DJ MENON'S BLOG

January 17, 2010

പുരാണപ്രസിദ്ധമായ മുക്തിയും സംശയാലുവായൊരു ഹിന്ദുവും

പുരാണപ്രസിദ്ധമായ മുക്തിയും സംശയാലുവായൊരു ഹിന്ദുവും.
ഡി. ജെ. മേനോൻ
ആമുഖം
നാൽ‌പ്പത്തി‌ഒന്നു ദിവസത്തെ കഠിനമായ വൃതാനുഷ്ഠാനത്തിനു ശേഷം കല്ലും മുള്ളും നിറഞ്ഞ പാതകൾ താണ്ടി, അപകടങ്ങളേയും വന്യമൃഗങ്ങളേയും അതിജീവിച്ച് ശബരിമലയിലെ അയ്യപ്പസന്നിധാനത്തെത്തുമ്പോൾ ഓരോ തീർഥാടകനേയും വരവേൽക്കുന്ന ഒരു ബോർഡ്‌ പ്രധാന കവാടത്തിനു മുകളിലായിത്തന്നെ പ്രദർശിപ്പിച്ചിരിക്കുന്നതു കാണാം – ‘തത്ത്വമസി’. ‘അതു നീ തന്നെ’ എന്നാണതിന്റെ പൊരുൾ. ചുരുക്കിപ്പറഞ്ഞാൽ, വന്നത് വെറുതേയായി എന്നർഥം! കാരണം, അവനവനെത്തന്നെ കാണാൻ ആയിരുന്നു എങ്കിൽ ഇത്ര ബുദ്ധിമുട്ടി, കഷ്ടപ്പെട്ട് ഇത്ര ദൂരം വരേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ലല്ലൊ. അക്ഷരാഭ്യാസമില്ലാത്തവരോ ബുദ്ധിവിഹീനരോ ഒക്കെയാണ് അടുത്തകൊല്ലവും ഈ വൃതാനുഷ്ഠാനവും യാത്രയും ഒക്കെ നടത്തുന്നതെങ്കിൽ അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. പക്ഷെ, അങ്ങനെയല്ല കാര്യങ്ങൾ. പറ്റുമെങ്കിൽ എല്ലാ കൊല്ലവും ഈ യാത്ര നടത്തുന്നവരിൽ പണ്ഡിതരും ഒട്ടും കുറവല്ല എന്നതാണ് വസ്തുത. അവിടെ ചെന്നിട്ട് പ്രത്യേകിച്ച് ആരേയും കാണാനൊന്നും ഇല്ലെന്നും കാണേണ്ടത് തന്നെത്തന്നെയാണെന്നും മനസ്സിലാക്കാൻ ഓരോ കൊല്ലവും ശബരിമല വരെ പോയി ഈ ബോർഡ് വായിക്കേണ്ടവരല്ലല്ലൊ പണ്ഡിതന്മാരെങ്കിലും. ഇതെന്താണിങ്ങനെ? എല്ലാ ദൈവങ്ങളേയും ഒറ്റയടിക്ക് , കഠിനമായി നിരാകരിക്കുകയും ഒപ്പംതന്നെ മാടൻ, മറുത, കുട്ടിച്ചാത്തൻ മുതൽപ്പേർക്കുള്ള കോടാനുകോടി മൂർത്തികളെ ആരാധിക്കുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഹൈന്ദവ വിശ്വാസത്തിലെ ഈ വൈരുദ്ധ്യാത്മകത മാത്രം മതി വിഷയത്തിന്റെ സങ്കീർണതയുടെ ഒരു ഏകദേശ ധാരണ കിട്ടാൻ. മാത്രമല്ല, ക്രൈസ്തവ, ഇസ്ലാമിക ദർശനങ്ങളിലേതുപോലെ ഒരു പ്രവാചകനേയും ഒരു മതഗ്രന്ഥത്തെയുമൊക്കെ മാത്രം പ്രധാനമായും ആശ്രയിച്ചു നിൽക്കുന്ന ഒന്നല്ല ഹൈന്ദവആത്മീയത. പ്രമാണഗ്രന്ഥങ്ങളുടെ ആധിക്യവും അവയിലെ ബഹുസ്വരതയും പരസ്പരനിരാസങ്ങളും ഒക്കെത്തന്നെ ഒരു സാധാരണ അന്വേഷകനെ കുഴയ്ക്കുകയും ചെയ്യും. ശ്രീമഹാഭാഗവതവും വിഷ്ണുപുരാണവുമൊക്കെ ഉൾപ്പെടുന്ന പതിനെട്ടു മഹാപുരാണങ്ങളിലും അത്രയുംതന്നെ ഉപപുരാണങ്ങളിലും രാമായണ-മഹാഭാരത ഇതിഹാസങ്ങളിലും ഋക്-യജുർ-സാമ-അഥർവവേദങ്ങളിലും നൂറ്റിയെട്ട് പ്രധാന ഉപനിഷത്തുക്കളിലുമൊക്കെയായി പാരാവാരസദൃശമായി വ്യാപിച്ചു കിടക്കുന്ന ഈ പ്രാമാണിക തത്വങ്ങളെല്ലാം ആഴത്തിൽ പഠിച്ച് ഹൈന്ദവവിശ്വാസങ്ങളെ മനസ്സിലാക്കുന്നതിനിറങ്ങി പുറപ്പെടുന്ന ഒരാളുടെ മുന്നിലുള്ള ക്ലേശം ഊഹിക്കാവുന്നതേയുള്ളു. ഭക്തിരസം തലയ്ക്കുപിടിച്ച് അസ്വാഭാവികതൾ അപഹാസ്യമാംവിധം ഊതിപ്പെരുപ്പിച്ച ഭാഗവതവും അദ്വൈത തത്ത്വങ്ങൾ ആയിരത്തൊന്ന്‌ ആവർത്തി നീറ്റിനീറ്റി കാച്ചിക്കുറുക്കിയെടുത്തപോലുള്ള ഉപനിഷത്തുക്കളും ഈ ദാർശനീക വർണ്ണരാജിയുടെ രണ്ടറ്റത്തുമായി ആണ് നിലകൊള്ളുന്നത്. ഇവയുടെയൊക്കെ മൂലം സംസ്കൃതം പോലുള്ള ഒരു പണ്ഡിതോജിതമായ ഭാഷയിലാണെന്നതും സാധാരണ മലയാളിയുടെ മുന്നിലെ തടസ്സം തന്നെ. തന്റെ അറിവിനും ബൌദ്ധികനിലവാരത്തിനുമനുസരിച്ചുള്ള വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങൾ ഓരോരുത്തർക്കും സാധ്യമാണെന്നതാണ് സംസ്കൃതത്തിന്റെ പ്രത്യേകതയായി പലരും ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം. ഒരേ ശ്ലോകം ഒരേ ബൌദ്ധികനിനിലവാരത്തിലുള്ള രണ്ടു പേർ വ്യാഖ്യാനിച്ചാൽ പോലും തികച്ചും വ്യത്യസ്തമായ രണ്ടർഥം കിട്ടുമെന്നിരിക്കെ ആരുടെ വ്യാഖ്യാനത്തെ ആശ്രയിക്കണമെന്നതും ഒരു അന്വേഷകനെ കുഴയ്ക്കുന്ന കാര്യം തന്നെ. പദ്യോപനിഷത്തുക്കളിലേറ്റവും ചെറിയ, പതിനെട്ട് മന്ത്രങ്ങൾ മാത്രമുൾക്കൊള്ളുന്ന ഈശാവാസ്യത്തിലെ ‘വാസ്യം’ എന്ന പദത്തിന് ആചാര്യസ്വാമികളെയും അരവിന്ദനേയും പോലുള്ള രണ്ടു മഹാപണ്ഡിതർ രണ്ടർഥം കൽ‌പ്പിച്ച്, വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് ഒരിയ്ക്കലും പൊരുത്തപ്പെടാൻ പറ്റാത്തവണ്ണം രണ്ടു കരകളിലെത്തിച്ച കാര്യം അഴീക്കോട്മാഷ് തത്ത്വമസിയിൽ വിവരിക്കുന്നുണ്ട്!

സത്യാന്വേഷണപാതയിലെ ഈ പ്രതിസന്ധികളൊക്കെയും മഹാഭാരതം രചിക്കുന്ന കാലത്തുതന്നെ ശ്രദ്ധയിൽ പെട്ടിരുന്നു എന്നതിനു തെളിവാണ് ‘പന്ഥാ‍വെന്ത്?’ എന്ന യമന്റെ ചോദ്യത്തിനുള്ള യുധിഷ്ഠിരന്റെ മറുപടി:

“തർക്കോ/പ്രതിഷ്ഠഃ ശ്രുതയോ വിഭിന്നാ
നൈകോ ഋഷിരസ്യ മതം പ്രമാണം
ധർമസ്യ തത്ത്വം നിഹിതം ഗുഹായാം
മഹാജനോ യേന ഗതഃ സ പന്ഥാഃ”
(വനപർവം 313. 117)

[തർക്കത്തിനു നിലയില്ല (വാദപ്രതിവാദങ്ങൾ എങ്ങുമെത്തുന്നില്ല), ശ്രുതികൾ (വേദവിധികൾ) വിഭിന്നങ്ങളാണ്. ഒരു ഋഷിയുടെ മതം പ്രമാണമായെടുക്കാമെന്നുവെച്ചാൽ ഋഷിയും ഒന്നല്ല. ധർമ്മത്തിന്റെ തത്ത്വം ഗുഹയിൽ ഒളിഞ്ഞിരിക്കുന്നു. മഹാജനം പോയതുതന്നെ പന്ഥാവ്‌.]

ഇവിടെ പക്ഷെ, യുധിഷ്ഠിരന്റെ മറുപടിയും നമുക്കു പ്രയോജനപ്പെടുമെന്നു തോന്നുന്നില്ല. കാരണം, മുകളിലത്തെ ഉദാഹരണത്തിൽ പറഞ്ഞിരിക്കുന്നതിൽ ആരെയാണ് നമ്മൾ മഹാജനമായി തെരഞ്ഞെടുക്കുക? ആദിശങ്കരനെയാണെങ്കിൽ ( ആചാര്യസ്വാമികൾ എന്ന വാക്കു കൊണ്ട്  ആദിശങ്കരനെയാണ് സാധാരണഗതിയിൽ അർഥമാക്കുന്നത്.) ഒരുവഴിക്കും അരവിന്ദനെയാണെങ്കിൽ മറ്റൊരുവഴിക്കുമാണ് യാത്ര എന്നു നമ്മൾ കണ്ടു. ഏതായാലും ഇറങ്ങിത്തിരിച്ച സ്തിതിക്ക് അന്വേഷണം ലളിതവും ഭക്തിരസപ്രധാനവും ഏറ്റവും ജനകീയവുമായ ശ്രീമഹാഭാഗവതത്തിൽനിന്നുതന്നെ ആവാം.

ശ്രീമഹാഭാഗവതം

പതിനെട്ട് മഹാപുരാണങ്ങളുള്ളതിൽ‌വെച്ച് ഏറ്റവും ശ്രേഷ്ഠമായത് എന്നാണ് ഭാഗവതത്തെ  വിശേഷിപ്പിച്ചുപോരുന്നത്. ഇക്കാലത്ത് പോലും ക്ഷേത്രങ്ങൾ തോറും നടത്തപ്പെടുന്ന ഭാഗവതസപ്താഹങ്ങളിലെ ജനസാന്നിധ്യവും പ്രമുഖ ടി.വി. ചാനലുകളിലെ ജനപ്രിയ ഭാഗവതസീരിയലുകളുടെ വിജയവും ഈ വാദത്തെ സാധൂകരിക്കുന്നു‌. വേദവ്യാസവിരചിതമായി കണക്കാക്കപ്പെടുന്ന ഈ കൃതിയുടെ ഉള്ളടക്കം മഹാവിഷ്ണുവിന്റെ അവതാരകഥകളാണ്. വിഷ്ണുവിന്റെ പത്ത്‌ അവതാരങ്ങളുടേയും കഥകൾ അതിലെ പ്രതിപാദ്യവിഷയമാണെങ്കിലും ശ്രീകൃഷ്ണചരിതത്തിനാണ് പരമപ്രാധാന്യം. ഭക്തിരസം തുളുമ്പുന്ന ഭാഗവതകഥ ഭഗവാൻ മഹാവിഷ്ണുതന്നെയാണ് ആദ്യമായി ബ്രഹ്മാവിന് ഉപദേശിച്ചതെന്നും ബ്രഹ്മാവിൽനിന്നു നാരദനും നാരദനിൽനിന്നും അതിന്റെ സാരാംശം വേദവ്യാസനും വേദവ്യാസനിൽനിന്നും അത്‌ അദ്ദേഹത്തിന്റെ പുത്രനായ ശ്രീശുകനും പകർന്നുകിട്ടി എന്നാണ് കഥ.

ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം പാണ്ഡവരും പാഞ്ചാലിയും വാനപ്രസ്ഥം സ്വീകരിച്ചു മുക്തി പ്രാപിച്ചു. അവർ രാജ്യം വെടിയുന്ന സമയം, ഏകാവകാശിയായി അവശേഷിച്ചിരുന്നത് മധ്യമപാണ്ഡവനായ അർജുനന്റെ പൌത്രൻ പരീക്ഷിത്ത്‌ മാത്രമായിരുന്നു. ശ്രീകൃഷ്ണഭഗിനിയായ സുഭദ്രയിൽ അർജുനപുത്രനായി ജനിച്ച, മഹാഭാരതയുദ്ധത്തിനിടയിൽ ചക്രവ്യൂഹത്തിൽ പെട്ട് വീരചരമം പൂകിയ അഭിമന്യുവിന്റെ മകനാണ് ഈ പരീക്ഷിത്ത്. തന്റെ മുപ്പത്തി‌യാറാമത്തെ വയസ്സിൽ അദ്ദേഹം ഹസ്തിനപുരം ചക്രവർത്തിയായി അഭിഷേകം ചെയ്യപ്പെട്ടു. ദിഗ്‌വിജയം ചെയ്ത് അനേകം അശ്വമേധ യാഗങ്ങളും നടത്തി ജനക്ഷേമകരമായി ഭരണം നടത്തി വന്നു അദ്ദേഹം. അങ്ങനെയിരിക്കെ, തന്റെ അറുപത്തിയാറാമത്തെ വയസ്സിൽ ഒരിക്കൽ അദ്ദേഹം വേട്ടയ്ക്കായി കാട്ടിലേക്കു പോയി. വേട്ടയ്ക്കിടയിൽ ദാഹിച്ചു വലഞ്ഞ്, പരിക്ഷീണനായി കാട്ടിൽ പൊയ്കകൾ വല്ലതുമുണ്ടോ എന്ന്‌ അന്വേഷിച്ചു നടക്കുന്നതിനിടയിൽ അദ്ദേഹം അംഗിരസ്സ് മഹർഷിയുടെ പുത്രനായ ശമീകന്റെ ആശ്രമത്തിലെത്തിപ്പെട്ടു. അവിടെ യോഗനിദ്രയിലായിരുന്ന മുനി മഹാരാജാവ് തന്റെ ആശ്രമത്തിലെത്തിയതോ വെള്ളം കുടിക്കാൻ ചോദിച്ചതോ ഒന്നും അറിഞ്ഞതേ ഇല്ല. അവഗണിക്കപ്പെട്ടതായി തോന്നിയ മഹാരാജാവ്‌ പെട്ടന്നുണ്ടായ ദേഷ്യത്തിന്  അവിടെ ചത്തു കിടന്നിരുന്ന ഒരു പാമ്പിന്റെ ജഡം വില്ലിന്റെ അറ്റം കൊണ്ട് തോണ്ടിയെടുത്ത് സന്യാസിയുടെ കഴുത്തിലിട്ടിട്ട്‌ തിരിച്ചു പോയി. സംഭവം നടക്കുമ്പോൾ ശമീകന്റെ പുത്രനായ ശൃംഗി ദേവലോകത്തു പോയിരിക്കുകയായിരുന്നു. മുനികുമാരൻ തിരിച്ചു വരുന്ന വഴി തന്റെ കൂട്ടുകാരനായ മറ്റൊരു താപസബാലനിൽ നിന്നും വിശേഷങ്ങൾ അറിയുകയും, “ഇന്നേക്കു ഏഴാം ദിവസം തക്ഷകദംശനത്താൽ മരിക്കട്ടെ“യെന്ന്‌ പരീക്ഷിത്തിനെ ശപിക്കുകയും ചെയ്തു. സമാധിയിൽ നിന്നും ഉണർന്ന ശമീകൻ ശാപവൃത്താന്തം അറിയുകയും തന്റെ പുത്രന്റെ പ്രവൃത്തിയിൽ സങ്കടപ്പെടുകയും ചെയ്തു. നീതിനിഷ്ഠനും പരമകാരുണികനും ഭാഗവതോത്തമനുമായ മഹാരാജാവ് വേട്ടയാടി വിഷമിച്ചപ്പോൾ ഉണ്ടായ എന്തോ ഹൃദയദൌർബല്യം മൂലം മാത്രമായിരിക്കും അങ്ങനെ ചെയ്തിട്ടുണ്ടാവുക എന്ന്‌ നിശ്ചയമുള്ള മുനി, ഉടനെതന്നെ പരീക്ഷിത്തിനെ ശാപവൃത്താന്തം അറിയിക്കാനും സർപ്പദംശനം ഏൽക്കാതിരിക്കാനുള്ള പ്രതിവിധികൾ തേടാനും സ്വന്തം ശിഷ്യരിൽ ഒരാളായ ഗൌരമുഖനെ കൊട്ടാരത്തിലേക്ക് അയച്ചു.

ഗൌരമുഖനിൽനിന്നും വൃത്താന്തമറിഞ്ഞ പരീക്ഷിത്തിന് പ്രത്യേകിച്ച് വിഷാദമോ ഭയമോ ഒന്നും ഉണ്ടായില്ല. ‘തക്ഷകദംശനമേറ്റു മരിക്കാനാണ് വിധിയെങ്കിൽ അതിനെ തടുക്കാവുന്നതല്ലല്ലൊ, മുനിശാപം അതിനൊരു നിമിത്തമായി വന്നു എന്നേ ഉള്ളൂ’ എന്ന് പ്രതിവചിച്ച മഹാരാജാവ് വിവരം അറിയിച്ചതിനുള്ള തന്റെ കടപ്പാടും തന്റെ അപരാധം പൊറുക്കാനുള്ള അപേക്ഷയും മുനിയെ അറിയിക്കുവാൻ പറഞ്ഞ് താപസബാലനെ യാത്രയാക്കി. അനന്തരം മന്ത്രിപ്രവരന്മാരേയും ഉദ്യോഗസ്ഥന്മാരേയും പൌരമുഖ്യന്മാരേയും വരുത്തി ശാപവൃത്താന്തം അറിയിക്കുകയും തന്റെ മകനായ ജനമേജയനെ രാജ്യഭരണം ഏൽ‌പ്പിക്കുകയും ചെയ്തു. അപ്പോഴേയ്ക്ക് പക്ഷെ, മഹാരാജാവിനെ സർപ്പദംശനത്തിൽനിന്നു രക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും കൈക്കൊണ്ടു കഴിഞ്ഞിരുന്നു. ഒരു ഉറുമ്പിനുപോലും അകത്തു കടക്കുവാൻ പറ്റാത്ത തരത്തിലുള്ള ഒരു മണ്ഡപം ഗംഗാനദിയുടെ നടുവിലായി പണികഴിപ്പിക്കപ്പെട്ടു. ചുറ്റും സർപ്പനിരോധന മന്ത്രത്തകിടുകളും മറ്റും സ്ഥാപിക്കുകയും സർപ്പഹാരികളേയും മാന്ത്രികന്മാരെയും രാപ്പകൽ കാവലേൽ‌പ്പിക്കുകയും ഒക്കെ വിധിയാംവണ്ണം തന്നെ നടത്തി, ശുഭ മുഹൂർത്തം നോക്കി അത്രി, വസിഷ്ഠൻ, വിശ്വാമിത്രൻ തുടങ്ങിയ മഹർഷിമാരുടെ അകമ്പടിയോടെ പരീക്ഷിത്തിനെ അകത്തു പ്രവേശിപ്പിക്കുകയും ചെയ്തു.
മഹാരാജാവ് മരണത്തിനൊരുങ്ങി, ആഹാരം വെടിഞ്ഞ്, ഈശ്വരനെ ധ്യാനിച്ച് ശരീരം ഉപേക്ഷിക്കുന്ന ‘പ്രായോപവേശം‘ ചെയ്ത്, കൈലാസം ലക്ഷ്യമാക്കി വടക്കോട്ടു കൈകൂപ്പി, ധ്യാനനിർലീനചിത്തനായി ഇരുന്നു. ഉത്തമബ്രാഹ്മണർ വേദങ്ങളും മൃത്യുഞ്ജയമന്ത്രങ്ങളും സദാ ഉരുവിട്ടുകൊണ്ടിരുന്നു. മഹർഷിമാർ ഹോമകർമ്മാദികളും മുറപോലെ നടത്തിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ, കന്നിമാസത്തെ വെളുത്തപക്ഷ നവമിയുടെ അന്ന്, പതിനാറു വയസ്സു മാത്രം പ്രായമുള്ള, വേദവ്യാസപുത്രനായ ശ്രീ ശുകമഹർഷി ആ സദസ്സിൽ സമാഹിതനായി. മഹാരാജാവിനെ ഒരു സൽ‌ക്കഥ പറഞ്ഞു സമാശ്വസിപ്പിക്കാൻ എന്താണു മാർഗ്ഗമെന്ന് ആലോചിച്ചിരുന്നിരുന്ന മുനിമാരുടെ അപേക്ഷ പ്രകാരവും തന്റെ ആത്മാവിനു പുണ്യം ലഭിക്കുവാനുതകുന്ന ഒരു ഭഗവത് കഥ ഉപദേശിക്കണമെന്ന മഹാരാജാവിന്റെ അപേക്ഷയും മാനിച്ച് ശ്രീശുകമഹർഷി അവിടെ പരീക്ഷിത്തിന് ഉപദേശിച്ചതാണ് ശ്രീ മഹാഭാഗവതകഥ എന്നാണ് സങ്കൽ‌പ്പം.

മൈക്രോസെക്കന്റുകളും നാനോസെക്കന്റുകളും പോലെയുള്ള അതിസൂക്ഷ്മമായ ദൈർഘ്യങ്ങളിൽനിന്നും ക്രമാനുഗതം വികസിക്കുന്ന സമയത്തിന്റെ രൂപരേഖകളും അതിൽനിന്നുടലെടുക്കുന്ന പരകോടി സംവത്സരങ്ങളുടെവരെ കാലഗണനകളും ഒക്കെയാണ് മഹാഭാഗവതത്തിൽ നമുക്കു കാണാൻ കഴിയുക. മാത്രമല്ല, മാസങ്ങൾക്ക് മുപ്പതു ദിവസവും വർഷങ്ങൾക്ക് മുന്നൂറ്റി അറുപത്തി അഞ്ച് ദിവസവും തന്നെയാണ് ദൈർഘ്യം. ഇങ്ങനെ 17,28,000 സംവത്സരം ദൈർഘ്യമുള്ള കൃതയുഗവും 12,96,000 സംവത്സരം ദൈർഘ്യമുള്ള ത്രേതായുഗവും 8,64,000 സംവത്സരം ദൈർഘ്യമുള്ള ദ്വാപരയുഗവും 4,32,000 സംവത്സരം ദൈർഘ്യമുള്ള കലിയുഗവും ചേർന്ന ഒരു ചതുർ‌യുഗത്തിൽ ആകെ 43,20,000 (നാൽ‌പ്പത്തിമൂന്നുലക്ഷത്തി ഇരുപതിനായിരം ) സംവത്സരങ്ങളാണുള്ളത്. ഇപ്രകാരമുള്ള 1,000 ചതുർ‌യുഗങ്ങളാണ് ഒരു സൃഷ്ടിയുടെ ദൈർഘ്യം. അതായത് 432,00,00,000 (നാനൂറ്റിമുപ്പത്തിരണ്ട് കോടി) സംവത്സരങ്ങളാണ് ഒരു സൃഷ്ടിയുടെ സ്ഥിതികാലം. ഇതാണ് ബ്രഹ്മാവിന്റെ ഒരു പകൽ. പിന്നെ പ്രളയമാണ്. പ്രളയവും അത്രയും തന്നെ കാലം നീണ്ടുനിൽക്കും (1,000 ചതുർ‌യുഗങ്ങൾ, അഥവാ 432 കോടി വർഷങ്ങൾ). ഇതാണ് ബ്രഹ്മാവിന്റെ ഒരു രാത്രി. അങ്ങനെ പകലും രാത്രിയും കൂടിയുള്ള 2,000 ചതുർ‌യുഗങ്ങൾ ആണ് ബ്രഹ്മാവിന്റെ ഒരു ദിവസം അഥവാ ഒരു ബ്രഹ്മദിനം. 360 ബ്രഹ്മദിനം ഒരു ബ്രഹ്മവർഷവും 100 ബ്രഹ്മവർഷം ഒരു ബ്രഹ്മായുസ്സും അത്രെ. പക്ഷെ, ഇത് മഹാവിഷ്ണുവിന്റെ ഒരു നിമിഷം മാത്രം!

ബ്രഹ്മദേവന്റെ രാത്രി അവസാനിക്കുമ്പോൾ പ്രളയവും അവസാനിക്കുന്നു. പിന്നെ വീണ്ടും സൃഷ്ടിയുടെ ആരംഭമാണ്. യുഗങ്ങൾ പഴയതുപോലെ തന്നെ കഴിയുകയും 1,000 ചതുര്യുഗങ്ങൾ കഴിയുമ്പോൾ വീണ്ടും പ്രളയവും പ്രളയം കഴിഞ്ഞാൽ വീണ്ടും സൃഷ്ടിയും തുടർന്ന് സ്ഥിതിയും അതു കഴിഞ്ഞാൽ പിന്നെയും പ്രളയവും അങ്ങനെ ചാക്രികമായിത്തന്നെ വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടേ ഇരിക്കുന്നുവത്രെ. സെമിറ്റിക് വേദങ്ങളിലേതിൽനിന്ന് തികച്ചും വ്യത്യസ്തമായി, സൃഷ്ടിപ്രക്രിയ പൊടുന്നനെ സംഭവിക്കുന്ന ഒന്നല്ല എന്നും അതൊരു ചാക്രിക പ്രതിഭാസമാണിവിടെ എന്നും കാണുവാൻ കഴിയും. 13.7 ബില്യൻ (ഒരു ബില്യൻ = 100 കോടി) വർഷങ്ങൾക്കു മുമ്പ് നടന്നുവെന്നു ശാസ്ത്രലോകം ഇന്നു വിശ്വസിക്കുന്ന മഹാവിസ്ഫോടനത്തിലേക്ക് (ബിഗ് ബാംഗ്) കുറച്ചുദൂരം ഇവിടെനിന്നു നോക്കുമ്പോൾ കുറഞ്ഞുവെന്നു തോന്നുന്നുവോ? എങ്കിൽ അവതാരക്രമത്തിലേക്കുകൂടി നമുക്കൊന്ന് എത്തിനോക്കാം. ജലജീവിയായ ഒരു മത്സ്യമായി ആദ്യത്തെ അവതാരം. ജലജീവി തന്നെയെങ്കിലും കൂടുതൽ ബലിഷ്ഠമായ ശരീരത്തോടും അസ്ഥികളോടും കൂടിയ കൂർമ്മം (ആമ) ആയി അടുത്ത അവതാരം. മൂന്നാമത് കരയിൽ ജീവിക്കുന്ന അധോമുഖനായ  മൃഗമായി വരാഹാവതാരം (തേറ്റകൊമ്പുകളോടുകൂടിയ പന്നി). പിന്നെ, മൃഗത്തിനും മനുഷ്യനും ഇടയിലുള്ള നരസിംഹമായി അവതാരം. അടുത്തത് മനുഷ്യനിൽത്തന്നെ കുറിയവനായി വാമനാവതാരം. സൃഷ്ടി പിന്നെയും പുരോഗമിക്കുന്നു. മനുഷ്യനിൽത്തന്നെ, മൃദുലവികാരങ്ങളുടെയൊന്നും സാന്നിധ്യമില്ലാത്ത പരശുരാമൻ. അടുത്തത്, ശോകഭൂയിഷ്ഠമായ ഭൂമിയിൽ എല്ലാം സഹിക്കുവാനുള്ള ശക്തിയും തന്റേടവും കെൽ‌പ്പും നിറഞ്ഞ ആദർശോത്തമനായ ശ്രീരാമൻ. പിന്നീട് ബലരാമൻ. സൃഷ്ടി അതിന്റെ പാരമ്യത്തിലെത്തുമ്പോൾ സമ്പൂർണാവതാരമായ ശ്രീകൃഷ്ണൻ. ഇനി വരാനുള്ളത് അവസാനത്തെ അവതാരവും സർവനാശത്തിന്റെ അധികാരിയുമായ കൽക്കി. ബിഗ് ക്രഞ്ചിന്റെ സൂചനകൾ കാണുന്നുവോ? ഇരുപതാം നൂറ്റാണ്ടിലെ ആധുനിക ശാസ്ത്രം കണ്ടെടുത്ത പരിണാമസിദ്ധാന്തത്തിന്റെ അലകൾ ഈ വരികളിൽ കാണുന്നുവോ?

യുക്തിയുടേയും ആധുനിക ശാസ്ത്രബോധത്തിന്റെയും സീമകൾക്കുള്ളിൽ സുഖപ്രദമായി നിന്നുകൊണ്ടുതന്നെ പൌരാണികമായ ഈ കൃതി വായിച്ചുപോകാം എന്ന് കരുതിയാൽ പക്ഷെ, തെറ്റി. വിശദാംശങ്ങളിലേക്കു പോകുമ്പോൾ, മറ്റേതൊരു മതഗ്രന്ഥത്തിലേയുമെന്നതുപോലെ, അസം‌ബന്ധങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ് ഇവിടേയും എന്നതാണ് വസ്തുത. ഭക്തിരസം തലയ്ക്കുപിടിച്ച ഗ്രന്ഥകാരനും അതിനപ്പുറം ഭക്തിയുടെ തിമിരം ബാധിച്ച ഉപാസകനും ഇതിൽ അസം‌ബന്ധമായി എന്തെങ്കിലും ഉണ്ടെന്നു പക്ഷെ, ഇന്നും ഈ ഇന്റെർനെറ്റ് യുഗത്തിൽ പോലും  സമ്മതിച്ചുതരുമെന്ന് എനിക്ക് തോന്നുന്നില്ല. ഭക്തിരസം മാറ്റി നിർത്തി, അക്കാദമിക താത്പര്യത്തോടെ നമുക്ക് ഈ കൃതി ഒന്നു പരിശോധിച്ചു നോക്കാം.

ഒരു മഹാപ്രളയകാലത്തുനിന്ന് സൃഷ്ടിയുടെ വിവരണം ആരംഭിക്കുകയാണ്. സർവവും വെള്ളത്തിലാണ്ടു കിടക്കുന്നു. ജലോപരി പൊങ്ങിക്കിടക്കുന്ന ഒരു അരയാലിലയിൽ മഹാവിഷ്ണു ഒരു ശിശുവിന്റെ ആകൃതിയിൽ ശയിക്കുകയാണ്. നാനൂറ്റിമുപ്പത്തിരണ്ട് കോടി സംവത്സരം പ്രളയത്തിലാണ്ടു കിടന്നിടത്തെവിടെനിന്നാ ചേട്ടാ, അരയാലില വന്നത് എന്നൊക്കെ ചോദിക്കാൻ വരട്ടെ. അരയാലിലയിൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവിന്റെ പൊക്കിളിൽനിന്നും ഒരു ചെന്താമര പൊട്ടിവിടർന്ന്, അതിൽ വിഷ്ണുവിന്റെ തന്നെ അംശം കൊണ്ട് ബ്രഹ്മദേവൻ ഉത്ഭൂതനാവുന്നു. ഇതെന്തു കഥ, താനിതെങ്ങനെ ഉണ്ടായി എന്നൊക്കെയുള്ള അദ്ഭുതചിന്തയോടെ നാലു പുറവും നോക്കിയതുകൊണ്ട് ബ്രഹ്മാവിന് നാലു മുഖങ്ങളും എട്ടു കണ്ണുകളും അപ്പോൾത്തന്നെ ഉണ്ടാവുകയും ചെയ്തു. വിസ്മയവിവശനായ ബ്രഹ്മദേവൻ താമരത്തണ്ടിലൂടെ താഴേയ്ക്കിറങ്ങുകയും ദിവ്യമോഹനമായ ശ്രീവൈകുണ്ഠത്തിൽ അനന്തനാകുന്ന പള്ളിമെത്തമേൽ ശയിക്കുന്ന ശ്രീനാരായണമൂർത്തിയെ (ശ്രീഹരി, ശ്രീനാരായണമൂർത്തി എന്നിങ്ങനെ മഹാവിഷ്ണുവിന് അനേകമനേകം പര്യായങ്ങൾ ഉണ്ട്) കണ്ട് തന്റെ ജന്മരഹസ്യം അറിയുകയും ചെയ്തു. വേദങ്ങൾ ഉപദേശിച്ച്കൊടുത്ത ശ്രീനാരായണൻ താൻ നൽകിയ ദിവ്യശക്ത്യംശമഹിമകൊണ്ട് സൃഷ്ടി നടത്തുവാൻ ബ്രഹ്മാവിനോട് ആവശ്യപ്പെട്ടു.

ഉത്തരവനുസരിച്ച് ബ്രഹ്മദേവൻ ആദ്യംതന്നെ പതിനാലു ലോകങ്ങളെ സൃഷ്ടിച്ച് അവയെ സ്വർഗ്ഗം, ഭൂമി, പാതാളം എന്ന മൂന്നു പ്രധാന ലോകങ്ങളായി തിരിച്ച് ത്രിലോകം, ത്രിഭുവനം എന്നൊക്കെയുള്ള നാമങ്ങളും നൽകി. ഭൂമി അപ്പോഴും വെള്ളത്തിന്റെ നിരപ്പിൽ തന്നെയായിരുന്നു. സൃഷ്ടിയുടെ ഉത്തരവാദിത്ത്വം ബ്രഹ്മാവിന്റെ പെടലിക്കുവെച്ച്, ഒന്ന് മയങ്ങാൻ കിടന്ന മഹാവിഷ്ണുവിന് അപ്പോഴാണ് തന്റെ ചെവിയിൽ ഒരു ചൊറിച്ചിൽ അനുഭവപ്പെട്ടത്. ചെറുവിരൽ കൊണ്ട് ചെവിയിലെ ചെവിക്കായം തോണ്ടിയെടുത്ത് ദൂരേയ്ക്കെറിഞ്ഞപ്പൊഴല്ലേ മറിമായം! തൽക്ഷണം അതിൽനിന്ന് ‘മധു’ എന്നും ‘കൈടഭൻ’ എന്നും പേരായ രണ്ട് അസുരപ്രവീണന്മാർ സമുത്ഭവിച്ച്, മഹാവിഷ്ണുവിന്റെ നാഭിയിലെ ചെന്താമരയിലിരുന്ന് സൃഷ്ടികർമ്മം നടത്തിയിരുന്ന ബ്രഹ്മദേവനെ ആക്രമിക്കാനായി പാഞ്ഞടുത്തു. ബ്രഹ്മാവിന്റെ അങ്കലാപ്പ് കണ്ട മഹാവിഷ്ണു അസുരന്മാരെ പിടിച്ച് തന്റെ തുടമേൽ നിർത്തി സുദർശനം കൊണ്ട് കഴുത്തറുത്ത് കൊന്നുകാട്ടിക്കളഞ്ഞു. മഹാവിഷ്ണുവിനോടാ കളി! അസുരന്മാരുടെ മേദസ്സ് വെള്ളത്തിൽ വീണ് അത് പരിണമിച്ചുണ്ടായതാണ് കര.

അസുരന്മാരുടെ ശല്യത്തിൽ നിന്നു രക്ഷപെട്ട ബ്രഹ്മദേവൻ മഹാവിഷ്ണുവിനെ ധ്യാനിച്ചുകൊണ്ട് സനകൻ, സനന്ദൻ, സനാതനൻ, സനൽ‌കുമാരൻ എന്ന നാലു മുനികുമാരന്മാരെ സൃഷ്ടിച്ച്, മേലിലുള്ള സൃഷ്ടികർമ്മങ്ങൾ  നടത്താൻ അവരോട് അജ്ഞാപിച്ചെങ്കിലും പുള്ളാര്, ‘അപ്പനോട് പോയി പണി നോക്കാൻ പറഞ്ഞ്’, അവരുടെ പാട്ടിന് പോയി. ഗ്യാസ് പോയ ബ്രഹ്മാവ് തന്റെ കോപം അടക്കിയെങ്കിലും, അതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഭ്രൂമധ്യത്തിൽനിന്നും (നെറ്റിയിൽ പുരികങ്ങൾക്കിടയിലുള്ള ഒരു ബിന്ദു)  ‘മൃഡൻ’ എന്ന ശിവസംഭൂതനായ രുദ്രൻ ഉത്ഭവിച്ചു. ആ രുദ്രൻ വിഭിന്ന രൂപികളായ പതിനൊന്നു രുദ്രന്മാരായി ആകൃതി കൈകൊണ്ടു. മനു, മന്യു, മഹാദേവൻ, ശിവൻ തുടങ്ങിയ ഏകാദശരുദ്രന്മാരിവരാണ്. ധീ, വൃത്തി, ഉമ, അംബിക തുടങ്ങി പതിനൊന്ന് കന്യകമാരെയും സൃഷ്ടിച്ച് രുദ്രന്മാർക്ക് പത്നിമാരായും നൽകി, ബ്രഹ്മദേവൻ. മേലാലുള്ള സൃഷ്ടികർമ്മം നടത്താൻ രുദ്രന്മാരോടാവശ്യപ്പെട്ടതിൻപ്രകാരം അവർ സൃഷ്ടിച്ചതൊക്കെയും ഭയാനകരൂപികളായ രുദ്രമൂർത്തികളാണെന്നു കണ്ട ബ്രഹ്മാവ്‌, ചേട്ടന്മാരോട് പണി നിർത്തിക്കോളാൻ പറഞ്ഞു. ഗണപതിക്കു വെച്ചതൊക്കെയും കാക്ക കൊണ്ടുപോയ സ്ഥിതിക്ക് ഇനി താൻ തന്നെ ഈ പണി ചെയ്തോളാം എന്നു തീരുമാനിക്കുകയും ചെയ്തു.

തന്റെ മാനസപുത്രന്മാരായ സപ്തർഷിമാരെയാണ് ചതുർമുഖൻ രണ്ടാം റൌണ്ടിൽ ആദ്യം സൃഷ്ടിച്ചത്. സ്വന്തമായി ഭാര്യയില്ലാത്തതുകൊണ്ടായിരിക്കാം തന്റെ സർഗ്ഗാത്മകശക്തിയെ സ്വന്തം അവയവങ്ങളിൽ വ്യാപരിപ്പിച്ചാണ് ആശാൻ ഉത്പാദനം നടത്തിയത്. മനസ്സിൽ നിന്ന് ‘മരീചി‘യേയും കണ്ണുകളിൽനിന്ന് ‘അത്രി’യേയും മുഖത്തുനിന്ന് ‘അംഗിരസ്സി’നേയും ചെവിയിൽനിന്ന് ‘പുലസ്ത്യ’നേയും പൊക്കിളിൽനിന്ന് ‘പുലഹ’നേയും കയ്യിൽനിന്ന് ക്രതുവിനേയും ത്വക്കിൽനിന്ന് ‘ഭൃഗു‘വിനേയും.

അടുത്ത ബാച്ചിൽ എട്ടുപേരാണ് ഉത്ഭൂതരായത്. അവരേയും ഏതാണ്ടങ്ങനൊക്കെത്തന്നെയാണ് കക്ഷി തരമാക്കിയതും. അവർ ബ്രഹ്മസന്തതികളായി തന്നെ അറിയപ്പെടുന്നു. പ്രാണനിൽനിന്ന് ‘വസിഷ്ഠൻ’, വലതു കാലിന്റെ പെരുവിരലിൽനിന്ന് ‘ദക്ഷൻ’, മടിയിൽനിന്ന് ‘നാരദൻ’, വലത്തെ മുലയിൽനിന്ന് ‘ധർമ്മദേവൻ’, നിഴലിൽനിന്ന് ‘കർദ്ദമൻ’, സൌന്ദര്യത്തിൽനിന്ന് ‘സരസ്വതി’, വിയർപ്പിൽനിന്ന് ‘ജാംബവാൻ’, അവസാനം ജ്ഞാനശുദ്ധിയിൽനിന്ന് ‘ഗർഗ്ഗ’നും. സരസ്വതിയെ സൃഷ്ടിച്ചപ്പോൾ മാത്രമാണ് പക്ഷെ, പ്രശ്നമുണ്ടായത്. സ്വന്തം പുത്രിയുടെ നിരതിശയ സൌന്ദര്യം കണ്ടപ്പോൾ തന്തയ്ക്ക് എല്ലാ കണ്ട്രോളും പോയി കാമപീഡിതനായിത്തീർന്നു പോൽ! സനകനും ദക്ഷനും അതുകണ്ട്, അധാർമ്മികമായ പാപവികാരം വർജ്ജിക്കുവാൻ തന്തയെ ഉപദേശിച്ചു. ചെക്കന്മാരുടെ കയ്യീന്ന് താടിയ്ക്കിട്ട് തട്ട് മേടിക്കണ്ടാന്ന് വിചാരിച്ച് തന്തപ്പടി ഉപദേശം സ്വീകരിച്ചതായി ഭാവിച്ചിട്ട്, പുത്രിയെന്ന ഭാവേന, തന്റെ സന്തതസഹചാരിണിയായി ചുന്ദരിക്കുട്ടീനെ കൂടെ പൊറുപ്പിച്ചൂന്ന് കഥ.

രണ്ടാം റൌണ്ടിലെ മൂന്നാം ബാച്ചിലാണ് തന്റെ ദക്ഷിണഭാഗത്തുനിന്ന് ഒരു പുരുഷനേയും വാമഭാഗത്തുനിന്ന് ഒരു സ്ത്രീയേയും ബ്രഹ്മദേവൻ സൃഷ്ടിച്ചത്. സ്വയമേവ ഉണ്ടായ മനു എന്ന അർഥത്തിൽ പുരുഷന് സ്വായംഭൂവമനുവെന്നും സ്ത്രീക്ക് ശതരൂപയെന്നും നാമകരണവും ചെയ്തു. ഇവർ തമ്മിൽ വിധിയോഗമനുസരിച്ചുള്ള വിവാഹം നടന്നതിനുശേഷമാണ് സ്ത്രീപുരുഷ സംയോഗത്തിലൂടെ അഞ്ച് കുഞ്ഞിക്കാലുകൾ ആദ്യമായി ഭൂമിയിലുണ്ടാകുന്നത്. രണ്ട് ആൺകുട്ട്യോളും മൂന്ന് പെൺകുട്ട്യോളും. പ്രിയവ്രതനെന്നും ഉത്താനപാദനെന്നും ആയിരുന്നു ചെക്കന്മാരുടെ പേരുകൾ.
ആകൂതി, ദേവഹൂതി, പ്രസൂതി എന്നിങ്ങനെയായിരുന്നു  പെമ്പിള്ളാരുടെ പേരുകൾ. ഈ അഞ്ചുപേരും രണ്ടാം റൌണ്ടിലെ മൂന്നു ബാച്ചിലേയും പലരേയും അങ്ങോട്ടുമിങ്ങോട്ടും കെട്ടിമറിഞ്ഞാണ് പിന്നീടുള്ള സർവജനവും ഉണ്ടായത്.

കഥകളുടെ ഈ മഹാസാഗരത്തിലെ ചുരുക്കം ചില ഓളങ്ങളിലൂടെ ഒന്നു തെന്നി ഒഴുകാൻ മാത്രമെ ഈ ലേഖനത്തിന്റെ പരിമിതികൾ നമ്മെ ഇവിടെ അനുവദിക്കുന്നുള്ളു. പരിശോധന, വിമർശനാത്മകമാകയാൽ കുരുത്തക്കേടുകളുടെ ചുഴികളിലൂടെയാവട്ടെ ആ പാച്ചിൽ. ഭക്തിരസവും പാരായണസുഖവും കാവ്യാത്മകഭംഗിയും വേണ്ടവർക്ക് അവയെല്ലാം സപ്താഹങ്ങളിലൂടെയും ടി.വി. സീരിയലുകളിലൂടെയും വേണ്ടതിലധികം പകർന്നു കിട്ടുന്നുമുണ്ടല്ലോ. ഈയൊരു സാന്ദർഭികതയിൽ നമുക്ക് പരിശോധിക്കാൻ യോഗ്യമായ ഒന്നാണ് അതിപ്രശസ്തമായ ദക്ഷയാഗത്തിന്റെ കഥ.

ദക്ഷയാഗം

ദക്ഷനെ ഓർമ്മയില്ലേ? ബ്രഹ്മാവിന്റെ രണ്ടാം റൌണ്ടിലെ രണ്ടാം ബാച്ച് ഉത്പന്നത്തിലൊന്നിനെ? ഈ ദക്ഷന്റെ പത്നിയും നമുക്ക് പരിചയമുള്ളയാളാണ് – പ്രസൂതി. ഇത്ര പെട്ടന്ന് അതും മറന്നോ? സ്ത്രീപുരുഷ സംയോഗത്തിലൂടെ ഭൂമിയിലാദ്യമായി ജനിച്ച അഞ്ച് കുഞ്ഞിക്കാലുകളിലൊന്നിനെ? പോട്ടെ, ഈ ദക്ഷൻ ഒരിയ്ക്കൽ നാകമന്ദാകിനിയിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ചെന്താമരയിൽ ശയിക്കുന്ന ഒരു പെൺകുഞ്ഞിനെ കണ്ടു. അത്യാനന്ദപൂർവം കുഞ്ഞിനെ കോരിയെടുത്ത് കൊട്ടാരത്തിലേക്ക് കൊണ്ടുപോയി അവളെ അദ്ദേഹം പ്രസൂതിയുടെ കയ്യിൽ കൊടുത്തു.

സതിയെന്നു നാമകരണം നടത്തപ്പെട്ട ആ കുഞ്ഞ് വളർന്ന് കല്യാണപ്രായമെത്തി. അനുരൂപനായ ഒരു വരനെ കണ്ടുപിടിക്കുവാൻ ദക്ഷൻ അന്വേഷണങ്ങളാരംഭിച്ചുവെങ്കിലും പരമശിവനെ വരിക്കണമെന്ന ആശയോടെ സതി ശിവനെത്തന്നെ സദാ ധ്യാനിച്ചുകൊണ്ടിരുന്നു. അവളുടെ ഭക്തിയെ പരീക്ഷിക്കുവാനായി ശിവൻ പല വേഷത്തിലും ഭാവത്തിലും അവളെ സമീപിച്ച്, ശിവനെപ്പറ്റി വളരെയേറെ അധിക്ഷേപിച്ചു സംസാരിച്ചുവെങ്കിലും അവസാനം പക്ഷെ, സതിയുടെ ശിവഭക്തിക്കു മുമ്പിൽ തന്റെ സ്വന്തരൂപം അദ്ദേഹത്തിനു വെളിപ്പെടുത്തേണ്ടിവന്നു. ആ സമയം ഭഗവാന്റെ വാഹനമായ കാള അവിടെ പ്രത്യക്ഷപ്പെട്ടു. സതിയെ പൊക്കിയെടുത്ത് കാളമേലിരുത്തി പുറകെ താനും കേറി ശിവൻ വണ്ടി നേരേ കൈലാസത്തിലേക്ക് വിട്ടു. തന്റെ പുത്രിയെ അപഹരിച്ചുകൊണ്ടുപോയ പ്രാകൃതനായ ശിവനോട് ദക്ഷപ്രജാപതിക്ക് എന്തെന്നില്ലാത്ത കോപം തോന്നി. പോരാത്തതിന് പണ്ടേ തന്നെ അവർ തമ്മിൽ അത്ര സുഖത്തിലും അല്ലായിരുന്നു. അങ്ങനെ കഴിയുന്ന കാലഘട്ടത്തിൽ പ്രജാപതികളുടേതായി ഒരു യാഗം നടന്നു. അതിൽ ഉന്നതസ്ഥാനം ദക്ഷനായിരുന്നു. സർവവിധ പത്രാസ്സോടുംകൂടി യാഗഭൂമിയിലേക്ക് കടന്നുവന്ന ദക്ഷനെക്കണ്ട് എല്ലാരും എഴുന്നേറ്റ്നിന്ന് ബഹുമാനിച്ചെങ്കിലും പൂജ്യാസനത്തിൽ ഇരുന്നിരുന്ന ശിവൻ മാത്രം മൂപ്പിലാനെ മൈൻഡ് ചെയ്തില്ല. ഇതും കൂടിയായപ്പോൾ ‘ഇവനിട്ടൊരു പണികൊടുത്തിട്ടുതന്നെ കാര്യം’ എന്ന് ദക്ഷനും ഉറപ്പിച്ചു.

വൈകാതെ തന്നെ ദക്ഷൻ തനിച്ച് ഒരു മഹായാഗം നടത്താൻ തീരുമാനിച്ചു; ആ യജ്ഞത്തിന് ശിവനെ മാത്രം ക്ഷണിക്കുകയില്ലെന്നും. ‘ശിവസാന്നിദ്ധ്യമില്ലാത്ത യാഗം യാഗമേ അല്ലാ‘യെന്നൊക്കെ യാഗഹോത്രിയായ ദധീചിമഹർഷി ദക്ഷനോട് പറഞ്ഞു നോക്കിയെങ്കിലും പ്രജാപതി അതൊന്നും കാര്യമാക്കിയതേയില്ല. ക്ഷണമനുസരിച്ച് മഹാവിഷ്ണുവും ബ്രഹ്മാവും ഇന്ദ്രാദിസർവദേവസമൂഹവും ഗന്ധർവകിമ്പുരുഷാദികളും യക്ഷന്മാരും സർവ ബ്രഹ്മർഷികളും കാലേക്കൂട്ടിത്തന്നെ ദക്ഷയാഗത്തിനെത്തിച്ചേർന്നു. മാസങ്ങളോളം നീണ്ടുനിൽക്കുന്ന യജ്ഞത്തിന് മഹാവിഷ്ണു തന്നെയായിരുന്നു യാഗപരിരക്ഷകൻ. അദ്ദേഹം തൃക്കൈയ്യിൽ ഗദയും പിടിച്ച് യാഗശാലയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. സംഭവം കലക്കാനുള്ള ഒരവസരം കളയാതിരിക്കാൻ നാരദൻ നേരേ കൈലാസത്തിലേക്ക് വെച്ചുപിടിക്കുകയും സതിയോട് വിവരങ്ങൾ സവിസ്തരം പറയുകയും ചെയ്തു. വിവരങ്ങൾ കേട്ട സതിക്ക് ന്യായമായും അച്ഛൻ നടത്തുന്ന യാഗം കാണാൻ അതിയായ ആഗ്രഹം ഉണ്ടാവുകയും ശിവന്റെ സ്നേഹമസൃണമായ ഉപദേശം മറികടന്ന് ദേവി ഒറ്റയ്ക്ക് ഇറങ്ങി പുറപ്പെടുകയും ചെയ്തു. അതുകണ്ട് ശിവന്റെ ഭൂതഗണങ്ങളും ദേവിയോടൊപ്പം യാത്രയായി.

തന്നെ ധിക്കരിച്ച് കണ്ടവന്റെ കൂടെപ്പോയ മകളെ യാഗശാലയിൽ കണ്ട ദക്ഷൻ അവളെ കണക്കിന് ചീത്ത വിളിക്കുകയും ആട്ടിപ്പുറത്താക്കുകയും ചെയ്തു. അപമാനഭാരവും സന്താപവും സഹിയ്ക്കാൻ വയ്യാതെ ദേവി ധ്യാനനിരതയായി, യോഗാഗ്നി ജ്വലിപ്പിച്ച് അതിൽ സ്വന്തം ശരീരം ആഹുതി ചെയ്തു. അതോടെ, സതിയുടെ കൂടെ വന്ന ഭൂതഗണങ്ങളുടെ എല്ലാ കണ്ട്രോളും പോയി. യാഗാഗ്നിയും ഹോമകുണ്ഡങ്ങളും തല്ലിക്കെടുത്തി, അവർ ഹോത്രികളെയും മഹർഷിമാരേയും ദക്ഷപരിവാരങ്ങളേയും ഓടിച്ചിട്ട് തല്ലാൻ തുടങ്ങി. കോപാക്രാന്തനായ ദക്ഷൻ ശിവഭൂതങ്ങളെ നേരിടാൻ പാഞ്ഞടുത്തു. ഇതെല്ലാം കണ്ട്, യാഗരക്ഷകനായ മഹാവിഷ്ണുവിന്റെ ആപ്പീസ് പൂട്ടി, അദ്ദേഹം പകച്ചുനിന്നുപോയി. ആ സമയം ഭൃഗുമുനി തന്റെ തപശ്ശക്തിയാൽ കുറേ ഭൂതങ്ങളെ സൃഷ്ടിച്ച് ദക്ഷന് സഹായമായി അയച്ചു. ഭൃഗുഭൂതങ്ങളും ശിവഭൂതങ്ങളും തമ്മിലായി പൊരിഞ്ഞ അടി. ഇതിനിടയ്ക്ക്, നാരദൻ വീണ്ടും കൈലാസത്തിലെത്തി വിവരങ്ങളെല്ലാം മുപ്പുരാന്തകനെ ധരിപ്പിച്ചു. (ഒരു മൊബൈലുണ്ടായിരുന്നെങ്കിൽ…………). തന്റെ പ്രാണപ്രേയസിയുടെ ആത്മപരിത്യാഗവൃത്താന്തം കേട്ട പരമശിവന്റെ കുരു പൊട്ടി. അദ്ദേഹം തന്റെ ജട പിടിച്ചു വലിച്ച് ആഞ്ഞ് നിലത്തടിച്ചു. അപ്പോൾ അതിൽനിന്നും ശൂലപാണിയായ ഒരു രൌദ്രബീഭത്സരൂപം പ്രത്യക്ഷപ്പെട്ട് മഹേശ്വരനെ താണുവണങ്ങി. ‘വീരഭദ്രാ!‘ എന്നു വിളിച്ച്, ദക്ഷനേയും അവന്റെ സർവ കിങ്കരന്മാരേയും ഇഞ്ചക്കിട്ടിട്ടുവരാൻ, ആ രൂപത്തെ പരമശിവൻ പറഞ്ഞുവിട്ടു. എന്നിട്ടും കലിയടങ്ങാതെ തിരുനടനം ചെയ്യുന്ന സാംബശിവന്റെ തൃക്കണ്ണിൽനിന്നും, പുത്രീഭാവത്തിൽ മറ്റൊരു ഉഗ്രഭീകരരൂപിണി പൊട്ടി പുറത്തുവന്നു. ‘മകളേ! ഭദ്രേ, വീരഭദ്രന്റെ പുറകെ നീയും ദക്ഷനിഗ്രഹത്തിനു പുറപ്പെടുക, എന്ന ആജ്ഞ കേട്ട്  ആ ഭീകരരൂപവും ചാടി പുറപ്പെട്ട് യാഗശാലയിലെത്തി. ചേട്ടനും അനിയത്തിയും കൂടി യജ്ഞശാലയിൽ ഒരു പ്രചണ്ഡതാണ്ഡവംതന്നെ നടത്തി. ഈ സ്റ്റേയ്‌ജായപ്പോഴേക്ക് ‘തോമസ്സ്‌കുട്ടീ…., വിട്ടോഡാ…….‍‘ന്നും പറഞ്ഞ് ബ്രഹ്മാവും സെക്യൂരിറ്റിയുടെ ചുമതലയുള്ള മഹാവിഷ്ണുവും കൂടി അവിടെനിന്ന് സേയ്ഫായി മുങ്ങിയിരുന്നു! വൈരികളുടെ ശിരസ്സുകൾ വീരഭദ്രൻ ശൂലത്താൽ അറുക്കുകയും അറവുരക്തം ഭദ്ര കുടുകുടാ കുടിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഭൃഗുമുനി, മണിമാൻ എന്നൊരു ശിവഭൂതത്തിന്റെ കൈയ്യിൽ വന്നുപെടുന്നത്. ശിവഭൂതങ്ങളെല്ലാംകൂടി മാമുനിയെ പണിതുകൊണ്ടിരിക്കുമ്പോഴാണ് ശിവപാർഷദനായ നന്ദികേശൻ ഈ സീൻ കാണുന്നത്. തന്നെക്കൊണ്ടു പറ്റുന്നത് താനും ചെയ്യണമല്ലോന്ന് വിചാരിച്ച് നന്ദികേശൻ ഓടിവന്ന് ഭൃഗുവിന്റെ രണ്ട് കണ്ണുകളും തന്റെ കൊമ്പുകൾ കൊണ്ട് കുത്തിപ്പൊട്ടിച്ചു. ഈ ബഹളത്തിനിടയിൽ വീരഭദ്രനും ഭദ്രയും കൂടിച്ചേർന്ന് ദക്ഷനെ പിടികൂടുകയും ഭദ്രൻ തന്റെ ശൂലത്താൽ അയാളുടെ കഴുത്തറക്കുകയും ചോര ഭദ്രയുടെ വായിലേക്കൊഴിച്ചു കൊടുക്കുകയും ചെയ്തു. കരിക്കിൻ‌വെള്ളം കുടിച്ചിട്ട് തൊണ്ട് വലിച്ചെറിയുമ്പോലെ ദക്ഷന്റെ ശിരസ്സ് അവർ ഹോമകുണ്ഡത്തിലിട്ട് കത്തിക്കുകയും കൂടി ചെയ്തൂന്ന് പറഞ്ഞാ മതീല്ലൊ.

കഥ അവിടെ തീർന്നൂന്ന് വിചാരിച്ചാ തെറ്റി. ദക്ഷനിഗ്രഹം കഴിഞ്ഞിട്ടും വീരഭദ്രൻ തന്റെ സംഹാരതാണ്ഡവം അവസാനിപ്പിച്ചില്ല. ദേവന്മാരും മുനിമാരും ഉൾപ്പെടെ എല്ലാവരും കൂടി ഓടിപ്പാഞ്ഞ്, കാലേക്കൂട്ടിത്തന്നെ സേയ്ഫായി മുങ്ങിയ ബ്രഹ്മാവിന്റെ വസതിയായ സത്യലോകത്തെത്തുകയും, രക്ഷിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ശിവകോപം മാറ്റാൻ ശിവനല്ലാതെ മറ്റാർക്കും സാദ്ധ്യമല്ല എന്നൊരു ഡയലോഗുമടിച്ച് ബ്രഹ്മദേവനുംകൂടി മറ്റുള്ളവരോടൊപ്പം കൂടി കൈലാസത്തുചെന്ന് ശിവനെ വാഴ്ത്തി സ്തുതിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ മുക്കണ്ണൻ സമാധിയിൽനിന്നുണർന്ന് എല്ലാരേയും ഒന്ന് വീക്ഷിച്ചു. ബ്രഹ്മദേവൻ തന്നെ ആദ്യം ശിവപാദങ്ങളിൽ വീണ് അഭയമപേക്ഷിച്ച്, ദക്ഷന് ജീവൻ നൽകണമെന്ന്‌ അഭ്യർത്ഥിച്ചു. ദേവഗണങ്ങളും കോറസ്സായി പരമശിവനെ വാഴ്ത്തിസ്തുതിച്ചു. സം‌പ്രീതനായ ചന്ദ്രക്കലാധരൻ എല്ലാവരേയും അനുഗ്രഹിക്കുകയും, ബലിമൃഗമായ ആടിന്റെ തല വെട്ടിയെടുത്ത് ദക്ഷന്റെ ഉടലിൽചേർത്ത് അദ്ദേഹത്തെ ജീവിപ്പിക്കുകയും ചെയ്തു. അതുപോലെ യാഗശാലയിൽ വെച്ച് അംഗഭംഗം വന്ന മറ്റെല്ലാവരുടേയും വൈകല്യങ്ങളും മുപ്പുരാന്തകൻ മാറ്റിക്കൊടുത്തു. ഭൃഗുവിനും തന്റെ കണ്ണുകളും കാഴ്ചയും തിരിച്ചുകിട്ടി. വീരഭദ്രനും ഭദ്രയും എവിടെനിന്ന് ഉത്ഭവിച്ചോ അവിടെ തന്നെ തിരോധാനം ചെയ്തു. അജമുഖനായി ഭവിച്ച ദക്ഷൻ അന്നുമുതൽ വലിയ ശിവഭക്തനായി മാറി. യോഗാഗ്നിയിൽ ദഹിച്ച സതി പിന്നീട് പർവതപുത്രിയായി ജനിച്ച് പാർവതിയെന്ന നാമത്തോടെ കൈലാസവാസന്റെ പത്നിയായും തീർന്നു. എല്ലാം ഭം‌ഗിയായി കലാശിച്ചില്ലേ, പിന്നെന്താ പ്രശ്നം? എന്ത് പ്രശ്നം? ഒരു പ്രശ്നവും ഇല്ല!

ദാരികനിഗ്രഹം

ഇതേ ഭദ്രയെ മറ്റൊരു ക്വൊട്ടേഷൻ സംഘത്തിനൊപ്പം വേറൊരു ഓപ്പറേഷനയച്ചത് പക്ഷെ, കുറച്ച് പ്രശ്നം തന്നെയാണ്. ദേവാസുരന്മാർ തമ്മിൽ സ്ഥിരം യുദ്ധം നടക്കുന്ന കാലം. യുദ്ധത്തിൽ മരിക്കുന്ന അസുരന്മാരെ അവരുടെ കുലഗുരുവായ ശുക്രൻ മൃതസഞ്ജീവനിമന്ത്രം ഉപയോഗിച്ച് പുനരുജ്ജീവിപ്പിച്ചുകൊണ്ടിരുന്നതിനാൽ ജയം എപ്പോഴും അസുരന്മാർക്ക് തന്നെ എന്ന സ്ഥിതിയായി. ഈ പ്രശ്നത്തെ അതിജീവിക്കാൻ മഹാവിഷ്ണു തന്റെ സുദർശനചക്രത്തെ അയച്ച് വളരെയേറെ അസുരന്മാരെ കൊന്നുകളഞ്ഞു. സുദർശനത്തിന്റെ അഗ്നിജ്വാലാപ്രഭവത്താൽ ജഡങ്ങളെല്ലാം ദഹിച്ച് ചാമ്പലായി പോയതിനാൽ ശുക്രന് അവരെ ജീവിപ്പിക്കാനും കഴിഞ്ഞില്ല. ശേഷിച്ച അസുരന്മാരാവട്ടെ, ഭയപ്പെട്ട് വനാന്തരങ്ങളിൽ പോയി ഒളിക്കുകയും ചെയ്തു. പാതാളത്തിൽ പുരുഷന്മാരായ അസുരന്മാരെ മരുന്നിനുപോലും കിട്ടാതായി. കൊല്ലപ്പെട്ട അസുരരാജാവിന്റെ പത്നിമാരായ ദാരുവതിയും ദാനവതിയും കുലഗുരുവിന്റെ ഉപദേശപ്രകാരം ബ്രഹ്മദേവനെ തപസ്സുചെയ്തു. സന്തുഷ്ടനായ ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ട് പതിവുപോലെ എന്തു വരമാണ് വേണ്ടതെന്ന് ചോദിച്ചു. വംശം നിലനിർത്താനുള്ള വീരസന്താനങ്ങൾ വേണമെന്ന അവരുടെ അപേക്ഷ മാനിച്ച്, അത്യുഗ്രപരാക്രമശാലികളായ ഓരോ പുത്രന്മാർ ഉണ്ടാകട്ടെ എന്നനുഗ്രഹിച്ച് ചേട്ടൻ മറയുകയും ചെയ്തു. താമസിയാതെ ദാരുവതിക്ക് ദാരുകൻ എന്നും ദാനവതിക്ക് ദാനവനെന്നും ഓരോ പുത്രന്മാരും ഉണ്ടായി. ദാനവനേക്കാൾ കൂടുതൽ ബലവാനും പരാക്രമിയുമായിരുന്നു ദാരുകൻ. കാലക്രമത്തിൽ ഇയാളുടെ പേരു് ‘ദാരികൻ’ എന്നായി മാറി. വനാന്തരങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന അസുരന്മാർ നാട്ടിൽ തിരിച്ചെത്തുകയും വിധവകളായിരുന്ന സ്ത്രീകൾ ബഹുഭർതൃത്ത്വം സ്വീകരിക്കുകയും കൂടി ചെയ്തതോടെ അസുരന്മാരുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചു.

ദാരികനും ദാനവനും അവരുടെ അമ്മമാരുടെ ഉപദേശപ്രകാരം ബ്രഹ്മദേവനെത്തന്നെ തപസ്സ് ചെയ്യാനാരംഭിച്ചു. പതിവുപോലെ, സം‌പ്രീതനായ ബ്രഹ്മദേവൻ അവർക്കുമുമ്പിൽ പ്രത്യക്ഷപ്പെടുകയും വരങ്ങൾ ചോദിച്ച്കൊള്ളുവാൻ ആവശ്യപ്പെടുകയും ചെയ്തു. (ഇങ്ങോരുടെ ഈ വരദാനവും അത് മഹാവിഷ്ണുവിനുണ്ടാക്കുന്ന കൊലപ്പാരയും കൊണ്ടാണ് ‘മഹാപുരാണം സ്ഥിരംനാടകവേദി‘ പലപ്പോഴും നടന്നുപോകുന്നത് തന്നെ!) വളരെ ചെറിയ ചില വരങ്ങളേ ദാരികൻ ആവശ്യപ്പെട്ടുള്ളു. 1. ‘ഞാൻ എന്നും അജയ്യനായിരിക്കണം’. 2. ‘ഞാൻ ആരാലും വധിക്കപ്പെടാൻ പാടില്ല’. 3. ഇനി മരണം കൂടിയേ കഴിയൂ എന്നാണെങ്കിൽ, അതൊരു ‘അയോനിജയായ’ സ്ത്രീയാലായിരിക്കണം. 4.യുദ്ധമുണ്ടായാൽ എന്റെ ശരീരത്തിൽനിന്നും വീഴുന്ന ഓരോ തുള്ളി ചോരയിൽനിന്നും വേറെ ഓരോ ദാരികന്മാർ ഉണ്ടാവണം.

ഇതിലും പെഴച്ചവന്മാർ വന്ന്, ഇതിലും കുരുത്തംകെട്ട വരം ചോദിച്ചിട്ട് കൊടുക്കാതിരുന്നിട്ടില്ല; പിന്നല്ലേ ഇത്? ബ്രഹ്മാവിനെന്ത് ചേതം! ആവശ്യപ്പെട്ട വരങ്ങളെല്ലാം അരവിന്ദോത്ഭവൻ കനിഞ്ഞനുഗ്രഹിച്ചു നൽകി. ദാനവനും കിട്ടി ചോദിച്ച വരങ്ങളെല്ലാം. അസുരചക്രവർത്തിയായി ദാരികനും ഇളമുറ തമ്പുരാനായി ദാനവനും കിരീടം ചൂടി. അസുരശിൽ‌പ്പിയായ മയന്റെ മകൾ മനോദരിയേയും കെട്ടി, അമ്മായിയപ്പൻ സ്ത്രീധനമായി  ‘അന്തിമാളം’ എന്ന സാനുവിൽ പണികഴിപ്പിച്ച്കൊടുത്ത സുവർണ്ണ രാജധാനിയിൽ താമസവും തുടങ്ങി. പിന്നെ പറയാനുണ്ടോ! സാധാരണ അസുരന്മാർ വരം കിട്ടിയാൽ ചെയ്യുന്നതെല്ലാം ദാരികനും ചെയ്തു. ദേവലോകത്തു ചെന്ന് ദേവന്മാരെ ഓട്ടിച്ചിട്ട് ചവിട്ടുക, മഹർഷിമാരുടെ താടിക്ക് തീ കൊളുത്തി അതീന്ന് ബീഡി കത്തിക്കുക, മാനസസരസ്സിൽ അപ്പി കലക്കുക, ഇന്ദ്രസിംഹാസനം അടിച്ച് പൊടിയാക്കുക ഇത്യാദിയൊക്കെത്തന്നെ. എന്തിന്, ദാരികനെന്നു കേട്ടാൽ ത്രിലോകവും നടുങ്ങാൻ തുടങ്ങിയെന്നു പറഞ്ഞാൽ മതീല്ലോ.

അങ്ങനെ ദാരികനെക്കൊണ്ടുള്ള ഉപദ്രവം സഹിക്കാൻ വയ്യാതായപ്പോൾ പതിവുപോലെ ദേവലോകത്ത് ഒരു കോൺഫറൻസ് വിളിച്ചുകൂട്ടി. അതിൽ തീരുമാനിച്ചപ്രകാരം ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടേയും ഇന്ദ്രൻ, വരുണൻ, യമൻ, സുബ്രഹ്മണ്യൻ എന്നിവരുടേയും അംശങ്ങൾ കൊണ്ട് സൃഷ്ടിച്ച ഏഴ് സ്ത്രീകളെ വലിയൊരു പടയോടുകൂടി അന്തിമാളത്തിലേക്ക് ദാരികനിധനാർഥം പറഞ്ഞയച്ചു. സപ്തമാതാക്കളും ദാരികനും തമ്മിൽ നടന്ന ഏഴുനാൾ നീണ്ട യുദ്ധത്തിൽ പക്ഷെ, ദാരികനുതന്നെയായിരുന്നു ജയം. പതിവുപോലെ വിവരമറിയിക്കാൻ നാരദൻ കൈലാസത്തിലെത്തി. കോപാന്ധനായ ശിവന്റെ തൃക്കണ്ണിൽനിന്നും എട്ടുദിക്കും മുഴങ്ങുന്ന പതിവു ഗർജ്ജനവുമൊക്കെയായി, ‘മ്മടെ പഴേ ഭദ്ര പുറത്തു ചാടി. ഭദ്രയ്ക്ക് സ്വന്തം പേരിനുപുറമേ ‘ഭദ്രകാളി’ എന്നൊരു പേരും വിശിഷ്ഠമായൊരു വാളും ആവശ്യമായ അനുഗ്രഹങ്ങളും നൽകി, സർപ്പഹാരി കാളികനിഗ്രഹാർഥം, മകളെ അന്തിമാളത്തിലേക്ക് അയച്ചു. ദേവി യാത്രയായപ്പോൾ കോടാനുകോടി ശിവഭൂതങ്ങളും കാളിയെ അനുഗമിച്ചു.

വേതാളത്തിന്റെ പുറത്തുകയറി ശിവഭൂതങ്ങളുടെ അകമ്പടിയോടെ ഒരു ഘോഷയാത്രയായി ദേവി അന്തിമാളത്തിലെത്തി ദാരികനെ പോരിനു‌ വിളിച്ചു. കേവലമൊരു സ്ത്രീ വന്ന് തന്നെ പോരിനു വിളിക്കുന്നത് കണ്ട് ദാരികന് തമാശയാണ് തോന്നിയത്. എന്നാലും അസുരനും പോരിന് തയ്യാറായി. പിന്നീട് അവർ തമ്മിൽ നടന്നതുപോലൊരു യുദ്ധം രണ്ടാം ലോകമഹായുദ്ധത്തിൽ പോലും ഉണ്ടായിട്ടില്ല! ദാരികന്റെ ശരീരത്തിൽ നിന്നും വീഴുന്ന ഓരോ തുള്ളി ചോരയിൽനിന്നും വേറേ ഓരോ ദാരികൻമാർ വീതം ജനിക്കുന്നതു കണ്ട് ഭദ്രകാളി വേതാളത്തെ ഒന്ന് അർഥഗർഭമായി നോക്കി. നോട്ടത്തിന്റെ ഗുട്ടൻസ് തൽക്ഷണം മനസ്സിലായ വേതാളം ദാരികന്റെ താഴെ വീഴുന്ന ഓരോ തുള്ളി ചോരയും കയ്യോടെ നക്കിത്തുടയ്ക്കാൻ തുടങ്ങി. അതുവരെ ഇങ്ങനെ ഉണ്ടായിവന്ന ഉപദാരികന്മാരെയൊക്കെ ദേവി കൊടുവാളിന് വെട്ടിക്കൊല്ലുകയും ചെയ്തു. ദാരികന്റെ സൈന്യങ്ങളെയല്ലാം ശിവഭൂതങ്ങളും കൊന്നൊടുക്കിക്കൊണ്ടിരുന്നു.

ഇങ്ങനെ അതിഘോരമായ യുദ്ധം നടക്കുന്നതിനിടയിൽ ദാരികപത്നിയായ മനോദരി, വൈധവ്യം സംഭവിക്കാതിരിക്കാൻ വേണ്ടി, പാർവതിദേവിയെ സങ്കൽ‌പ്പിച്ച് കഠിനമായ ഗൌരീവൃതം ആചരിക്കാൻ തുടങ്ങി. മൂന്നാം ദിവസം ദേവി പ്രത്യക്ഷപ്പെട്ട്, ശത്രുനിഗ്രഹത്തിനുവേണ്ടി ഒരുപിടി മസൂരി വിത്ത് ദാനം ചെയ്ത് ഇങ്ങനെ അരുളിച്ചെയ്തു: ‘ ഇതു നീ ആരുടെ നേർക്കെറിയുന്നുവോ അവൻ മസൂരി രോഗത്താൽ മരിക്കുകയോ മൃതപ്രായനായി തീരുകയോ ചെയ്യും.’ (ഇങ്ങനുണ്ടോ ഒരു പാര! സ്വന്തം കെട്ടിയോൻ ആരെ പണ്ടാരമടക്കുവാൻ മോളെ പറഞ്ഞു വിട്ടിരിക്കുന്നുവോ അവനെ സഹായിക്കുവാനാണ് കെട്ടിയോളുടെ പുറപ്പാട്!) ഏതായാലും മനോദരി ആ വിത്ത് ആരുംകാണാതെ സൂത്രത്തിൽ ഭദ്രകാളിയുടെ നേർക്കെറിഞ്ഞു. അതോടെ ഭദ്രകാളിയുടെ ദേഹം മുഴുവൻ മസൂരിയുടെ കുരുക്കൾ പൊങ്ങുകയും വേദനയാലും തളർച്ചയാലും ദേവി തളർന്ന് അവശതയാകുകയും ചെയ്തു. സ്വന്തം കെട്ടിയോളുണ്ടാക്കിയ കൊലപ്പാരയുടെ കഥ ശിവഭൂതങ്ങൾ പാഞ്ഞ് ചെന്ന്‌ പരമശിവനെ അറിയിച്ചു. പരമശിവൻ കെട്ടിയോളെ വിളിച്ച് കണക്കിന് ശകാരിക്കുകയും ചെയ്തു.

അബദ്ധം മനസ്സിലാക്കിയ പാർവതീദേവി, ഭദ്രയെ രക്ഷിക്കാൻ പറ്റിയ മന്ത്രശക്തിയും ദിവ്യത്വവുമുള്ള ഒരു മൂർത്തിയുണ്ടാവാനായി പരമശിവന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞു. ദേവിയുടെ പ്രാർഥനയ്ക്ക് ഫലമുണ്ടായി. തൽക്ഷണം ഒരു മൂർത്തി ശിവന്റെ കണ്ഠനാളത്തിൽ ജനിച്ച് ചെവിയിൽക്കൂടി പുറത്തുവന്നു! കണ്ഠത്തിൽ ജനിച്ച് കർണ്ണത്തിൽക്കൂടി പുറത്തുവന്നതുകൊണ്ട് ആ മൂർത്തിക്ക് ‘കണ്ഠാകർണ്ണൻ’ എന്നു പേരും സിദ്ധിച്ചു. ഈ കണ്ടാരശ്ശന് ആവശ്യമായ മന്ത്രശക്തിയും ദിവ്യശക്തിയുമെല്ലാം ദാനം ചെയ്ത് ശിവൻ അയാളെ ഭദ്രയുടെ മസൂരി ശമിപ്പിക്കാനായി അന്തിമാളത്തിലേക്ക് പറഞ്ഞു വിട്ടു. ഇനിയാണ് കഥയുടെ ക്ലൈമാക്സ്. പടക്കളത്തിലെത്തിയ കണ്ടാരശ്ശൻ ഭദ്രകാളിയുടെ ശരീരത്തിലെല്ലായിടത്തുമുള്ള മസൂരിക്കുരുക്കളേയും രോഗത്തേയും തടവി ആശ്വസിപ്പിച്ചു. സഹോദരീസ്ഥാനമുള്ളതുകൊണ്ട് മുഖത്ത് തടവുന്നത് ശരിയല്ല എന്നു കരുതി മുഖം മാത്രം തടവി ശരിയാക്കിയില്ല! മാത്രമല്ല, മുഖത്തെ കുരുക്കൾ അവിടെത്തന്നെ നിൽക്കട്ടെയെന്നും അത് കാളിക്ക് ഒരു അലങ്കാരമായി ഭവിക്കട്ടെ എന്നും അദ്ദേഹം അനുഗ്രഹിക്കുകയും ചെയ്തു. കാര്യങ്ങൾ അവിടം കൊണ്ടും നിന്നില്ല. ലോകത്ത് ഇനി മുതൽ മസൂരിയുടെ ദേവത താനാണെന്നും തന്നെ ഉപാസിച്ചാൽ മസൂരി രോഗം ബാധിക്കുന്നതല്ലെന്നും ദേവി അരുളിച്ചെയ്തു. സ്വന്തം മസൂരി മാറാൻ കരക്കാരെക്കൊണ്ട് മുഖമൊഴിച്ച് സർവ്വയിടവും തടവിക്കേണ്ടി വന്ന ചേച്ചിയാണീ പറയുന്നതെന്നോർക്കണം!

മസൂരിവിമുക്തയായ ദേവി രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. ദാരികൻ തോറ്റ് ഓടാൻ തുടങ്ങി. ഈ സമയം ദേവി തന്റെ കാർകൂന്തൽ അഴിച്ചിട്ടു. അതോടെ സൂര്യൻ മറഞ്ഞ് ദിക്കെങ്ങും അന്ധകാരം നിറഞ്ഞു. ഇരുട്ടിൽ എങ്ങോട്ടാണോടേണ്ടതെന്നറിയാതെ ദാരികനും ദാനവനും പകച്ചു നിന്നുപോയി. തൽക്ഷണം ദേവി ദാരികനെ പിടികൂടി തന്റെ മടിയിൽ കിടത്തി കൊടുവാളിനാൽ അവന്റെ കഴുത്തറത്തു. ദാനവനേയും കൊന്ന് കാട്ടിക്കളഞ്ഞു. അല്ല പിന്നെ! തുടർന്ന് ദേവി തന്റെ അഴിഞ്ഞു കിടന്ന മുടി തിരികെ വാരിക്കെട്ടിയപ്പോൾ സൂര്യബിം‌ബവും തെളിഞ്ഞു. ശേഷിച്ച അസുരന്മാർ പലായനം ചെയ്തു. ശിവഭൂതങ്ങൾ രാജധാനി മുഴുവൻ തല്ലിത്തകർത്തു. ദേവഗന്ധർവകിന്നരാദികൾ ആനന്ദനൃത്തം ചവിട്ടി പുഷ്പവൃഷ്ടി നടത്തി. ദാരികന്റെ കുടൽ‌മാലകളും കഴുത്തിലണിഞ്ഞ് രക്താഭിഷിക്തമായ ശിരസ്സും കൈയ്യിലേന്തി ഭദ്ര കൈലാസത്തിലെത്തി അപ്പന് ‘മിഷൻ അക്കം‌പ്ലീഷ്ഡ്’ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അനുഗ്രഹങ്ങൾ വാങ്ങി. ദാരികനിഗ്രഹം സൂപ്പർഹിറ്റ് ശുഭം.

അജാമിളമോക്ഷം

സപ്താഹക്കാർക്ക് ഏറ്റവും പ്രിയങ്കരമായ ഭാഗവതകഥകളിലൊന്നാണ് അജാമിളന്റേത്. അവരിൽ പലരെയും സംബന്ധിച്ചിടത്തോളം
ഭഗവന്നാമത്തിന്റെ മാഹാത്മ്യം ഇത്ര ഭം‌ഗിയായും ഇത്ര ഭക്തിരസപ്രാധാന്യത്തോടെയും പറയുന്ന മറ്റൊരു കഥ വേറേ ഇല്ലെന്നു തന്നെ പറയാം. പണ്ട് കന്യാകുബ്ജമെന്ന ദേശത്ത് വസിച്ചിരുന്ന ധർമ്മിഷ്ഠനും ദൈവഭക്തനുമായ ഒരു ബ്രാഹ്മണനായിരുന്നു അജാമിളൻ. അദ്ദേഹത്തിനു തികച്ചും
അനുയോജ്യയായ ഒരു പതിവ്രതാരത്നമായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ഒരു ദിവസം വനത്തിലെ സമതലപ്രദേശത്തുകൂടി നടക്കുമ്പോൾ വശ്യയായ ഒരു തരുണീമണിയെ കാണാനിടയായി അദ്ദേഹം. അവളുടെ വശ്യതയിൽ മയങ്ങിയ അജാമിളൻ നിത്യപൂജയും ധ്യാനവും പുണ്യവും ബ്രാഹ്മണ്യവും എല്ലാം ത്യജിച്ച്, തന്റെ ധർമ്മപത്നിയെയും  ഉപേക്ഷിച്ച് ആ വ്യഭിചാരിണിയുടെ കൂടെയാക്കി പൊറുതി. അവളെ പുലർത്താൻ വേണ്ടി എന്തധർമ്മവും ചെയ്യാൻ തയ്യാറായി അയാൾ. മൃഗങ്ങളെ കെണി വെച്ച് പിടിക്കുക, അവയെ കൊന്ന് മാംസം ഭക്ഷിക്കുക, ചൂണ്ടയിട്ടു മത്സ്യം പിടിക്കുക, അവയെ പാകം ചെയ്ത് അസാന്മാർഗ്ഗിയായ ഭാര്യയെ ഊട്ടുക, വഴിപോക്കരെ തടഞ്ഞു നിർത്തി പണം പിടിച്ചുപറിക്കുക, അടുത്തുള്ള ഗ്രാമങ്ങളിൽ‌പ്പോയി മോഷണം നടത്തുക തുടങ്ങിയ ദുഷ്കൃത്യങ്ങളെല്ലാം അയാൾ ചെയ്യാൻ തുടങ്ങി. മാത്രമോ, കുളിയും ജപവുമൊന്നുമില്ലാത്ത ഒരു പ്രാകൃതനും പാപിയുമായ അധമ മർത്യനായി അധപ്പതിച്ചു അയാൾ.

കാലം കുറേ കടന്നുപോയി. ഇതിനിടയിൽ അയാൾക്കു നാലു പുത്രന്മാരും ഉണ്ടായി. ഇളയവനു പേരിട്ടിരുന്നത് നാരായണൻ എന്നായിരുന്നു. കുട്ടികളും കൂടിയായപ്പോൾ അവരെയുംകൂടി പോറ്റാനുള്ളതുകൊണ്ട് കൂടുതൽ കൂടുതൽ ദുഷ്കൃത്യങ്ങൾ അയാൾക്കു ചെയ്യേണ്ടിയും വന്നു. അങ്ങനെ എ
ൺപത്തിയെട്ടു വർഷം പാപജടിലമായ ജീവിതം അയാൾ നയിച്ചു. ക്രമേണ അയാളുടെ അന്ത്യകാലം അടുത്തു. പടുവൃദ്ധനും രോഗിയുമായി ഒരു
പഴമ്പായിൽ കിടക്കുമ്പോളാണ് യമകിങ്കരന്മാർ അയാളെ ഘോരനരകത്തിലേക്കു കൊണ്ടുപോകാനായി അവിടെ എത്തിയത്. ഇതുകണ്ട് പേടിച്ച
അജാമിളൻ ഇളയ മകനായ നാരായണനെ ഉറക്കെ വിളിച്ചു.

വൈകുണ്ഠത്തിൽ പള്ളികൊള്ളുകയായിരുന്ന ശ്രീനാരായണൻ ആ വിളി കേട്ടു. ഉടനെ തന്നെ വിഷ്ണുചിഹ്നങ്ങളണിഞ്ഞ നാല് മനോഹരരൂപികളായ
വിഷ്ണുപാർഷദന്മാരെ അദ്ദേഹം അജാമിളന്റെ അടുത്തേക്കയച്ചു. യമകിങ്കരന്മാരുമായി നടന്ന വാദപ്രതിവാദത്തിൽ അവർ അവതരിപ്പിച്ച നിയമവശം ഇതായിരുന്നു: ‘മരണസമയത്ത് ഏതെങ്കിലുമൊരുത്തൻ – അത് തടിയന്റവിട നസീറോ ഓം‌പ്രകാശോ അജ്മൽ ഖസബോ ആരുമായിക്കോട്ടെ – അറിഞ്ഞോ അറിയാതെയോ വിഷ്ണുനാമം ജപിച്ചാൽ, അവന്റെ സർവ പാപവും നശിച്ച് പരമശ്രേഷ്ഠമായ വിഷ്ണുപദം പ്രാപിക്കാൻ അവൻ അർഹനായിത്തീരുന്നു. ഈ അടിസ്ഥാന നിയമം പോലും അറിഞ്ഞുകൂടാത്ത നിങ്ങൾ ഏത് കോത്താഴത്തെ യമകിങ്കരന്മാരാണെന്നാണീ പറയുന്നേ കൂവ്വേ?‘ കൺഫ്യൂഷ്യസ്സായ യമകിങ്കരന്മാർ അജാമിളനെ ഉപേക്ഷിച്ച് നേരേ യമലോകത്തേക്ക് വെച്ചു പിടിച്ച് സാക്ഷാൽ യമനോട് തന്നെ അങ്ങനെ ഒരു നിയമം നിലവിലുണ്ടോ സാറേ എന്നന്വേഷിച്ചു. ഭയപ്പെട്ടുപോയ യമൻ ഉടനെ തന്റെ സർവ കിങ്കരന്മാരേയും വിളിച്ചുവരുത്തി പുതിയ സ്റ്റാൻ‌ഡിങ്ങ് ഓർഡർ അടിച്ചു കയ്യിൽ കൊടുത്തു. അതിലിങ്ങനെയാണ് എഴുതിയിരുന്നത്: ‘ഇനിമേൽ വിഷ്ണുനാമം ജപിക്കുന്നവരെയോ, വിഷ്ണുപ്രീതികരങ്ങളായ വ്രതങ്ങൾ അനുഷ്ഠിക്കുന്നവരെയോ, വിഷ്ണുകഥകളോ സ്തോത്രങ്ങളോ കീർത്തനങ്ങളോ പാടുന്നവരെയോ അതു കേൾക്കുന്നവരെയോ അവരുടെ മരണസമയത്ത് നിങ്ങളാരും ദർശിക്കുവാനോ അവരുടെ മരണശയ്യയുടെ അടുത്ത്പ്രവേശിക്കാനോ പാടില്ല. അവർക്കു വിധിച്ചിട്ടുള്ളത് യമലോകമല്ല; മറിച്ച് സർവാനന്ദപ്രദമായ വിഷ്ണുലോകമാണ്.

മരണവക്ത്രത്തിൽനിന്നു തിരിച്ചുവന്ന അജാമിളൻ തന്റെ ഭൂതകാല ജീവിതത്തിൽ പശ്ചാത്തപിച്ച് സർവസം‌ഗപരിത്യാഗിയായി സദാ വിഷ്ണുരൂപം
മനസ്സിൽ ധ്യാനിച്ച് തപസ്സനുഷ്ഠിച്ചു. അവസാനം ദേഹവിയോഗത്തിനുള്ള സമയമായപ്പോൾ വിഷ്ണുദൂതന്മാർ കൊണ്ടുവന്ന വിമാനത്തിൽ കയറി
വിഷ്ണുപദം പ്രാപിച്ച് മുക്തിയടഞ്ഞു. ‘കേവലം അറിയാതെ നാരായണാ എന്ന് ഉച്ചരിച്ച അജാമിളന് ഇങ്ങനെ മോക്ഷം ലഭിച്ചെങ്കിൽ ഭക്തിയോടുകൂടി വിഷ്ണുനാമം ജപിക്കുകയും വിഷ്ണുകഥ ശ്രവണം ചെയ്യുകയും ചെയ്യുന്നവരുടെ പരമോന്നതഗതി എന്തായിരിക്കുമെന്ന് ഭക്തോത്തമനായ മഹാരാജാവേ, അങ്ങയോട് ഞാൻ പ്രത്യേകം പറയണമോ? ബ്രഹ്മഹത്യാദി പാപങ്ങൾ പോലും വിഷ്ണുനാമത്താൽ പരിഹരിക്കപ്പെട്ടുപോകുന്നു’ എന്ന് പറഞ്ഞ് ശ്രീ ശുകൻ അജാമിളമോക്ഷം കഥ പറഞ്ഞവസാനിപ്പിച്ചു എന്ന് ഭാഗവതം.

വരാഹാവതാരം

ഒരിക്കൽ കശ്യപപ്രജാപതി സന്ധ്യാവന്ദനത്തിന് വേണ്ട അനുഷ്ഠാനങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ മന്മഥപീഡയാൽ അവശയായ ഭാര്യ ദിതി
വന്ന് അദ്ദേഹത്തെ കാമകേളികൾക്കായി നിർബന്ധിച്ചു. എന്നു മാത്രമല്ല ബലാൽക്കാരേണ അവൾ അദ്ദേഹത്തെ കടന്നു പിടിക്കുകയും പലതവണ ലൈം‌ഗീകബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. അതിന്റെ ഫലമായി ദിതി ഗർഭിണിയായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. കാലാന്തരത്തിൽ രണ്ട് പുത്രന്മാരെ ദിതി ഇരട്ട പ്രസവിച്ചു. ഹിരണ്യകശിപുവെന്നും ഹിരണ്യാക്ഷനെന്നും പേർ നൽകപ്പെട്ട ഇവർ പൂർവജന്മത്തിൽ
ജയവിജയന്മാരായിരുന്നു. മുൻ‌കൂർ അനുവാദം വാങ്ങിക്കാതെ ഒരിക്കൽ വിഷ്ണുവിനെ കാണാൻ വന്ന സനകാദിമുനികളെ അനന്തശയന മണിയറയുടെ വാതിൽ‌ക്കൽ കാവൽ ജോലിയിലേർപ്പെട്ടിരുന്ന ജയവിജയന്മാർ തടയുകയും അതിനെത്തുടർന്ന് ശനകാദിമുനികൾ അവരെ ‘നിങ്ങൾ അസുരന്മാരായി ഭവിക്കട്ടെ‘ എന്ന് ശപിക്കുകയും ചെയ്തിരുന്നു. (മര്യാദയ്ക്ക് ജോലി ചെയ്യുന്നവർക്ക് ഇന്നും കിട്ടുന്ന ഗുഡ് സർവീസ് എൻ‌ട്രി തന്നെ). അറിവില്ലാതെ ചെയ്തുപോയ അപരാധം ക്ഷമിക്കണമെന്ന അവരുടെ അപേക്ഷ മാനിച്ച് വിഷ്ണുതന്നെ അവർക്ക് ഒരു സോപാധിക ഇളവും കൊടുത്തിരുന്നു. ‘മൂന്ന് ജന്മം അസുരന്മാരായി പിറന്ന് മൂന്ന് തവണയും എന്റെ കൈകൊണ്ട്തന്നെ മരണം വരിച്ച് ഒടുവിൽ എന്നിൽ വന്ന് വിലയം പ്രാപിച്ചുകൊൾക‘ എന്നതായിരുന്നു ആ ഇളവ്. അതിലെ ആദ്യത്തെ ജന്മമാണ് നമ്മൾ ഇപ്പോൾ കണ്ട ഹിരണ്യകശിപു – ഹിരണ്യാക്ഷന്മാരുടേത്.

അതിമുഷ്കന്മാരായി വളർന്ന അവർ പതിവുപോലെ ബ്രഹ്മദേവനെ തപസ്സ് ചെയ്ത് ഉഗ്രവരങ്ങളും നേടി, സാധാരണ ഇത്തരം സന്ദർഭത്തിൽ
അസുരന്മാർ ചെയ്യുന്ന എല്ലാ വിക്രിയകളും ആരംഭിച്ചു. അവരോടെതിരിടാൻ മൂവുലകിലും ആരുമില്ലെന്ന അവസ്ഥയായി. മാത്രമല്ല, ത്രിമൂ
ർത്തികളുടെയോ മറ്റു ദേവന്മാരുടെയോ പേരുകൾ ആരും ജപിക്കാൻ പാടില്ലെന്നും എല്ലാവരും ഹിരണ്യകശിപുവിനെ മാത്രമേ ഭജിക്കാൻ പാടുള്ള
എന്ന ഒരു വിളംബരവും അവർ പ്രസിദ്ധപ്പെടുത്തി. മദം പെരുത്ത ഹിരണ്യാക്ഷനാവട്ടെ, ഒരു കാരിരുമ്പ് ഗദയും കൈയ്യിലേന്തി, അട്ടഹാസവും മുഴക്കി നാനാലോകങ്ങളിലും ചുറ്റിനടന്നു. അവനോടെതിരിടാൻ ആരും മുമ്പോട്ടു വന്നില്ല. കൈത്തരിപ്പ് തീർക്കാൻ ആരേയും കിട്ടാതായപ്പോൾ ഭൂമിയെത്തന്നെ ചുരുട്ടിയെടുത്ത് സമുദ്രത്തിലേക്ക് ചാടി അസുരൻ. (ഭൂമിയിങ്ങനെ പായ പോലെ പരന്ന ഒരു സാധനമാണല്ലോ; സമുദ്രം ഭൂമിയിലുമല്ലല്ലോ!).

ബ്രഹ്മാവിന്റെ ഉത്തരവ് പ്രകാരം സൃഷ്ടികർമ്മം നടത്തിക്കൊണ്ടിരുന്ന സ്വായംഭൂവമനു നോക്കിയപ്പോൾ ഭൂമി കാണാനേയില്ല! ഭൂമിയില്ലാതെ
എവിടെയിരുന്ന് സൃഷ്ടി നടത്തും? വിസ്മയവിവശനായ മനു നേരേ പാഞ്ഞ് ചെന്ന് വിവരം ബ്രഹ്മാവിനെ അറിയിച്ചു. ബ്രഹ്മാവ് പതിവുപോലെ
നേരേ വൈകുണ്ഠത്തിലേക്കും വെച്ചുപിടിച്ചു. നാന്മുഖനിൽനിന്ന് വിവരം അറിഞ്ഞ ശ്രീഹരി ഒരു വിരൽ മുഴുപ്പിലുള്ള പന്നിക്കുഞ്ഞായി അവതരിച്ച്
ബ്രഹ്മാവിന്റെ മൂക്കിലൂടെ പുറത്തു ചാടി. നിമിഷനേരം കൊണ്ടത് പർവതതുല്യം വളർന്ന് പതിനാലു ലോകവും നടുങ്ങുമാറ്‌ ഉഗ്രമായൊന്ന് ഗർജ്ജിച്ചു.
എന്നിട്ടത് ഭൂമിയെ അന്വേഷിച്ച് നേരേ വെള്ളത്തിലേക്ക് കൂപ്പുകുത്തി.

തന്നെ അന്വേഷിച്ച് തന്റെ ശത്രു വെള്ളത്തിൽ ചാടിയിരിക്കുന്നു എന്ന വിവരം അറിഞ്ഞ് അസുരൻ സൂത്രത്തിൽ ഭൂമിയെ പാതാളത്തിൽ കൊണ്ടുപോയി ഒളിപ്പിച്ച് വെച്ചിട്ട് മാറിക്കളഞ്ഞു. പാരാവാരം മുഴുവനും അന്വേഷിച്ചിട്ടും ഭൂമിയേയും അസുരനേയും കാണാഞ്ഞിട്ട് വരാഹാവതാരം ഒന്നു രണ്ടു തവണ ഗർജ്ജിക്കുകയും ഒക്കെ ചെയ്തുകൊണ്ട് പാതാളത്തിലേക്ക് ചെന്നു. അപ്പോൾ ഭൂമി മാത്രം അവിടെയുണ്ട്. മറ്റേ ചേട്ടനെ കാണാനില്ല. തന്റെ തേറ്റമേൽ ഭൂമിയെ പൊക്കിയെടുത്തുകൊണ്ട് വരാഹം പാതാളത്തിൽനിന്നും ഉയർന്നു. ഒളിവിൽ നിന്നു കൊണ്ട് ഹിരണ്യാക്ഷൻ ഇതു കണ്ടു. വെറുമൊരു പന്നി! ഇതിനെ പേടിച്ചാണോ താൻ ഇവിടെ ഒളിച്ചതെന്നോർത്ത് അയാൾക്ക് കുണ്ഠിതം തോന്നി. തന്റെ ഗദയുമായി അസുരൻ നേരേ വരാഹമൂർത്തിയുടെ നേർക്ക് പാഞ്ഞടുത്തു. ഇളകിക്കൊണ്ടിരുന്ന ധരണിയെ തന്റെ യോഗശക്തിയാൽ സാഗരത്തിന്റെ ഉപരിതലത്തിൽ കീഴോട്ട് താഴാത്തവിധം നിക്ഷേപിച്ചിട്ട് വരാഹവും ഗദയെടുത്തു. പിന്നെ പൊരിഞ്ഞ ഗദാ യുദ്ധം. ഹിരണ്യാക്ഷന്റെ അടിയേറ്റ് വരാഹത്തിന്റെ ഗദ തെറിച്ചുപോയി. തൽക്ഷണം ഹിരണ്യാക്ഷൻ ഒരു നെടിയ ശൂലമെടുത്ത് വരാഹത്തിനു നേരേ പ്രയോഗിച്ചത് പുള്ളിക്കാരൻ തന്റെ സുദർശനചക്രത്താൽ തടുത്തു. പിന്നെ അവർ തമ്മിൽ മുഷ്ടിയുദ്ധമായി. ഇതിനിടയിൽ പല പല മായാസ്ത്രങ്ങളും അസുരൻ പ്രയോഗിച്ചുവെങ്കിലും അതെല്ലാം സുദർശനത്തിന്റെ ആഗ്നേയപ്രഭവത്താൽ നിഷ്ഫലങ്ങളായിപ്പോയി. ഈ സമരോത്സവം വളരെ വളരെകാലം നീണ്ടുനിന്നു. ഒടുവിൽ ഭഗവാൻ ഹിരണ്യാക്ഷനെ തൃക്കാൽ കൊണ്ട് ചവിട്ടിത്താഴെയിട്ട് തന്റെ തേറ്റ കൊണ്ട് അവനെ കുത്തിക്കീറിക്കൊന്നു. അനന്തരം അനന്തശായി ധരിണിയെ അനായാസേന തന്റെ തേറ്റമേലെടുത്ത് യഥാസ്ഥാനത്ത് പ്രതിഷ്ഠിച്ചു. പക്ഷെ, ഏടാകൂടം അതല്ല. വരാഹരൂപത്തിലുള്ള ഭഗവാന്റെ തേറ്റ ക്ഷോണിയിലേറ്റപ്പോൾ ഭൂമിദേവിക്ക് ഭോഗാനന്ദപുളകമുണ്ടാവുകയും തൽഫലമായി തൽക്ഷണം തന്നെ ഒരു പുത്രൻ ജാതനാവുകയും ചെയ്തു.

ബാലരമ – പൂമ്പാറ്റ – അമർ ചിത്രകഥ നിലവാരത്തിനപ്പുറം‌പോകാത്ത ഇത്തരം കഥകളുടെ ഒരു അക്ഷയഖനി തന്നെയാണ് ഭാഗവതം. പക്ഷെ
ഇപ്പോഴും നമ്മൾ ഭാഗവതത്തിന്റെ ഹൃദയത്തിലേക്ക് ഒന്ന് കടന്നിട്ടുംകൂടി ഇല്ല. ഭാഗവതത്തിന്റെ ഹൃദയം എന്നു പറയുന്നത് അതിലെ
ശ്രീകൃഷ്ണലീലകളാണ്. ഭാഗവതത്തിലെ ദശമസ്കന്ധമായ ശ്രീകൃഷ്ണചരിതമാണ് കൃതിയുടെ ഇരുപത്തഞ്ച് ശതമാനവും അപഹരിക്കുന്നതും. ഭഗവാന്റെ ജനനം മുതൽ മരണം വരെയുള്ള എല്ലാ സംഭവങ്ങളും അതിൽ വിസ്തരിച്ചുതന്നെ അവതരിപ്പിച്ചിട്ടുണ്ടെന്നു സാമാന്യേന പറയാം. വേദങ്ങൾ വിന്യസിക്കുകയും മഹാഭാരതം ഉൾപ്പെടെയുള്ള കൃതികൾ എല്ലാം രചിക്കുകയും ചെയ്തിട്ടും വ്യാസമഹർഷിക്ക് എന്തെന്നില്ലാത്ത ഒരു അസംതൃപ്തി അനുഭവപ്പെട്ടു എന്നും ഒടുവിൽ നാരദമഹർഷിയുടെ ഉപദേശം സ്വീകരിച്ച് മഹാഭാഗവതം കൂടി എഴുതി പൂർത്തിയാക്കിയതിനു ശേഷം മാത്രമാണ് അദ്ദേഹത്തിന് അതിൽനിന്നും മോചനം ലഭിച്ചത് എന്നുമാണ് കഥ. നമുക്കതിലൂടെയും ഒരു ഓട്ടപ്രദക്ഷിണം നടത്താം.

ശ്രീകൃഷ്ണചരിതം

വൈവസ്വതമനുവിൽനിന്നും നമുക്ക് തുടങ്ങാം. കുട്ടികളില്ലാതിരുന്ന അദ്ദേഹം തന്റെ ഭാര്യ ‘ശ്രദ്ധ’യോടുകൂടി അനപത്യദുഃഖം മാറിക്കിട്ടാൻ പല പല വൃതങ്ങളും അനുഷ്ഠിച്ചു. ഒന്നും ഫലിക്കാതെ വന്നപ്പോൾ അദ്ദേഹം മിത്രാവരുണിയായ വസിഷ്ഠനെക്കൊണ്ട് ഒരു യാഗം നടത്തി. യജ്ഞകർമ്മങ്ങൾ നടക്കുമ്പോൾ ശ്രദ്ധ, തനിക്കുണ്ടാവുന്നത് ഒരു പുത്രി ആയിരിക്കണമെന്ന് രഹസ്യമായി പ്രാർഥിച്ചതുകൊണ്ട് അവർക്ക് ‘ഇള’ എന്നൊരു പുത്രിയുണ്ടായി. സംഭവത്തിന്റെ ഗുട്ടൻസ് വസിഷ്ഠനിൽനിന്നും മനസ്സിലാക്കിയ മനു ഒരു പുത്രനുണ്ടായി കാണുവാനുള്ള തന്റെ അനിയന്ത്രിതമായ അഭിലാഷം മഹർഷിയെ അറിയിക്കുകയും അതിനെ തുടർന്ന് മഹർഷി തന്റെ സിദ്ധികളുപയോഗിച്ച് ആ പെൺകുട്ടിയെ ‘സുദ്യു‌മ്‌‌നൻ’ എന്ന് പേരുള്ള ഒരു ആൺകുട്ടിയായി മാറ്റുകയും ചെയ്തു. ചെക്കൻ യുവാവായപ്പോൾ ഒരു ദിവസം മൃഗയാവിനോദത്തിനായി കൈലാസപർവതപ്രാന്തത്തിലേക്കു പോയി. കുരുത്തക്കേടിന്റെ മൂർദ്ധന്യം നോക്കണേ! ചെക്കൻ വീണ്ടും പെണ്ണായിപ്പോയി!

അതിന്റെ കാരണം അറിയണ്ടേ? പണ്ടൊരിക്കൽ പരമശിവനും പാർവതിയും കൂടി ശൈലസാനുവിൽ ‘വാതിൽ‌പ്പുറ’ കാമകേളികളാടി ആനന്ദിക്കുന്ന സമയം ഭഗവാനെ അന്വേഷിച്ച് ചില മാമുനിമാർ അവിടെ എത്തിപ്പെട്ടു. ഓർക്കാപ്പുറത്ത് മുനികളെക്കണ്ട് ചമ്മിപ്പോയ പാർവതീദേവി, കൈയ്യിൽക്കിട്ടിയ തുണിയെടുത്തുടുത്ത് നാണം മറച്ച്, ‘ഇനിമുതൽ ഈ പർവതസാനുവിൽ പ്രവേശിക്കുന്ന പുരുഷന്മാരെല്ലാം പെണ്ണായിപ്പോട്ടെ’ എന്നൊരു ശാപവും പുറപ്പെടുവിച്ചു. ഇതു വല്ലതുമുണ്ടോ ചെക്കനറിയുന്നു? പെണ്ണയിട്ടാണ് ജനിച്ച്, ആണായിട്ട് വേട്ടയ്ക്ക് പോയവൻ, പിന്നേം പെണ്ണായിട്ട് തിരിച്ച് വന്നത് കണ്ട് എല്ലാവരും അതിശയിച്ചു. എങ്കിലും വസിഷ്ഠൻ ഈ പെണ്ണിന് ഒന്നിടവിട്ട മാസങ്ങളിൽ ആണായിത്തീരാൻ മറ്റൊരു വരവും നൽകി. ഒരു മാസം ആണാണെങ്കിൽ അടുത്തമാസം പെണ്ണ്! ഏതായാലും പെണ്ണിന്റെ ചന്തം കണ്ട് ചന്ദ്രപുത്രനായ ബുധൻ അവളെ കാമിച്ചു. ചന്ദ്രപുത്രനാണ് ബുധൻ എന്നൊക്കെ തറപ്പിച്ചങ്ങ് പറയാൻ വരട്ടെ. ചന്ദ്രന്റെ പത്നിയായ ‘താര’യ്ക്ക് ദേവഗുരുവായ ബൃഹസ്പതിയുമായി ഒരു അവിഹിതബന്ധമുണ്ടായിരുന്നു. അതുകൊണ്ട് ചെക്കൻ ആരുടേതാണെന്ന് ഒരു തർക്കം അവർ തമ്മിൽ നിലനിൽക്കുകയും ചെയ്തിരുന്നു. ഒടുവിൽ ബ്രഹ്മാവ് അതിൽ ഇടപെട്ടാണ് ചെക്കൻ ചന്ദ്രന്റേതാണെന്ന് തീർപ്പ് കൽ‌പ്പിച്ചത്. ഏതായാലും ബുധൻ ഇളയെ വിവാഹം ചെയ്ത് അതിലൊരു ചെക്കനും ഉണ്ടായി. അവനാണ് മഹാനായ പുരൂരവസ്സ്. ഇദ്ദേഹത്തിൽനിന്നാണ് ഖ്യാതിപെറ്റ ചന്ദ്രവംശം ഉദ്ഭവിക്കുന്നത്. (ചെക്കനുണ്ടായ ഉടനെ സുദ്യു‌മ്‌‌നൻ / ഇള, വസിഷ്ഠാനുഗ്രഹത്തോടെ പാർവതീപരമേശ്വരന്മാരെ സേവിച്ച്, പാർവതീശാപത്തിൽനിന്ന് മോചനവും നേടിയിരുന്നു.)

പുരൂരവസ്സിന് ഉർവശിയിൽ ആറ് പുത്രന്മാരുണ്ടായി. ഈ കാലഘട്ടത്തിലാണ് ‘ത്രേതായുഗം’ ആരംഭിക്കുന്നത്. പുരൂരവസ്സിന്റെ മൂത്തപുത്രനായ ‘ആയുസ്സി‘ന്റെ മകനാണ് ‘നഹുഷൻ’. വളരെ പ്രസിദ്ധനും പരാക്രമിയുമായിരുന്ന ഇദ്ദേഹം ദേവലോകം ആ‍ക്രമിച്ച് കീഴടക്കി. ഇന്ദ്രൻ ഒരു രാക്ഷസ്സനെ ഭയന്ന് മാനസസരസ്സിൽ ഒളിച്ചിരിക്കുന്ന കാലമായിരുന്നു അത്. ഇന്ദ്രപത്നിയായ ‘ശചീദേവി‘യെ പ്രാപിക്കാൻ നഹുഷൻ അവരെ സമീപിച്ചു. ‘മഹർഷിമാർ ചുമക്കുന്ന പല്ലക്കിൽ കയറി വന്നാൽ ഞാൻ അങ്ങേയ്ക്ക് വിധേയയാകാം’ എന്ന് ഇന്ദ്രപത്നി പറഞ്ഞതനുസരിച്ച് നഹുഷൻ മഹർഷിമാരെക്കൊണ്ട് പല്ലക്കും ചുമപ്പിച്ച് കാമാർത്തനായി ഇന്ദ്രാണിയുടെ മണിയറയിലേക്ക് വന്നു. മഹർഷിമാരിലൊരാളായ അഗസ്ത്യമുനി കുറിയവനായതുകൊണ്ട് പതുക്കെയാണ് നടന്നിരുന്നത്. കോപാന്ധനായ നഹുഷൻ ‘പാമ്പിനെപ്പോലെ ഇഴയുകയാണോ?’ എന്നു ചോദിച്ചുകൊണ്ട് മഹർഷിയുടെ നടു നോക്കി ഒരൊറ്റ ചവിട്ടു കൊടുത്തു! കൺ‌ട്രോള് പോയ അഗസ്ത്യൻ ‘നീ പെരുമ്പാമ്പായി പോകട്ടെ’ എന്നൊരു ശാപം തിരിച്ചും കൊടുത്തു. അങ്ങനെ അഗസ്ത്യശാപത്താൽ നഹുഷൻ പാമ്പായി. നഹുഷനു ശേഷം അദ്ദേഹത്തിന്റെ പുത്രനായ യയാതി ആണ് രാജാവായത്. ഈ യയാതിക്ക് ദേവയാനിയിൽ ജനിച്ച മൂത്ത പുത്രനായ യദുവിൽ നിന്നാണ് യദുവംശം – ശ്രീകൃഷ്ണന്റെ വംശം – ആരംഭിക്കുന്നത്. (ഇതേ യയാതിക്ക് ശർമിഷ്ഠയിൽ ജനിച്ച പൂരുവിൽ നിന്നാണ് പൂരുവംശം – പാണ്ഡവരുടെ വംശം – ആരംഭിക്കുന്നതും.)

യദുവിന്റെ രണ്ടാമത്തെ പുത്രനായ ക്രോഷ്ഠയിൽനിന്നും പതിനഞ്ചാമത്തെ തലമുറയാണ് വിഷ്ണി. യദുവംശത്തിന് വിഷ്ണിവംശം എന്നും പേര് സിദ്ധിക്കുന്നത് അങ്ങനെയാണ്. വിഷ്ണിയിൽനിന്നും പതിനഞ്ചാമത്തെ തലമുറയിലാണ് അന്ധകന്റെ ജനനം. അന്ധകന്റെ പത്താമത്തെ തലമുറയിൽ പുനർവസു ഭൂജാതനായി. പുനർവസുവിന് പുത്രനായി ആഹുകൻ പിറന്നു. മഹാപരാക്രമശാലിയായ ഇദ്ദേഹം മഥുരാപുരിയുടെ മന്നവനായിത്തീർന്നു. ഇദ്ദേഹത്തിന് ദേവകനെന്നും ഉഗ്രസേനനെന്നും രണ്ട് പുത്രന്മാരുണ്ടായി. ദേവകനായിരുന്നു ജ്യേഷ്ഠനെങ്കിലും പിതാവിന്റെ മരണശേഷം അനിയനായ ഉഗ്രസേനനാണ് രാജാവായിത്തീർന്നത്.

ഉഗ്രസേനന് ഒൻപത് പുത്രന്മാരും അഞ്ച് പുത്രിമാരും ഉണ്ടായി. മൂത്തവന് കംസൻ എന്നായിരുന്നു നാമധേയം. ഉഗ്രസേനന്റെ ബന്ധുവും മിത്രവുമായ ശൂരസേനൻ മഥുരാപുരിയിൽ ഉൾപ്പെട്ട ഒരു ചെറിയ രാജ്യത്തിന്റെ അധിപനായിരുന്നു. ഉഗ്രസേനനും കംസനും കൂടി ശൂരസേനനെ തോൽ‌പ്പിച്ച് ആ രാജ്യം കൂടി കൈവശപ്പെടുത്തിയെങ്കിലും അവർ തമ്മിൽ വളരെ ര‌മ്യതയിലും മൈത്രിയിലും കഴിഞ്ഞുവന്നു. മാത്രമല്ല, ഒരു മന്നവന് യോജിച്ച എല്ലാ പദവിയും ശൂരസേനന് രാജാങ്കണത്തിലും ഉഗ്രസേനൻ അനുവദിച്ചും കൊടുത്തിരുന്നു.

ശൂരസേനന് തന്റെ രണ്ടാമത്തെ പത്നിയായ മരീഷയിൽ ഒൻപത് പുത്രന്മാരും അഞ്ച് പുത്രിമാരും ജാതരായി. ഇതിൽ ഏറ്റവും മൂത്ത പുത്രനായിരുന്നു വസുദേവൻ (വാസുദേവനല്ല). ശൂരസേനന്റെ പെണ്മക്കളിൽ ഒരുവളായ പൃഥയെ അദ്ദേഹം മക്കളില്ലാതിരുന്ന കുന്തിഭോജരാജാവിന് ദത്തുപുത്രിയായി നൽകി. കുന്തിഭോജനാൽ വളർത്തപ്പെട്ടതുകൊണ്ട് ആ കുട്ടിക്ക് പിന്നീട് കുന്തി എന്ന നാമധേയം സിദ്ധിച്ചു. കാലാന്തരത്തിൽ അവളെ ഹസ്തിനപുരം രാജാവായ പാണ്ഡു പാണിഗ്രഹണം ചെയ്തു. ഈ കുന്തിയുടെ മക്കളാണ് വിഖ്യാതരായ പഞ്ചപാണ്ഡവന്മാർ.

ഉഗ്രസേനന്റെ ജ്യേഷ്ഠനായ ദേവകന് നാല് പുത്രന്മാരും ശ്രുതദേവി, ശാന്തിദേവി, ശ്രീദേവി, ദേവകി തുടങ്ങിയ ഏഴ് പുത്രിമാരും ഉണ്ടായി.
ഈ ഏഴു പുത്രിമാരെയും വസുദേവർ കല്യാണം കഴിച്ചു. ഇവരെ കൂടാതെ വസുദേവർക്ക് രോഹിണി, ഇള, രോചന തുടങ്ങിയ വേറൊരു ഏഴു പേർ കൂടി പത്നിമാരായി ഉണ്ടായിരുന്നു. ഈ പതിനാല് ഭാര്യമാരിൽ ഏറ്റവും ഇളയവളായിരുന്നു ദേവകി. ഇവരിൽ എല്ലാവരിലും കൂടി പത്തുമുപ്പത്തിരണ്ട് കുട്ട്യോളേം ഉണ്ടാക്കീ പാവം വസുദേവർ. ഇതിൽ രോഹിണിയിലുണ്ടായ ചെക്കനാണ് ബലഭദ്രൻ.

ഉഗ്രസേനന്റെ മകനായ കംസൻ മഗധരാജ്യാധിപനായ ജരാസന്ധന്റെ രണ്ട് പുത്രിമാരെയാണ് വിവാഹം കഴിച്ചത്. കംസന്റെ അഞ്ച് സഹോദരിമാരെ വസുദേവന്റെ അനുജന്മാരും വിവാഹം ചെയ്തു. ഇങ്ങനെ വല്യ പ്രശ്നങ്ങളൊന്നുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും കല്യാണവും കഴിച്ച്, തോരത്തോരെ പുള്ളങ്ങളേം ഉത്പാദിപ്പിച്ച്, അടിച്ച്പൊളിച്ച് ജീവിച്ച്പോരുന്ന സമയത്താണ്, കശ്മലനായ കംസൻ തന്റെ സ്വന്തം തന്തയെ കസേരേന്ന് പിടിച്ച് താഴത്തിരുത്തി അതിൽ തന്നെത്തന്നെ പ്രതിഷ്ഠിച്ച്, മഥുരാപുരിമന്നനായി വാഴാൻ തുടങ്ങിയത്. എന്തിന് കംസനെ മാത്രം പറയുന്നു. ഭൂമി മുഴുവൻ കശ്മലന്മാരായ രാജാക്കന്മാരെക്കൊണ്ട് നിറഞ്ഞു. രാജാക്കന്മാര് മാത്രമോ? പ്രജകളും എല്ലാം അധർമികളായിത്തീർന്നു. ദ്വാപരയുഗം അതിന്റെ അന്ത്യഘട്ടത്തിലേക്ക് അടുക്കും‌തോറും ദുഷ്ടന്മാരുടെ ഭാരം കൊണ്ട് ഭൂമിദേവിയ്ക്ക് സഹിക്കാൻ വയ്യാത്ത സ്ഥിതിയായി. പാവം ദേവി ഒരു പശുവിന്റെ രൂപം പ്രാപിച്ച് നേരേ ബ്രഹ്മദേവന്റെ അടുത്തെത്തി തനിക്ക് സങ്കടനിവൃത്തി ഉണ്ടാക്കിത്തരണമെന്ന് പ്രാർഥിച്ചു. നാരദാദി ബ്രഹ്മർഷിമുഖ്യരും വിവരമറിഞ്ഞ് അവിടെയെത്തി. പതിവുപോലെ എല്ലാരുംകൂടി കൈലാസത്തിലെത്തുകയും പരമശിവനെ തൃക്കൺപാർത്ത് സങ്കടം ആവർത്തിക്കുകയും ചെയ്തു. ശിവനും പതിവ് തെറ്റിക്കാതെ ജാഥയിൽ ചേരുകയും എല്ലാരുംകൂടി വൈകുണ്ഠത്തിലേയ്ക്ക് വെച്ചുപിടിക്കുകയും ചെയ്തുവെന്ന് പിന്നെ പ്രത്യേകം പറയണ്ടല്ലോ.

ഭൂമിദേവിയുടെ ഭാരം തീർക്കാനും ധർമം സ്ഥാപിച്ച് ലോകരക്ഷ ചെയ്യുവാനുമായി താൻ യഥാകാലം മഥുരാപുരിയിൽ വസുദേവരുടെ പുത്രനായി ദേവകിയുടെ ഗർഭത്തിൽ തന്റെ സമ്പൂർണ്ണകലകളോടെ അവതരിക്കുമെന്നും ഒപ്പം വിഷ്ണുമായ അമ്പാടിയിൽ യശോദയുടെ പുത്രിയായും തൽ‌പ്പമായ അനന്തൻ തന്റെ ജ്യേഷ്ഠനായും അവതരിക്കുമെന്നും വൈകുണ്ഠനാഥൻ അരുളിച്ചെയ്തു. തന്നിൽ ഭക്തിയുള്ള ദേവന്മാർക്കെല്ലാം യാദവന്മാരായും ഗോപകുമാരന്മാരുമായും ജനിക്കാമെന്നും, അതുപോലെ ദേവാം‌ഗനമാർക്കെല്ലാം ഗോപസ്ത്രീകളായി പിറക്കാമെന്നും അതിനുള്ള ഏർപ്പാടുകൾ ബ്രഹ്മാവ്‌ ചെയ്തുകൊള്ളും എന്നും ശ്രീഹരി അരുളിച്ചെയ്തതുകേട്ട് എല്ലാരും ആത്യാനന്ദത്തോടെ സ്ഥലം കാലിയാക്കി.

അങ്ങനെ ഭഗവാന്റെ ഒൻപതാമത്തെ അവതാരത്തിനു മുന്നോടിയായി മുൻ‌ചൊന്ന ദേവന്മാരും ദേവിമാരുമെല്ലാം മാനുഷരായി യഥായോഗ്യം ഭൂജാതരായി. താമസംവിനാ അവതാരത്തിനുള്ള സമയവും സംജാതമായി. മഥുരാപുരിയിൽ ദേവകന്റെ ഇളയ പുത്രിയായ ദേവകിയാണെങ്കിൽ പുരനിറഞ്ഞ് നിൽക്കുകയായിരുന്നു ഈ സമയം. അവളുടെ കല്യാണം അത്യാഡംബരപൂർണ്ണം നടത്തുവാൻതന്നെ കംസൻ തീരുമാനിച്ചു. തന്റെ വല്യച്ഛന്റെ പുത്രിയായതിനാൽ തന്റെ തന്നെ സഹോദരിയാണല്ലൊ ദേവകി. വരനായി അവളുടെ മുകളിലുള്ള ആറെണ്ണത്തിനേം വേറേ ഒരു ഏഴെണ്ണത്തിനേം ആയി ആകെ പതിമൂന്ന് കെട്ടിയിട്ടുള്ള വസുദേവരെയും നിശ്ചയിച്ചു. ഭോജരാജാവിന്റെ ധാടിക്കും മോടിക്കും പ്രതാപത്തിനും അനുസരിച്ച്  കൊച്ചനിയത്തിയുടെ വിവാഹം കെങ്കേമമായിത്തന്നെ നടത്തി കംസൻ. മാത്രമല്ല, വധുവിനെ വരന്റെ വീട്ടിലേയ്ക്ക് ആനയിക്കുന്നത് തന്റെ സ്വർണ്ണാങ്കിതമായ രാജകീയരഥത്തിലായിരിക്കുമെന്നും അത് തെളിക്കുന്നത് താൻ തന്നെയായിരിക്കുമെന്നും അനൌൺ‌സ്‌ ചെയ്ത് ഡ്രൈവിങ്ങ് സീറ്റിലേയ്ക്ക് ചാടിക്കയറുകയും ചെയ്തു മഹാരാജാവ്‌! അങ്ങനെ സമം‌ഗളം ആ ഘോഷയാത്ര പോകുന്നതിനിടയിലാണ് “ഹേ, ദുഷ്ടനായ കംസാ, നിന്റെ ഈ സഹോദരി പെറ്റുണ്ടാകുന്ന എട്ടാമത്തെ പുത്രൻ നിന്നെ വധിക്കും” എന്നൊരു അശരീരി ഉണ്ടായത്.

ദേണ്ടെ കിടക്കുന്നു! കംസന്റെ കുരു പൊട്ടി. അല്ല ഇങ്ങനെയൊരു അശരീരി കേട്ടിട്ട് ആരുടെയെങ്കിലും കുരു പൊട്ടിയില്ലെങ്കിലല്ലേ അദ്ഭുതമുള്ളു. ‘എന്ത് പെങ്ങള്; ഏത് പെങ്ങള്? ഇവളെ കൊന്ന് കുഴിച്ചിട്ടിട്ടേ വേറേ കാര്യമുള്ളൂ‘ എന്നും പറഞ്ഞ് കംസൻ ദേവകിയുടെ മുടിയ്ക്ക് കുത്തിപ്പിടിച്ച് കഴുത്ത് വെട്ടാൻ വാളോങ്ങി. വസുദേവരു് ആവുന്ന ഡയലോഗൊക്കെ അടിച്ചുനോക്കിയെങ്കിലും രക്ഷയില്ല, ദേവകീടെ ആപ്പീസ് പൂട്ടി എന്ന മട്ടായി. അപ്പോഴാണ് വസുദേവര് അവസാനത്തെ ലോപോയിന്റ് പ്രയോഗിച്ചു നോക്കിയത്: ‘എന്റെ പൊന്നളിയാ, ഇവളുടെ എട്ടാമത്തെ പുത്രൻ ചേട്ടനെ വധിക്കുമെന്നല്ലേ പറഞ്ഞത്; എട്ടാക്കണ്ട, എല്ലാത്തിനേം പ്രസവിച്ച ഉടനെ ഞാൻ തന്നെ കൊണ്ടുവന്നു തന്നോളാം, ചേട്ടൻ കൊല്ല്വോ തിന്ന്വോ എന്താ വേണ്ടേച്ചാ ആയിക്കോ‘. എന്നാ പിന്നെ അങ്ങനാവട്ടേന്നും വെച്ച് കംസൻ പിടി വിട്ടു. വസുദേവരുടെ ശ്വാസം നേരേ വീണു.

മാസങ്ങൾ ഏതാനും കഴിഞ്ഞപ്പോൾ ദേവകി ഗർഭം ധരിച്ചു. യഥാകാലം അവളൊരു ആൺകുഞ്ഞിനെ പ്രസവിച്ചു. ‘വാക്കുപറഞ്ഞാ വാക്കായിരിക്കണോല്ലോ’ന്നും പറഞ്ഞ് വസുദേവർ കുഞ്ഞിനേയുമെടുത്ത് രാജധാനിയിലെത്തി. അളിയന്റെ സത്യസന്ധതയിൽ സന്തുഷ്ടനായ മഹാരാജാവ് കുഞ്ഞിനെ അളിയനുതന്നെ തിരിച്ചു കൊടുത്തിട്ട് ഇങ്ങനൊരു ഡയലോഗും കാച്ചി: ‘ലവൾടെ എട്ടാമത്തെ ചെക്കനല്ലേ എന്നെ തട്ട്വൊള്ളൂ, പിന്നെ ഞാനെന്തിന് ഈ ക്ടാവിനെ തട്ടണം? അതുകൊണ്ട് അളിയൻ തന്നെ ഈ ക്ടാവിനെ കൊണ്ട്വോയി സന്തോഷായിട്ടങ്ങട്ട് വളത്ത്വാ’. സന്തോഷായ വസുദേവൻ കൊച്ചിനേം കൊണ്ട്, ചങ്ക് പൊട്ടി കിടന്ന് നെലോളിക്കുവായിരുന്ന ദേവകീടെ അടുത്തെത്തി. രണ്ടുപേരും കൂടി ആനന്ദനൃത്തമാടുകയും അനന്തരം യദുകുലാചാര്യനായ ഗർഗ്ഗമുനിയെ വരുത്തി ശിശുവിന് കീർത്തിമാൻ എന്ന്‌ നാമകരണം ചെയ്യിക്കുകയും ചെയ്തു.

ഏതാനും ദിവസം കഴിഞ്ഞപ്പോൾ നാരദൻ കംസരാജധാനിയിലെത്തി. ഉപചാരങ്ങൾക്ക് ശേഷം മഹർഷി രാജാവിനോട് ചോദിച്ചു: ‘അല്ലാ, മഹാരാജൻ, അങ്ങയുടെ തലയ്ക്ക് വല്ല പ്രശ്നോം ഒണ്ടോ? ബോധം ഉള്ള ആരെങ്കിലും ചെയ്യുന്ന പണിയാണോ അങ്ങീ കാണിച്ചത്? അശരീരീല് എട്ടാമത്തേതെന്ന് കേട്ടൂന്ന്‌ വെച്ച് അതിപ്പൊ എട്ടാമത്തെ തന്നെയാവണംന്ന് വല്ല ഉറപ്പും ഉണ്ടോ? അതുമല്ല ഇനി എട്ടാമത്തവൻ തന്നെയാണെങ്കിൽ‌പ്പോലും ബാക്കി ഏഴും അവന് സൈഡായിരിക്കില്ലേ? കഷ്ടം’! സംഗതി ശരിയാണെന്ന് കംസനും തോന്നി. പിന്നൊക്കെ പെട്ടന്നായിരുന്നു. ആശാൻ  നേരേ ദേവകിയുടെ മുറിയിലേക്ക് പാഞ്ഞ് ചെന്ന്, അവിടെ തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന പിഞ്ച് പൈതലിനെ കാലിൽപിടിച്ച്  തൂക്കിയെടുത്ത് തല ഒരു പാറമേലടിച്ച് കൊന്നുകളഞ്ഞു!  മാത്രമല്ല, ദേവകീവസുദേവന്മാരെ ചങ്ങലയിട്ടു പൂട്ടി കാരാഗൃഹത്തിലുമാക്കി.

എന്ത് ചങ്ങല; ഏത് കാരാഗൃഹം? പതിനെട്ട് മാസം ഇടവിട്ട് ദേവകി എന്നിട്ടും അഞ്ച് പുത്രന്മാരെക്കൂടി പെറ്റു. കംസൻ അഞ്ചിനേയും യഥാകാലം പഴേപോലെതന്നെ തല പാറമേലടിച്ച് കൊല്ലുകയും ചെയ്തു. മാത്രമല്ല, ഉപദേശിക്കാൻ ചെന്ന സ്വന്തം പിതാവായ ഉഗ്രസേനനെക്കൂടി കാരാഗൃഹത്തിൽ അടക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ദേവകിയ്ക്ക് ഏഴാമതും ഗർഭമായി. ഭഗവാൻ അവതരിക്കുന്നതിന് മുൻപ് ജനിക്കേണ്ടിയിരുന്ന അനന്തന്റെ അംശമായിരുന്നു ആ ശിശു. ആ ശിശുവിനെ ഭഗവാന്റെ നിർദ്ദേശാനുസരണം ലക്ഷ്മീദേവി ദേവകിയുടെ ഗർഭത്തിൽനിന്ന്‌ ആകർഷിച്ച്, വസുദേവരുടെ മറ്റൊരു ഭാര്യയായിരുന്ന രോഹിണിയുടെ ഗർഭത്തിൽ നിക്ഷേപിച്ചു (അഞ്ചെട്ട് കൊല്ലമായി ചങ്ങലയിൽ ബന്ധിതനായി മഥുരാപുരിയിലെ കാരാഗൃഹത്തിൽ കഴിയുന്ന വസുദേവരുടെ, അമ്പാടിയിൽ കഴിയുന്ന മറ്റേ ഭാര്യ രോഹിണി എങ്ങനെയാ മാഷേ ഗർഭിണിയായത് എന്നൊന്നും ചോദിച്ചേക്കരുത്; അഥണ് ഭഗവാന്റെ മായ…..). എന്നിട്ട്, ഭഗവാന്റെതന്നെ ആവശ്യപ്രകാരം ഗോപവനിതയായ യശോദയുടെ ഉദരകന്ദരത്തിൽ അവളുടെ പുത്രിയായി പിറക്കുവാൻ വേണ്ടി നിഗൂഢം പ്രവേശിച്ചു. അതോടെ ഏഴാം മാസത്തിൽ ദേവകിയുടെ ഗർഭം ഛിദ്രിച്ചുപോയി എന്ന വാർത്ത എല്ലായിടവും പരക്കുകയും സംഭവം കംസന്റെ കാതിലും എത്തുകയും ചെയ്തു.

ദേവകി എട്ടാമതും ഗർഭം ധരിച്ചു. ആ ദിവ്യഗർഭം പൂർത്തിയാവുന്ന പുണ്യമുഹൂർത്തവും വന്നുചേർന്നു. പാർവതീസമേതം പരമശിവനും; സരസ്വതീസമേതം ബ്രഹ്മദേവനും; ഇന്ദ്രാദി മുപ്പത്തിമുക്കോടി ദേവന്മാരും; അറുപത്തിനാലായിരം യക്ഷഗന്ധർവകിമ്പുരുഷന്മാരും; അപ്സരസ്ത്രീകളും; പ്രഹ്ലാദൻ, മഹാബലി തുടങ്ങിയ ഭക്തദാനവരും; അത്രി, പുലഹൻ, ക്രതു തുടങ്ങിയ സപ്തർഷിമാരും; നാരദാദി ബ്രഹ്മർഷികളും; ബൃഹസ്പതി, ഭൃഗു തുടങ്ങിയ ആചാര്യന്മാരുമെല്ലാംതന്നെ ആ പുണ്യമുഹൂർത്തത്തിനു സാക്ഷ്യം വഹിക്കുവാനായി ആകാശത്തിൽ നിരന്നുനിന്ന് സ്പെയ്സില് മൊത്തം ട്രാഫിക്ബ്ലോക്കാക്കി. ശ്രാവണമാസത്തിലെ കറുത്തപക്ഷത്തിൽ, അഷ്ടമിയും രോഹിണിയും ചേരുന്ന ദിവസം, ബുധനാഴ്ച്ച രാത്രി, ഇടവ ലഗ്നത്തിൽ, സാക്ഷാൽ ശ്രീനാരായണൻ ദേവകിയുടെ ദിവ്യഗർഭത്തിൽനിന്നും തിരുവവതാരം ചെയ്തപ്പോൾ വാനവർ ദേവദുന്ദുഭികളാലപിക്കുകയും അപ്സരസ്സുകൾ ആനന്ദനൃത്തമാടുകയും ഒക്കെ ചെയ്തു. തദവസരത്തിൽ ദേവകീവസുദേവന്മാരുടെ കൈകാലുകൾ ബന്ധിച്ചിരുന്ന ചങ്ങലകൾ സ്വയം പൊട്ടിയകന്നു. പുറത്താകട്ടെ, ഇടിയോടും മിന്നലോടും കൂടിയ പെരുമഴയും പെയ്യുന്നുണ്ടായിരുന്നു. താൻ ജന്മം നൽകിയ പൂമ്പൈതലിനെ എടുക്കുവാനായി ദേവകി കൈ നീട്ടിയപ്പോൾ, പെട്ടന്ന് ആ ശിശു, “ശംഖുചക്രഗദാപദ്മങ്ങളണിഞ്ഞ നാല് തൃക്കൈകളോടും, മിന്നിത്തിളങ്ങുന്ന മണിരത്നകിരീടത്തോടും, ഗണ്ഡമണ്ഡലശോഭിതങ്ങളായ മകരകുണ്ഡലങ്ങളോടും, ശ്രീവത്സാങ്കിത തിരുവക്ഷസ്സോടും, കൌസ്തുഭരത്നഹാരത്തോടും, തരിവളകടകംകാഞ്ചി തുടങ്ങിയ വിഭൂഷകളോടും, കായാമ്പൂനിറം കവർന്ന കമനീയ കളേബരത്തോടും, മന്ദഹാസാഞ്ചിതമായ മുഗ്ദ്ധാധരശോഭയോടും, ചെന്താമരദളസന്നിഭകോമളനയനങ്ങളോടും, കരുണാമൃതംചൊരിയുന്ന മൃദുലവീക്ഷണത്തോടും, പീതാംബരം ചുറ്റിയുടുത്ത അഴകിയന്ന അരക്കെട്ടോടും, കിങ്ങിണിജാലം കിലുങ്ങുന്ന തൃക്കാലുകളോടും കൂടിയ തന്റെ വിശ്വരൂപം“ ആദ്യമായി മാതാപിതാക്കൾക്ക് കാണിച്ചുകൊടുക്കുകയും തന്റെ അവതാരോദ്ദേശം വെളിപ്പെടുത്തുകയും ചെയ്തു. താൻ തന്റെ വിശ്വരൂപം തിരിച്ചെടുത്ത് പഴയപടി ഒരു ശിശുവിന്റെ രൂപം ഇപ്പോൾ സ്വീകരിക്കുമെന്നും അപ്പോൾ അച്ഛൻ തന്നെയുമെടുത്ത് അമ്പാടിയിലേക്ക് പോകണമെന്നും മഹാവിഷ്ണു വസുദേവരോട് ആവശ്യപ്പെട്ടു. അവിടെ നന്ദഗോപന്റെ ഗൃഹത്തിൽ അദ്ദേഹത്തിന്റെ ഭാര്യ യശോദ അപ്പോഴത്തേക്ക് ഒരു പെൺകുട്ടിയെ പ്രസവിച്ചിട്ടുണ്ടാകുമെന്നും, ആ പെൺപൈതലിന്റെ സ്ഥാനത്ത് തന്നെ കിടത്തിയിട്ട് ആ പെൺകുട്ടിയെ എടുത്തുകൊണ്ട് വന്ന് ദേവകിയുടെ അടുത്ത് കിടത്തണമെന്നും ശ്രീനാരായണൻ ആവശ്യപ്പെട്ടു. അച്ഛൻ തിരിച്ച് വരുന്നതുവരെ ഇതൊന്നും കാവൽക്കാർപോലും അറിയില്ലെന്നും ഭഗവാൻ വസുദേവരെ അറിയിച്ചു.

പറഞ്ഞതുപോലെതന്നെ ഭഗവാൻ വീണ്ടും ശിശുവിന്റെ ആകൃതി സ്വീകരിച്ച് താഴെക്കിടന്ന് കൈകാലിട്ടടിക്കാൻ തുടങ്ങി. ആനന്ദബാഷ്പത്താൽ ശരീരമാകെ നനഞ്ഞിരുന്ന ദേവകി തന്റെ പൊൻപൈതലിനെ വാരിപ്പുണർന്ന് പ്രിയതമന്റെ കൈയ്യിൽ കൊടുത്ത് യാത്രയാക്കി. എന്തതിശയം! കാരാഗൃഹത്തിന്റെ വാതിലൊക്കെ മലർക്കെ തുറന്നു കിടക്കുന്നു. കാവൽക്കാരോ, കൂർക്കം വലിച്ച് ഉറക്കവും. ആപ്പോഴും പുറത്ത് ഇടിവെട്ടോടുകൂടിയ മഴ പെയ്യുന്നുണ്ട്. ആദിശേഷൻ തന്റെ ഫണം വിടർത്തി വസുദേവരുടെ നെഞ്ചത്ത് പറ്റിച്ചേർന്നു കിടക്കുന്ന അദ്ഭുത ശിശുവിന് കുടയൊരുക്കി. ഇന്ദ്രൻ മിന്നലുകൾ കൊണ്ട് അവർക്ക് വഴി കാണിച്ചു. കൂലംകുത്തിയൊഴുകുന്ന കാളിന്ദി ജലത്തെ രണ്ടുവശത്തേക്കും പിൻ‌വലിച്ച്  അവർക്ക് പുഴയുടെ നടുവിലൂടെ നടക്കാൻ വഴിയുണ്ടാക്കിക്കൊടുത്തു. അങ്ങനെ വസുദേവർ അതിവേഗം നടന്ന് അമ്പാടിയിലെത്തി. അവിടെയാണെങ്കിലോ, എല്ലാവരും വിഷ്ണുമായാവൈഭവത്താൽ ബോധംകെട്ടുറങ്ങുന്നു. ഗാഢനിദ്രയിലായിരുന്ന യശോദ ഉറക്കത്തിനിടയിൽ താൻ പ്രസവിച്ച കാര്യം പോലും അറിയാതെ കൂർക്കം വലിച്ചുറങ്ങുന്നു. (ഉറക്കത്തിനിടയിൽ അറിയാതെ പ്രസവമോ എന്നൊന്നും ചോദിക്കല്ലേ……പ്ലീസ്). അഞ്ചാറ് ഉമ്മയൊക്കെ കൊടുത്ത്, വസുദേവർ തന്റെ കുഞ്ഞിനെ യശോദയുടെ അടുത്ത് കിടത്തിയിട്ട്, പകരം യശോദ പ്രസവിച്ച പെൺകുഞ്ഞുമായി തിരികെ വന്ന വഴി യാത്രയായി. വേഗം തിരികെ നടന്ന് അദ്ദേഹം കാരാഗൃഹത്തിന്റെ അകത്തു പ്രവേശിച്ച് കുഞ്ഞിനെ ദേവകിയുടെ അരികിൽ കിടത്തിയതും ഇരുമ്പ് ചങ്ങലകൾ താനേ വന്ന് അദ്ദേഹത്തിന്റെ കൈകാലുകൾ ബന്ധിക്കുകയും കാരാഗൃഹവാതിലുകൾ താനേ അടയുകയും ചെയ്തു. എല്ലാം പഴയപടി.

തൽക്ഷണം, തന്റെ ജനനം അറിയിക്കാനെന്നവണ്ണം ആ പെൺകുഞ്ഞ് അത്യുച്ചത്തിൽ കരയാൻ തുടങ്ങി. കവൽക്കാർ ഞെട്ടിയുണർന്ന് വിവരം കൊട്ടാരത്തിലറിയിക്കാനായി ഓടി. കംസൻ പാഞ്ഞ് കാരാഗൃഹത്തിലെത്തി. ‘താൻ പ്രസവിച്ചത് പെൺകുഞ്ഞാണെ‘ന്ന വാദമൊക്കെ കയ്യിലിരിക്കട്ടെ എന്നു പറഞ്ഞ്, ദേവകിയുടെ കയ്യിൽനിന്ന് ബലാൽക്കാരേണ കുഞ്ഞിനെ പിടിച്ചുവാങ്ങി, തറയിലടിച്ച് കൊല്ലാനായി കാലിൽ പിടിച്ച് കംസൻ മേൽ‌പ്പോട്ടുയർത്തി. പക്ഷെ, അദ്ഭുതമെന്നല്ലാതെ എന്തു പറയാൻ. കുഞ്ഞ് കംസന്റെ കൈയ്യിൽനിന്നും വഴുതി ആകാശത്തിലേക്ക് പൊങ്ങിപ്പോയി. മുകളിലേയ്ക്ക് നോക്കിയ കംസൻ കണ്ടത് പക്ഷെ, തന്റെ കൈയ്യിൽനിന്നും തെന്നിപ്പോയ പൈതലിനെ അല്ല; മറിച്ച് ഖഡ്ഗചാപബാണങ്ങൾ കൈയ്യിലേന്തിയ സാക്ഷാൽ ദുർഗ്ഗയെയാണ്. ആ ദേവി കംസനെ നോക്കി ഇങ്ങനെ പറയുകയും ചെയ്തു: ‘ഹേ ദുഷ്ടാ, മരണത്തിൽനിന്നു രക്ഷപെടാൻ നീ എന്തു ചെയ്തിട്ടും പ്രയോജനമില്ല. നിന്നെ വധിക്കാനുള്ള പൈതൽ എന്നോടൊപ്പം ഭൂമിയിൽ ജനിച്ചു കഴിഞ്ഞിരിക്കുന്നു. ഏതായാലും എന്റെ കാലുപിടിച്ചതുകൊണ്ട് നിന്നെ ഞാൻ വെറുതെവിടുന്നു’. ഇത്രയും പറഞ്ഞ് ദേവി അംബരമധ്യത്തിൽ അന്തർദ്ധാനം ചെയ്യുകയും ചെയ്തു. അതോടെ കംസന്റെ സർവ മനസ്സമാധാനവും പോയി. തന്നെ വധിക്കാനുള്ളവൻ ജനിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഇനി അവനെ കണ്ടുപിടിച്ച് അവന്റെ ചീട്ട് കീറുകയല്ലാതെ വേറെന്തു ചെയ്യാൻ? അതൊക്കെ മെനക്കേടായ സ്ഥിതിക്ക് കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ജനിച്ച എല്ലാ പുള്ളങ്ങളേം തട്ടുകയാണ് ഭേദമെന്ന് കംസന് തോന്നി. അതിനായി പൂതന ഉൾപ്പെടെയുള്ള മായാവികളെ ഏർപ്പാടാക്കുകയും ചെയ്തു കശ്മലൻ.

വസുദേവർ കൊച്ചിനെ സ്വിച്ച് ചെയ്ത് സ്ഥലം വിട്ട ഉടൻ അമ്പാടിയിൽ യശോദയുടെ അടുത്ത് കിടക്കുന്ന ആൺകൊച്ചും വല്യവായിൽ കീച്ചാൻ തുടങ്ങി. അതുകേട്ട് യശോദയും പരിചാരികമാരും ഞെട്ടിയുണർന്നു. എന്തദ്ഭുതം! നന്ദപത്നിയുടെ വയറൊഴിഞ്ഞിരിക്കുന്നു. ഒരുറുമ്പ് കടിക്കുന്ന വേദന പോലുമില്ലാതെ! അതും കാർമേഘവർണ്ണത്തിലുള്ള ഒരു മൊഞ്ചനെ! കംസനെ ഭയന്ന് വസുദേവർ തന്റെ മറ്റൊരു ഭാര്യയായ രോഹിണിയെയും നേരത്തേതന്നെ അമ്പാടിയിൽ നന്ദഗോപരുടെ സംരക്ഷണത്തിലാക്കിയിരുന്നു. ദേവകിയുടെ ഗർഭത്തിൽനിന്ന് ഏഴാം മാസം ആകർഷിച്ച് ഈ രോഹിണിയുടെ ഗർഭത്തിൽ നിക്ഷേപിച്ചിരുന്ന ശിശുവും ഇതിനിടയിൽ അമ്പാടിയിൽ ജനിച്ചിരുന്നു. യഥാകാലം യദുകുലാചാര്യനായ ഗർഗ്ഗമുനിയെ വരുത്തി രണ്ട് കുട്ടികളുടേയും നാമകരണവും നടത്തി നന്ദഗോപൻ. രോഹിണിയുടെ ഉണ്ണിക്ക് രാമനെന്ന് പേരിട്ട മുനി, ആ ശിശു അമിത ബലവാനായി ഭവിക്കും എന്നു കണ്ട് അവന് ബലഭദ്രനെന്ന് മറ്റൊരു പേരും നൽകി. ശ്യാമളകോമളനായ യശോദയുടെ പൈതലിനാകട്ടെ, കൃഷ്ണൻ എന്നാണ് പേരിട്ടതെങ്കിലും, വസുദേവർ തന്റെ പുത്രഭാവത്തിൽ അവനെപ്പറ്റി ചിന്തിച്ചതുകൊണ്ട് വാസുദേവൻ എന്ന മറ്റൊരു പേരും, ആകർഷണീയമായ കണ്ണുകളുള്ളതുകൊണ്ട് കണ്ണൻ എന്നൊരു ഓമനപ്പേരുംകൂടി നൽകി മുനിവരൻ.

ഈ അവതാരത്തിന്റെ ഇനിയുള്ള അദ്ഭുതലീലകൾ വിസ്തരിക്കാൻ ഞാൻ തീരെ അശക്തനാണ്. പൊക്കിൾക്കൊടി ഉണങ്ങുന്നതിനു മുൻ‌പുതന്നെ പൂതനയുടെ ചീട്ട് കീറി. മൂന്ന് മാസം തികഞ്ഞ ദിവസം തന്നെ ശകടാസുരന്റെ പണിക്കുറ്റം തീർത്തു. മുലകുടി മാറുന്നതിനു മുമ്പ് തന്നെ തൃണാവർത്തനെ തൃണമാക്കി, കോട്ടുവായിട്ട കുഞ്ഞുവായിൽ യശോദയ്ക്ക് പതിനാല് ഉലകവും കാണിച്ച് കൊടുത്തു. പിഞ്ചുബാലനായിരിക്കുമ്പോൾതന്നെ നാരദശാപത്താൽ മരുതുമരമായി നിന്നിരുന്ന കുബേരപുത്രന്മാർക്ക് ഉരൽ ഉരച്ച് മോക്ഷം കൊടുത്തു, വത്സാസുരനെയും പൂതനയുടെ സഹോദരൻ ബകാസുരനെയും കാലപുരിക്കയച്ചു. അഞ്ചാം വയസ്സിൽ അഘാസുരന്റെ ആപ്പീസ് പൂട്ടി, വത്സസ്തേയം നടത്തി. ഏഴാം വയസ്സിൽ കാളിയനെ കളി പഠിപ്പിച്ചു, ഗോവർദ്ധനപർവതം ഒറ്റക്കൈയ്യിൽ പൊക്കിപ്പിടിച്ച് ഏഴു ദിവസം ഒരൊറ്റനിൽ‌പ്പ് നിന്നു; അതും മറ്റേ കൈ കൊണ്ട് ഓടക്കുഴലും വായിച്ച്! ഏഴാം വയസ്സിൽതന്നെ വൃന്ദാവനത്തിലെ മനോഹരാം‌ഗികളുമൊത്ത് ഒരു രാത്രി മുഴുവൻ യമുനാതീരത്ത് രാസക്രീഡ നടത്തി. പത്തു വയസ്സ് തികയുന്നതിന് മുൻപ് തന്റെ പ്രധാന അവതാരോദ്ദേശം പൂർത്തിയാക്കാനായി കംസനെ നിഗ്രഹിച്ചു. യൌവനത്തോടെ എട്ടെണ്ണത്തിനെ കെട്ടി; കൂടാതെ, നരകാസുരന്റെ ബന്ധനത്തിൽ കിടന്നിരുന്ന പതിനാറായിരം കന്യകമാരെ സ്വീകരിച്ചു; ഓരോന്നിലും പതിപ്പത്ത് മക്കളെയും ഉത്പാദിപ്പിച്ചു…….. ഇങ്ങനെ പോകുന്നു അദ്ഭുതാവതാരകഥകൾ.

വായനയുടെ രീതിശാസ്ത്രം

രാപ്പകൽ‘ എന്ന മലയാള സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന നായകകഥാപാത്രമുണ്ട്. ഔപചാരികവിദ്യാഭ്യാസം കാര്യമായൊന്നും ലഭിയ്ക്കാത്ത, നാട്ടുമ്പുറത്തെ ഒരു നായർ തറവാട്ടിലെ കാര്യസ്ഥപ്പണി ചെയ്യുന്ന ഈ കഥാപാത്രം, തനിക്കറിയാവുന്ന അക്ഷരങ്ങളുപയോഗിച്ചാണ് തറവാട്ടിലെ വരവുചിലവു കണക്കുകൾ എഴുതി സൂക്ഷിക്കുന്നത്. വല്ലപ്പോഴുമൊരിയ്ക്കൽ അന്യനാട്ടിൽനിന്നും വരുന്ന പരിഷ്കാരികളായ കുടുംബാം‌ഗങ്ങൾ ഈ ഭാഷ വായിച്ച് ചിരിക്കുമ്പോൾ ഇയാൾ പറയുന്ന ഒരു ഡയലോഗുണ്ട്: ‘അതങ്ങനെയാ എഴുതിയേക്കുന്നേങ്കിലും വായിക്കേണ്ടത് അങ്ങനെയല്ലാ’. ഈ കഥാപാത്രം പറയുന്നതു പോലെയാണ് പുരാണപ്രയോക്താക്കളും പലപ്പോഴും പറയാറുള്ളത്. പുരാണങ്ങളിലെ ഓരോ കഥാപാത്രവും ഓരോ സംഭവവിവരണവും അതിഗഹനമായ ഏതൊക്കെയോ തത്ത്വങ്ങളെ പ്രതിനിധീകരിക്കുന്നു എന്നും അതുകൊണ്ട് തന്നെ പ്രത്യക്ഷത്തിലെ കാഴ്ചകൾക്ക് പുറകിലെ ഈ കാണാക്കാഴ്ചകളാണ് നമ്മൾ വായിച്ചെടുക്കേണ്ടതെന്നുമാണവർ വാദിക്കുന്നത്. ഒരിയ്ക്കലും നേരേ മൂക്കിൽ പിടിക്കരുത്, തലയ്ക്കു പുറകിലൂടെ കൈയ്യെടുത്ത് മാത്രമേ അംങ്ങനെ ചെയ്യാവൂ എന്നു പറയുന്നതു പോലെ!

കുറച്ചുകൂടി വിശദമാക്കാം. പുരാണപ്രസിദ്ധമായ വിഷ്ണുരൂപം സങ്കൽ‌പ്പിക്കുക – ശം‌ഖചക്രഗദാപദ്മധാരികളായ നാലു തൃക്കൈകളോടുകൂടിയ, പീതാംബരധാരിയായ കാർമുകിൽവർണ്ണനെ. യാസ്കന്റെ നിരുക്തം അനുസരിച്ച് വിഷ്ണു എന്ന പദത്തിന്റെ അർഥം തന്നെ ‘രശ്മികളെക്കൊണ്ട് എല്ലായിടവും വേഷണം (വ്യാപനം) ചെയ്യുകയും പ്രവേശിക്കുകയും ചെയ്യുന്ന ശക്തി’യെന്നാണ് (വേവേതി വ്യാപ്നോതി….). ജീവശാസ്ത്രപരമായി അസം‌ബന്ധമെന്ന് തോന്നിയേക്കാവുന്ന നാലു തൃക്കൈകൾ, മനുഷ്യാന്തകരണത്തിന്റെ നാലു ഭാവങ്ങളായ മനസ്സ്, ബുദ്ധി, ചിത്തം, അഹം‌കാരം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. നീല നിറത്തിന്റെ സാം‌ഗത്യമെന്താണെന്നു വെച്ചാൽ അത് അപാരതയെയും അനന്തതയെയും സൂചിപ്പിക്കുന്നു എന്നതാണ്. ആകാശത്തിന്റേയും സമുദ്രത്തിന്റേയും നിറമാണല്ലോ അത്. മഞ്ഞ എന്നത് ഭൂമിയുടെ നിറമാണ്. ചുരുക്കിപറഞ്ഞാൽ, അപരിമേയമായ ഈശ്വരചൈതന്യം പരിമിതത്തിന്റെ കുപ്പായമെടുത്തണിഞ്ഞ് മനോബുദ്ധിചിത്താഹം‌കാരഭാവങ്ങളിൽകൂടി ജീവിതനാടകം കളിക്കുന്നു എന്നതാണ് വിഷ്ണുപദത്തിന്റെ താത്പര്യം. മാത്രമല്ല, ഏത് മതസങ്കൽ‌പ്പമനുസരിച്ചാണെങ്കിലും ഈശ്വരനെ അതീവ ശക്തിശാലിയായാണല്ലൊ വർണ്ണിച്ചിരിക്കുന്നത്. അതിന്റെ സൂചനയായും നാലു തൃക്കൈകളെ നമുക്കു കാണാം. ഇനി ഓരോ കൈയ്യിലും ധരിച്ചിട്ടുള്ളതെന്തൊക്കെ എന്നു  നോക്കാം. പരമതത്ത്വത്തിന്റെ കാഹളനാദമുയർത്താനുള്ള ശംഖ് ഒരു കൈയ്യിൽ. ഈ ആഹ്വാനം ചെവിക്കൊള്ളാത്ത മൌഢ്യത്തെ തച്ചുടയ്ക്കാൻ ഗദ, എന്നിട്ടും നേരേയായില്ലെങ്കിൽ ഹനിക്കാൻ ചക്രം. ഇനി, പരമാത്മാവിന്റെ മം‌ഗളധ്വനി ചെവിക്കൊണ്ടാലോ, പരമസായൂജ്യം! താമര ഭാരതീയ തത്ത്വചിന്തയിലെ ഏറ്റവും ഉയർന്ന ഒരു സൂചികയാണ് (1). താഴെ ചെളിയിലാണ് വേരുകളെങ്കിലും വളരെ ഉയരെ ഉപരിതലത്തിലാണതിന്റെ വാസം; വെള്ളത്തിലാണ് ജീവിതമെങ്കിലും ഒരു തുള്ളി പോലും അതിനെ ഒട്ടുന്നില്ല. അസം‌ഗത്തിന്റെ പരിപൂർണ്ണ പ്രതിനിധാനം. അസം‌ഗത്തിന്റെ പരമപ്രാധാന്യം ഗീതയുടെ പ്രമുഖ വിഷയങ്ങളിലൊന്നാണെന്നോർക്കുക (അസം‌ഗ ശസ്ത്രേണ ദൃഢേന ഛിത്വാ……). ഇതുപോലെ, കൃഷ്ണനെന്നാൽ ആകർഷിക്കുന്നവൻ എന്നാണർഥം (കർഷണേ ഇതി കൃഷ്ണഃ). നാരദൻ എന്നാൽ ബ്രഹ്മവിദ്യയെ പ്രദാനം ചെയ്യുന്നവൻ എന്നും (നാരം ദദാതി ഇതി നാരദഃ). അസുരൻ എന്നാലോ, ഇന്ദ്രിയവിഷയങ്ങളിൽ രമിക്കുന്നവൻ എന്നും (അസുപ്രാണേഷു ഇന്ദ്രിയേഷു രമന്തേ ഇതി അസുരഃ).

ഇങ്ങനെ പുറമേ കാണുന്ന ഓരോ പ്രതീകങ്ങളുടെയും അന്തരാർഥം ചികഞ്ഞെടുത്ത് മനസ്സിലാക്കേണ്ടതത്രേ ഓരോ പുരാണ കഥകളും. ഇങ്ങനെ മാത്രമേ പുരാണങ്ങളെ സമീപിക്കാവൂ എന്നു പറയുന്നവരോട് എനിക്ക് പറയാനുള്ളതിതാണ്: നിങ്ങൾ ഓരോ പുരാണകഥയേയും വ്യക്തമായും പൂർണമായും പൂർവാപരവൈരുദ്ധ്യങ്ങളില്ലാതെയും നൈരന്തര്യത്തെ ഹനിക്കാതെയും വ്യാഖ്യാനിച്ച് പ്രസിദ്ധപ്പെടുത്തുക. കഥകളേയും ഉപകഥകളേയും ഒന്നിനെപ്പോലും വിട്ടുകളയരുത്. ഇന്നുള്ളതിന്റെ സഹസ്രകോടി മടങ്ങായിരിക്കും ആശയക്കുഴപ്പവും പരസ്പരനിരാസവും വ്യാഖ്യാനഭേദങ്ങളെച്ചൊല്ലിയുള്ള ഗുസ്തികളും, അങ്ങനെയെങ്ങാനും സം‌ഭവിച്ചാൽ എന്നുറപ്പ്. പക്ഷെ, ഒന്നു പറയാതെ വയ്യ. ഈ കഥകളൊക്കെ യഥാർഥത്തിൽ സംഭവിച്ചവയാണോ അല്ലയൊ എന്ന കാര്യത്തിൽ യാതൊരു സംശയത്തിനും ഭാഗവതകാരൻ ഇടം കൊടുക്കുന്നില്ല. കഥകളെല്ലാം വിസ്തരിച്ചു പറഞ്ഞുകേൾപ്പിച്ചതിനുശേഷം ശ്രീശുകൻതന്നെ പരീക്ഷിത്തിനോട് പറയുന്നതു കേൾക്കുക:

“കഥാ ഇമാസ്തേ കഥിതാ മഹീയസാം
വിതായ ലോകേഷു യശഃ പരേയുഷാം
വിജ്ഞാന വൈരാഗ്യ വിവക്ഷയാ വിഭോ
വചോ വിഭൂതിർ നതു പാരമാർഥ്യം”
(12.3.14)

(പ്രഭോ, ഈ ലോകത്തിൽ കീർത്തിപരത്തി മരിച്ചുപോയ മഹാന്മാരുടെ കഥകൾ ഞാൻ പറഞ്ഞല്ലോ. അങ്ങേയ്ക്ക് വിജ്ഞാനവും വൈരാഗ്യവും ഉളവാക്കുവാൻ വേണ്ടി കെട്ടിച്ചമച്ചവയാണ് അതെല്ലാം, പരമാർഥമല്ല.)

ഇനി, നൂറ്റാണ്ടുകൾക്ക് മുൻ‌പെഴുതിയിയിട്ടുള്ള ഒരു കൃതിയെ ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ഇങ്ങേ തലയ്ക്കൽ നിന്ന് വായിക്കുമ്പോൾ പുലർത്തേണ്ട മാന്യത ഇവിടെ ഉണ്ടായിട്ടുണ്ടോ എന്ന സം‌ശയവും ചിലർക്കെങ്കിലും ന്യായമായും ഉണ്ടാകാം. ആസ്വദിക്കുന്നതിനോ ആഘോഷിക്കുന്നതിനോ ഒന്നും വേണ്ടാത്ത ഇത്തരമൊരു ഔചിത്യം വിമർശിക്കുമ്പോൾമാത്രം വേണം എന്നു പറയുന്നതിലെന്ത് യുക്തിയാണുള്ളതെന്നൊരു മറുചോദ്യമാണിവിടെ എനിക്ക് അവരോട് ചോദിക്കുവാനുള്ളത്. മാത്രമല്ല, സദാചാരമര്യാദകൾക്കെല്ലാം ഇന്നത്തെ സമൂഹം പുലർത്തിവരുന്ന മാനദണ്ഡങ്ങൾ തന്നെയാണ് ഇതെഴുതുന്ന കാലത്തും നിലനിന്നിരുന്നത് എന്നതിനും ഈ പുരാണങ്ങൾ തന്നെ സാക്ഷ്യം. അപ്പോൾ, പ്രാകൃതമനുഷ്യന്റെ വികൃതഭാവനയിൽ വിരിഞ്ഞ, കാലാതിവർത്തിയാകാൻ കഴിയാത്ത, വെറുമൊരു ക്ഷുദ്രസാഹിത്യമായും ഈ കൃതിയെ വായിക്കാൻ, അങ്ങനെ നിർബന്ധമുള്ളവർക്കെങ്കിലും, പറ്റുമെന്നർഥം. ഇനി, വേദവ്യാസവിരചിതമായ ഒരു മഹാഗ്രന്ഥത്തെ വിമർശിക്കാൻ എന്നെപ്പോലൊരു അൽ‌പ്പജ്ഞാനിക്ക് ആര് അധികാരം തന്നു എന്നാണെങ്കിൽ, അതിനുള്ള ഉത്തരം ശ്രീബുദ്ധനും സ്വാമി വിവേകാനന്ദനും എന്നാണ്. ശ്രീബുദ്ധന്റെ വാക്കുകൾ സ്വാമിജി ഉദ്ധരിച്ചിരിക്കുന്നതു നോക്കുക: “വല്ല പഴയ ഗ്രന്ഥങ്ങളിലും എഴുതിയിരിക്കുന്നു എന്നുള്ളതുകൊണ്ട് നിങ്ങൾ ഒന്നും വിശ്വസിക്കണ്ട. അത് നിങ്ങളുൾപ്പെട്ട ജനതയുടെ വിശ്വാസമാണ്. ബാല്യം മുതൽക്കേ നിങ്ങളെ വിശ്വസിപ്പിച്ചു പോന്നിട്ടുള്ളതാണ് എന്നുള്ളതുകൊണ്ടും നിങ്ങൾ വിശ്വസിക്കണ്ട. നിങ്ങൾ അതിനെപ്പറ്റി യുക്തിയുക്തം ആലോചിക്കുകയും, വേണ്ടതുപോലെ വിശകലനം ചെയ്ത് നിരൂപണം നടത്തുകയും ചെയ്തതിനുമേൽ, അതു സകലർക്കും ഗുണകരമായിരിക്കും എന്നു കാണുന്ന പക്ഷം, വിശ്വസിക്കുക; അതു ജീവിതത്തിൽ അനുഷ്ഠിക്കുക, അങ്ങനെ അനുഷ്ഠിക്കുവാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുക” (വിവേകാനന്ദ സാഹിത്യ സർവസ്വം, രാജയോഗം, പേജ് 176). ഇതുകൂടി: “യുക്തിയുപയോഗിച്ച് നാസ്തികത്വത്തിലാണ് എത്തുന്നതെങ്കിൽ അതിനെ സ്വീകരിക്കുന്നതാണ്, ആരെങ്കിലും പറയുന്നതിനെ പ്രമാണിച്ച് മുപ്പത്തുമുക്കോടി ദേവന്മാരെ വിശ്വസിക്കുന്നതിനേക്കാൾ മനുഷ്യസമുദായത്തിന് ഏറെ നല്ലത്” (വി. സാ. സ വോളിയം II, പുറം 391).

ഇനി, ഗ്രന്ഥകാരനെപ്പറ്റിയും ഒന്ന് വിചാരം ചെയ്യേണ്ടിയിരിക്കുന്നു. വേദങ്ങളെ പകുക്കുകയും ഭഗവത്ഗീത ചമയ്ക്കുകയും ചെയ്ത വേദവ്യാസന്റെ തലയിലാണീ വിലക്ഷണകൃതിയുടെയും പിതൃത്വം കയറ്റിവെച്ചിരിക്കുന്നതെന്നോർക്കേണ്ടതുണ്ട്. ഇതുമാത്രമല്ല, പുരാണങ്ങളിൽ മിക്കതിന്റേയും പിതൃത്വവും ഇദ്ദേഹത്തിന്റെ തന്നെ ശിരസ്സിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. തങ്ങളുടെ വിശ്വാസങ്ങൾക്ക് ഭീഷണിയായി ബുദ്ധമതവും ജൈനമതവും പ്രചരിക്കാൻ തുടങ്ങിയതോടെ പുരാണകഥാപ്രവചനം ഒരു വൈദികക്രിയയായി കൊണ്ടാടപ്പെട്ടു തുടങ്ങിയതും അതിന് സാമാന്യജനത്തിന്റെ ആദരപൂർണ്ണമായ അം‌ഗീകാരം കിട്ടുന്നതിനുവേണ്ടി പുരാണങ്ങൾ നിർമ്മിച്ചത് വ്യാസനാണെന്ന കഥ വിശ്വസനീയമായ രീതിയിൽ പ്രചരിക്കപ്പെട്ടതിനെപ്പറ്റിയും സുകുമാർ അഴീക്കോട് തത്ത്വമസിയിൽ സൂചിപ്പിക്കുന്നുണ്ട്. (പേജ് 84). മാത്രമല്ല, പുരാണങ്ങളുടെ കർത്താവെന്ന് പറയപ്പെടുന്ന വ്യാസൻ പ്രാചീന മഹർഷിയല്ലെന്നും പുരാണങ്ങൾക്ക് ശരിയായ അർഥം പറയുന്ന ബ്രാഹ്മണനാണെന്നും ഭവിഷ്യപുരാണത്തിലെ

“ബുധ്യമാനഃ സദർത്ഥം വൈ
ഗ്രന്ഥാർത്ഥം കൃത്സ്നശോ നൃപ,
ബ്രാഹ്മണാദിഷു സർവേഷു
ഗ്രന്ഥാർത്ഥം ചാർപ്പയന്നൃപ,
ഏവം യോ വാചയേദ് ബ്രഹ്‌മൻ
സ വിപ്രോ വ്യാസ ഉച്യതേ“

എന്ന ശ്ലോകം ഉദ്ധരിച്ച് അദ്ദേഹം തുടർന്ന് പറയുകയും ചെയ്യുന്നു. മാത്രമല്ല, പുരാണങ്ങൾക്ക്, കർത്തൃത്വത്തിലും കാലത്തിലും ആർഷത്വമില്ലെന്നും അഥർവ്വവേദത്തിലും ഛാന്ദോഗ്യോപനിഷത്തിലും പരാമർശിക്കപ്പെടുന്ന പുരാണങ്ങൾ ഇന്നു നിലവിലുള്ള പുരാണങ്ങളേ അല്ല എന്നും കൂടി അദ്ദേഹം പറയുന്നു. ‘വേദം പകുത്ത വ്യാസൻ പുരാണങ്ങളുണ്ടാക്കി‘ എന്ന് വിഷ്ണുപുരാണവും, ‘വേദം നിർമ്മിക്കുന്നതിനു മുമ്പ് ബ്രഹ്മാവ് പുരാണം സൃഷ്ടിച്ചു‘ എന്ന് വായുപുരാണവും പറയുന്നത് ചരിത്രവസ്തുതയേ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്നു ലഭ്യമായ ഈ പുരാണങ്ങളെല്ലാം തന്നെ ക്രിസ്തുവർഷത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായതാകാം എന്നും ഡോ. പുലാസ്കരെ പ്രമാണമാക്കി അദ്ദേഹം അഭിപ്രായപ്പെടുന്നു. (പേജ് 151)

വ്യാസനല്ല ഈ പുരാണങ്ങൾ എഴുതിയത് എന്ന കാര്യത്തിൽ സ്വാമി ദയാനന്ദ സരസ്വതിക്കും സംശയമേ ഇല്ല. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഈ പതിനെട്ടു പുരാണങ്ങളുടെ കർത്താവ് വ്യാസനായിരുന്നെങ്കിൽ അവയിൽ ഇത്രയേറെ വിഡ്ഢിത്തരങ്ങൾ ഉണ്ടാകുമായിരുന്നില്ല. എന്തെന്നാൽ, ശാരീരികസൂത്രം, യോഗശാസ്ത്രഭാഷ്യം മുതലായ വ്യാസകൃതഗ്രന്ഥങ്ങൾ കണ്ടാൽ വ്യാസൻ മഹാവിദ്വാനും സത്യവാദിയും യോഗിയുമായിരുന്നെന്ന് വ്യക്തമാകുന്നുണ്ട്.“ (സത്യാർത്ഥപ്രകാശം, പേജ് 254). ഗീതഗോവിന്ദകാരനായ ജയദേവന്റെ സഹോദരൻ ബോബദേവനാണ് മഹാഭാഗവതത്തിന്റെ കർത്താവെന്നാണ് അദ്ദേഹം കരുതുന്നത്. (പേജ് 260)

തത്ത്വമസിയെ ആധാരമാക്കി പുരാണങ്ങളുടെ ആവിർഭാവത്തിലേക്കൊന്ന് എത്തിനോക്കുന്നത് ഇവിടെ പ്രസക്തമായിരിക്കും. അതിന് വേദങ്ങളിൽ നിന്നുതന്നെ തുടങ്ങേണ്ടി വരും. അതിപ്രാചീനമായ വൈദികസാഹിത്യത്തിനെ നമുക്ക് തത്കാലം വേദമെന്ന് വിളിക്കാം. എഴുതപ്പെടാതെ നിലനിന്ന ഇവയെല്ലാംകൂടി പതിനയ്യായിരത്തിൽ അധികം ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നിരിക്കുമത്രേ! അവയിൽ ഒട്ടുമുക്കാലും നഷ്ടപ്പെട്ടുപോയി. ക്രിസ്തുവിനും ആറ് നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ആപസ്തം‌ബന്റെ ‘സമയാചാരികസൂത്രങ്ങളിൽ’ പോലും ഈ മഹാനഷ്ടത്തെപ്പറ്റിയുള്ള ഖേദപ്രകടനം ഉണ്ടെന്നതുതന്നെ ഇവയുടെ പ്രാചീനത വെളിപ്പെടുത്തുന്നു. ഈ വേദത്തിന്റെ ആദ്യ ശാഖകളാണ് ഋക്, യജുസ്സ്, സാമം എന്നീ സം‌ഹിതകൾ. ഇവയുടെ ആദ്യത്തെ വ്യാഖ്യാനങ്ങളാണ് ബ്രാഹ്മണങ്ങൾ. മന്ത്രദ്രഷ്ടാക്കളായ പുരാതന ഋഷിമാർ വേദസൂക്തങ്ങൾ സമാഹരിച്ച് കുറേക്കഴിഞ്ഞാവണം ഈ ബ്രാഹ്മണങ്ങൾ ഉടലെടുക്കുന്നത്. വേദത്തിന്റെ അന്തരീക്ഷത്തിൽനിന്ന് പക്ഷെ, ചിന്തയിൽ അകന്നു പോയി  ബ്രാഹ്മണങ്ങൾ. വേദത്തിന്റെ അനുബന്ധമായി ചേർക്കപ്പെട്ട ഇവ വേദമന്ത്രങ്ങൾക്കിടയിൽ കലർന്ന് അവയെ മിശ്രമാക്കുകയും മന്ത്രവും ബ്രാഹ്മണവും ഏതെന്ന് വേർതിരിച്ചറിയാൻ കഴിയാതാവുകയും ചെയ്തു. യജുർവേദത്തെ ശുക്ലമെന്നും കൃഷ്ണമെന്നും വേർതിരിക്കേണ്ടിവന്നതുതന്നെ ഈ കലർപ്പിനെ വെളിവാക്കുന്നു. ശുക്ലമെന്നാൽ ബ്രാഹ്മണഭാഗങ്ങളുടെ കലർപ്പൊഴിവാക്കി വേർതിരിച്ച് തെളിച്ചെടുത്തത് എന്നാണർഥം. വേദത്തിലെ മന്ത്രങ്ങളുടെ യാജ്ഞികമായ അർഥത്തിലായി ഈ ബ്രാഹ്മണങ്ങളുടെ ശ്രദ്ധ മുഴുവനും. ബ്രഹ്മവിദ്യയെന്ന പവിത്രമായ ആത്മീയാനുഭൂതിക്കു പകരം യാഗം ചെയ്തു നേടാവുന്ന സ്വർഗ്ഗാദി ഫലങ്ങളിലായി താത്പര്യം മുഴുവനും എന്ന് സാരം. ഇങ്ങനെ യാഗത്തിന്റെ കണ്ണടയിലൂടെ വേദം പഠിച്ചു തുടങ്ങിയപ്പോൾ പുരോഹിതവർഗ്ഗത്തിന് വൻ വളർച്ചയുണ്ടായി. തുടർന്ന്, ഋഗ്വേദത്തെ അവലംബിച്ചുള്ള യാഗത്തിന്  ‘ഹോതാവ്’ എന്ന പുരോഹിതനും, യജുസ്സിനെ അവലംബിച്ചുള്ളതിന് ‘അധ്വര്യു’ എന്ന പുരോഹിതനും, സാമത്തെ ആധാരമാക്കിയുള്ള കർമ്മങ്ങൾക്ക് ‘ഉദ്‌ഗാതാവ്’ എന്ന പുരോഹിതനും ആവിർഭവിച്ചു. ‘ബ്രഹ്മാവ്’ എന്ന പുരോഹിതനാകട്ടെ, എല്ലാ വേദങ്ങളും അറിഞ്ഞേപറ്റൂ. ‘ഋത്വിക്കുകൾ’ എന്നത് ഇവർക്കെല്ലാം പൊതുവായുള്ള പേരാണ്. ഇവരാകാം ബ്രാഹ്മണങ്ങൾ നിർമ്മിച്ചത്. വൈദികസാഹിത്യത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പുരാതന ബ്രാഹ്മണങ്ങളൊന്നും തന്നെ മൌലിക രൂപത്തിൽ നമുക്കു കിട്ടിയിട്ടില്ല. നമുക്ക് കിട്ടിയിട്ടുള്ളവയാകട്ടെ, ശാഖാചരണഭേദങ്ങളെ അനുസരിച്ചുണ്ടാക്കിയിട്ടുള്ള മറ്റു ബ്രാഹ്മണങ്ങൾ മാത്രവും.

ഇനി നമുക്ക്‌ അഴീക്കോട്മാഴിന്റെതന്നെ വാക്കുകളിലെക്ക് വരാം. ആ പദവിന്യാസത്തിനും അർഥസമ്പുഷ്ടിക്കും പകരം വെക്കാൻ നമുക്ക് മറ്റു മാർഗ്ഗങ്ങളൊന്നും തന്നെ ഇല്ലല്ലോ. “വേദത്തിന്റെ മൂലസ്രോതസ്സും ബ്രാഹ്മണത്തിന്റെ ഗതിഭേദവും തമ്മിലുള്ള വമ്പിച്ച വ്യതിയാനം ക്രിസ്തുവിന് എത്രയോ നൂറ്റാണ്ടുമുമ്പുതന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. അകലംകൊണ്ട് വേദസത്യം കാണാതായിപ്പോയപ്പോൾ പുരോഹിതന്മാർ ആചാരങ്ങൾ വളർത്തുകയും അവയെ വിവരിക്കാൻ അർത്ഥവാദങ്ങളും ഉപാഖ്യാനങ്ങളും ചമയ്ക്കുകയും ചെയ്തു. സാധനമോ ഉപായമോ ആയ ഇവ പിന്നീട് സാദ്ധ്യമോ ഉപേയമോ എന്ന നിലയിൽ എത്തി. അതോടെ വേദസത്യം വിസ്മൃതമായി. ബ്രാഹ്മണങ്ങൾ കാലാന്തരത്തിൽ പുരാണങ്ങൾ ഉണ്ടാക്കുവാൻ പ്രേരണചെലുത്തി. ബ്രാഹ്മണങ്ങളിലെ കൽ‌പിതാഖ്യാനങ്ങളാണ് പല പുരാണങ്ങളുടെയും ഉറവിടം. വേദങ്ങളിലെ ആത്മീയസങ്കല്പങ്ങളാണ്, ബ്രാഹ്മണങ്ങളിലൂടെ കടന്നും കടക്കാതെയും, പിന്നീട് പീവരമായ പുരാണശരീരമായിത്തീർന്നത്.

ഒരുദാഹരണം പറയാം. ഋഗ്വേദത്തിൽ വിഷ്ണുവിന് മൂന്നുവിധത്തിലുള്ള ഭ്രമണം (സഞ്ചാരം) ഉണ്ടെന്നു വർണ്ണിക്കുന്നുണ്ട്. വിഷ്ണു എന്നുവെച്ചാൽ രശ്മികളെക്കൊണ്ട് എല്ലാടവും വേഷണം (വ്യാപനം) ചെയ്യുകയും പ്രവേശിക്കുകയും ചെയ്യുന്ന ശക്തിയെന്ന് നിരുക്തം. ഈ സമസ്തവ്യാപനം മൂന്നുതലത്തിലൂടെ നടക്കുന്നു – ദ്യോവിൽ സൂര്യനായും അന്തരീക്ഷത്തിൽ മിന്നലായും ഭൂമിയിൽ തീയായും. ഇങ്ങനെ മൂന്നുവിധത്തിൽ പദമുറപ്പിച്ച് വ്യാപരിച്ചിരിക്കുന്ന വിഷ്ണു വിശ്വപ്രപഞ്ചത്തെ കീഴടക്കുന്ന ആത്മചൈതന്യമാണ്. ഋഗ്വേദം ഈ വിധത്തിൽ ഈ ആശയം കീർത്തിക്കുന്നു:

“ഇദം വിഷ്ണുർവിചക്രമേ
ത്രേധാ നിദധേ പദം
സമൂള്ഹമസ്യ പാംസുരേ.
ത്രീണി പദാ വിചക്രമേ
വിഷ്ണുർഗോപാ അദാഭ്യഃ
അതോ ധർമാണി ധാരയൻ”

സർവവ്യാപനശീലനായ വിഷ്ണു ഈ ലോകം മുഴുവൻ സവിശേഷമായി ആക്രമണം ചെയ്ത് മൂന്നു തരത്തിൽ തന്റെ പാദം നീട്ടിവെച്ച് ഉറപ്പിച്ചു എന്നും, വിഷ്ണുവിന്റെ പൊടിപുരണ്ട പാദത്തിൽ നിഖിലപ്രപഞ്ചവും അന്തർഭവിച്ചിരിക്കുന്നു എന്നുമാണ് ഈ ഋക്കുകളുടെ സാമാന്യമായ താത്പര്യം. പുരാണങ്ങൾ പരമജ്ഞാനംകൊണ്ട് പാമരജ്ഞാനമുണ്ടാക്കാൻ ശ്രമിച്ചു. ഭാഗവതത്തിലും മറ്റും ഇതൊരു അദ്ഭുതകഥയായി വിസ്തരിക്കപ്പെട്ടിരിക്കുന്നു. ത്രിവിക്രമനായ വാമനന്റെ അവതാരത്തെ വാഴ്ത്താനായി മാത്രം വാമനപുരാണം എഴുതപ്പെട്ടു. ഈ ആഖ്യാനം കേരളത്തിൽ മഹാബലിയുടെയും തൃക്കാക്കരപ്പന്റെയും ഐതിഹ്യങ്ങളും ഓണം എന്ന സുഭിക്ഷതയുടെ വാർഷികാഘോഷവും ആയി മാറിപ്പോയി. കാണം വിറ്റും ഓണം ഉണ്ണണം! അതെ, ഓണം ഉണ്ണാൻ നാം കാണം തന്നെ വിറ്റു – വേദത്തിലെ ശ്രേഷ്ഠമായ ആത്മീയദർശനം എന്ന കാണം. ഇപ്രകാരം നാടിന്റെ പ്രാണൻ‌തന്നെ വിറ്റുപോയി. ഏതു വെളിച്ചത്തെയും കുസൃതിയായ കാലം പുകയും കരിയുമാക്കി മാറ്റുന്നു. ഗീതാകാരൻ പോലും വിലപിച്ചല്ലൊ, “സഃ കാലേനേഹ മഹതാ യോഗോ നഷ്ടഃ പരം‌തപ!“ എന്ന് (4,2). ഇങ്ങനെ പോയിപ്പോയി വേദം ബ്രാഹ്മണവും ബ്രാഹ്മണം പുരാണവും പുരാണം പഴങ്കഥയും പഴങ്കഥ ഓർമ്മക്കേടുമായി മാറി. കഥ പറഞ്ഞുപറഞ്ഞ് ഒടുക്കം ഇന്ത്യയുടെ നേർവഴിതന്നെ തെറ്റിപ്പോയി. ഈ മട്ടിൽ ഇന്ത്യയുടെ മതഗ്രന്ഥം മാർഗ്ഗവും അർത്ഥവും തെറ്റിയ പുരാണസമുച്ചയം ആയിത്തീർന്നു. മൌലികതേജസ്സ് എന്തെന്ന് നേരിട്ട് കണ്ടറിഞ്ഞ കണ്ണുകൾ ഇവിടെ ഇല്ലാതായി. മിന്നാമിനുങ്ങിന്റെ വെളിച്ചം സൂര്യനെന്നു കരുതിയ ആൾ ഒടുവിൽ സൂര്യനെ നോക്കാൻ കണ്ണിനു കഴിവില്ലാതെ, മിന്നാമിനുങ്ങ് എന്ന കീടത്തെ സൂര്യനായി കരുതുമെങ്കിൽ, അത്തരം ഒരു കടുത്ത തലചുറ്റലാണ് ആ വിദൂരഭൂതകാലത്തിൽ ഇന്ത്യക്കു പിണഞ്ഞത് എന്നു ചുരുക്കിപ്പറയാം.” ( തത്ത്വമസി, പേജ് 48, 49)

ഇത്രയും കൊണ്ടും തീരാത്ത അഴീക്കോട് മാഷിന്റെ ധാർമികരോഷം ഇതാ വീണ്ടും അണപൊട്ടിയൊഴുകുന്നു: “ പുരുഷൻ അനന്തരൂപനും പ്രപഞ്ചത്തെ ആകെ വ്യാപിച്ചിട്ടും അവശേഷിക്കുന്നവനും ആണെന്ന വേദകല്പനയെ പിടിച്ചുകൊണ്ട് അവർ, അനന്തനും ശേഷനുമായ സർപ്പരാജനെ ഉണ്ടാക്കിയെടുത്ത്, അതിന്റെ ഫണതല്പത്തിൽ നിദ്രചെയ്യുന്ന വിഷ്ണുവിനെ സൃഷ്ടിച്ച്, അവരെ എന്നെന്നേക്കുമായി പാലാഴിയിൽ പ്രതിഷ്ഠിച്ച്, ലക്ഷ്മീദേവിയെ കൂട്ടിനുമാക്കി. അങ്ങനെ അന്തമില്ലാത്ത സ്വകപോലകല്പിതങ്ങൾ കെട്ടിയുയർത്തിവെക്കുകയുണ്ടായി. ഈ കൃത്രിമഭാവന ഭാരതീയരെ വേദതത്ത്വത്തിന്റെ ഹൃദയത്തിലേക്ക് അടുപ്പിക്കുകയാണോ, അതിൽനിന്ന് അകറ്റുകയാണോ ചെയ്തതെന്ന്  നമ്മുടെ മതചരിത്രം മുമ്പിൽ വെച്ചുകൊണ്ട് പരിശോധിക്കേണ്ടതാണ്.  ആത്മചൈതന്യം വിരാട്പുരുഷനായി പ്രകൃതിസൃഷ്ടി നടത്തുന്നു എന്ന തത്ത്വത്തിന്റെ പോക്ക് ഒരു വശത്തോട്ടും, വിഷ്ണുവിന്റെ നാഭീകമലത്തിൽനിന്ന് ബ്രഹ്മാവുണ്ടായി കമലാസനനായിത്തീർന്നു എന്നും മറ്റുമുള്ള കഥകൾ മറ്റൊരു വശത്തോട്ടും നമ്മെ നയിക്കുന്നു. ഭാവനാപൂർണ്ണങ്ങളായ ഇത്തരം കഥകളുടെ ചമത്കാരം ആസ്വദനീയംതന്നെ. പക്ഷെ ഇത്  കഥാവലി മാത്രമല്ല, മതമാണെന്നു വിശ്വസിച്ചതിന്റെ ഫലമായി യഥാർത്ഥതത്ത്വത്തിന്റെ സാമീപ്യം പോലും ഭാരതീയർക്കു നഷ്ടപ്പെട്ടിട്ട് നൂറ്റാണ്ടുകൾ തന്നെയായി.” (പേജ് 102)

ഒരുപക്ഷെ, ഇതിലും രൂക്ഷമായി ഈ വിഷയത്തെ സമീപിച്ചിട്ടുള്ള ഒരേയൊരു പണ്ഡിതനേ ഉണ്ടാകാൻ സാധ്യതയുള്ളു – സ്വാമി ദയാനന്ദ സരസ്വതി. അദ്ദേഹത്തിന്റെ സത്യാർത്ഥപ്രകാശത്തിൽനിന്നുള്ള ഏതാനും വരികൾ നോക്കുക: “…………… രാമൻ, കൃഷ്ണൻ, നാരായണൻ, ശിവൻ, ഭഗവതി, ഗണപതി മുതലായ നാമസ്മരണം എന്നിവയാൽ പാപമകന്നുപോകുമെന്ന് വിശ്വസിക്കുക, കപടസന്യാസിമാരുടെ ഉപദേശം കേട്ട് വിദ്യാഭ്യാസത്തിൽ അശ്രദ്ധ, വിദ്യാധ്യയനം, ധർമാനുഷ്ഠാനം, യോഗാഭ്യാസം, ഈശ്വരോപാസന എന്നിവയെല്ലാം വെടിഞ്ഞ് പുരാണമെന്നുപറയുന്ന ഭാഗവതം തുടങ്ങിയവയിലെ കെട്ടുകഥ കേട്ടാൽ മോക്ഷം കിട്ടുമെന്ന് വിശ്വസിക്കുക, അത്യാഗ്രഹം മൂലം ധനത്തിൽമാത്രം ശ്രദ്ധിച്ച് വിദ്യയെ വെറുക്കുക, അങ്ങുമിങ്ങും വെറുതെ അലഞ്ഞ്തിരിയുക ഇങ്ങനെ പല അനാവശ്യങ്ങളിൽ‌പ്പെടുന്നവർ ബ്രഹ്മചര്യവും വിദ്യയും സമ്പാദിക്കാതെ രോഗികളും മൂഢന്മാരുമായിത്തീരുന്നു.” (പേജ് 55)

“ചോദ്യം: ഈശ്വരൻ അവതാരം സ്വീകരിക്കുന്നുണ്ടോ ഇല്ലയോ?
ഉത്തരം: ഇല്ല. എന്തെന്നാൽ “അജ ഏകപാത്” (34-53) , സപര്യഗാച്ഛുക്രമകായം” (40-8) എന്നു തുടങ്ങിയുള്ള യജുർവേദവചനങ്ങളിൽനിന്ന് ഈശ്വരൻ ജന്മം കൈക്കൊള്ളുന്നില്ലെന്ന് സിദ്ധിക്കുന്നു.
ചോദ്യം: ‘യദാ യദാ ഹി ധർമസ്യ ഗ്ലാനിർ ഭവതി ഭാരത, അഭ്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം’ (ഗീത 4.7) ധർമത്തിനു ലോപം വരുമ്പോഴെല്ലാം ഞാൻ ശരീരം ധരിക്കുന്നു എന്ന് ശ്രീകൃഷ്ണൻ പറയുന്നുണ്ടല്ലോ?
ഉത്തരം: വേദവിരുദ്ധമായതുകൊണ്ട് ഇത് പ്രമാണമല്ല. ധർമാത്മാവും ധർമത്തെ രക്ഷിക്കുവാൻ ഇച്ഛാലുവുമായ ശ്രീകൃഷ്ണൻ “ഞാൻ യുഗം തോറും ജന്മം കൈക്കൊണ്ട് ശിഷ്ടജനങ്ങളെ പരിപാലിക്കുകയും ദുഷ്ടന്മാരെ സംഹരിക്കുകയും ചെയ്യും” എന്നിങ്ങനെ ആഗ്രഹിച്ചിട്ടുണ്ടായിരിക്കാം. അങ്ങനെ ചെയ്യുന്നതിൽ ദോഷമൊന്നുമില്ല. എന്തെന്നാൽ “പരോപകാരാം സതാം വിഭൂതയഃ” സജ്ജനങ്ങളുടെ ശരീരം, മനസ്സ്, ധനം എന്നിവയെല്ലാം പരോപകാരത്തിനുള്ളതാണല്ലോ. എന്നാലും ശ്രീകൃഷ്ണൻ ഇതുകൊണ്ട് ഈശ്വരനാണെന്നു വരുവാൻ തരമില്ല.
ചോദ്യം: അങ്ങനെയാണെങ്കിൽ ലോകത്തിൽ ഈശ്വരന്റെ ഇരുപത്തിനാല് അവതാരങ്ങളുണ്ടെന്ന് പറയുന്നതിനെ എങ്ങനെ സ്വീകരിക്കാം?
ഉത്തരം: വേദാർത്ഥം അറിയാത്തവരും ഓരോ സമ്പ്രദായക്കാരുടെ വലയിൽ വീഴുന്നവരും സ്വയം അറിവില്ലാത്തവരും അജ്ഞാനപാശത്തിൽ കുടുങ്ങുന്നവരും ഇങ്ങനെ അപ്രമാണികമായ കാര്യങ്ങൾ പറയുകയും അംഗീകരിക്കുകയും ചെയ്യുന്നു.
ചോദ്യം: ഈശ്വരൻ അവതരിക്കുന്നില്ലെങ്കിൽ കംസൻ, രാവണൻ മുതലായ ദുഷ്ടന്മാരെ എങ്ങനെ സംഹരിക്കും?
ഉത്തരം: ഒന്നാമത്, ജനിച്ചിട്ടുള്ളവരെല്ലാം നിശ്ചയമായും മരിക്കാതിരിക്കില്ല. എന്നു മാത്രമല്ല, ശരീരം കൈക്കൊണ്ട് അവതരിക്കാതെതന്നെ ജഗത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങൾ നടത്തുന്ന ഈശ്വരന്റെ മുമ്പിൽ കംസൻ, രാവണൻ മുതലായവർ ഒരു കൃമിയോളം പോലുമില്ല. ഈശ്വരൻ സർവവ്യാപിയായതുകൊണ്ട് കംസരാവണാദികളുടെ ശരീരങ്ങളിലുംകൂടി നിറഞ്ഞിരിക്കുന്നു. ഇച്ഛിക്കുന്ന ക്ഷണത്തിൽ അവരുടെ മാറ് പിളർന്ന് കൊന്നുകളയുവാൻ കഴിയും. എണ്ണമറ്റ ഗുണകർമസ്വഭാവങ്ങളോടുകൂടിയ ഈശ്വരൻ ഒരു ക്ഷുദ്ര ജന്തുവിനെ കൊല്ലാൻ ജനനമരണങ്ങൾ സ്വീകരിക്കുന്നു എന്നു പറയുന്നവനെ വിഢിയോടല്ലാതെ മറ്റാരോടുപമിക്കാൻ! ഭക്തജനങ്ങളെ ഉദ്ധരിക്കുന്നതിനായിട്ടാണ് അവതരിക്കുന്നതെന്നുപറഞ്ഞാൽ അതും ശരിയല്ല. എന്തെന്നാൽ, ഈശ്വരാജ്ഞ അനുസരിക്കുന്ന ഭക്തജനങ്ങളെ ഉദ്ധരിക്കുവാൻ ഈശ്വരന് സാമർത്ഥ്യമുണ്ട്. ഭൂമി, സൂര്യൻ, ചന്ദ്രൻ മുതലായ സകല ലോകങ്ങളുടേയും സൃഷ്ടിസ്ഥിതിസംഹാരങ്ങളേക്കാൾ ഈശ്വരന് കംസരാവണാദികളുടെ വധവും ഗോവർദ്ധനപർവതത്തിന്റെ ഉദ്ധാരണവും മഹത്തരങ്ങളായ കർമങ്ങളാണോ? ഇക്കാണുന്ന സൃഷ്ടിയിൽ ഈശ്വരൻ ചെയ്യുന്ന കർമങ്ങളെപ്പറ്റി ചിന്തിക്കുന്ന ആർക്കും ഈശ്വരനു തുല്യനായി ആരും ഉണ്ടായിട്ടില്ലെന്നും ഉണ്ടാവുകയില്ലെന്നും മനസ്സിലാക്കാം. കൂടാതെ ഈശ്വരൻ ജന്മമെടുക്കുന്നു എന്നത് യുക്തിസഹവുമല്ല. അതിരില്ലാത്ത ഈ ആകാശം ഗർഭത്തിൽ അടങ്ങിയെന്നോ കരതലത്തിൽ ഒതുങ്ങിയെന്നോ ആരാനും പറഞ്ഞാൽ അതു നേരാവില്ല. ആകാശം അതിരറ്റതാണ്. എങ്ങും നിറഞ്ഞതാണ്. അതകത്തേക്കു വരികയോ പുറത്തു പോവുകയോ ചെയ്യുന്നില്ല. അതുപോലെ ഈശ്വരൻ അനന്തനും സർവവ്യാപിയുമാകയാൽ എവിടെയെങ്കിലും കയറുകയോ ഇറങ്ങുകയോ ചെയ്യുന്ന പ്രശ്നമേയില്ല. ഒരു വസ്തു എവിടെ ഇല്ലയോ അവിടെ മാത്രമേ പോക്കുവരവു നടക്കൂ. ഈശ്വരൻ എവിടെനിന്നോ വന്നെന്നു പറയുവാൻ, ഗർഭത്തിൽ വ്യാപിച്ചിരുന്നില്ലെന്നോ? പുറത്തുണ്ടായിരുന്നില്ലേ? ഉണ്ടായിരുന്നു എങ്കിൽ പിന്നെങ്ങനെയാണ് നിർഗ്ഗമിച്ചു എന്നു പറയുന്നത്? അറിവില്ലാത്തവരല്ലാതെ മറ്റാരാണ് ഈശ്വരനെപ്പറ്റി ഇങ്ങനെ പറയുകയും വിചാരിക്കുകയും ചെയ്യുക? ഈശ്വരൻ വരികയോ പോവുകയോ ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. യേശു മുതലായവരും ഈശ്വരന്റെ അവതാരമല്ലെന്ന് മനസ്സിലാക്കിക്കൊള്ളുക. എന്തെന്നാൽ, രാഗദ്വേഷങ്ങൾ, വിശപ്പും ദാഹവും, ഭയശോകങ്ങൾ, സുഖദുഃഖങ്ങൾ, ജനനമരണങ്ങൾ മുതലായവ ഉ
ണ്ടായിരുന്ന അവർ മനുഷ്യർ തന്നെ ആയിരുന്നു.” (പേജ് 137-138)

സമകാലിക സാമൂഹ്യ പ്രസക്തി

ഒരു ജനതയെ ആകമാനം ആസേതുഹിമാചലം സംസ്കാരികമായി ഒന്നിപ്പിക്കാൻ ഈ പുരാണങ്ങൾക്ക് കഴിഞ്ഞു എന്ന കാര്യം നിസ്തർക്കമാണ്. പക്ഷെ, അതിന് നാം വലിയ വിലകൊടുക്കേണ്ടിവന്നു എന്നതാണ് കാര്യം. മധ്യകാലഘട്ടം മുതൽ ഭാരതം നേരിടേണ്ടിവന്ന മുഗൾ ആക്രമണങ്ങളുടെ കാര്യമെടുക്കുക. മതപരിവർത്തനത്തിനും അധികാരമുറപ്പിക്കലിനും ഒപ്പം തന്നെ ക്ഷേത്രങ്ങൾ കൊള്ളയടിക്കലും  ലക്ഷ്യം വെച്ചുവന്ന മുഗളന്മാരെ നേരിടാൻ പല ക്ഷേത്രങ്ങളിലും കാര്യമായ ഒരു പ്രതിരോധവും ഉണ്ടായിരുന്നില്ല എന്നാണ് കഥ. ‘വല്യവല്യ ഘോരരാക്ഷസന്മാരെ നിഷ്പ്രയാസം വധിച്ച സർവശക്തരായ ഞങ്ങളുടെ ദൈവങ്ങളുടെ അടുത്താ കാക്കാന്റെ കളി; അമ്പലങ്ങളിൽ തൊട്ടുകളിക്ക്, അപ്പൊ അറിയാം വിവരം!‘ എന്നതായിരുന്നു ജനത്തിന്റെ മനോഭാവം. പിന്നുണ്ടായതൊക്കെ ചരിത്രം. അൻപതിനായിരം ‘അവിശ്വാസികളെ’ ഒറ്റദിവസംകൊണ്ട് വാളിനിരയാക്കിയ ഖിൽജിയും, സോമനാഥന്റെ വിഗ്രഹം എടുത്തുകൊണ്ട് പോയി തന്റെ കൊട്ടാരത്തിലെ ചവിട്ടുപടിയായി ഉപയോഗിച്ച ഗസ്നിയും എല്ലാം അതിന്റെ ഏറ്റവും ചെറിയ ഉദാഹരണങ്ങൾ മാത്രം.

അതു പോട്ടെ, എത്ര വലിയ കൊലപാതകം ചെയ്തവനായാലും ശരി, ചാവാൻ നേരം റോഡിൽ കണ്ട മീൻ‌കാരനെയായാലും വേണ്ടില്ല, ‘നാരായണാ‘ എന്നു വിളിച്ചാൽ അവന്റെ സർവ പാപവും നീങ്ങിക്കിട്ടും എന്നു വിശ്വസിപ്പിക്കുന്ന കഥകൾ, ഈ സമൂഹത്തിന് എന്തു ഗുണം നൽകും എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. ക്രിസ്തുവിൽ വിശ്വസിക്കുകയും മാമോദീസാവെള്ളം മേത്ത് വീഴുകയും ചെയ്താൽ സ്വർഗ്ഗരാജ്യം ഫ്രീയായി കിട്ടും എന്നു പറയുന്നതിനേക്കാൾ എത്രയോ വലിയ അസംബന്ധമാണിത്.

പതിവ് ജാമ്യാപേക്ഷ

ആയിരം പശുക്കൾക്കിടയിൽ നിന്നാലും ക്ടാവ് അതിന്റെ തള്ളപ്പശുവിനെ തേടിവരുന്നതുപോലെ, ഒരുവൻ ചെയ്തുകൂട്ടുന്നതിന്റെയൊക്കെ ഫലം അവനെ തേടിവരികതന്നെ ചെയ്യും എന്ന് വിശ്വസിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരുവനാണ് ഞാൻ. ദ്വന്ദ്വങ്ങൾക്കും ആപേക്ഷികതകൾക്കും അപ്പുറം കേവലമായ സത്യങ്ങൾ ഉണ്ടോ എന്നതിനെപ്പറ്റിയും എനിക്ക് കടുത്ത സന്ദേഹമാണുള്ളത്. കാഴ്ചപ്പാടുകളും വിശ്വാസങ്ങളും എല്ലാം ഒരുവനിൽ രൂപപ്പെടുന്നത് അവൻ നിൽക്കാൻ വിധിക്കപ്പെട്ട ‘പ്ലാറ്റ്ഫോമി‘ (platform) ന്റെ സംഭാവനയാണെന്നും ഞാൻ കരുതുന്നു. ഹിന്ദുവായും ക്രിസ്ത്യാനിയായും മുസൽമാനായും ഒക്കെ ജനിക്കുന്ന നാമോരോരുത്തരം ഇത്തരം പ്ലാറ്റ്ഫോമുകളിൽ ഓരോന്നിലും നമ്മളറിയാതെതന്നെ പ്രതിഷ്ഠിക്കപ്പെടുകയാണ്; അല്ലാതെ നമ്മൾ ബോധപൂർവം തെരഞ്ഞെടുക്കുകയല്ല അവയെ. പിന്നെയുള്ള നമ്മുടെ ചെയ്തികളെയെല്ലാം ആ പ്ലാറ്റ്ഫോമാണ്  ‘ഡിൿറ്റേറ്റ്’ (dictate) ചെയ്യുന്നത്. എന്ത് വിശ്വസിക്കണം, എന്ത് വിശ്വസിക്കരുത്, എന്ത് ചെയ്യണം, എന്ത് ചെയ്യരുത്….. എല്ലാം പിന്നെ യാന്ത്രികമാകുന്നു. പക്ഷെ, ഏറ്റക്കുറച്ചിലുകളുണ്ടാകുന്നുണ്ട്. അതാണ് പ്രത്യക്ഷത്തിൽ കാണപ്പെടുന്ന വ്യത്യാസങ്ങൾ………..

ഈ ലേഖനം ആദ്യവസാനം വായിക്കുവാൻ മാത്രം തലയ്ക്ക് സ്ഥിരതയില്ലാത്ത ആരെങ്കിലും ഉണ്ടാവും എന്ന് ഞാൻ വിചാരിക്കുന്നില്ല. ‘ഇതെഴുതിയവനോ തലയ്ക്ക് വെളിവില്ല, എന്നാ വായിക്കുന്നവനെങ്കിലും വേണ്ടേ?‘ എന്ന നാടൻ ചൊല്ല് തന്നെ അതിന് പ്രമാണം. ഇനി, അബദ്ധവശാൽ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവരോടൊരു അഭ്യർഥന: തല്ലാനായാലും തലോടാനായാലും ശരി, കൈയ്യെടുക്കുന്നതിനുമുമ്പ്  ‘ധാർഷ്ട്യത്തിന്റെ ഭാഷയും സ്വരവും’ എന്ന ഒരു ലേഖനം (ചെറുതാണ്) ഈ ബ്ലോഗിലെവിടെയോ കിടപ്പുള്ളതുകൂടി ദയവായി ഒന്നു സഹിക്കുക. മറ്റൊന്നുകൂടി – ‘യേശുദാസിന്റെ മോക്ഷമു ഗലദ’ യോ,തിളക്കത്തിലെ ‘എന്ന തവം ചെയ്യ നീ, യശോദ’ യോ ഒക്കെ, തൊണ്ടയിലെ വിമ്മിഷ്ടത്തോടെയും ധാരയായൊഴുകുന്ന അശ്രുവോടും കൂടിയല്ലാതെ ഇപ്പൊഴും എനിയ്ക്ക് പൂർണമായി ആസ്വദിക്കുവാൻ പറ്റാറില്ല. പുരാണങ്ങളിലെ സാഹിത്യഭംഗി ആസ്വദിക്കുന്നതിന് ഈ ‘കുരുത്തം കെട്ട’ വായനകളും ‘വേണ്ടാത്ത ചിന്തകളും’ തടസ്സം നിൽക്കുന്നില്ല എന്നു ചുരുക്കം. സാഹിത്യഭംഗി മാത്രമല്ല, അതിഗഹനങ്ങളായ അധ്യാത്മചിന്തകളും പുരാണങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് എന്നുള്ളത് നിസ്തർക്കമാണ്. പക്ഷെ, അവസാനം എല്ലാം വിഷ്ണുവിന്റേയോ ശിവന്റേയൊ ഒക്കെ കാൽക്കൽ കൊണ്ടു വെക്കുമ്പോൾ മാത്രമാണ് പ്രശ്നം. ഉദാഹരണത്തിന് ഭാഗവതം ദ്വിതീയസ്കന്ധം പ്രഥമോദ്യായം ഏഴാം ശ്ലോകം നോക്കുക:

“പ്രായേണ മുനയോ രാജൻ! നിവൃത്താ വിധിഷേധതഃ
നൈർഗുണ്യസ്ഥാ രമന്തേ സ്മഗുണാനുകഥനേ ഹരേഃ”

(ഹേ രാജൻ! വിധിനിഷേധങ്ങളെ വെടിഞ്ഞ് സർവത്തെയും ബ്രഹ്മരൂപമായിക്കണ്ട് നിർഗ്ഗുണബ്രഹ്മത്തിൽത്തന്നെആനന്ദിച്ചിരിക്കുന്ന മുനികൾ കൂടി ശ്രീഹരിഗുണകീർത്തനത്തിൽ രമിക്കുന്നു) മോരും മുതിരയും പോലെ നിർഗുണബ്രഹ്മവും ശ്രീഹരിഗുണകീർത്തനവും!

ശ്രീ. പി. എസ്. നായർ എഴുതി, വിദ്യാരംഭം പ്രസിദ്ധീകരിച്ചിട്ടുള്ള ‘മഹാഭാഗവതം – ഗദ്യ‘ത്തെയാണ് ഞാൻ ഈ ലേഖനത്തിലെ കഥകൾക്കായി ആശ്രയിച്ചിട്ടുള്ളത്. ശ്രീ സി. എസ്. പുരുഷോത്തമൻ നായർ സംശോധന ചെയ്ത്, അക്ഷര പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചിട്ടുള്ള, മലയാള വ്യാഖ്യാന സഹിതമുള്ള ‘ശ്രീ മഹാഭാഗവതം (മൂലകൃതി)‘യും ഒന്നോടിച്ചു നോക്കി എന്നു പറയാം. ഇതര പുരാണങ്ങളിൽനിന്നും ചില കഥാഭാഗങ്ങൾ കൂടി കൂട്ടിച്ചേർത്താണ് വിദ്യാരംഭം ഈ ഗദ്യകൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നതുകൊണ്ട് തന്നെ, മൂലകൃതിയിൽ കാണുന്നതിൽ നിന്നും ചെറിയ വ്യത്യാസങ്ങൾ ചില കഥയിലെങ്കിലും ഇവിടെ അനുഭവപ്പെട്ടേക്കാം. മാത്രമല്ല, ഒരേ കഥതന്നെ രണ്ട് സ്തലത്ത് പറയുമ്പോൾ മൂലകൃതിയിൽത്തന്നെ ചെറിയ വ്യത്യാസങ്ങൾ വരുന്നതായും കാണുന്നുണ്ട്. ഉദാഹരണത്തിന്, ജയവിജയന്മാർക്ക് വിഷ്ണു ശാപമോക്ഷം കൊടുത്തതായി മൂന്നാം സ്കന്ധം പതിനാറാം അധ്യായം പറയുമ്പോൾ (29-30), ഏഴാം സ്കന്ധം ഒന്നാ‍മ്ധ്യായം പറയുന്നത് (35-46) സനകാദിമുനികൾ തന്നെയാണ് ജയവിജയന്മാർക്ക് ശാപമോക്ഷവും കൊടുത്തത് എന്നാണ്.

ശ്രേയസ് എന്നൊരു സൈറ്റിൽനിന്നാണ് (www.sreyas.in) സത്യാർത്ഥപ്രകാശത്തിന്റെ സൌജന്യ പി.ഡി.എഫ് പതിപ്പ് കിട്ടിയത്. ആ സൈറ്റിലെ പല ആശയങ്ങളോടും ബൌദ്ധികമായി വലിയ അടുപ്പമൊന്നും ഇല്ലെങ്കിൽ‌പ്പോലും വളരെ നാളായി അന്വേഷിച്ച് നടന്നിരുന്ന ഈ കൃതി ഇങ്ങനെ ലഭ്യമാക്കിയതിൽ അതിന്റെ നടത്തിപ്പുകാരോടുള്ള നന്ദി ഇവിടെയെങ്കിലും പ്രകാശിപ്പിക്കേണ്ടത് ഒരു മര്യാദയാണെന്നു തോന്നുന്നു. പ്രസ്തുതകൃതിയിലെ ‘ആര്യാവർത്തീയ മതഖണ്ഡന മണ്ഡനം’ എന്ന പതിനൊന്നാം സമുല്ലാസത്തിലെ നൂറോളം പേജുകൾ ഈ പുരാണങ്ങളേയും അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളേയും നിർദ്ദാക്ഷിണ്യം കീറിമുറിച്ച് പരിശോധിക്കാനായാണ് ഉപയോഗിച്ചിട്ടുള്ളതെങ്കിലും അതൊന്നും ഇവിടെ കാര്യമായി പരാമർശിച്ചിട്ടില്ല.

സംസ്കൃതമെന്നാൽ പച്ചമരുന്നോ അങ്ങാടിമരുന്നോ എന്നു നിശ്ചയമില്ലാത്ത എന്റെ ഉദ്ധരിണികൾ വായിച്ച് വെവരം ഉള്ളവർ ചിരിക്കുമെന്നും ഉറപ്പാണ്. ‘ചുക്കുമു ളകുതി പലി‘ മാത്രമല്ല, വിസർഗ്ഗങ്ങളൊക്കെ ഭംഗിയായി വെച്ചുതാങ്ങിയിട്ടുണ്ട്. സംസ്കൃതമല്ലേ, വായിച്ചാ ഇടിവെട്ട് മാതിരി തോന്നണം, അല്ല പിന്നെ!

എന്നാപ്പിന്നെ ഞാനങ്ങോട്ട്………..

footnote (1)The four hands of the God-form represent the four facets of the “inner-instrument” in man [Mind, intellect, thought-stuff (chitta), and the ego sense – Mano-Buddhi-Chitta-Ahamkara ] …………….. Thus the infinite, clothed in the finite, playing the game of life through the four “inner-instruments” is the symbolism behind Lord Vishnu………….. The call of the Divine comes to everyone’s bosom, when He blows His CONCH, and if man were not to listen to the call of the Higher dictates in himself, the CLUB follows to punch him, and in spite of that, if man continues his own mistakes, the DISCUS chops him down. In case the roar of the “conch” is obeyed implicitly, then he gains the LOTUS, a flower that represents, in Hinduism, what the white-dove and the poppy-flower stands for in Western tradition. Peace and prosperity are the significance of “lotus” in India. Lotus signifies PERFECTION SPIRITUAL. The Holy Geeta, Commentary on XI / 46 by Swami Chinmayaananda, 2000 Edn, Page 743.

Advertisements

7 Comments »

 1. Dear Jayachandramenonji,

  I have gone through your e-mail, wish to appreciate and adore your efforts. You are brilliant in summarising and extracting the contents. As all of us are already aware of matters can vary beyond expectation dependng on the individual, place, time etc. i.e. we cannot measure everything with the same scale. Millions of people are leaving the earth every year, including kings, great men, great women etc. but why people are worshipping a few, it means there is substantial difference. We cannot compare such great men with others, Lord Krishna is equivalent only to him etc. etc.

  Once again thanks for the great e-mail.

  Best Regards

  Soman. K Menon

  Comment by Soman K Menon — January 18, 2010 @ 12:28 pm | Reply

  • dear soman,
   i guess you refer to the ‘blog post’ here.
   you have mentioned ‘my e-mail’ twice.
   i don’t remember sending an e-mail to any one.
   hence the slight confusion.
   any way, thanks for the appreciation.
   regards,
   djm.

   Comment by DJ Menon — January 21, 2010 @ 9:19 pm | Reply

 2. Yes Mr. DJ Menon, wrongly I wrote e-mail, I was referring your blog only. Of course I confirm there wasn’t any e-mail correspondence with you.

  Regards

  Soman. K Menon

  Comment by Soman. K Menon — April 20, 2010 @ 5:30 pm | Reply

 3. ഗുഡ്ജോബ് മേനൻ….ഇത്തരം ചിന്താഗതികളും വിശാലമനസ്സും മറ്റുമാണ് ഒരു മതമെന്ന ചട്ടക്കൂടിൽ നിന്ന് പുറത്ത് നിൽക്കാൻ ഹൈന്ദവർക്കാകുന്നത്..സെമിറ്റിക് മതങ്ങൾ ഭയപ്പെടുത്തി വിശ്വസിപ്പിക്കുന്നു…നമ്മൾ വിശ്വസിച്ചാലും ഇല്ലേലും ആർക്കുമൊന്നുമില്ല..

  Comment by പോണിബോയ് — January 10, 2011 @ 8:37 pm | Reply

  • നന്ദി, പോണിബോയ്, നല്ല വാക്കുകള്‍ക്ക്

   Comment by DJ Menon — January 12, 2011 @ 2:19 pm | Reply

 4. A very good analysis.
  കർമ്മം ചിത്തത്തിനെ ഉണ്ടാക്കുന്നു. ചിത്തം കർമത്തിനെ ഉണ്ടാക്കുന്നു.
  നമ്മൾ ചെയ്യുന്ന എല്ലാ കർമങ്ങളുടെയും ഫലം സൂക്ഷരൂപത്തിൽ നമ്മളിൽ തന്നെ സ്ഥിതി ചെയ്യുന്നു.സമയവും സന്ദർഭവും വരുമ്പോൾ നമുക്ക് അത് അനുഭവിക്കേണ്ടി വരും .

  Comment by Bhattathiri Mulavana — October 31, 2017 @ 8:22 am | Reply

  • ശരിയായിരിക്കാം; അല്ലായിരിക്കാം. ആർക്കറിയാം!

   അങ്ങനെയായിരുന്നുവെങ്കിൽ നന്നായിരുന്നു എന്നു പലപ്പോഴും തോന്നാറുണ്ട്‌. പക്ഷെ, ഈ കാവ്യനീതിയൊന്നും പലപ്പോഴും ജീവിതത്തിൽ പ്രവർത്തിക്കുന്നതായി കാണാൻ പറ്റുന്നില്ല- മനുഷ്യജന്മത്തിന്റെ ആപേക്ഷിക ദൈർഘ്യത്തിനുള്ള അലവൻസ്‌ ആ സിദ്ധാന്തത്തിനു കൊടുത്താലും.

   കമന്റിനു നന്ദി, ശ്രീ. ഭട്ടതിരി.

   Comment by DJ Menon — October 31, 2017 @ 11:57 am | Reply


RSS feed for comments on this post. TrackBack URI

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a free website or blog at WordPress.com.

%d bloggers like this: