DJ MENON'S BLOG

November 18, 2008

കാലഹരണപ്പെടാത്ത സൂര്യതേജസ്സുകളെ കണ്ടില്ലെന്നു നടിക്കുന്നവർ

എം.മുകുന്ദൻ വി.എസ്സിനെ “കാലഹരണപ്പെട്ട പുണ്യവാളൻ” എന്നു വിശേഷിപ്പിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾ ഇളകിയാട്ടം കഴിഞ്ഞ് ഏകദേശം ഒന്നടങ്ങിയ മട്ടാണ്. ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ‘ എഴുതിയ മുകുന്ദനെ എനിക്കു പരിചയമുണ്ട്. നേരിട്ടല്ല, വല്ലതുമൊക്കെ വായിക്കുന്ന കൂട്ടത്തിലുള്ള ഏതു മലയാളിക്കുമുള്ള പരിചയം. എന്റെ കാര്യത്തിൽ ‘വല്ലതുമൊക്കെ വായിച്ചിരുന്ന’ എന്നൊരു ചെറിയ തിരുത്തൽ കൂടി വേണ്ടിവരുമെന്നു മാത്രം. വി.എസ്സിനേയും എനിക്കു ചെറിയ പരിചയമുണ്ട്. പി എസ്സ് സി പരീക്ഷകളുടെ കാലം കഴിഞ്ഞതിന് ശേഷം മന്ത്രിമാരുടെ പേരുകൾ ഓർത്തുവെക്കുന്നതൊക്കെ നിറുത്തി എങ്കിലും വി എസ്സ് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നൊക്കെ എനിക്കും അറിയാം. ‘സ്ഥാനമാനങ്ങൾ ചൊല്ലികലഹിച്ചും നാണം കെട്ടു നടക്കുന്നിതു ചിലർ’ എന്നൊരു പശ്ചാത്തലസംഗീതത്തോടു കൂടിയല്ലാതെ ഒരൊറ്റ രാഷട്രീയക്കാരനേയും ഓർക്കാൻ പറ്റാത്ത ഒരാളാണെങ്കിലും, വി എസ്സിനേയും എ കെ ആന്റണിയേയും പറ്റി കേൾക്കുമ്പോൾ,
എട്ടുകാലിയേയും പാറ്റയേയും മറ്റു ക്ഷുദ്രജീവികളേയും എന്തോ പെട്ടന്ന് ഓർമ്മ വരാറില്ല. വിവാദമായതിനെ തുടർന്നുള്ള മുകുന്ദന്റെ എസ് എം എസ് വഴിയുള്ള രാജി , സാംസ്കാരിക മന്ത്രിയുടെ മൊബൈൽഫോണിലൂടെയുള്ള രാജിനിരസിക്കൽ ഇതൊന്നും അല്ല ഇവിടെ എന്റെ വിഷയം.( രാജി, സാഹിത്യ അക്കാദമിയിൽ നിന്നോ മറ്റോ…………..ബോർഡ്, കോർപ്പറേഷൻ, അക്കാദമി തുടങ്ങിയവ സേവക്കാരെ ഇരുത്താനുള്ള സ്ഥലങ്ങളുടെ കൂട്ടത്തിൽ പെട്ടതായതു കൊണ്ടും, നേരത്തെ സൂചിപ്പിച്ച പി എസ്സ് സി പരീക്ഷയുടെ പ്രായം കഴിഞ്ഞു പോയതു കൊണ്ടും ഇത്തരക്കാരെപ്പറ്റിയും ഓർത്തു വെക്കാറില്ല……എന്നാലും ചരിത്രത്തിൽ ആദ്യമായി എസ് എം എസ് വഴി രാജി വെച്ച ആളുടെ പേർ ഓർത്തു വെക്കാൻ തീർച്ചയായും ഇനി പരീക്ഷ എഴുതാനുള്ള കുട്ടികളോട് ഉപദേശിക്കണം)

കുറച്ചുകാലം മുമ്പാണ്. കൃത്യമായി പറഞ്ഞാൽ 2005 ഓഗസ്റ്റ് 7 -ലെ മാതൃഭൂമിയിൽ ‘കേട്ടതും കേൾക്കേണ്ടതും‘ പംക്തിയിൽ സാഹിത്യവാരഫലം കൃഷ്ണൻ‌നായരുടേതായി ഒരു ഉദ്ധരിണി കാണുകയുണ്ടായി. “ഈച്ചയുടെ ചിറകിന്റെ അൽ‌പത്വം പോലെ അൽ‌പമായ പ്രതിഭയുള്ള ആളായിരുന്നു ഒ.വി.വിജയൻ” എന്നായിരുന്നു ആ ഉദ്ധരിണി. ഒ.വി.വിജയൻ മരിച്ചിട്ട് ഏതാനും മാസങ്ങൾ പോലും ആയിട്ടില്ല. താമസിച്ചിരുന്ന ഹോട്ടലിന്റെ റിസെപ്ഷൻ ഡെസ്കിൽ പോയി ഒരു വെള്ളപേപ്പർ മേടിച്ച് മനസ്സിൽ തോന്നിയ പ്രതികരണം അപ്പോൾ തന്നെ പകർത്തി നേരെ മാതൃഭൂമിക്ക് അയച്ചുകൊടുത്തിട്ടേ കിടന്നുള്ളു. അതിന്റെ പൂർണ്ണ രൂപം ഇതാ:

പ്രതിഭയുടെ അളവുകോൽ
ഏതോ ഒരു പാശ്ചാത്യകൃതിയിലെ കഥാപാത്രത്തിന്റെ ലൈം‌ഗീകാവയവത്തിൽ പ്രകൃതിവിരുദ്ധ ലൈംഗീകതയ്ക്കു ശേഷം പ്രത്യക്ഷപ്പെട്ട വിസർജ്യത്തിന്റേതായ മഞ്ഞ വളയങ്ങൾ വിശദമായി വിവർത്തനം ചെയ്ത് ഉദ്ധരിച്ചിട്ട്, ഗ്രന്ഥകർത്താവിന്റെ പ്രതിഭയെ പുകഴ്ത്തിയ കൃഷ്ണൻ‌നായരുടെ വാഗ്വിലാസം ഒന്നോ രണ്ടോ ദശകങ്ങൾക്കു മുമ്പാണ് വായിച്ചതെങ്കിലും ഇപ്പോഴും മനം മടുപ്പിക്കുന്ന ഒരോർമ്മയാണ്.

“ഈച്ചയുടെ ചിറകിന്റെ അൽ‌പത്വം പോലെ അൽ‌പമായ പ്രതിഭയുള്ള ആളായിരുന്നു ഒ.വി.വിജയനെന്ന” അഭിപ്രായം 7-8-05 ലെ മാതൃഭൂമിയിലെ ‘കേട്ടതും കേൾക്കേണ്ടതും’ പംക്തിയിൽ കണ്ടപ്പോഴാണ് പ്രതിഭയെ അളക്കുവാൻ അദ്ദേഹം ഉപയോഗിക്കുന്ന അളവുകോലിന്റെ ഓക്കാനം വരുത്തുന്ന ഓർമ്മ വീണ്ടും ഉണ്ടായത്.

ഏത് സാഹചര്യത്തിൽ, ഏത് വേദിയിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത് എന്നറിയില്ലെങ്കിലും ഇതിനെതിരെ പ്രതികരിക്കാതിരിക്കുന്നത്, മരിച്ച് ശരീരത്തിലെ ചൂട് പോലും മായാത്ത ഒരു മഹാപ്രതിഭയുടെ ആത്മാവിനോടു ചെയ്യുന്ന ഒരു ക്രൂരതയാണെന്ന തോന്നലാണീ കുറിപ്പിനാധാരം.

ഒ.വി.വിജയന്റേയും, എം.ടിയുടേയും, ഉറൂബിന്റേയും, എസ്.കെ.പൊറ്റെക്കാടിന്റേയും ഒക്കെ പ്രതിഭ അളക്കുവാൻ തുനിയുന്ന ഒരാൾക്ക് വേണ്ട ഏറ്റവും ചുരുങ്ങിയ യോഗ്യത, വൈകൃതഭാവനകളിൽ അഭിരമിക്കുവാൻ വിസമ്മതിക്കുന്ന, ഋജുവും ശുദ്ധവും ആയ ഒരു മനസ്സാണ് എന്നെനിക്കു തോന്നുന്നു.

ബൌദ്ധികമായ ആർത്തവവിരാമത്തെപ്പറ്റി മലയാളിയെ ഓർമ്മിപ്പിക്കാറുള്ള ഈ മനുഷ്യന് ‘ബൌദ്ധീകമായ ചിന്നൻ’ (പ്രായക്കൂടുതൽ കൊണ്ടുണ്ടാകുന്ന ബുദ്ധിഭ്രമത്തിന് മദ്ധ്യകേരളത്തിൽ നൽകിയിട്ടുള്ള വിളിപ്പേര് ) ബാധിച്ചിട്ടും പിന്നേയും കോളമെഴുതുവാനും മറ്റും ഇടം ലഭിക്കുന്നത്, പണ്ട് ഇടക്കെങ്കിലും പ്രകടമാക്കിയിട്ടുള്ള
സർഗ്ഗശേഷിയുടെ പേരിലെന്ന്, അൽ‌പ്പമെങ്കിലും തെളിയുന്ന ബുദ്ധിയുടെ ഇടവേളകളിലെങ്കിലും (lucid intervals) ഈ പ്രൊഫസ്സർ തിരിച്ചറിയുമെന്ന്‌ നമുക്കാശിക്കാം.

ഒപ്പ്

ഡി. ജെ. മേനോൻ.“

മാതൃഭൂമിയിലേക്കല്ലെ അയച്ചത്. അതെപ്പൊ ചവറ്റുകുട്ടയിലേക്ക് പോയീയെന്നു ചോദിച്ചാമതീല്ലൊ. അതു പോട്ടെ, എഴുപതുകളുടെ മദ്ധ്യത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലൂടെ, ഒരു കൊടുങ്കാറ്റു പോലെ കടന്നുവന്ന്‌, മലയാള നോവൽ സങ്കൽ‌പ്പങ്ങളെ കീഴ്മേൽ മറിച്ച ഒരു മഹാപ്രതിഭയുടെ മൃതശരീരത്തിലെ ചൂട് മായുന്നതിനു പോലും മുമ്പ് വന്ന നികൃഷ്ടമായ ഈ പരാമർശത്തിനെതിരെ, ഒരു വരിയെങ്കിലും പ്രസിദ്ധീകരിക്കുവാൻ, ബൌദ്ധീക വർണ്ണരാജിയുടെ അതിർത്തികൾക്കുള്ളിലോ പുറത്തോ ഉള്ള ആരും തയ്യാറായില്ല എന്നതാണ് എന്നെ ഏറെ ദുഃഖിപ്പിച്ചത്. ഖസാക്കിന്റെ ഇതിഹാസവും, ഗുരുസാഗരവും, ഇതിഹാസത്തിന്റെ ഇതിഹാസവും വായിച്ചിട്ടുള്ള മലയാളിക്ക് എങ്ങിനെ ഇത്രയും ‘ഇമ്പൊട്ടൻ‘ ആകാൻ പറ്റും എന്നുള്ളതും എന്നെ കുറച്ചൊന്നും അല്ല അദ്ഭുതപ്പെടുത്തിയത്.

ചാവടിയന്തിരത്തിനും ചരമവാർഷികത്തിനും കുറെ പഴകിതേഞ്ഞ പദപ്രയോഗങ്ങൾ നിരത്തിയതല്ലാതെ, ഒരു ആഴ്ചപ്പതിപ്പിലും പത്രത്തിലും ഒരു ചാനലിലും ഒരു വിവാദക്കൊടുങ്കാറ്റും കണ്ടില്ല. ഒ.വി.വിജയൻ മരിച്ചുമണ്ണടിഞ്ഞല്ലൊ ഇനി അങ്ങോരെപറ്റി ആരെന്തു പറഞാലെന്ത്? കളക്ടറുടെ അമ്മ മരിച്ചാലല്ലാതെ കളക്ടർ മരിച്ചാൽ മലയാളി എന്തിനു വീട്ടിൽ പോണം?

വാൽകഷ്ണം: ‘ഒന്നോടിച്ച് നോക്കിയിട്ട് ആർക്കും സാഹിത്യരചനകളെപറ്റി അഭിപ്രായം പറയാം എന്നു
കാണിച്ചുതന്നത് എം. കൃഷ്ണൻ നായരാണെ‘ന്നോ മറ്റോ കെ.പി.നിർമൽ കുമാർ പറഞ്ഞതായി ഈയിടെ മാതൃഭൂമിയിലെ അതേ പംക്തിയിൽ കണ്ടു! കൃഷ്ണൻ നായരും മരിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഇനിയും കുറെ സാഹിത്യകാരന്മാർ കൂടി അഭിപ്രായം പറയാൻ വരുമെന്നാണ് കരുതിയത്. അപ്പോഴേക്കും ആണ് മുകുന്ദൻ വെടി പൊട്ടിച്ചത്. അതിന്റെ പുക (പു.ക.സ അല്ല) അടങ്ങുന്ന മുറക്ക് വല്ലതും വരുമോ എന്നു നോക്കാം. ഇല്ലെങ്കിലും സാരമില്ല, അപ്പോഴേക്കും വേറേ എന്തെങ്കിലും വിവാദം വന്നോളും. ബിഷപ്പിന്റെ ദത്തോ, പള്ളീലച്ചൻ മൂന്നു മക്കളുടെ അമ്മയുമായി ഒളിച്ചോടീതോ, ശബരിമല തന്ത്രിയെ ഒന്നിൽ കൂടുതൽ യുവതികൾക്കൊപ്പം പോലീസ് പൊക്കിയതോ, രക്താഭിഷേകമോ…………..അങ്ങിനെ എന്തെങ്കിലും. നമുക്കതു മതിയല്ലോ.

Advertisements

5 Comments »

 1. നല്ല ചിന്തകള്‍.
  സ്വാഗതം.

  Comment by ചിത്രകാരന്‍chithrakaran — November 18, 2008 @ 3:23 pm | Reply

 2. ബൂലോകത്തിൽ വന്നിട്ട് കുറച്ചേ ആയുള്ളുവെങ്കിലും ചിത്രകാരനെ ഞാൻ ശ്രദ്ധിച്ചിരുന്നു. നല്ല വാക്കുകൾക്ക് നന്ദി.

  Comment by DJ Menon — November 18, 2008 @ 3:40 pm | Reply

 3. മുകുന്ദനേയും, ഓ.വി.വിജയനേയും, എം. കൃഷ്ണന്‍ നായരേയും കുറിച്ചുള്ള നിരീക്ഷണങ്ങള്‍ കൊള്ളാം. കൃഷ്ണന്‍ നായര്‍ ചീത്ത വിളിച്ചതു കൊണ്ട് ആരെങ്കിലും എഴുത്തു നിര്‍ത്തിയിട്ടുണ്ടോ? അര്‍ഹിക്കുന്ന രീതിയില്‍ത്തന്നെ അതെല്ലാം വായനക്കാര്‍ തള്ളിക്കളഞ്ഞില്ലെ? നല്ല സാഹിത്യം എന്നും നിലനില്‍ക്കുമെന്നതിന് തെളിവല്ലെ ഖസാക്കിനു കിട്ടിയ സ്വീകരണം.

  Comment by MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ — November 18, 2008 @ 5:30 pm | Reply

 4. കൃഷ്ണൻ നായർ സാറിനോട് എനിക്കു പ്രത്യേകിച്ച് വിരോധം ഒന്നുമില്ല മോഹൻ‌ജീ. മറ്റു പലതും വായിച്ചുപോയ കൂട്ടത്തിൽ സാഹിത്യവാരഫലവും വായിച്ചുപോയിട്ടുണ്ട്. അതൊക്കെ മറന്ന പോലെ ഇതും. പക്ഷെ അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങൾ ഇന്നും തലക്കകത്ത് നിൽ‌പ്പുണ്ട്. ഉദാഹരണത്തിന് ഏതൊ ഒരു ചെറുകഥയെ അദ്ദേഹം വിശേഷിപ്പിച്ച “steaming shit” എന്ന പ്രയോഗം. ആദ്യത്തെ വാക്ക് ഫ്രെഷ്നെസ്സിനേയും രണ്ടാമത്തെത് ക്വാളിറ്റിയേയും കുറിക്കുന്നു എന്നോർക്കുമ്പോൾ എങ്ങിനെ ചിരിക്കാതിരിക്കും? പക്ഷെ, തികച്ചും വ്യക്ത്യധിഷ്ടിതമായ ഒരു പ്രക്രിയയായ സാഹിത്യ വായനയെ ഒരുതരം വസ്തുനിഷ്ടമായ കണ്ണുകളിലൂടെ കാണാൻ പ്രേരിപ്പിച്ച ഒരു ഏർപ്പാടായിരുന്നു വാരഫലം എന്നതാണതിന്റെ പ്രധാന ന്യൂനതയായി എനിക്കു തോന്നിയിട്ടുള്ളത്. ഉദാഹരണത്തിന് എം.ടി.യുടെ വാരാണസി എന്നേ സംബന്ധിച്ചിടത്തോളം വെറും ചവറായ ഒരു നോവലാണ്. പക്ഷെ വേറേ എത്രയോ പേർക്ക് അത് മഹത്തായ സാഹിത്യ കൃതി ആയിരിക്കും. എങ്ങിനെയാണിതിനെ കൃത്യമായ മാനദണ്ഡങ്ങൾക്കുള്ളിൽ തളച്ച് വിധി നിർണ്ണയിക്കുക?

  Comment by DJ Menon — November 23, 2008 @ 7:54 am | Reply

 5. Try watching the movie The Reader.

  Comment by McMenon — April 2, 2009 @ 5:47 pm | Reply


RSS feed for comments on this post. TrackBack URI

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

%d bloggers like this: