെ ദേവാലയത്തിൽ തന്റെ വിഗ്രഹം സ്ഥാപിക്കുവാൻ ശ്രമിച്ചതും ഉൾപ്പെടെയുള്ള ഭ്രാന്തൻ നടപടികൾ സഹിക്കാനാവാതെ ‘കാസിയസ് കയേറിയ’ എന്ന ഗാർഡുകളുടെ ട്രിബ്യൂണൽ ഇദ്ദേഹത്തെ വധിക്കുന്നതാകട്ടെ എ ഡി 41 ജനുവരി ഇരുപത്തിനാലാം തീയതിയാണ്. പിന്നീട് ചക്രവർത്തിയായ ക്ലോദിയസ് ആകട്ടെ ജനിച്ചത് ബി സി 10 ആഗസ്റ്റ് ഒന്നാം തീയതിയാണ്. രാജകുടുംബത്തിന് യോജിക്കാത്ത ശരീരപ്രകൃതിയും പെരുമാറ്റത്തിലെ അരോചകത്വവും മൂലം പൊതുജീവിതത്തിൽ നിന്നും അകറ്റി നിർത്തപ്പെട്ടിരുന്ന ഇദ്ദേഹം കലിഗുളയുടെ വധത്തെ തുടർന്ന് പേടിച്ചു വിറച്ച് ഒളിച്ചിരിക്കുമ്പോളാണ്, കൊട്ടാരം പരിശോധിച്ച അം‌ഗരക്ഷകഭടന്മാരുടെ കണ്ണിൽ പെടുന്നതും അവർ പിടിച്ചു കൊണ്ടുപോയി പിറ്റേ ദിവസം ചക്രവർത്തിയായി വാഴിക്കുന്നതും. തുടക്കത്തിൽ ഭീരു ആയിരുന്നു എങ്കിലും എ ഡി 43 -ൽ ബ്രിട്ടനെതിരെ രണ്ടു തവണ റോമൻ സൈന്യത്തെ നയിച്ചത് ഇദ്ദേഹമാണ്. സഹോദരപുത്രിയെ വിവാഹം കഴിക്കുന്നത് നിലവിലുണ്ടായിരുന്ന നിയമത്തിനു വിരുദ്ധമായിരുന്നതിനാൽ നിയമം ഭേദഗതി ചെയ്തതിനു ശേഷം ഇദ്ദേഹം സഹോദരപുത്രി ആയ അഗ്രിപ്പിനയെ മൂന്നാമത് വിവാഹം കഴിക്കുകയുണ്ടായി. അവർക്ക് ആദ്യ ഭർത്താവിലുണ്ടായ മകനായ നീറോയെ ചക്രവർത്തിയായി വാഴിക്കുവാൻ സമ്മതം കൊടുത്തുവെങ്കിൽ പോലും അഗ്രിപ്പിന ഇദ്ദേഹത്തെ എ ഡി 54 ഒക്ടോബർ പതിമൂന്നാം തീയതി വിഷം കൊടുത്ത് കൊല്ലുകയാണ് ഉണ്ടായത്.

ജൂലിയസ് സീസറുടേയും മാർക്ക് ആന്റണിയുടേയും മറ്റും കാലഘട്ടത്തിലേയും, ബി സി 27 മുതൽ എ ഡി 68 വരെ നീണ്ട റോമൻ ചക്രവർത്തി പരമ്പരയുടെ കാലഘട്ടത്തിലേയും ചരിത്ര സംഭവങ്ങളുടെ കൃത്യതയും ബാഹുല്യവും മുകളിൽ ഏറ്റവും ചുരുക്കി സൂചിപ്പിച്ചിരിക്കുന്ന വസ്തുതകളിൽ നിന്നു തന്നെ വ്യക്തമാണല്ലോ. ചക്രവർത്തിമാരുമായും ഭരണകർത്താക്കളുമായും ബന്ധപ്പെട്ട ചരിത്രപരമായ കാര്യങ്ങൾക്ക് പൊതുവെ വ്യക്തത കൂടുമെന്നത് സാധാരണമാണ്. എന്നാൽ ഈ പറഞ്ഞ കാലഘട്ടത്തിൽ സംസ്കാരികവും ധിഷണാപരവും ആയ മേഖലകളിൽ വർത്തിച്ചിരുന്നവരെ പറ്റിയുള്ള വിവരങ്ങളും സമൃദ്ധമായി ലഭ്യമാണ്. ഉദാഹരണത്തിന് ‘ലോകസൃഷ്ടി‘ മുതൽ തന്റെ കാലം വരെ പുരാണേതിഹാസങ്ങളിലൂടെ കടന്നുപോയിട്ടുള്ള എല്ലാ പ്രമുഖ കഥാപാത്രങ്ങളുടെയും അനുക്രമമായ ആഖ്യാനപരമ്പര ‘രൂപാന്തരപ്രാപ്തികൾ’ (metamorphosis) എന്ന തന്റെ കൃതിയിലൂടെ പ്രസിദ്ധീകരിച്ച മഹാകവിയായ ഓവിഡ് ജനിച്ചത് ബി സി 43 മാർച്ച് 20 -നാണ്. അഗസ്റ്റസ് ചക്രവർത്തിയുടെ പൌത്രിയായ ജൂലിയെ ചുറ്റിപ്പറ്റി പ്രചരിച്ച ഒരു വ്യഭിചാര കഥയെ തുടർന്ന് ‘ആഴ്സ് അമറ്റോറിയ’ എന്ന പേരിൽ ഓവിഡ് ഒരു കാവ്യം രചിക്കുകയുണ്ടായി. ഇതിനെ തുടർന്ന് എ ഡി 8 -ൽ ചക്രവർത്തി ഇദ്ദേഹത്തെ നാടുകടത്തുകയാണുണ്ടായത്. ഇദ്ദേഹത്തിന്റെ ആദ്യകൃതിയാണ് ‘അമോറെസ്’. റോമൻ ഉത്സവങ്ങളുടെയും ഐതിഹ്യങ്ങളുടെയും വർണ്ണനയായ ‘ഫസ്തി’യാണ് മറ്റൊരു പ്രധാന കൃതി. ഒരു അടിമയുടെ മകനായി ബി സി 65 -ൽ ജനിച്ച് ദാരിദ്ര്യത്തിൽ ജീവിച്ചിരുന്ന മറ്റൊരു പ്രമുഖ കവിയായ ഹൊറേയ്സിന്റെ മുഖ്യ കൃതിയാണ്‌ ‘ഓഡെസ് അന്റ് എപിസ്റ്റെൽ‌സ്’. പ്രേമവും ദർശനവും കാവ്യകലയും എല്ലാം പ്രമേയമാക്കിയ ഇദ്ദേഹത്തിന്റെ മറ്റൊരു പ്രമുഖ കൃതിയാണ്‌ ‘ആഴ്സ് പോയെറ്റിക്ക’. ബി സി 46 -ൽ അക്കാദമിക പ്രഭാഷണങ്ങൾ ശ്രവിക്കുവാൻ ഏഥൻസിലേക്ക് യാത്രപോയ ആളാണ് ഇദ്ദേഹം. മരിച്ചതാകട്ടെ, ബി സി 8 നവംബർ 27 -നും.

ക്രിസ്തുവിന്റെ സമകാലികരിൽ അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ ജീവിച്ചിരുന്ന മറ്റൊരു ധിഷണാശാലിയാണ് ലൂഷിയസ് സെനക്കാ. ബി സി നാലിലാണ് ഇദ്ദേഹത്തിന്റെയും ജനനം. ക്രിസ്തുവിന്റെ മരണസമയത്തോടടുപ്പിച്ച് എ ഡി 31 -ൽ രാഷ്ട്രതന്ത്രം, നിയമം എന്നിവയുടെ മണ്ഡലങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിയാണിദ്ദേഹം. ബി സി മുന്നൂറിൽ ഗ്രെക്കോ-റോമൻ സംസ്കാരങ്ങളിൽ നിന്നുരിത്തിരിഞ്ഞു വന്ന് എ ഡി ഒന്നാം നൂറ്റാണ്ടിൽ റോമിൽ വികാസം പ്രാപിച്ച ‘സ്റ്റോയിക്ക്’ തത്വചിന്തയോട് ബന്ധമുള്ള ഒരുപാട് ദർശനങ്ങളുടെ പിതൃത്വം സെനക്കാക്ക് അവകാശപ്പെട്ടതാണ്. ചക്രവർത്തി കലിഗുളക്ക് അനഭിമതനായിത്തീർന്ന സെനക്കാ വധശിക്ഷയിൽനിന്നു് രക്ഷപെട്ടതുതന്നെ അൽ‌പ്പായുസ്സാണ് എന്ന ജാതകത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ ക്ലോദിയസിന്റെ കാലത്ത് ചക്രവർത്തിയുടെ മരുമകളുമായി അവിഹിതബന്ധം ആരോപിക്കപ്പെട്ട ഇദ്ദേഹം എ ഡി 41 -ൽ കോർസിക്കയിലേക്ക് നാടുകടത്തപ്പെടുകയുണ്ടായി. ഇവിടെ വെച്ചാണ് അദ്ദേഹം തത്വചിന്താ പഠനത്തിൽ മുഴുകിയത്. പിന്നീട് അഗ്രിപ്പിനയുടെ പ്രേരണക്ക് വഴങ്ങി എ ഡി 49 -ൽ ഇദ്ദേഹത്തെ റോമിലേക്ക് തിരിച്ച് വിളിപ്പിക്കുകയുണ്ടായെങ്കിലും എ ഡി 65 -ൽ അധികൃതരുടെ അജ്ഞാനുസാരം ആത്മഹത്യ ചെയ്യേണ്ടിവന്നു ഇദ്ദേഹത്തിന്.

ക്രിസ്തുവിന് കൈവന്ന പ്രശസ്തിയുമായി താരത‌മ്യപ്പെടുത്തുമ്പോൾ പരാമർശവിധേയമാകുവാൻ പോലും അർഹതയില്ലാത്ത ഇവരുടെയൊക്കെ ജീവിതത്തിലെ സൂക്ഷ്മാംശങ്ങൾ വരെ പലതും ലഭ്യമാണെന്നിരിക്കെയാണ് ക്രിസ്തുവിനെ പറ്റി വിശ്വസനീയമായ യാതൊരു വിവരവും ചരിത്രത്തിലെങ്ങും ഇല്ലാത്തത് എന്ന് പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. ഇനി ക്രിസ്തുവിനെപ്പറ്റി പരാമർശിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്ന പുരാതന ചരിത്രകാരന്മാരെ പറ്റി കൂടി ചിന്തിക്കേണ്ടതുണ്ട്. എ ഡി 37 മുതൽ 100 വരെ ജീവിച്ചിരുന്ന ഫ്ലാവിയസ് ജൊസീഫസ് (Flavius Josephus) എ ഡി 61 മുതൽ 113 വരെ ജീവിച്ചിരുന്ന പ്ലീനി (Pliny the Younger) എ ഡി 56 മുതൽ 117 വരെ ജീവിച്ചിരുന്ന ടസീറ്റസ് (Publius (or Gaius) Cornelius Tacitus ) എ ഡി 70 മുതൽ 130 വരെ ജീവിച്ചിരുന്ന സ്യൂട്ടോണിയസ് (Gaius Suetonius Tranquillus) എന്നിവരാണവർ. ക്രിസ്തു മരിക്കുന്ന കാലത്ത് പോലും ഇവരിലാരും ജനിച്ചിട്ടുകൂടി ഉണ്ടായിരുന്നില്ല എന്ന് ഒറ്റനോട്ടത്തിൽ തന്നെ കാണാൻ കഴിയും. മാത്രമല്ല, ക്രിസ്തുവിന്റെ മരണത്തിന് ശേഷം അനേകം ദശാബ്ദങ്ങൾ കഴിഞ്ഞാണ് ഇവരുടേതെന്ന് അറിയപ്പെടുന്ന കൃതികളെല്ലാംതന്നെ രചിക്കപ്പെട്ടിരിക്കുന്നതും. ചരിത്രരേഖകൾ അല്ലെങ്കിൽ പോലും ക്രിസ്തുവിനെ പറ്റി ലഭ്യമായ വിവരങ്ങളുടെ ആകെ ഉള്ള സ്രോതസ്സായ സുവിശേഷങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ഇവയിൽ ആദ്യത്തേതായ മാർക്കോസിന്റെ സുവിശേഷം പോലും ക്രിസ്തീയ പണ്ഡിതന്മാരുടെ പോലും അഭിപ്രായത്തിൽ എ ഡി 65 -നോടടുപ്പിച്ചു മാത്രമാണ് രചിക്കപ്പെട്ടത്. മറ്റു സുവിശേഷങ്ങളാവട്ടെ എ ഡി 120 വരെയുള്ള പല പല കാലഘട്ടങ്ങളിൽ രചിക്കപ്പെട്ടവയും. ചുരുക്കിപറഞ്ഞാൽ ക്രിസ്തുവിന്റെ മരണശേഷം രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തേയോ തലമുറകളിൽ മാത്രമാണവ രചിക്കപ്പെട്ടതെന്നർത്ഥം. അത്രയും നാളീ കഥകൾ വാമൊഴിയായി മാത്രം പ്രചരിക്കപ്പെട്ടിരുന്നു എന്നുവരുമ്പോൾ തന്നെ മൂലകഥക്ക്, അങ്ങിനെ ഒന്നുണ്ടെങ്കിൽ തന്നെ എത്രമാത്രം അപഭ്രംശം സംഭവിച്ചിരിക്കാം എന്നത് ഊഹിക്കാവുന്നതേയുള്ളു. കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകണം എന്നുണ്ടെങ്കിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിൽ അൻപതുകളിലോ അറുപതുകളിലോ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി രണ്ടായിരത്തി പത്തുകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന രചനകളുടെ വിശ്വസനീയതയെ പറ്റി ഒന്നാലോചിക്കുകയേ വേണ്ടൂ. പേപ്പറിന്റേയും അച്ചടിയുടേയും വർത്തമാനപ്പത്രങ്ങളുടേയും എല്ലാം ബാഹുല്യമുള്ള ഈ അഭിനവ കാലഘട്ടത്തിൽ പോലും അത്തരമൊരു രചന എത്രമാത്രം അതിശയോക്തിപരമായിരിക്കും എന്ന് സങ്കൽ‌പ്പിക്കാവുന്നതേയുള്ളു – പ്രത്യേകിച്ചും ആ രചന ദൈവീകതയും അമാനുഷീകസിദ്ധികളും മറ്റും ആരോപിക്കപ്പെടുന്ന ഒരു വ്യക്തിയെപ്പറ്റിയാവുമ്പോൾ.

ചരിത്രപരമായ മറ്റൊരു സുപ്രധാന വസ്തുതയും കൂടി ഇത്തരുണത്തിൽ സ്മരിക്കേണ്ടതുണ്ട്. റോമിലെ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തെ തുടർന്ന് സഭക്ക് കൈവന്ന അംഗീകാരവും ആധികാരികതയും ആണത്. ക്രിസ്തുവിലുള്ള വിശ്വാസം എന്ന ഒറ്റ കുറ്റത്തിന് വിശ്വാസികളെ വിശക്കുന്ന സിംഹങ്ങൾക്ക് എറിഞ്ഞുകൊടുക്കുന്ന അവസ്ഥയിൽ നിന്നും അധികാരത്തിന്റെ പരമോന്നത സ്ഥാനത്തേക്കുള്ള സഭയുടെ കുതിച്ചുകയറ്റം സാദ്ധ്യമാക്കിയ സംഭവമായിരുന്നു അത്. എ ഡി 313 -ലെ തന്റെ പ്രസിദ്ധമായ വിളംബരത്തോടേ ക്രിസ്തുമതത്തിന് സാമ്രാജ്യത്തിന്റെ അം‌ഗീകാരം കൊടുത്തു എങ്കിലും ചക്രവർത്തി തുടർന്നും തന്റെ പരമ്പരാഗത വിശ്വാസങ്ങൾ പൂർണ്ണമായും കൈവിട്ടിരുന്നില്ല. എ ഡി 325 -ൽ നിഖിയായിൽ വെച്ച് ഒരു ക്രൈസ്തവ സഭാ സമ്മേളനം വിളിച്ചുകൂട്ടുകയും പിന്നീട് 337 -ൽ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ചെയ്തതിനെ തുടർന്ന് സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി ക്രിസ്തുമതം മാറുകയാണുണ്ടായത്. പിന്നീടങ്ങോട്ടുള്ള ക്രിസ്തുമതത്തിന്റെ വളർച്ച അത്ഭുതാവഹമായിരുന്നു. ‘വിശ്വാസത്തിൽ ഉറച്ച‘ല്ലെങ്കിൽ പോലും ‘എണ്ണത്തിൽ ദിവസേന പെരുകുന്നതിനായി‘ട്ടുള്ള പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിലാണ് തുടങ്ങുന്നത്. ഈ കാലഘട്ടത്തിലെ ചരിത്രകാരനായ യൂസേബിയസ് പറയുന്നതുപോലെ “ക്രിസ്തുവിനു വേണ്ടി നുണ പറയുന്നതും ചതിക്കുന്നതും പോലും ധർമ്മമാണ്” (It is lawful to lie and cheat for the cause of Christ) എന്നു വന്നു. ചരിത്ര രേഖകളിൽ തിരുത്തലും തിരുകികയറ്റലും വരെ ധാർമീകമായിതീർന്ന ഈ കാലത്തിനു ശേഷമായിരിക്കണം വിശ്വസനീയമായ രീതിയിലല്ലെങ്കിൽ പോലും ഫ്ലാവിയസിന്റെ രേഖകളിലെ ക്രിസ്തുവിനെ പറ്റിയുള്ള പരാമർശം ആവിർഭവിച്ചതെന്നും ഒരു പക്ഷമുണ്ട്. എ ഡി 106 -ൽ ബെഥന്യായിലെ ഗവർണ്ണറായിരിക്കുമ്പോൾ തന്റെ മുമ്പിൽ ഹാജരാക്കപ്പെട്ട ക്രിസ്ത്യാനികളെ കുറിച്ച് റോമിലെ ട്രോജൻ ചക്രവർത്തിക്ക് പ്ലിനി എഴുതിയ കത്താണ് ക്രിസ്ത്യാനികളെ പറ്റി പറഞ്ഞിട്ടുള്ള മറ്റൊരു പുരാരേഖ. ഇത് യഥാർത്ഥമാണെങ്കിൽ പോലും രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ക്രിസ്തുമത വിശ്വാസികൾ ഉണ്ടായിരുന്നു എന്നല്ലാതെ ക്രിസ്തുവിന്റെ അസ്തിത്വത്തെ അത് സ്ഥിരീകരിക്കുന്നില്ല എന്നു കാണാം. പുരാതന ചരിത്രരേഖകളിൽ ശൈവന്മാരെ പറ്റിയും വൈഷ്ണവന്മാരെ പറ്റിയും പരാമർശമുള്ളത് ശിവന്റേയും വിഷ്ണുവിന്റേയും അസ്തിത്വത്തിന് സാധൂകരണം ആവില്ലല്ലോ. അതുപോലെ പ്ലീനിയും ടാസിറ്റസ്സും സ്യൂട്ടോണിയസ്സും ക്രിസ്ത്യാനികളെപ്പറ്റി പരാമർശിക്കുന്നത് ക്രിസ്തുവിന്റെ ചരിത്രപരമായ അസ്തിത്വത്തെ സ്ഥിരീകരിക്കുന്നില്ല എന്നും വ്യക്തമാണല്ലോ. സുവിശേഷങ്ങളിൽ പ്രദിപാദിക്കപ്പെടുന്ന തരത്തിലുള്ള അത്ഭുതസംഭവങ്ങൾ ക്രിസ്തുവിന്റെ ജീവിതത്തോടും മരണത്തോടും അനുബന്ധിച്ച് സംഭവിച്ചിട്ടും ഇവയൊക്കെ നേരിട്ട് കണ്ട പലസ്തീനിലെ യഹൂദസമൂഹത്തെ ഇവ കാര്യമായൊന്നും സ്വാധീനിച്ചില്ല എന്നു വന്നാൽ അതും വിരൽ ചൂണ്ടുന്നത് ഈ കഥകളുടെ അവിശ്വസനീയതയിലേക്കു തന്നെ ആണ്. ലോകത്ത് നിലനിന്നിരുന്ന പല പല തനതുസംസ്കാരങ്ങളേയും ഭൂമുഖത്തുനിന്നു തന്നെ തുടച്ച് നീക്കുന്നതിൽ അദ്ദേഹത്തിന്റെ പിൽക്കാല ശിഷ്യന്മാരായ സാധാരണ മനുഷ്യർക്ക് അനായാസം സാധിച്ചിരിക്കെ ആണ് ‘കർത്താവായ യേശുക്രിസ്തുവും‘ അദ്ദേഹത്തിന്റെ സ്വന്തം ശിഷ്യന്മാരിൽ ഭൂരിഭാഗവും നേരിട്ടഭിസംബോധന ചെയ്തിട്ടും വിജാതീയർക്കിടയിലുണ്ടായ പരിവർത്തനങ്ങളുടെ ചെറിയൊരംശം പോലും സ്വന്തം സമൂഹത്തിൽ ഉണ്ടാക്കാൻ സാധിക്കാതെ വന്നത് എന്നും ഓർക്കേണ്ടതുണ്ട്.

ഉപസംഹാരം

പ്രശ്നം വിശ്വാസത്തിന്റേതാവുമ്പോൾ വ്യക്തികൾക്കെല്ലാം ചരിത്രപരമായ അസ്തിത്വവും സംഭവങ്ങൾക്കെല്ലാം ശാസ്ത്രീയമായ അടിത്തറയും വേണം എന്നു വാശിപിടിക്കുന്നതിൽ അർത്ഥമില്ല എന്നതും തികച്ചും ശരിയാണ്. ഭാരതത്തിൽ ശ്രീകൃഷ്ണന്റേയും ശ്രീരാമന്റേയും ജനനവർഷം കണക്കുകൂട്ടി എടുത്തിട്ടൊന്നുമല്ലല്ലൊ ഹൈന്ദവ വിശ്വാസം വ്യവസ്ഥാപിതമായത്. ഇനി ക്രിസ്തുവിന്റെ ജനനവും ബാല്യവും ചരിത്രരേഖകളിൽ സ്ഥാനം പിടിച്ചില്ലെങ്കിൽ പോലും അവയിൽ അസ്വാഭാവികമായി വളരെയൊന്നും ഇല്ല താനും. ഇവിടെ പക്ഷെ ദിവ്യഗർഭവും മറ്റു സമാന കഥകളും ഒക്കെ മാറ്റി വെക്കണമെന്നു മാത്രം. പക്ഷെ, അദ്ദേഹത്തിൽ ഇന്ന് അവരോധിക്കപ്പെട്ടിരിക്കുന്ന ദൈവീക-ദാർശനീക-വിപ്ലവാത്മക പരിവേഷങ്ങളുടെ കടും നിറങ്ങളുടെ പശ്ചാത്തലത്തിൽ ക്രൂശീകരണവും പുനരുത്ഥാനവും പോലുള്ള അത്ഭുത സംഭവങ്ങൾ, അവയുടെ ബീജാവസ്ഥയിലെങ്കിലും ചരിത്രത്തിന്റെ താളുകളിൽ കണ്ടേ മതിയാവൂ. ഇനി, ഇവയൊന്നും ഇല്ലെങ്കിൽ പോലും ബി സി -യേയും എ ഡി -യേയും വേർതിരിക്കുന്ന മഹാ ചരിത്രസംഭവം എന്ന് ലഘുലേഖകളും പള്ളിപ്രാസം‌ഗികന്മാരും വിളിച്ചുകൂവുന്നതും മനസ്സിലാക്കുവാൻ ബുദ്ധിമുട്ടില്ല. പക്ഷെ, ഫാ. അടപ്പൂരിനെ പോലുള്ള പണ്ഡിതന്മാർ പോലും “പ്ലേറ്റോ, അലെക്സാണ്ടർ, അരിസ്റ്റോട്ടിൽ, അശോകൻ, ബുദ്ധൻ എന്നിവരേപോലുള്ള പലരെ സംബന്ധിച്ചും ചരിത്രപരമായ വിവരങ്ങൾ അധികമൊന്നും ഇല്ലെന്നും, അവരെയൊക്കെ അപേക്ഷിച്ചുനോക്കുമ്പോൾ ക്രിസ്തുവിനെ പറ്റിയുള്ള വിവരങ്ങൾ എത്രയോ അധികം” എന്നുമുള്ള രീതിയിൽ നിലവാരമുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ തുടർച്ചയായി എഴുതുമ്പോളാണ് അവ അരോചകങ്ങളാവുന്നത്. പണ്ഡിതവർഗ്ഗത്തിൽ പെട്ട എല്ലാവരും തികഞ്ഞ മൌനം കൊണ്ട് അതിനെ സ്വാഗതം ചെയ്യുകയും കൂടി ചെയ്യുമ്പോൾ, ക്രിസ്തുവിന്റെ ചരിത്രപരമായ അസ്തിത്വം ഏതാണ്ട് വ്യവസ്താപിതമാവുന്ന രീതിയിലേക്ക് കാര്യങ്ങൾ സുഗമമായി നീങ്ങിക്കൊണ്ടിരിക്കുകയാണ്, ഭാരതത്തിലെങ്കിലും.

ക്രിസ്തു എന്നൊരു വ്യക്തി ജീവിച്ചിരുന്നിട്ടേയില്ല എന്നു സമർത്ഥിക്കുവാനല്ല ഞാനിവിടെ ശ്രമിച്ചിട്ടുള്ളത്. വ്യാപകമായി വിശ്വസിക്കുന്നതിനും അതിലുപരി വിശ്വസിപ്പിക്കുന്നതിനും അപ്പുറം അദ്ദേഹത്തിന്റെ ചരിത്രപരമായ അസ്തിത്വത്തിന്റെ സാധുതയെ പറ്റി മാത്രമാണ് ഞാനിവിടെ വിചാരം ചെയ്തിരിക്കുന്നത്. വിശ്വാസിയല്ലാത്ത ഒരാളുടെ പ്ലാറ്റ്ഫോമിൽ നിന്നു നോക്കുമ്പോൾ കിട്ടുന്ന ഒരു കാഴ്ച മാത്രമാണിതെന്നതിനും തർക്കമില്ല. ഈ ലേഖനത്തിൽ തന്നെ മുകളിൽ സൂചിപ്പിച്ച മാതിരി, ക്രിസ്തു എന്ന വ്യക്തിയുടെ ചരിത്രപരമായ അസ്തിത്വം ഒരാളുടെ ക്രിസ്തീയ വിശ്വാസത്തെ ബാധിക്കേണ്ട കാര്യമില്ല എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നതും. വിശ്വാസിയുടെ കളത്തിൽ നിന്നും ഒരു മിനിറ്റൊന്നു മാറി നിന്ന്, വികാരപരമായല്ലാതെ കാര്യങ്ങൾ നോക്കികാണാൻ ശ്രമിച്ചാൽ, ഇവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകുമെന്നും എനിക്കു തോന്നുന്നു.

Blog at WordPress.com.