DJ MENON'S BLOG

July 8, 2015

രവിചന്ദ്രന്റെ കല്ലിന് ലക്ഷ്യം തെറ്റുന്നുവോ?

രവിചന്ദ്രന്റെ കല്ലിന് ലക്ഷ്യം തെറ്റുന്നുവോ?

ഡി.ജെ. മേനോന്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളിജിലെ ഇംഗ്ലീഷ് ഭാഷാദ്ധ്യാപകനും കേരളത്തിലെ ഒരുപക്ഷെ ഏറ്റവും അറിയപ്പെടുന്ന യുക്തിചിന്തകനുമായ ശ്രീ. രവിചന്ദ്രന്‍. സി-യുടെ ‘ബുദ്ധനെ എറിഞ്ഞ കല്ല്’ എന്ന ഗ്രന്ഥം ഇതിനോടകം ജനശ്രദ്ധ നേടിയെന്നതിനു തെളിവ്, ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇറങ്ങിയ അതിന്റെ രണ്ടാം പതിപ്പാണ്. ഗ്രന്ഥത്തിന്റെ ‘ഭഗവദ് ഗീതയുടെ ഭാവാന്തരങ്ങള്‍’ എന്ന ഉപശീര്‍ഷകം‌ ഗീതയുടെ വിവിധ ഭാവങ്ങളെ വിമര്‍ശനാത്മകമായി അപഗ്രഥിക്കുന്നതാണ് ഗ്രന്ഥകാരന്റെ ഉദ്ദേശ്യമെന്നും സൂചിപ്പിക്കുന്നുണ്ട്. മൂന്നു ഭാഗങ്ങളും മൂന്നിലുമായി ആകെ 47 അദ്ധ്യായങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ സോദ്ദേശഗ്രന്ഥം, അഞ്ഞൂറ്റിയറുപത് പുറങ്ങളിലായി ഗീതയെ കീറിമുറിച്ച് പരിശോധിക്കുന്നു. പുസ്തകത്തിലൂടെ കടന്നുപോയ, ജീവിതത്തിന്റെ സായന്തനങ്ങളിലെത്തിയ, വിശ്വാസിയോ അവിശ്വാസിയോ അല്ലാത്ത ഒരു സാധാരണക്കാരന്റെ ഒരു ലേഖനത്തിലൊതുങ്ങേണ്ട ചില ചപലചിന്തകളാണിവിടെ കുറിക്കുന്നത്.

1. ഛാന്ദോഗ്യത്തിലെ കൃഷ്ണന്‍

മുന്‍‌തലമുറയിലെ ശ്രദ്ധേയരായ യുക്തിവാദികളായ ശ്രീ. എ.റ്റി. കോവൂരിന്റെയും ഇടമറുകിന്റെയുമൊക്കെ സൈദ്ധാന്തികസമീപനങ്ങള്‍ എന്റെ തലമുറയിലുള്ളവരെ കുറച്ചൊന്നുമല്ല ആവേശം കൊള്ളിച്ചിട്ടുള്ളത്. തങ്ങള്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയും അത് സാമാന്യജനത്തിനു മുമ്പില്‍ അവതരിപ്പിക്കുന്നതിലെ സത്യസന്ധതയും അവരെയൊക്കെ ശ്രീ. രവിചന്ദ്രനില്‍നിന്നും വളരെയേറെ വ്യത്യസ്തരാക്കുന്നു. ശ്രീ. രവിചന്ദ്രന്റെ ബൌദ്ധികമായ സത്യസന്ധതയില്ലായ്മ ഒന്നുരണ്ടു ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാം. “ഛാന്ദോഗ്യോപനിഷത്തില്‍ ഒരു കൃഷ്ണനെക്കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും അത് ദേവകീപുത്രനാണെന്ന് സൂചനയില്ല.” തന്റെ പുസ്തകത്തിലെ പുറം 232- ല്‍ രവിചന്ദ്രന്‍ പറയുന്നതാണിത്. ഇനി, ഛാന്ദോഗ്യോപനിഷത്തിലെ മൂന്നാമധ്യായം പതിനേഴാം ഖണ്ഡം ആറാമത്തെ മന്ത്രം നോക്കുക: “തദ്ധൈതദഘോര ആംഗിരസഃ കൃഷ്ണായ ദേവകീപുത്രായോക്ത്വോവാചാപിപാസ ഏവ സ ബഭൂവ……” (ഛാന്ദോഗ്യം III:17:6). സംസ്കൃതമേയറിയാത്ത ഏതൊരു സാധാരണ മലയാളിക്കും ഒറ്റ നോട്ടമേ വേണ്ടൂ, ഛാന്ദോഗ്യത്തിലെ കൃഷ്ണന്‍ ദേവകീപുത്രനോ അല്ലയോ എന്നറിയാന്‍.

അപ്പോള്‍, ഉപനിഷത്തിന്റെ പുറം‌ചട്ടപോലും കാണാതെയാണോ ശ്രീ. രവിചന്ദ്രന്‍ പുസ്തകമെഴുതിയിരിക്കുന്നത് എന്നാണ് നിങ്ങള്‍ ആശ്ചര്യപ്പെടുന്നതെങ്കില്‍, ഒരു നിമിഷം നില്‍ക്കുക. അദ്ദേഹം തന്റെ ഗ്രന്ഥരചനയ്ക്കായി വളരെയേറെ ആശ്രയിച്ചിട്ടുള്ള, എ.എല്‍. ബഷാമിന്റെ ‘ദി ഒറിജിന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫ് ക്ലാസ്സിക്കല്‍ ഹിന്ദൂയിസം’ (The Origins and Developement of Classical Hinduism’ by A.L. Basham) എന്ന ഗ്രന്ഥത്തിന്റെ പേജ് 89- കാണുക:

“ഭഗവദ് ഗീതയുടെ ഈ തലം യജ്ഞത്തെ സംബന്ധിച്ച മറ്റുചില പ്രധാന ചിന്തകളും ഉള്‍ക്കൊള്ളുന്നു. ഘോര ആംഗിരസനില്‍നിന്നും ദേവകീപുത്രനായ കൃഷ്ണന്‍ മനസ്സിലാക്കിയ, പ്രാപഞ്ചികജീവിതത്തെത്തന്നെ ഒരു മഹായജ്ഞമായി കാണുന്ന ഛാന്ദോഗ്യത്തിന്റെ സന്ദേശമായിരിക്കാം ഒരുപക്ഷെ, ഇവിടെ മാറ്റൊലിക്കൊള്ളുന്നത്.” (“This stratum of the Bhagavad-gita also contains passages concerning sacrifice which are important and perhaps hark back to the passages in the Chandogya Upanisad where all life is interpreted as a great sacrifice, the doctrine learnt by Krishna Devakiputra from the sage Ghora Angirasa.”

കാര്യങ്ങള്‍ അങ്ങനെയിരിക്കെ, പാശ്ചാത്യരുടെ ലുബ്‌ധമായ കാലഗണനയനുസരിച്ചുപോലും ഏകദേശം മൂന്നു സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ട ചാന്ദോഗ്യത്തില്‍ (ഛാന്ദോഗ്യത്തിന്റെ ആവിര്‍ഭാവകാലം ക്രിസ്തുവിനു മുമ്പ് ഏകദേശം 800 എന്ന് പ്രൊഫ. പോള്‍ ഡോയ്സനെയും ഡോ. എസ്. രാധാകൃഷ്ണനെയും അധികരിച്ച് ശ്രീ. സുകുമാര്‍  അഴീക്കോട്, തത്ത്വമസിയില്‍, പുറം 268‍) കൃഷ്ണന്‍ ഉണ്ടെന്നുവരുന്നത് നമ്മുടെ ഗ്രന്ഥകാരന് സഹിക്കില്ല എന്നല്ലാതെ മറ്റെന്താണ് നമ്മള്‍ മനസ്സിലാക്കുക? ഇദ്ദേഹത്തിന്റെ സത്യസന്ധതയോടുള്ള പ്രതിബദ്ധത വെളിവാക്കുന്ന മറ്റൊരു പ്രതിപാദനംകൂടി പരിശോധിക്കാം:

2. ലിമ്പന്തിയില്‍ കര്‍മ്മരാഹിത്യം കുത്തിവെയ്‌ക്കുമ്പോള്‍

ഗീത നാലാമധ്യായത്തിലെ പതിനാലാം ശ്ലോകം ഇതാണ്:

“ന മാം കര്‍മാണി ലിമ്പന്തി
ന മേ കര്‍മ്മഫലേ സ്‌പൃഹാ
ഇതി മാം യോഭിജാനാതി
കര്‍മ്മഭിര്‍ന്ന സ ബദ്ധ്യതേ” (ഗീത 4:14)

ഈ ശ്ലോകത്തിന് സ്വാമി ചിന്മയാനന്ദന്‍ കൊടുക്കുന്ന വ്യാഖ്യാനം ഇങ്ങനെ: “Actions do not taint Me, nor have I any desire for the fruits-of-action. He who knows Me thus is not bound by his actions.” ശ്രീ. സി. രാധാകൃഷ്ണന്റേത് ഇങ്ങനെയും: “എന്നെ കര്‍മങ്ങള്‍ സ്പര്‍ശിക്കുന്നില്ല. എനിക്ക് കര്‍മങ്ങളില്‍ ഇച്ഛയും ഇല്ല. ഇങ്ങനെ എന്നെ ആര്‍ അറിയുന്നുവോ അവന്‍ കര്‍മങ്ങളാല്‍ ബന്ധിക്കപ്പെടുന്നില്ല.”

അലേപവാദം എന്ന പേരില്‍ ഭാരതീയതത്ത്വചിന്തയില്‍ പിന്നീട് പ്രാധാന്യം നേടിയ, ഭഗവദ്ഗീതയിലെ പുകഴ്‌പെറ്റ നിര്‍ല്ലേപത അഥവാ നിസ്സംഗത അഥവാ അനാസക്തിയോഗത്തിന്റെ പതാകവാഹകശ്ലോകങ്ങളിലൊന്നാണിത്. ഈ ശ്ലോകത്തിലെ പരമപ്രധാനമായ പദങ്ങളാണ് ‘ലിമ്പന്തി’ എന്നതും ‘ബദ്ധ്യതേ’ എന്നതും. ചിന്മയാനന്ദന്റെയും സി. രാധാകൃഷ്ണന്റെയും പക്ഷപാതിത്വമുള്ളതെന്ന് വ്യാഖ്യാനിക്കപ്പെടാവുന്ന അര്‍ത്ഥങ്ങള്‍ മാറ്റിവെയ്ക്കുക. എന്നാലും, ഒട്ടലും ബന്ധനവുമാണിവിടെ പരാമൃഷ്ടമെന്നത് പകല്‍ പോലെ വ്യക്തം. കാണിപ്പയ്യൂരിന്റെ സംസ്‌കൃതം- മലയാളം നിഖണ്ടുവിലും “ലിമ്പഃ- ലേപനം ചെയ്യുന്നവന്‍, ലേപനം ചെയ്യല്‍” എന്നൊക്കെ മാത്രമാണ് അര്‍ത്ഥം കൊടുത്തിരിക്കുന്നത്. ഇനി, ശ്രീ. രവിചന്ദ്രന്റെ വ്യാഖ്യാനത്തിലേക്ക് വരാം: “കര്‍മ്മഫലം ആഗ്രഹിക്കാത്ത ഞാന്‍ ‘കര്‍മ്മമേ ചെയ്യുന്നില്ല’. എന്നെ ഈ വിധം മനസ്സിലാക്കുന്നവനും ‘കര്‍മ്മം ചെയ്യുന്നില്ല’.” (പുറം 206).

“അല്ലയോ അര്‍ജ്ജുനാ, എനിക്ക് ചെയ്യേണ്ടതായി മൂന്നു ലോകങ്ങളിലും കര്‍ത്തവ്യങ്ങള്‍ ഒന്നും തന്നെ ഇല്ല. നേടാത്തത് ഒന്നുമില്ല, നേടേണ്ടതായും ഒന്നുമില്ല. എങ്കിലും ഞാന്‍ സദാ കര്‍മനിരതനായിത്തന്നെ നില്‍ക്കുന്നു.” (ന മേ പാര്‍ത്ഥാസ്‌തി കര്‍ത്തവ്യം / ത്രിഷു ലോകേഷു കിഞ്ചന / നാനവാപ്തമവാപ്തവ്യം / വര്‍ത്ത ഏവ ച കര്‍മ്മണി- ഗീത 3:22) തുടങ്ങിയ കര്‍മ്മയോഗത്തിലെ ശ്ലോകങ്ങള്‍ക്ക് കടകവിരുദ്ധമായ ശ്ലോകങ്ങള്‍ ഗീതയിലുണ്ടെന്നും, ഗീത ഉപദേശിക്കുന്ന കൃഷ്ണന് ബുദ്ധിസ്ഥിരതയില്ലെന്നും വരുത്തിത്തീര്‍ക്കാനാണ് നമ്മുടെ ഗ്രന്ഥകാരന്‍ ഇങ്ങനെ അത്യദ്ധ്വാനം ചെയ്യുന്നത്. അദ്ദേഹം ഇതിനു മാത്രമായി തന്റെ പുസ്തകത്തിലെ പന്ത്രണ്ടാമദ്ധ്യായം മുഴുവനായും മാറ്റിവെക്കുകയും ചെയ്യുന്നു.

ഇതുപോലെ ഇദ്ദേഹം കൃത്രിമമായി വ്യാഖ്യാനിക്കുന്ന മറ്റൊരു ശ്ലോകംകൂടി നോക്കുക: “ബ്രാഹ്മണക്ഷത്രിയവിശാം / ശൂദ്രാണാം ച പരന്തപ / കര്‍മ്മാണി പ്രവിഭക്താനി / സ്വഭാവപ്രഭവൈര്‍ ഗുണൈഃ (ഗീത 18:41). ഈ ശ്ലോകത്തില്‍ ഒരിടത്തും ‘ജന്മസിദ്ധം’ എന്നൊരു പദം കാണാന്‍ സാധിക്കില്ല. പക്ഷെ, ശ്രീ. രവിചന്ദ്രന്‍ തന്റെ ഗ്രന്ഥത്തില്‍ മൂന്നു സ്ഥലത്ത് ഈ ശ്ലോകത്തെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്: “ബ്രാഹ്മണക്ഷത്രിയവൈശ്യര്‍ക്കും ശൂദ്രര്‍ക്കും കര്‍മ്മങ്ങള്‍ ‘ജന്മസിദ്ധങ്ങളായ’ ഗുണങ്ങളനുസരിച്ച് വിഭജിക്കപ്പെട്ടിരിക്കുന്നു.” (പുറം 46, 165, 382). ഇതേ രവിചന്ദ്രന്‍‌തന്നെ പുറം 395-ല്‍ ഇതേ ശ്ലോകത്തെ വ്യാഖ്യാനിക്കുന്നതു നോക്കൂ: “‘സ്വാഭാവികഗുണം’ അനുസരിച്ചാണ് ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്രന്മാരുടെ കര്‍മ്മങ്ങള്‍ വിഭജിച്ചിരിക്കുന്നത്.” അപ്പോള്‍, ശ്ലോകത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അദ്ദേഹത്തിന് അറിയാന്‍ വയ്യാഞ്ഞിട്ടല്ല. എന്നിട്ടും, ഇതിനുമുമ്പ് നമ്മള്‍ ചര്‍ച്ചചെയ്ത ഗീതാശ്ലോകത്തിലെന്നപോലെ വികലവും കൃത്രിമവുമായ വ്യാഖ്യാനം സ്വയം സൃഷ്ടിച്ച്, അതിന്റെ അടിസ്ഥാനത്തില്‍ വാദകോലാഹലങ്ങള്‍ നടത്തി, തന്റെ സിദ്ധാന്തങ്ങളെ സ്ഥാപിക്കുവാന്‍ ശ്രമിക്കുകയാണദ്ദേഹം.

ഗ്രന്ഥകാരന്റെ ബൌദ്ധികമായ സത്യസന്ധതയെപ്പറ്റി ഏകദേശധാരണ ലഭിച്ച സ്ഥിതിയ്‌ക്ക്, അദ്ദേഹത്തിന്റെ മറ്റുചില വിവരണങ്ങളിലേക്ക് കടക്കാം.

3. സാമാന്യബുദ്ധി പോലുമില്ലാത്ത ഇന്‍ഡോളജിസ്റ്റുകള്‍

പുസ്തകത്തിലെ പേജ് 102- ല്‍ ഇങ്ങനെയൊരു പ്രസ്താവം കാണാം: “…. കുരുക്ഷേത്രയുദ്ധം നടന്നിട്ടുണ്ടെന്നോ കൃഷ്ണനും അര്‍ജ്ജുനനും ചരിത്രകഥാപാത്രങ്ങളാണെന്നോ സാമാന്യബുദ്ധിയുള്ള ആരും പറയില്ല. മഹാഭാരതം കഥയാണ്, ഗീതയും കഥയാണ്. രണ്ടിനും യാഥാര്‍ഥ്യവുമായി ബന്ധമില്ല.”

ഭാരതീയവിജ്ഞാനീയത്തിന്റെ കൈപ്പുസ്തകമായി പണ്ഡിതലോകം വാഴ്‌ത്തുന്ന എ.എല്‍. ബഷാമിന്റെ‌തന്നെ, ഇന്ത്യയെന്ന വിസ്മയം (The Wonder that was India by A.L. Basham) എന്ന വിശ്രുതഗ്രന്ഥത്തിന്റെ നാല്പതാം പുറം മാത്രം, തത്കാലം നമുക്കൊന്ന് പരിശോധിക്കാം:

“പില്‍കാല ജനകീയ വിശ്വാസ‌സമ്പ്രദായങ്ങളനുസരിച്ച് മഹാഭാരതയുദ്ധം ക്രി.മു. 3102-ല്‍ നടന്നുവെന്നാണ് കരുതപ്പെടുന്നതെങ്കിലും നമുക്ക് ലഭ്യമായ എല്ലാ തെളിവുകളും അത് നിരാകരിക്കുന്നു. യുദ്ധത്തെ ക്രി.മു. പതിനഞ്ചാം നൂറ്റാണ്ടില്‍ പ്രതിഷ്ഠിക്കുന്ന മറ്റൊരു സമ്പ്രദായവും നിലവിലുണ്ടെങ്കിലും, ലഭ്യമായ ആര്‍ക്കിയോളജിക്കല്‍ തെളിവുകളനുസരിച്ച് ഈ കാലഗണനയും വളരെ പിന്നിലാണ്. ഒരുപക്ഷെ, ഈ യുദ്ധം ക്രി.മു. ഒന്‍പതാം നൂറ്റാണ്ടിലാവാം നടന്നിട്ടുണ്ടാവുക. അപര്യാപ്തമെങ്കിലും ലഭ്യമായ തെളിവുകള്‍ ഈ വാദത്തോടൊത്തുപോകുന്നു. എന്നുമാത്രമല്ല, യുദ്ധം നടന്നിട്ടുണ്ടാവുക അതിനധികം പിറകിലാവില്ല എന്നതിന് ബ്രാഹ്മണങ്ങളില്‍‌ത്തന്നെ  സൂചനകളുണ്ടുതാനും.” (ശതപഥം  1:4:1ആണിവിടെ പരാമൃഷ്ടം. പരിഭാഷ ലേഖകന്റേത്). [“According to the most popular later tradition the Mahabharatha War took place in 3102 B.C., which, in the light of all evidence, is quite impossible. More reasonable is another tradition, placing the war in the 15th century B.C., but this is also several centuries too early in the light of our archaeological knowledge. Probably it took place around the beginning of the 9th century B.C., such a date seems to fit well with the scanty archaeological remains of the period, and there is some evidence in the Brahmana literature itself to show that it cannot have been much earlier…….”]

‘എ.എല്‍. ബഷാമിന്റെ, ദി വണ്ടര്‍ ദാറ്റ് വാസ് ഇന്‍ഡ്യ വായിച്ചിട്ടില്ലാത്ത ഭാരതീയന്‍ അനുകമ്പയര്‍ഹിക്കുന്നു’ എന്ന് അഴീക്കോട് മാഷ് പറഞ്ഞുപോയതും കൂടി ആനുഷംഗികമായി ഓര്‍മ്മിച്ചുകൊണ്ട് (നവയാത്രകള്‍, സുകുമാര്‍ അഴീക്കോട്, പുറം 32) നമുക്ക് മറ്റൊരു നിഗമനത്തിലേക്കും എത്താം: മഹാഭാരതത്തിന് ആധാരമായ ഒരു അതിര്‍ത്തി തര്‍ക്കമെങ്കിലും പൌരാണിക കാലത്തെപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടാകാമെന്നത് നമ്മുടെ ഗ്രന്ഥകര്‍ത്താവിന് ഇഷ്ടമല്ല; അതിനി ബഷാമല്ല, ആരു പറഞ്ഞാലും!

4. ജഗത്തിലുള്ള എല്ലാത്തിന്റെയും മൊത്തക്കച്ചവടക്കാര്‍!

ഈ വരികള്‍ ശ്രദ്ധിക്കുക: “രസകരമായ കാര്യമെന്തെന്നാല്‍ ഭൌതികവസ്തുക്കളും ഭൌതികപ്രതിഭാസങ്ങളും ഉപയോഗിച്ചാണ് ആത്മാവ് എന്ന അതിഭൌതികപ്രതിഭാസത്തെ ഋഷിമാര്‍പോലും വിവരിക്കുന്നത്.” (പുറം. 268); “ഋഷിമാര്‍, ഉരഗങ്ങള്‍, ബ്രഹ്മാവ്, താമരപ്പൂവ്……ബ്രഹ്മം സത്യം ജഗത്ത് മിഥ്യ എന്ന് ഗീര്‍വാണമടിക്കുന്ന ഒരു ഗ്രന്ഥം ഇങ്ങനെയാണോ പരബ്രഹ്മത്തിന്റെ വിശ്വരൂപം വെളിപ്പെടുത്തുന്നത്? ഇതില്‍ ജഗത്തല്ലാത്തതെന്ത്?!!” (പുറം. 333). ഇങ്ങനെയൊക്കെയാണ് ശ്രീ രവിചന്ദ്രന്‍ ആത്മീയവാദികളെ നേരിടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, ആത്മീയവാദികളാരും ജഗത്തിലുള്ള ഒന്നിനേയും ഒരുദാഹരണത്തിനുപോലും തൊട്ടേക്കരുത് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതെല്ലാം ഭൌതികവാദികള്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. മാത്രമല്ല, ആത്മീയവാദികള്‍ ആത്മാവില്‍ എന്തൊക്കെ ഗുണങ്ങള്‍ ആരോപിക്കുന്നുവോ, അതെല്ലാം ഭൌതികവാദികള്‍ക്ക് സ്വന്തമായ ദ്രവ്യത്തിന്റെ ഗുണങ്ങളാണുതാനും, ശ്രീ രവിചന്ദ്രനെ സംബന്ധിച്ചിടത്തോളം. പുറം 477,78-ല്‍ അദ്ദേഹം പറയുന്നതു നോക്കൂ: “ഉള്ളതെന്തോ അതാണ് ദ്രവ്യം. അത് ബേരിയോണിക് ദ്രവ്യമാകാം, ശ്യാമദ്രവ്യമാകാം, ശ്യാമോര്‍ജ്ജമാകാം… ഇനിയും കണ്ടെത്തിയേക്കാവുന്ന മറ്റേതെങ്കിലും ദ്രവ്യ-ഊര്‍ജ്ജ രൂപ-ഭാവ-ഗുണങ്ങളാകാം. പ്രപഞ്ചം ദൈവം, മാലാഖ, പ്രേതം തുടങ്ങിയ മനോജന്യസങ്കല്പങ്ങളെപ്പോലെയല്ല. അത് ഉള്ളതാണ്, തെളിവുള്ളതാണ്, അനുഭവവേദ്യമാണ്. നിര്‍മ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ലാത്ത ദ്രവ്യത്തിന് പരിണാമം ഒഴിച്ച് മറ്റൊന്നും ബാധകമല്ല. നിര്‍മ്മിക്കാന്‍ സാധ്യമല്ലാത്തതിന് ജനനമില്ല, നശിപ്പിക്കാന്‍ സാധ്യമല്ലാത്തതിന് മരണമില്ല. ദ്രവ്യം ഉള്ളതാണ്, അത് നിര്‍മ്മിക്കാനും നശിപ്പിക്കാനും സാധ്യവുമല്ല- അപ്പോള്‍പ്പിന്നെ അത് എക്കാലത്തും ഉണ്ടായിരുന്നു, എക്കാലത്തും ഉണ്ടായിരിക്കും എന്ന നിഗമനം മാത്രമേ സാധ്യമാകൂ. ജനിമൃതികളില്ലാത്ത അവിനാശിയും അമരവുമായ ദ്രവ്യം ഇതേ ഗുണങ്ങള്‍ ആരോപിക്കപ്പെടുന്ന ബ്രഹ്മത്തിന്റെ പകരക്കാരനല്ല. എന്തെന്നാല്‍ ദ്രവ്യം ഉള്ളതും തെളിവുള്ളതുമാണ്, ബ്രഹ്മമാകട്ടെ കേവലമായ മതകഥയും.”

ഇവിടെ പരാമര്‍ശിക്കപ്പെടുന്ന ശ്യാമദ്രവ്യവും ശ്യാമോര്‍ജ്ജവും എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍, പ്രപഞ്ചത്തിലെ ഗാലക്സികള്‍ക്കിടയിലെ ഗുരുത്വാകര്‍ഷണം, ഊര്‍ജ്ജതന്ത്രസമവാക്യങ്ങള്‍ ആവശ്യപ്പെടുന്നതിലും വളരെ കൂടുതലാണെന്ന് കണ്ടെത്തുകയുണ്ടായി. പ്രപഞ്ചത്തിലെ ഗ്യാലക്സികളായ ഗാലക്സികളിലെല്ലാത്തിലെയും, ഗലാക്റ്റിക് ധൂമപടലങ്ങളിലെയും മറ്റു പൊടിപടലങ്ങളിലെയും, ഗ്രഹങ്ങളിലെയും ക്ഷുദ്രഗ്രഹങ്ങളിലെയും താരാപഥങ്ങളിലെ മറ്റു സകലവസ്തുക്കളിലെയും, അവയ്‌ക്കൊപ്പം തമോഗര്‍ത്തങ്ങളിലെ അത്യന്തം ഘനീഭവിച്ച ദ്രവ്യസംഘാതങ്ങളിലെ ദ്രവ്യത്തിന്റെയും കണക്കെടുത്തിട്ടും സമവാക്യങ്ങള്‍ ഒക്കുന്നുണ്ടായിരുന്നില്ല. കാര്യങ്ങള്‍ അവിടംകൊണ്ടും അവസാനിച്ചില്ല. ഗ്യാലക്സികള്‍ക്കുള്ളിലെ നക്ഷത്രങ്ങള്‍ അവയുടെ കേന്ദ്രത്തിനു ചുറ്റും ഭ്രമണംചെയ്യുന്നതും സമവാക്യങ്ങള്‍ ആവശ്യപ്പെടുന്നതിലും കൂടുതല്‍ വേഗതയിലായിരുന്നു. അപ്പോള്‍ ശാസ്ത്രജ്ഞര്‍ക്കുമുന്നില്‍ രണ്ടു വഴികളെ ഉണ്ടായിരുന്നുള്ളു. ഒന്നുകില്‍ ഗാലക്സികളെയും നക്ഷത്രങ്ങളെയും സംബന്ധിച്ചുള്ള ഈ സിദ്ധാന്തം തന്നെ ഉപേക്ഷിക്കുക; അല്ലെങ്കില്‍ പ്രപഞ്ചത്തില്‍ നമുക്കറിയാന്‍ വയ്യാത്ത മറ്റെന്തോതരം ദ്രവ്യമുണ്ടെന്നു കരുതുക. ശാസ്ത്രലോകം രണ്ടാമത്തെ വഴിക്കൊപ്പം നിലയുറപ്പിച്ചു; അതിനൊരു പേരും കൊടുത്തു: തമോദ്രവ്യം! അപ്പോള്‍‌പിന്നെ എത്ര തമോദ്രവ്യം വേണം എന്നായി അടുത്ത ചോദ്യം. നിലവിലുള്ള ദ്രവ്യത്തിനൊപ്പം അതിന്റെ അഞ്ചിരട്ടി തമോദ്രവ്യം ചേര്‍ത്താല്‍ കണക്കൊപ്പിക്കാം എന്നായിരുന്നു ഉത്തരം.

കാര്യങ്ങള്‍ അങ്ങനെ  വലിയ കുഴപ്പമില്ലാതെ നീങ്ങുമ്പോള്‍ അതാ വരുന്നു അടുത്ത പ്രശ്നം. ഇത്രയും ദ്രവ്യം അധികമായുണ്ടെങ്കില്‍, മഹാവിസ്‌ഫോടനത്തിന്റെ നിമിഷാര്‍ധത്തില്‍ തുടങ്ങിയ ഗ്യാലക്സികളുടെ പ്രയാണം  ഇപ്പോള്‍ അല്പമെങ്കിലും മന്ദഗതിയിലായിട്ടുണ്ടാകണം. എന്നുമാത്രമല്ല, പ്രപഞ്ചവികാസത്തിന്റേതായ ഈ പ്രയാണം കാലക്രമേണ അവസാനിപ്പിച്ച്, പ്രപഞ്ചസങ്കോചത്തിന്റെ ഒരു പിന്‍‌നടത്തത്തിന് നമ്മുടെ പ്രപഞ്ചം നിന്നുകൊടുക്കുകയും വേണം. അതാണ് സംഭവിക്കുന്നത് എന്നായിരുന്നു ശാസ്ത്രലോകം അന്നു വിശ്വസിച്ചിരുന്നതും. പക്ഷെ, തൊണ്ണൂറുകളുടെ അവസാനവര്‍ഷങ്ങളിലെ എല്ലാ ശാസ്ത്രനിരീക്ഷണങ്ങളുടെ ഫലങ്ങളും അവരെ നിരാശപ്പെടുത്തുന്നതായിരുന്നു. ഈ ചിത്രത്തിന്റെ നേര്‍‌വിപരീതമാണ് ശാസ്ത്രലോകത്തിനുമുന്നില്‍ ആ ഫലങ്ങള്‍ കാഴ്ചവെച്ചത്. മന്ദഗതിയിലാവുന്നില്ല എന്നതു പോട്ടെ, പ്രപഞ്ചം അതിവേഗം കൂടുതല്‍ കൂടുതല്‍ വികസിക്കുകയാണ്, അതും അമ്പരപ്പിക്കുന്ന വേഗത്തില്‍! അപ്പോള്‍‌പിന്നെ ശാസ്ത്രലോകത്തിനുമുന്നില്‍ ഒരൊറ്റവഴിയേയുണ്ടായിരുന്നുള്ളു- ഗ്യാലക്സികളെ തമ്മിലകറ്റുന്ന മറ്റൊരു നിഗൂഢോര്‍ജ്ജവും പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നു കരുതുക! അതിനവരിട്ട പേരാണ് തമോര്‍ജ്ജം! അങ്ങനെ എന്തെന്നോ ഏതെന്നോ അറിഞ്ഞുകൂടാത്ത തമോദ്രവ്യത്തിന് ഇരുപതിനു മുകളിലും തമോര്‍ജജത്തിന് മറ്റൊരു എഴുപത്തിയഞ്ചു ശതമാനവും നീക്കുവെച്ചുകഴിഞ്ഞപ്പോള്‍ നമുക്കു പരിചിതമായിരുന്ന പ്രപഞ്ചം ‘യാഥാര്‍ഥ്യ’ത്തിന്റെ നാലു ശതമാനത്തിലും താഴെയായി പരിമിതപ്പെട്ടു!

അങ്ങനെ ഊര്‍ജ്ജതന്ത്ര-ഗണിത സമവാക്യങ്ങളുടെ തൂക്കമൊപ്പിക്കുവാന്‍ വേണ്ടി ശാസ്ത്രലോകം സങ്കല്‍പ്പിച്ചൊപ്പിച്ചെടുത്ത തമോദ്രവ്യത്തിനെയും തമോര്‍ജ്ജത്തെയുമാണ് നമ്മുടെ ഗ്രന്ഥകാരന്‍, ‘അത് ഉള്ളതാണ്, തെളിവുള്ളതാണ്, അനുഭവവേദ്യമാണ്’ എന്നൊക്കെ വിശേഷിപ്പിക്കുന്നത് എന്നര്‍ഥം.

5. ബാലിശമായ സാഹിത്യാസ്വാദനം

സംസ്കൃതകാവ്യങ്ങളുടെ പ്രാണന്‍ എന്നു പറയുന്നത് അതിലടങ്ങിയിരിക്കുന്ന ധ്വനിവിശേഷങ്ങളാണ്. വാച്യാര്‍ഥത്തേയും ലാക്ഷണികാര്‍ഥത്തെയും അതിശയിച്ചുനില്‍കുന്ന, സൂക്ഷ്മതലത്തില്‍മാത്രം അനുഭവവേദ്യമാകുന്ന ഈ മനോഹരമായ അര്‍ഥവിശേഷം ആസ്വദിക്കുന്നതിന് ഒരാള്‍ക്ക് വേണ്ടത് സഹൃദയത്വവും കാവ്യപരിചയവുമൊക്കെയാണ്. ശ്രീ. എം.എന്‍. കാരശ്ശേരിയുടെ ഉദാഹരണം കടമെടുത്ത് (മലയാളവാക്ക്, പുറം 86,87) ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കാം. കുമാരനാശാന്റെ ‘നളിനി’യിലെ നായിക താമരപ്പൂവിനോട് പറയുന്ന ഈ ഭാഗം ശ്രദ്ധിക്കുക:

സന്തതം മിഹിരനാത്മശോഭയും
സ്വന്തമാം മധു കൊതിച്ച വണ്ടിനും
ചന്തമാര്‍ന്നരുളി നില്‍ക്കുമോമലേ
ഹന്ത! ധന്യമിഹ നിന്റെ ജീവിതം

എല്ലായ്പ്പോഴും സ്വന്തം കാന്തി സൂര്യനു സമര്‍പ്പിക്കുമ്പോള്‍ത്തന്നെയും തന്നെ കൊതിച്ചുവരുന്ന വണ്ടിന് തേനും സമ്മാനിക്കുന്ന താമരപ്പൂവിനോട്, നിന്റെ ജീവിതം എത്ര ധന്യമെന്നാണ് നളിനി ഇവിടെ ചോദിക്കുന്നത്. ഈ പദ്യത്തില്‍ അവള്‍ സ്വന്തം കാര്യം യാതൊന്നും നേരിട്ട് നമ്മളോട് പറയുന്നില്ലെങ്കില്‍‌പോലും നളിനിയുടെ വ്യസനം ആഴത്തില്‍ ഒരു സഹൃദയന് അനുഭവിക്കാന്‍‌പറ്റും. താപസിയായിരിക്കുമ്പോള്‍ത്തന്നെയും സ്വന്തം കാമുകനെ തേടുന്നവളാണ് നളിനി. ആ താമരപ്പൂവിനെപ്പോലെ, സ്വന്തം ആത്മശോഭ ദൈവത്തിനു സമര്‍പ്പിച്ച് ജീവിക്കുമ്പോഴും തന്റെ ജീവിതസൌഭാഗ്യമാകുന്ന തേന്‍ കാമുകനായ ദിവാകരനു സമര്‍പ്പിക്കുവാന്‍ തനിക്കു കഴിയാതെ പോകുന്നല്ലോ എന്ന ഒരര്‍ഥമാണിവിടെ സഹൃദയനു വ്യംഗ്യമായി കിട്ടുന്നത്.  ഈശ്വരാഭിമുഖ്യമുള്ള തപസ്സും കാമുകനെ തേടുന്നപ്രണയഭാവവും ഒരേസമയം കൊണ്ടുനടക്കുമ്പോള്‍‌പോലും അവയ്‌ക്കിടയില്‍ എന്തെങ്കിലും വൈരുദ്ധ്യമുള്ളതായി അവള്‍ക്ക് അനുഭവപ്പെടുന്നില്ല. ഈ മനോഭാവം പ്രകടിപ്പിക്കാന്‍ ഏറ്റവും യുക്തമായ ഒരു പ്രതീകമാണ് താമര. അത് സ്വന്തം ശോഭ സൂര്യനു സമര്‍പ്പിക്കുമ്പോള്‍‌തന്നെ വണ്ടിന് സ്വന്തം തേന്‍ കൊടുക്കുന്നുണ്ട്. ഈ രണ്ടു തലത്തിലും കൃതാര്‍ഥതയ്‌ക്കവകാശമുണ്ടെന്നു താമരപ്പൂവിനോടു പറയുമ്പോള്‍, തനിക്കതിന് ഭാഗ്യമില്ലാതെ പോയല്ലോ എന്ന നളിനിയുടെ വ്യസനം അനുവാചകന്‍ ആഴത്തില്‍ അനുഭവിക്കുന്നു. നളിനി (താമരപ്പൊയ്ക), ദിവാകരന്‍ (സൂര്യന്‍) എന്ന പേരുകളുടെ സാംഗത്യം കൂടിയാകുമ്പോള്‍ ഈ സംവേദനം ഒരു കാവ്യാനുഭവമായി മാറുന്നു.

ഇപ്പറഞ്ഞത് സംസ്കൃതകാവ്യങ്ങളുടെ കാര്യമാണ്. കാവ്യങ്ങളെ വിട്ട് നമ്മള്‍ വേദത്തിലെത്തുമ്പോള്‍ അവിടെ ഈ സംവേദനക്ഷമതയും പോരാതെ വരും. അഴീക്കോട്‌മാഷ് ചൂണ്ടിക്കാണിച്ചതുപോലെ, “വേദം പഠിക്കുന്നവര്‍ ആദ്യം മനസ്സിലാക്കേണ്ടത്, അതിനെ ആകെ പൊതിഞ്ഞിരിക്കുന്ന ഒരു മൂടുപടമുണ്ട് എന്നാണ്. ആ അവഗുണ്ഠനം നീക്കാന്‍ കഴിയാത്തവര്‍ക്ക് അതിന്റെ അത്ഭുതജ്യോതിസ്സായ അന്തര്‍മുഖത്തിന്റെ സൌന്ദര്യം അനുഭവിക്കാന്‍ കഴിയുകയില്ല.”(തത്ത്വമസി, പുറം 93-94). അല്പം കൂടി വിശദമാക്കാം. വേദങ്ങളിലെ സോമപാനം പ്രസിദ്ധമാണല്ലോ. ഋഗ്വേദത്തിലെ ഒരു മണ്ഡലം മുഴുവനായും സോമവിഷയകമായ മന്ത്രങ്ങളുമാണ്. പക്ഷെ, ‘സോമം മന്യതേ പപിവാന്‍’ എന്നുതുടങ്ങുന്ന ഋഗ്വേദമന്ത്രം (10:85:3) വ്യക്തമായി പറയുന്നു, ചെടിയില്‍നിന്നു പിഴിഞ്ഞുകിട്ടുന്നതല്ല സോമരസമെന്നും ബ്രഹ്മജ്ഞാനികള്‍ കഴിക്കുന്ന സോമം ആര്‍ക്കും അറിയില്ലെന്നും! ‘സോമം യം ബ്രഹ്മാണോ വിദു’ എന്നു തുടങ്ങുന്ന അടുത്ത മന്ത്രത്തില്‍ (10:85:4) തുടര്‍ന്ന് പറയുന്നത്, ഭൂമിയില്‍ പിറന്നവന് അത് കുടിക്കാന്‍ പറ്റില്ലെന്നാണ്. മാത്രമല്ല,  യാഗവസ്തുക്കളില്‍‌വെച്ച് മുന്തിയ സോമരസം “ഹൃദയത്താല്‍ പാനംചെയ്യേണ്ടതാണ്” എന്നും മറ്റനേകം മന്ത്രങ്ങളില്‍ പ്രസ്താവങ്ങളുണ്ട് (ഉദാഹരണം 10.107.9).

ഇതുപോലെയാണ് ‘കുതിര’യ്ക്കും ‘ദ്രവിണ’ത്തിനുമൊക്കെ വേണ്ടിയുള്ള ആര്യന്മാരുടെ പ്രാര്‍ത്ഥനകളും. ഈ കുതിര സൂര്യനു ചോടെയുള്ള ഒരു കുതിരയുമല്ലെന്നും, അതുപോലെ ദ്രവിണമെന്നാല്‍ ധനമല്ലെന്നും ജ്ഞാനപ്രകാശത്തോടുകൂടിയ ബ്രഹ്മവര്‍ച്ചസ്സാണതെന്നും അഴീക്കോട്‌മാഷ് വ്യക്തമാക്കുന്നുണ്ട്. ഇതൊന്നുമറിയാത്തവരാണ്, അസുരന്മാര്‍ ആര്യന്മാരുടെ പശുക്കളെ മോഷ്ടിച്ചുവെന്നും, ആര്യന്മാരും അനാര്യന്മാരും തമ്മില്‍ എന്നും സംഘട്ടനമായിരുന്നു എന്നുമൊക്കെയുള്ള ‘കെട്ടുകഥകള്‍’ ഇവിടെ പാടിനടന്നിരുന്നതെന്നും അദ്ദേഹം അര്‍ഥശങ്കയ്‌‌ക്കിടയില്ലാത്തവിധം വ്യക്തമാക്കിത്തരുന്നു. മാഷിന്റെ അഭിപ്രായത്തില്‍, ‘അഗാധവും സ്വപ്നഭിന്നവുമായ ഒരു ആന്തരപ്രത്യക്ഷത്തില്‍‌വെച്ച്, ജ്ഞാനേന്ദ്രിയങ്ങളുടെ ചരമഗാനം ആത്മാവില്‍ മുഴങ്ങുമ്പോള്‍ ഋഷിക്കുണ്ടാകുന്ന അസാധാരണമായ അനുഭൂതിയുടെ അതിസൂക്ഷ്മമായ ചിത്രമാണ്’ അവരുടേതുമാത്രമായ മിസ്റ്റിക്ഭാഷയില്‍ അവര്‍ പകര്‍ത്തിവെച്ചിരിക്കുന്നത്. ‘അനുഭവത്തിന്റെ സമാധിയില്‍, സാക്ഷാത്‌കാരവേളയില്‍ വെളിപ്പെടുന്ന ആശയചിത്രീകരണത്തിന്റെ ഭാഷ’യായ ഈ ‘സമാധിഭാഷ’യെപ്പറ്റി ഒന്നുമറിഞ്ഞുകൂടാത്ത വാച്യാര്‍ത്ഥമാത്രദര്‍ശികള്‍ക്ക് ഗീതാശ്ലോകങ്ങള്‍ എങ്ങനെയാണ് അനുഭവവേദ്യമാകുന്നതെന്ന് മനസ്സിലാക്കുവാന്‍ ശ്രീ രവിചന്ദ്രന്റെ ഈ ഒരൊറ്റ ഉദാഹരണം മതിയാകും:

“ഉത്‌ക്രാ‌മന്തം സ്ഥിതം വാപി / ഭുഞ്ജാനം വാ ഗുണാന്വിതം / വിമൂഢാ നാനുപശ്യന്തി / പശ്യന്തി ജ്ഞാനചക്ഷുഷഃ” എന്ന ഗീതാശ്ലോകത്തിന് (ഗീത 15:10) ‘ആത്മാവ് ദേഹം വിട്ടുപോകുന്നതോ ദേഹത്തില്‍ സ്ഥിതിചെയ്യുന്നതോ വിഷയങ്ങളെ അനുഭവിക്കുന്നതോ മൂഢന്മാര്‍ കാണുന്നില്ല. ജ്ഞാനികള്‍ കാണുന്നു.’ എന്ന് പരിഭാഷ കൊടുത്തിട്ട് ഗ്രന്ഥകര്‍ത്താവ് ആശ്ചര്യപ്പെടുന്നു: “ദേ വീണ്ടും! ആത്മാവിനെ ഒരുത്തനും അറിയാനാവില്ലെന്ന് 2:29-ല്‍ വ്യക്തമായും ശക്തമായും പറഞ്ഞ കൃഷ്ണന്‍ 15:10-ല്‍ പ്ലേറ്റ് നേരേ തിരിച്ചുവെക്കുന്നു- ജ്ഞാനികള്‍ കാണുന്നുവത്രെ!…” (പുറം 268)

ദേഹത്തില്‍ സ്ഥിതിചെയ്യുന്ന ആത്മാവ്, സിനിമയിലൊക്കെ കാണുന്നതുപോലെ ബഹുവര്‍ണ്ണത്തിലുള്ള പുകയായി പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ ദേഹം വിട്ടുപോകുമെന്നും അത് ജ്ഞാനികള്‍ നിറമിഴികളോടെ കാണുമെന്നൊക്കെയാണോ എന്തോ, ഈ വരികളില്‍ നമ്മുടെ ഗ്രന്ഥകാരന്‍ അര്‍ത്ഥം കാണുന്നത്. ശ്രീ. സി.രാധാകൃഷ്ണന്‍ ഗ്രന്ഥകര്‍ത്താവിനോടുതന്നെ പറയുന്നതുപോലെ, “ഈ പറയുന്ന കാര്യങ്ങളിലൊക്കെ പ്രതീകാത്മകമായ ഒരു കാവ്യാര്‍ത്ഥം കാണാന്‍ കഴിയുന്നില്ലെങ്കില്‍ വായിക്കാതിരിക്കുകയാണ് നല്ലത്.” (പുറം 505)

6. എന്തൊക്കെ കേള്‍ക്കണം!

ഏതുകാര്യത്തിനും ഒരു മറുവശംകൂടിയുണ്ടെന്നും, വിമര്‍ശനത്തിനു വിധേയമാക്കാന്‍‌പറ്റാത്തതായി ഈ പ്രപഞ്ചത്തില്‍ യാതൊന്നുമില്ലെന്നുമാണ്, പരിഷ്‌കൃ‌ത‌ലോകം വിശ്വസിക്കുന്നത്. ആശയങ്ങള്‍, അതു മുന്നോട്ടുവെക്കുന്നത്‍ കൃഷ്ണനോ രാമനോ ബുദ്ധനോ ക്രിസ്തുവോ യഹോവയോ അല്ലാഹുവോ ആരുമായിക്കോട്ടെ, അവയൊന്നുംതന്നെ വിമര്‍ശനത്തിന് അതീതവുമല്ല, നമ്മുടേതുപോലെ ഒരു ബഹുസ്വരസമൂഹത്തിലെങ്കിലും, ഇന്ന്. പക്ഷെ, വിമര്‍ശനം ആശയങ്ങളെ കൈവിട്ട് വ്യക്തിയിലേക്ക് നീങ്ങുമ്പോള്‍ ഔചിത്യത്തിന്റെ പ്രശ്നങ്ങള്‍ കടന്നുവരുന്നു. സ്വാമി സന്ദീപാനന്ദഗിരിയുമായി നടത്തിയ ഗ്രന്ഥകാരന്റെ സംവാദമാണ് തന്റെ പുസ്തകരചനയുടെ പ്രേരണകളിലൊന്ന് എന്ന് അദ്ദേഹംതന്നെ വെളിപ്പെടുത്തുന്നുണ്ട്. അഭിമുഖസംവാദവുമായി സഹകരിച്ച സര്‍വശ്രീ. സി. രാധാകൃഷ്ണന്‍, പി. കേശവന്‍ നായര്‍, ടി.ആര്‍. സോമശേഖരന്‍, എം. കൃഷ്ണന്‍ നായര്‍, കെ. കുഞ്ഞനന്തന്‍ നായര്‍ എന്നിവരേയും സ്മരിക്കുന്നുണ്ട് ശ്രീ. രവിചന്ദ്രന്‍ തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍. പക്ഷെ, പ്രതിപാദനത്തില്‍ അങ്ങോളമിങ്ങോളം വ്യാഖ്യാനപ്രഭു, വ്യാഖ്യാനസിംഹം, കൊടുമ്പിരിവേദാന്തി, ഹൈടെക് സ്വാമി, മ്യാരകം, ക്വാണ്ടം ഫിസിക്സ് കടഞ്ഞെടുത്ത തിരുമധുരം, ശാസ്ത്രത്തില്‍ കുഴച്ച് അന്ധവിശ്വാസങ്ങള്‍ വിറ്റഴിക്കുന്ന സാംസ്കാരികപ്രഭു തുടങ്ങിയ പ്രയോഗങ്ങള്‍ നിറയുമ്പോള്‍, രവിചന്ദ്രന്റെ കല്ലിന് മൂര്‍ച്ച കൂടുന്നു. ആശയങ്ങളെ വിട്ട് വ്യക്തികളിലേക്കാവുന്നു അതിന്റെ പ്രയാണവും. ഇങ്ങനെയൊക്കെയാണെങ്കിലും, കൃഷ്ണന്റെ മൂഢന്മാര്‍‍ തുടങ്ങിയ പ്രയോഗങ്ങളോട് കലഹിക്കുന്നുമുണ്ട് ശ്രീ. രവിചന്ദ്രന്‍ തന്റെ ഗ്രന്ഥത്തിലുടനീളം.

7. ഇന്ദ്രിയാതീതജ്ഞാനം എന്ന അസംബന്ധം

‘പരാഞ്ചി ഖാനി വ്യതൃണത് സ്വയംഭൂ..’ എന്നു തുടങ്ങുന്ന ഒരു മന്ത്രമുണ്ട് കഠോപനിഷത്തില്‍ (കഠം 4:1). ഇന്ദ്രിയങ്ങളുടെ ബാഹ്യോന്മുഖതയും ബാഹ്യാന്വേഷണത്തിന്റെ പരിമിതികളും ഹേതുവായി, കണ്ണുകളെ ഉള്ളടക്കി മനസ്സിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട് പോകുന്ന ഒരുതരം അന്വേഷണപരതയെയാണ് ഈ മന്ത്രം പ്രതിഫലിപ്പിക്കുന്നത്. ‘പ്രത്യഗാത്മാ’വിനെ – അകത്തേക്കു പോയിരിക്കുന്നവനെ -അന്വേഷിച്ചാണ് ഈ യാത്ര. ഉപനിഷത്തുകളുടെ ഒരു പൊതുസ്വഭാവമാണിത്. ഇങ്ങനെ സത്യമന്വേഷിച്ച് മനസ്സിലൂടെ സഞ്ചരിച്ചതുതന്നെയായിരിക്കണം ഭാരതീയ ഋഷികള്‍ നടത്തിയ ഏറ്റവും ദീര്‍ഘമായ സഞ്ചാരം. ആ സഞ്ചാരത്തിനിടയിലാണ് അവര്‍ സത്യത്തെ തങ്ങളുടേതായ രീതിയില്‍ സാക്ഷാത്‌കരിക്കുന്നതും. സാക്ഷാത്‌കരിക്കുക എന്നുവെച്ചാല്‍ സ്വന്തം അനുഭവത്തിനു വിഷയമാവുകയെന്നര്‍ത്ഥം. ആത്മീയവാദികള്‍ ദിവ്യദര്‍ശനം എന്നൊക്കെ വിശേഷിപ്പിക്കുന്ന ഈ അന്തഃപ്രജ്ഞ ഒരിക്കലും വസ്തുനിഷ്ഠമല്ല, ഇന്ദ്രിയപരവുമല്ല. ആത്മനിഷ്ഠമായ ഒരു മിസ്റ്റിക് പ്രതിഭാസമാണത്.

എന്നാല്‍, അതീന്ദ്രിയജ്ഞാനം, മിസ്റ്റിക് പ്രതിഭാസം എന്നിവയൊന്നും യഥാര്‍ത്ഥത്തില്‍ ഇല്ലെന്നാണ് ശ്രീ. രവിചന്ദ്രന്റെ നിലപാട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, സാധാരണ അനുഭവങ്ങള്‍ നമ്മുടെയൊക്കെ മസ്തിഷ്കത്തില്‍ എന്തൊക്കെ നാഡീതലപ്രവര്‍ത്തനങ്ങളും രാസപ്രവര്‍ത്തനങ്ങളും നടത്തുന്നുവോ അവയൊക്കെത്തന്നെയേ ഋഷിയുടെ മസ്തിഷ്കത്തിലും നടക്കുന്നുള്ളു. ന്യൂറോണുകള്‍ തെറ്റായ സന്ധികള്‍ ഉണ്ടാക്കുന്നതോ സന്ധികള്‍ അനിയന്ത്രിതമായി കെട്ടുപിണയുന്നതോ ന്യൂറോണുകള്‍ക്കിടയിലെ ചാര്‍ജ്‌വിനിമയത്തിന്റെ ചോര്‍ച്ചയോ ഒക്കെ സമ്മാനിക്കുന്ന ഭ്രമകല്‍പ്പനകള്‍ മാത്രമാണ് അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം ഋഷിമാരുടെ മിസ്റ്റിക് ദര്‍ശനങ്ങളും തുരീയവും ബ്രഹ്മാനുഭവവുമൊക്കെ (പുറം. 319-20). ലഹരിയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഇന്ദ്രിയാതീതമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നെന്ന് ഋഷിമാര്‍ തെറ്റിദ്ധരിച്ചതാവാം എന്നും ശ്രീ. രവിചന്ദ്രന് അഭിപ്രായമുണ്ട് (പുറം. 414).

ശരിയായിരിക്കാം; പക്ഷെ ഒരു സംശയം എന്നിട്ടും ബാക്കി. ലണ്ടനിലെ ഇമ്പീരിയല്‍ കോളജില്‍ വച്ച്, മുന്‍‌ധാരണയൊന്നുമില്ലാതെ ക്രമരഹിതമായി കമ്പ്യൂട്ടര്‍ പെറുക്കിയെടുത്ത ഒരു പതിമൂന്നക്കസംഖ്യയെ അതുപോലെ തെരഞ്ഞെടുത്ത മറ്റൊരു 13- അക്ക സംഖ്യകൊണ്ട് ഗുണിച്ച്, 26 അക്കമുള്ള അതിന്റെ ഫലം 28 സെക്കന്റില്‍ മനക്കണക്കായി വെളിപ്പെടുത്തി ഗിന്നസ്സ് ബുക്കില്‍ ഇടം‌പിടിച്ച നമ്മുടെ സമകാലീനയായിരുന്ന ശകുന്തളാ ദേവിയുടെ മസ്തിഷ്കത്തില്‍ അപ്പോള്‍ നടന്നതും ഇത്തരം ഭ്രമകല്പനകളായിരുന്നോ? 201 അക്കങ്ങളുള്ള ഒരു പടുകൂറ്റന്‍ സംഖ്യയുടെ ഇരുപത്തിമൂന്നാം വര്‍ഗ്ഗമൂലമായ ഒന്‍‌പതക്കസംഖ്യ (23rd root of a 201-digit number) അവര്‍ കൃത്യമായി ഗണിച്ചെടുത്തത് 50 സെക്കന്റിലാണ്, ഒരു തുണ്ടുകടലാസുപോലും ഇല്ലാതെ! (ഈ ഒന്‍പതക്കസംഖ്യയെ അതേ സംഖ്യകൊണ്ട് ഇരുപത്തിമൂന്നു തവണ ഗുണിച്ചാല്‍ കിട്ടുന്നതായിരിക്കും ഇരുനൂറ്റിയൊന്നക്കമുള്ള ആ പടുകൂറ്റന്‍സംഖ്യയെന്നോര്‍ക്കുക). അതും ഭ്രമകല്പനയോ? വൈജ്ഞാനികലോകത്തെ മഹാരഥന്മാര്‍ക്കുപോലും ദുര്‍ഗ്രാഹ്യമായ സവിശേഷാപേക്ഷികതയുമായി കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ‍(1905) പണ്ഡിതലോകത്തെ അദ്ഭുതസ്തബ്ധമാക്കിയ ഐന്‍സ്റ്റീന്റെ മസ്തിഷ്കത്തില്‍ അന്നുദിച്ചതും വെറുമൊരു ഭ്രമകല്പനയോ?

8. പ്രപഞ്ചത്തിലെ ദുര്‍വിജ്ഞേയത

അജ്ഞതാവാദം, ദുരൂഹതാവാദം എന്നൊക്കെ പറയുന്നതിനോടും തികഞ്ഞ പുച്ഛമാണ് ശ്രീ രവിചന്ദ്രന്. മാലിന്യത്തില്‍ കൊതുകെന്നതുപോലെയാണത്രെ മതത്തില്‍ ദുരൂഹത വളരുന്നത്! (പുറം 556). തന്റെ മതവിശ്വാസത്തെപ്പറ്റി, നാസ്തികനെന്നുവരെ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഐന്‍സ്റ്റീന്‍ പറഞ്ഞ ആ വിശ്രുതവാക്യങ്ങള്‍ ഒന്നിവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:

“നമ്മുടെ ലോലവും ദുര്‍ബലവുമായ മനസ്സുകളെക്കൊണ്ട് നമുക്കറിയാന്‍‌കഴിയുന്ന ലഘ്വംശങ്ങളിലൂടെ സ്വയം പ്രകാശിക്കുന്ന സീമാതിരിക്തമായ ആ ഉല്‍കൃഷ്ടചൈതന്യത്തിന്റെ നേര്‍ക്കുള്ള വിനീതമായ ഒരാദരാതിശയം- അതാണെന്റെ മതം. ദുര്‍വിജ്ഞേയമായ പ്രപഞ്ചത്തിലൂടെ പ്രകാശിതമാകുന്ന ഒരുല്‍കൃഷ്ടയുക്തിചൈതന്യത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള അഗാധമായ വൈകാരികബോധം- അതാണെന്റെ ഈശ്വരസങ്കല്പം.” മറ്റൊന്നുകൂടി: “നമുക്കനുഭവപ്പെടാവുന്നതില്‍ വെച്ചു ഏറ്റവും മനോഹരവും ഏറ്റവും അഗാധവുമായ വികാരം ദുര്‍വിജ്ഞേയതയെകുറിച്ചുള്ള ബോധമാകുന്നു. അതാണ്, എല്ലാ യഥാര്‍ത്ഥ ശാസ്ത്രത്തിന്റെയും വിതക്കാരന്‍. ഈ വികാരവിശേഷം ആര്‍ക്ക് അവിജ്ഞാതമാണോ, ആര്‍ക്കിനിമേല്‍ അത്ഭുതസ്തിമിതനായോ ഭയസ്തബ്ധനായോ നില്‍ക്കുക സാധ്യമല്ലയോ, അവന്‍ മരിച്ചതായേ കണക്കാക്കേണ്ടതുള്ളു. നമുക്കു ദുര്‍ഗ്രഹമായത് യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുകയും, നമ്മുടെ അസമര്‍ഥങ്ങളായ കഴിവുകള്‍ക്ക് ഏറ്റവും പ്രാകൃതാവസ്ഥയില്‍ മാത്രം കഷ്ടിച്ചു ബോധസീമയില്‍ എത്തിക്കാവുന്ന ഏറ്റവും സമുന്നത വിജ്ഞാനവും ഏറ്റവും പ്രകാശമാനമായ സൌന്ദര്യവുമായി സ്വയം അതു പ്രകാശിക്കുകയും ചെയ്യുന്നു എന്നറിയുക- ഈ അറിവ്, ഈ വികാരം, അതാണ് യഥാര്‍ത്ഥ മത‌തത്‌പരതയുടെ കേന്ദ്രബിന്ദു.” [The most beautiful and most profound experience is the sensation of the mystical. It is the sower of all true sciences. He to whom this emotion is a stranger, who can no longer wonder and stand rapt in awe, is as good as dead. To know that what is impenetrable to us really exists, manifesting itself as the highest wisdom and the most radiant beauty which our dull faculties can comprehend only in their primitive forms- this knowledge, this feeling is at the centre of true religiousness.”]

ലിങ്കണ്‍ ബാര്‍ണറ്റിന്റെ ‘പ്രപഞ്ചവും ഡോക്ടര്‍ ഐന്‍സ്റ്റൈനും’ എന്ന കൃതിയുടെ, മാതൃഭൂമി 1962-ല്‍ പുറത്തിറക്കിയ ശ്രീ സി.എച്ച്. കുഞ്ഞപ്പയുടെ പരിഭാഷയില്‍നിന്നാണ് ഈ വാക്കുകള്‍ ഇവിടെ ഉദ്ധരിച്ചുചേര്‍ത്തിരിക്കുന്നത്. ഐന്‍സ്റ്റീന്റെ വാക്കുകളുടെ ഗഹനത സാധാരണക്കാരനു മനസ്സിലാകുവാന്‍, ശ്രീ രവിചന്ദ്രന്‍ തന്നെ പരാമര്‍ശിച്ചിട്ടുള്ള ആ ചോദ്യം‌ നമുക്കെടുക്കാം: വിജനമായ കൊടുംകാട്ടില്‍ ഒരു വന്മരം കടപുഴകിവീഴുമ്പോള്‍ ശബ്ദം ഉണ്ടാകുന്നുണ്ടോ? അതിനെന്തിത്ര സംശയം എന്നായിരിക്കും നിങ്ങള്‍ മനസ്സില്‍ ചോദിക്കുക. എന്നാല്‍ കേള്‍ക്കുക: മരം മറിഞ്ഞുവീഴുമ്പോഴും ചുറ്റുമുള്ള മരങ്ങളില്‍ ഉരസുമ്പോഴും ഭൂമിയില്‍ പതിക്കുമ്പോഴും പലതരം കമ്പനങ്ങള്‍ ഉണ്ടാവുകയും അവ ചുറ്റുമുള്ള വായുവില്‍ പലതരം അനുരണനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഈ അനുരണനങ്ങള്‍ നിങ്ങളുടെ കര്‍ണപുടങ്ങളില്‍ പതിക്കുന്നുവെങ്കിലും അവയില്‍ ചില ആവൃത്തിയിലുള്ളവമാത്രം ന്യൂറോണുകള്‍ വഴി നിങ്ങളുടെ മസ്തിഷ്കത്തിന്റെ പ്രത്യേക ഭാഗങ്ങളിലെത്തുകയും നിങ്ങളുടെ മസ്തിഷ്കം ആ സിഗ്നലുകളെ ശബ്ദമായി നിങ്ങള്‍ക്ക് നിര്‍ധരിച്ചുതരികയുമാണ് ഉണ്ടാകുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, പ്രവര്‍ത്തനക്ഷമമായ കര്‍ണപുടവും മസ്തിഷ്കവുമായി കേള്‍ക്കാന്‍ നിങ്ങളവിടെ ആ ചുറ്റുവട്ടത്തില്ലെങ്കില്‍ മരം വീഴുമ്പോള്‍ ശബ്ദം ഉണ്ടാകുന്നില്ല. അതായത് ശബ്ദം എന്നത് നിങ്ങളുടെ ഒരു വൈയക്തിക അനുഭവമാണ്. ഇതു‌തന്നെയാണ് കാഴ്ചയുടെയും കേള്‍വിയുടെയും രസനയുടെയും ഗന്ധത്തിന്റെയും സ്പര്‍ശത്തിന്റെയുമൊക്കെ അവസ്ഥ എന്നുകൂടി അറിയുക. അതായത്, നിങ്ങളുടെ ചുറ്റുമുള്ള ലോകം നിങ്ങള്‍ നിര്‍ധാരണം‌ ചെയ്തെടുക്കുന്നതാണ്. യഥാര്‍ത്ഥലോകം, അങ്ങനെയൊന്നുണ്ടെങ്കില്‍, മറ്റെന്തൊക്കെയോ ആണെന്ന് സാരം!

ലോലവും ദുര്‍ബലവുമായ മനസ്സ്.., ലഘ്വംശങ്ങളിലൂടെ സ്വയം പ്രകാശിക്കുന്ന സീമാതിരിക്തമായ  ഉല്‍കൃഷ്ടചൈതന്യം…, നമ്മുടെ അസമര്‍ഥങ്ങളായ കഴിവുകള്‍ക്ക് ഏറ്റവും പ്രാകൃതാവസ്ഥയില്‍ മാത്രം കഷ്ടിച്ചു ബോധസീമയില്‍ എത്തിക്കാവുന്ന ഏറ്റവും സമുന്നത വിജ്ഞാനം…. ഐന്‍സ്റ്റീന്റെ വാക്കുകളുടെ ഗഹനതയും സൌന്ദര്യവും നിങ്ങള്‍ക്ക് വെളിപ്പെട്ടു കിട്ടിത്തുടങ്ങിയോ?

9. ബോധക്കേടിന്റെയും ജനിതകം

തന്റെ ഗ്രന്ഥത്തിന്റെ അവസാനഭാഗം ബോധത്തെ (consciousness) കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി നീക്കിവെച്ചിരിക്കുന്നു, ശ്രീ രവിചന്ദ്രന്‍. ആത്മീയവാദികളുടെ എല്ലാ ബോധസങ്കല്പങ്ങളെയും പതിവുപോലെ പുച്ഛിച്ചുതള്ളുന്നുണ്ട് അദ്ദേഹം. എം.ആര്‍.ഐ പോലുള്ള ശാസ്ത്രസാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള ന്യൂറോസയന്‍സിലെ നൂതനപഠനങ്ങളെ ആധാരമാക്കി നമ്മുടെ വ്യക്തിത്വം, വൈകാരികനില, ബോധം എന്നിവയൊക്കെ നാമൊരിക്കല്‍ കരുതിയിരുന്നതുപോലെ ദുരൂഹമല്ലെന്ന് സ്ഥാപിക്കുന്നുണ്ട് അദ്ദേഹം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, നമ്മുടെ മസ്തിഷ്കത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളുടെയും വൈദ്യുതചാര്‍ജ് വിനിമയത്തിന്റെയും ബാഹ്യ ഉദ്ദീപനങ്ങളുടെയും ആകെത്തുക മാത്രമാണ് ‘ബോധം’. മസ്തിഷ്കത്തിലെ വൈദ്യുത-രാസപ്രവര്‍ത്തനങ്ങളാണ് ബോധമെങ്കില്‍‍, അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നിര്‍ദ്ദേശം ‘ആരാണ്’ നല്‍കുന്നതെന്ന ബോധവാദികളുടെ സ്ഥിരം ചോദ്യത്തെ ഗോത്രഭാവനയെന്ന് വിളിച്ച് ആക്ഷേപിക്കുന്നുമുണ്ട് അദ്ദേഹം (പുറം 518). “പ്രാപഞ്ചികങ്ങളായ ആണവകണങ്ങള്‍ തീര്‍ത്തും വ്യതിരിക്തങ്ങളായ മൂലകങ്ങളേയും, മൂലകങ്ങള്‍ അവയുടെ മൂലസ്വഭാവത്തില്‍നിന്നും വ്യതിരിക്തമായ സംയുക്തങ്ങളെയും ഉണ്ടാക്കുന്നതുപോലെ അചേതനമായ രാസസംയുക്തങ്ങള്‍ തന്മാത്രാതലത്തില്‍ സൃഷ്ടിക്കുന്ന ഗുണശേഷി” മാത്രമാണ്, ശ്രീ രവിചന്ദ്രനെ സംബന്ധിച്ചിടത്തോളം ബോധം (പുറം 533).

ശരിയായിരിക്കാം. പക്ഷെ, സ്വൈര്യക്കേടായി ആ പഴയ ചിന്ത പിന്നെയും കയറി വരുന്നു. പ്രപഞ്ചത്തിലാകെ എത്ര പരമാണുക്കളുണ്ടെന്ന ചോദ്യത്തിന് (total number of atoms in the entire universe) ന്യൂക്ലിയര്‍ ഫിസിസിസ്റ്റായ ജിം അല്‍ ഖലീലി (Prof. Jim Al-Khalili), ബി.ബി.സി യുടെ ‘ആറ്റം’ (BBC Documentary,  Atom, Episode 2, The Key to the Cosmos) എന്ന ഡോക്യുമെന്ററിയില്‍ പറയുന്ന ഉത്തരം, ഒരു ട്രില്യന്‍ ട്രില്യന്‍ ട്രില്യന്‍ ട്രില്യന്‍ ട്രില്യന്‍ ട്രില്യന്‍ എന്നാണ്. അക്കങ്ങളിലാക്കിയാല്‍ ഇത് 1 കഴിഞ്ഞ് 70 പൂജ്യങ്ങള്‍ വരുന്ന ഒരു കൂറ്റന്‍ സംഖ്യയാണ്. ഈ സംഖ്യയെത്തന്നെ കടലാസിലോ ബ്ലാക്‍ബോര്‍ഡിലോ കണ്ടാല്‍ എണ്ണിയെടുക്കുക നമ്മളെ സംബന്ധിച്ചിടത്തോളം അതീവ ദുഷ്കരമാണ്. അപ്പോള്‍, ഇരുനൂറ്റിയൊന്ന് അക്കങ്ങളുള്ള സംഖ്യ മനസ്സില്‍ കാണുക എന്നു പറയുന്നതു തന്നെ മനുഷ്യസാധ്യമല്ല. അതിന്റെ ഇരുപത്തിമൂന്നാം വര്‍ഗ്ഗമൂലം അന്‍പത് സെക്കന്റിനുള്ളില്‍ മനക്കണക്കായി ഗണിച്ചെടുക്കുക എന്നതാണെങ്കില്‍ നമ്മുടെയൊക്കെ ഏറ്റവും വന്യമായ സങ്കല്‍പ്പത്തെയും അതിക്രമിക്കുന്നു. ഇനി ഇക്കാര്യങ്ങളൊക്കെ അബ്ദു‌റബ്ബുമാരുടെ സര്‍വകലാശാലകളില്‍ വെച്ചാണ് പരീക്ഷിക്കപ്പെട്ടതെങ്കില്‍ നമുക്ക് പിന്നെയും സംശയിക്കാം- വേഷം‌മാറി വന്ന അഭിനേതാക്കളെവെച്ച് നടത്തിയ സമര്‍ത്ഥമായ നാടകമായിരുന്നു ഈ പ്രകടനങ്ങളെന്ന്. പക്ഷെ, ഇവിടെ അതിനും പഴുതു കാണുന്നില്ല. കര്‍ശനമായ പരിതസ്ഥിതികളില്‍ അതിവിദഗ്‌ധരായ മഹാപണ്ഡിതന്മാരുടെ സൂക്ഷ്മനിരീക്ഷണത്തിനിടയില്‍ യൂറോപ്പിലെയും അമേരിക്കയിലെയും പലപല വേദികളില്‍ വെച്ചാണ്, വെറുമൊരു സര്‍ക്കസ്സ്‌കാരന്റെ മകളായി ഒരു കുഗ്രാമത്തില്‍ ജനിച്ച, ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത നമ്മുടെ ശകുന്തളാദേവി ഈ പ്രകടനങ്ങള്‍ പലയാവര്‍ത്തി  കാഴ്ചവെച്ചത്. ശ്രീ രവിചന്ദ്രന്‍ വിശദമാക്കുന്ന മസ്‌തിഷ്‌കഭാഗങ്ങളായ അമിഗ്‌‌ദലയിലോ ഹിപ്പോകാമ്പസ്സിലോ പ്രീഫ്രണ്ടല്‍ കോര്‍ട്ടെക്‌‌സിലോ ഇന്‍ഫെറോടെമ്പറല്‍ കോര്‍ട്ടെക്‌‌സിലോ മറ്റെവിടെയെങ്കിലുമോ ആയിക്കൊള്ളട്ടെ, എങ്ങനെയാണീ ഉത്തരങ്ങള്‍, മുന്‍‌കൂട്ടി വെളിപ്പെടുത്താത്ത ചോദ്യങ്ങള്‍ക്ക് മുമ്പായി അവിടെ കയറിപ്പറ്റിയത്?

10. ഉപനിഷത്തുകളും ക്ഷുദ്രം

ഗീത മാത്രമല്ല, അദ്വൈതചിന്തയും ഉപനിഷത്തുകളുമെല്ലാം ‘അപഥമനോനിലകളില്‍നിന്നുല്‍ഭവിച്ച ഭ്രമസങ്കല്പങ്ങളാണ്’ ശ്രീ രവിചന്ദ്രനെ സംബന്ധിച്ചിടത്തോളം (പുറം. 418). രാജാക്കന്മാരും ബ്രാഹ്മണരുമായ പുരുഷന്മാര്‍ മാത്രം രചിച്ച ഉപനിഷത്തുകളിലെ ബൌദ്ധികസംവാദത്തില്‍, ജാബാലയെ ഒഴിച്ചു നിര്‍ത്തിയാല്‍, സാധാരണക്കാരാരും പങ്കെടുത്തു കാണുന്നില്ല എന്നും അദ്ദേഹം പ്രസ്താവിച്ചു കാണുന്നു (പുറം. 443). ഗൃഹസ്ഥനായ ശൌനകന് അംഗിരസ്സ് ഉപദേശിക്കുന്നതാണ് മുണ്ഡകമെന്നതോ, ഇതര എന്ന ശൂദ്രസ്ത്രീയുടെ മകനായ മഹിദാസ ഐതരേയനാണ് ഐതരേയത്തിന്റെ കര്‍ത്താവെന്നതോ, ദേവരാജാവായ ഇന്ദ്രനൊപ്പം അസുരരാജാവായ വിരോചനനും പ്രജാപതി തത്ത്വോപദേശം നടത്തുന്ന കഥ ഛാന്ദോഗ്യത്തിലുണ്ടെന്നതോ, ബൃഹദാരണ്യകത്തിലെ യാജ്ഞവല്‍ക്യനോട് വാദപ്രതിവാദം നടത്തുന്നവരില്‍ ശകലയുടെ മകനും ഗാര്‍ഗ്ഗിയുമുണ്ടെന്നതോ ഒന്നും അറിയാത്തയാളാണോ ശ്രീ രവിചന്ദ്രന്‍?  ഇനി ബ്രാഹ്മണങ്ങളിലേക്ക് കടന്നാല്‍ അവിടെയും, ഹീനജാതിക്കാരനായതുകൊണ്ട് വെള്ളം പോലും കൊടുക്കാതെ ഭൃഗുവിനെപ്പോലുള്ള മാമുനിമാര്‍ പീഡിപ്പിച്ച കവഷന്‍ എന്ന ഋഷി പിന്നീട് അവര്‍ക്കുതന്നെ ആദരണീയനായിത്തീരുന്ന കഥ ഐതരേയത്തിലുള്ളതും അറിയില്ലേ ഇദ്ദേഹത്തിന്? ഐതരേയോപനിഷത്തിന്റെ രണ്ടാമധ്യായം തുടങ്ങുന്നതുതന്നെ, ‘ഗര്‍ഭിണികള്‍ മാറിനില്‍ക്കുക’ എന്നൊരു അറിയിപ്പോടെയാണെന്നും വലിയൊരു സദസ്സിലാണ് അന്ന് ആത്മീയതത്ത്വവിചിന്തനങ്ങള്‍ നടന്നിരുന്നതെന്നു തെളിയാന്‍ ഈ ഒരൊറ്റ വിളംബരം മതിയെന്നും അറിയില്ലേ ഇദ്ദേഹത്തിന്? ജീവനിലോ ദേഹത്തിലോ ജാതിയിലോ ജ്ഞാനത്തിലോ കര്‍മ്മത്തിലോ ധര്‍മ്മത്തിലോ ഒന്നിലുമിരിക്കുന്നതല്ല ബ്രാഹ്മണ്യം എന്നു സമര്‍ത്ഥിക്കുന്ന വജ്രസൂചികോപനിഷത്തിലെ വരികളും ഇദ്ദേഹം ശ്രദ്ധിച്ചില്ല എന്നുണ്ടോ?

അനിഷേദ്ധ്യങ്ങളായ ആത്മീയസത്യങ്ങളുടെ അക്ഷയഖനിയാണ് വേദോപനിഷത്തുകള്‍തുടങ്ങി പുരാണേതിഹാസങ്ങള്‍വരെയുള്ള ഭാരതീയ ആധ്യാത്മികസാഹിത്യമെന്നോ, അവയൊക്കെ എഴുതിയ ആളുകളെല്ലാം സാക്ഷാത്‌കാരം നേടിയവരാണെന്നോ ഒന്നുമല്ല ഈ പറഞ്ഞുവരുന്നത്. നേരേമറിച്ച് അവയില്‍ ഒട്ടുമിക്കവയും അര്‍ത്ഥസത്യങ്ങളോ ഏറ്റവും വികലമായ സാഹിത്യാഭാസങ്ങളോ മാത്രമാണ്. വിഷ്ണുവിന്റെ പ്രച്ഛന്നവേഷമായ മോഹിനിയുടെ ദര്‍ശനമാത്രയില്‍ നിയന്ത്രണം നഷ്ടപ്പെടുന്ന ശിവനും അവരുടെ അര്‍ദ്ധവിരാമരതിയിലൂടെ (coitus interruptus) ജന്മമെടുക്കുന്ന കുട്ടിദൈവവുമെല്ലാം ആത്മീയോന്നതിയെയാണ് വെളിപ്പെടുത്തുന്നതെന്ന് ആരും പറയില്ലല്ലോ. പക്ഷെ, ഇന്നു ആധ്യാത്മികസാഹിത്യമായി നാം കൊണ്ടാടുന്ന മിക്കവയും ഈ ജനുസ്സില്‍പ്പെട്ടവയാണെന്നത് വേറേകാര്യം. പ്രാചീനോപനിഷത്തുക്കളില്‍‌പോലും പില്‍കാലത്തുണ്ടായവയില്‍ ചിന്താപരമായ സങ്കോചം കണ്ടുതുടങ്ങുമെന്നാണ് അഴീക്കോട്‌മാഷ് പറയുന്നത്. അപ്പോള്‍പ്പിന്നെ പുരാണങ്ങളുടെ കാര്യം പറയണ്ടല്ലോ. അതായത്, നമ്മള്‍ നേരത്തെ പറഞ്ഞ ആത്മീയാനുഭവം എന്നെങ്കിലുമൊരു കാലത്ത് ഏതെങ്കിലുമൊരു ദേശത്ത് എത്രയോ ദുര്‍ലഭനായ ഒരാള്‍ക്ക് എത്രയോ നേരത്തേക്ക് മാത്രം ഉണ്ടാവുമെന്നേ പറയാന്‍പറ്റൂ. അതുതന്നെ ശകുന്തളാദേവിയുടെയും ഐന്‍സ്റ്റീന്റെയും ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുള്ളതുകൊണ്ട് മാത്രം.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ശാസ്ത്രസങ്കേതിക രംഗത്തുണ്ടായ വൈജ്ഞാനിക വിസ്‌ഫോടനവും ആദരാതിശയത്തോടെ മാത്രം വീക്ഷിക്കേണ്ട ഒന്നുതന്നെയാണ്. ഒരൊറ്റ ജീവിയില്‍നിന്നും ജനിതകഘടന സ്വീകരിക്കാതെ, നിര്‍ജ്ജീവ തന്മാത്രകളെ മാത്രം സംയോജിപ്പിച്ച് ജീനും ജീവനും നിര്‍മ്മിച്ച ക്രെയ്ഗ് വെന്ററുടേയും (John Craig Venter); മസ്തിഷ്കഭാഗമായ ‘കോര്‍പ്പസ് കലോസത്തെ’ (corpus callosum) ഛേദിച്ച് ഒരു വ്യക്തിയില്‍ത്തന്നെ ഒന്നില്‍ കൂടുതല്‍ വ്യക്തിത്വങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നു കണ്ടെത്തിയ റോജര്‍ സ്പെറിയുടെയും (Roger Sperry); ഡി.എന്‍.എ വിശ്ലേഷണത്തിലൂടെ മനുഷ്യരാശിയുടെ ഉത്‌പത്തി‌കാലം തൊട്ടുള്ള പ്രവാസചരിത്രം അനവധി മാര്‍ക്കര്‍ ജീനുകളുടെ സഹായത്തോടെ അനാവരണം ചെയ്ത സ്പെന്‍സര്‍ വെത്സിന്റെയുമൊക്കെ (Spencer Wells) വൈജ്ഞാനികതപസ്സിനെ ബഹുമാനാതിരേകത്തോടെയല്ലാതെ വീക്ഷിക്കുന്നതെങ്ങനെ? അവയ്ക്കൊപ്പമാണ് ‘സിംഗുലാരിറ്റി’ യും ‘മഹാവിസ്‌ഫോടന’വും പോലുള്ള മുത്തശ്ശിക്കഥകളും അവയെ ന്യായീകരിക്കുവാനും സാധൂകരിക്കാനുമായി പടച്ചുണ്ടാക്കിയ മറ്റനേകം തുടര്‍സിദ്ധാന്തങ്ങളും ശാസ്ത്രത്തിന്റെ ലേബലില്‍ വില്‍‌പ്പനയ്‌ക്കെത്തുന്നതും എന്നത് വേറേ കാര്യം.

ഇനി, ഭഗവദ്ഗീതയിലേക്കുതന്നെ മടങ്ങി വന്നാല്‍, ഗീതയും വിമര്‍ശനത്തിനതീതമാണെന്നല്ല പറഞ്ഞു‌വരുന്നത്. ഗീതയില്‍ വിമര്‍ശനവിധേയമായ പലതും ഇക്കാലത്ത് നമുക്ക് കാണാന്‍ പറ്റും. പ്രത്യേകിച്ചും, കീഴ്‌ജാതി-മേല്‍ജാതി വ്യത്യാസമില്ലാതെ സ്ത്രീകളെല്ലാം പാപയോനിയില്‍ പിറന്നവരാണെന്ന് പ്രഖ്യാപിക്കുന്ന ‘മാം ഹി പാര്‍ത്ഥ വ്യാപാശ്രിത്യ’ (9:32) പോലുള്ള ഗീതാശ്ലോകങ്ങള്‍ ഏത് അവതാരത്തിന്റെ വായില്‍നിന്നു വന്നതാണെങ്കിലും അത് ഇന്നു നമ്മള്‍ ജീവിക്കുന്ന ലോകത്തിന് നിരക്കുന്നതല്ല. തന്നെ പ്രാപിക്കുന്നവര്‍ക്ക് പിന്നെ പുനര്‍ജന്മം സംഭവിക്കില്ലെന്നു പറയുന്ന കൃഷ്ണന് അനേകജന്മങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ടെന്നു ഗീതതന്നെ 4:5- ല്‍ (ബഹൂനീമേ വ്യതീതാനി / ജന്മാനി തവാര്‍ജ്ജുന …) പറയുന്നത് വിമര്‍ശനത്തിന് അതീതമാകുന്നതെങ്ങനെ? [ഈ ശ്ലോകം ഒരിക്കല്‍ പോലും ശ്രീ രവിചന്ദ്രന്‍ ഉദ്ധരിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തുകണ്ടില്ല. ബഷാം തന്റെ ക്ലാസ്സിക്കല്‍ ഹിന്ദൂയിസത്തില്‍ (p.93) പരാമര്‍ശിക്കുന്നുണ്ടു‌താനും!]. അതുപോലെ, മനുഷ്യര്‍ പരലോകഗതിയില്‍ രണ്ടുവഴികളിലൊന്ന് സ്വീകരിക്കുമെന്നു ഉപനിഷത്തുകള്‍ പറയുന്നത് നമുക്ക് പിന്നെയും അംഗീകരിക്കാം. പക്ഷെ, ഗീത അതിനെ സൂര്യന്റെ അയനചലനവുമായി ബന്ധപ്പെട്ട ആറാറു മാസങ്ങളിലേക്ക് (ഷണ്മാസാ ഉത്തരായണം- 8:24; ഷണ്മാസാ ദക്ഷിണായനം- 8:25) പരിമിതപ്പെടുത്തുമ്പോളോ?

ചുരുക്കിപ്പറഞ്ഞാല്‍, ആത്മീയതയിലെയും ശാസ്ത്രത്തിലെയും ഭൌതികതയിലെയും സിദ്ധാന്തങ്ങളെയും സങ്കല്പങ്ങളെയും നമ്മള്‍ കണ്ണുമടച്ച് നിഷേധിക്കാതെ നിഷ്പക്ഷതയുടെ കണ്ണടയിലൂടെ നോക്കിക്കാണുന്നതായിരിക്കും ഉചിതമെന്നര്‍ത്ഥം. പക്ഷെ, അവിടെയാണ് കുഴപ്പം. ശ്രീ രവിചന്ദ്രന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ: “നിഷ്പക്ഷം എന്നാല്‍ സ്വന്തം പക്ഷം എന്നാണര്‍ത്ഥം. എല്ലാവര്‍ക്കും പക്ഷമുണ്ട്. പക്ഷെ പക്ഷം വെളിവാകുന്നത് തനിക്ക് ഗുണം ചെയ്യില്ലെന്ന സ്വാര്‍ത്ഥചിന്ത കലശലാകുമ്പോഴാണ് നിഷ്പക്ഷത മുളപൊട്ടുന്നത്”, “…… രണ്ടുംകെട്ട ചില വാദങ്ങള്‍ നിഷ്പക്ഷവ്യാഖ്യാനക്കാരനും ഉന്നയിക്കുന്നുവെന്നിരിക്കട്ടെ”, “…… അവിടെ നാസ്തികനാണ് ശരിയെങ്കില്‍ അങ്ങനെ- മറിച്ചാണെങ്കില്‍ അങ്ങനെ. അതല്ലാതെ ഭക്തശിരോമണി എഴുതിയ ഗീതാവ്യാഖ്യാനം വാങ്ങിച്ചുവെച്ച് വായിച്ച് ഭക്തി മൂപ്പിക്കുന്നത് കേവലമായ അന്ധവിശ്വാസം മാത്രമാണ്.” പരാമൃഷ്ടഗ്രന്ഥത്തിലെ പുറം 76,77- ലായി പരന്നു കിടക്കുന്ന നിഷ്പക്ഷവിരോധത്തിന്റെ ചില ഉദാഹരണങ്ങളാണ് മേല്‍കാണിച്ചത്. ‘നിഷ്പക്ഷരുടെ മുഖം‌മൂടിയണിഞ്ഞ് ക്വാണ്ടം ഫിസിക്സും സ്‌ട്രിംഗ്‌തീയറിയുമൊക്കെ കുത്തിത്തിരുകി ഗീതയെ അഗാധമായ തോതില്‍ ശാസ്ത്രീയാഭിമുഖ്യമുള്ള കൃതിയായി വ്യാഖ്യാനിക്കുന്ന’വരെയും ശമനമില്ലാതെ ശകാരിക്കുന്നുണ്ട് നമ്മുടെ ഗ്രന്ഥകാരന്‍ പുറം.53- ല്‍. എന്നുമാത്രമല്ല, “സത്യത്തില്‍ നിഷ്പക്ഷവായന എന്നൊന്നില്ല; അതിന്റെ ആവശ്യവുമില്ല.” എന്നു വെട്ടിത്തുറന്നു പറയാനും ഗ്രന്ഥകാരന്‍ മടിക്കുന്നില്ല. (പുറം 75)

അദ്ഭുതം തോന്നുന്നു, ലെനിനും മുസ്സോളിനിയും, ഏറ്റവുമൊടുവില്‍ 2001 സെപ്റ്റംബറില്‍ സാക്ഷാല്‍ ജോര്‍ജ്ജ് ഡബ്ലിയു. ബുഷ്ഷും പറഞ്ഞ, അതേ വാക്കുകളാണിവിടെ, ചിന്തയുടെ വൈവിധ്യത്തെമാത്രം അംഗീകരിക്കാത്ത  ഈ യുക്തിവാദിയും പറഞ്ഞുവെക്കുന്നത്: “ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പമാണ്, അല്ലെങ്കില്‍ ശത്രുവിനൊപ്പവും. (Either you are with us, or you are with the enemy).

11.യുക്തിസഹമായ നിരീക്ഷണവും ഒരു എഡിറ്റിംഗ് വിസ്മയവും

ശ്രീ കെ. കുഞ്ഞനന്തന്‍ നായര്‍ എന്ന ഒരാളുടെമാത്രം കാര്യത്തില്‍, “ഭഗവദ്ഗീത സംബന്ധിച്ച് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളില്‍ പലതും യുക്തിസഹമായി തോന്നിയിട്ടുണ്ട്. ഈ പുസ്തകരചനയ്ക്കിടെ അദ്ദേഹവുമായി പലകുറി സംസാരിക്കാനിടവന്നിട്ടുണ്ട്.” എന്നു കാണാം (പുറം 349). എന്താണീ പ്രത്യേക മമതയുടെ പിന്നിലെന്നതിന് ഗ്രന്ഥഗാത്രത്തിലെവിടെയും സൂചനകളേയില്ല. റഫറന്‍സ് ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ (പുറം 560) കേരള യുക്തിവാദി സംഘം പ്രസിദ്ധീകരിച്ച ‘മഹാഭാരതം: വേറിട്ടൊരു വായന’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണിദ്ദേഹം എന്നുകൂടി വായിക്കുമ്പോള്‍ മാത്രമാണ് ഈ ‘യുക്തിസഹന’ത്തിന്റെ പൊരുള്‍ വെളിപ്പെടുക. പൂര്‍‌ണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുരാണ നിഘണ്ടു ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുകൂടിയായ അദ്ദേഹത്തോട്, ഞാനിവ ഒന്നും വായിക്കാനിടവന്നിട്ടില്ലെങ്കിലും, അനാദരവ് ഒട്ടുമില്ലെന്നുകൂടി വ്യക്തമാക്കിക്കൊള്ളട്ടെ.

അക്ഷരത്തെറ്റുകളുടേയും അച്ചടിപ്പിശകുകളുടേയും വൈപുല്യത്തിന്റെ കാര്യത്തിലെങ്കിലും സര്‍വകാല റെക്കോഡായിരിക്കും ഈ ഗ്രന്ഥം. ഡി.സി. ബുക്സിന്റെ ഇന്നോളമുള്ള ചരിത്രത്തിലെ ഏറ്റവും മോശം എഡിറ്റിങ്ങും ഈ ഗ്രന്ഥത്തിനുമാത്രമായി അവകാശപ്പെടാം. ശീര്‍ഷകങ്ങള്‍ പലതും മാറിയും മറിഞ്ഞും പോയിരിക്കുന്നു. ഉദാഹരണത്തിന് ‘യൂണിഫോം അലവന്‍സ്’ എന്നും ‘ക്ഷമിക്കണം, ആത്മാവ് ഉത്തരാധുനികനാണ്’ എന്നും പേരിട്ടിരിക്കുന്ന ഭാഗങ്ങള്‍ ശ്രദ്ധിക്കുക (അധ്യായം 20). ഭാഷാധ്യാപകനായ ഗ്രന്ഥകാരന്റെ വ്യാകരണശേഷി വെളിവാക്കുന്ന രണ്ടുദാഹരണങ്ങള്‍ ഇതാ: 1. “ശരിയായ പാത ആര് തെരഞ്ഞെടുക്കുകയും പിന്തുടരുകയും ചെയ്യുന്നവര്‍ അത് സ്വന്തം നന്മയ്ക്കായി ചെയ്യുന്നതാകുന്നു.” (പുറം. 220). 2. “ഒരു മുക്കുവന്‍ എങ്ങനെ കരളറപ്പില്ലാതെ മത്സ്യത്തെ മുറിക്കുന്നത് എങ്ങനെയോ അതുപോലെ ചാഞ്ചല്യമില്ലാതെ ….” (പുറം. 308). അക്ഷരത്തെറ്റില്ലാത്ത സംസ്കൃതശ്ലോകങ്ങള്‍ കണ്ടുപിടിക്കുന്നതാണെങ്കില്‍ അതാണേറ്റവും ശ്രമകരമായ ജോലി. ഉദാഹരണം: 1.“ഉത്തദ്ധരേദാത്മനാത്മാനം / നാത്മാനവസാദയേത് ….” (പുറം. 36). 2. ജീര്‍ണ്ണാന്യന്യാനി സംയാതി ദേഹീ” (പുറം. 265). ഒരു കാര്യംതന്നെ പലതവണ ആവര്‍ത്തിക്കുന്നതും പതിവു കാഴ്ച. ഉദാഹരണത്തിന്, ശങ്കരാചാര്യര്‍ ഗീതയില്‍ അദ്വൈതം കണ്ടെത്തിയപ്പോള്‍ ഗീത ദ്വൈതത്തെ ന്യായീകരിക്കുന്നതായി മധ്വന്‍ വിലയിരുത്തിയതും, ഇവര്‍ രണ്ടുപേരില്‍നിന്നും വ്യത്യസ്തമായി രാമാനുജന്‍, ഗീത വിശിഷ്ടാദ്വൈതമാണ് ശരിവെക്കുന്നതെന്ന് കണ്ടെത്തിയതും ഈ ഗ്രന്ഥത്തില്‍ ചുരുങ്ങിയത് നാലു സ്ഥലങ്ങളില്‍, ഏറിയും കുറഞ്ഞും പ്രദിപാദിക്കുന്നുണ്ട്. (പുറം 163, 178, 182, 264). ഏറെക്കുറെ ഒരേകാര്യം സമര്‍ഥിക്കാനായും അല്ലാതെയും ഒരേ ഗീതാശ്ലോകം‌തന്നെ മൂന്നും നാലും സ്ഥലങ്ങളില്‍ വാരിവിതറുകയോ പരാമര്‍ശിക്കുകയോ ചെയ്യുന്നുണ്ട് നമ്മുടെ ഗ്രന്ഥകാരന്‍. ഉദാഹരണം: സര്‍വധര്‍മാന്‍ പരിത്യജ്യ…. പുറം 47, 164, 200, 248; ബ്രാഹ്മണക്ഷത്രിയവിശാം…: പുറം 46, 165, 382, 395. ഇത് വളരെ വളരെ ചെറിയൊരു ലിസ്റ്റാണെന്നോര്‍ക്കുക.

560- നു മുകളില്‍ പേജുകളുള്ള, 200- നു മുകളില്‍ സംസ്‌കൃത‌ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഒരു ഗ്രന്ഥത്തിന്റെ ആദ്യപതിപ്പില്‍, അച്ചടിപ്പിശകുകളും മറ്റബദ്ധങ്ങളുമൊക്കെ കുറെയൊക്കെ പ്രത്യക്ഷപ്പെടുന്നത് ഒരു മഹാപരാധമൊന്നുമല്ല. പക്ഷെ, ഒന്‍പത് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവുമായി യൂണിവേഴ്‌സിറ്റി കോളിജില്‍ ഇംഗ്ലീഷ് ഭാഷാദ്ധ്യാപനം നടത്തുന്ന ഒരു മഹാപണ്ഡിതന്‍, തനിക്ക് സ്വന്തമായുള്ള കമ്പ്യൂട്ടറില്‍ അത്യാധുനിക മലയാളം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രചിച്ച ഒരു ഗ്രന്ഥത്തില്‍ ഇത്രയധികം ആവര്‍ത്തനങ്ങളും വ്യാകരണപ്പിശകുകളും അക്ഷരത്തെറ്റുകളും അച്ചടിപ്പിശകുകളും കുത്തിനിറച്ചിട്ട്, കേവലം ഒരു ശ്ലോകത്തിന്റെ ആദ്യപകുതി ഒരൊറ്റത്തവണ ആവര്‍ത്തിച്ചതിന്, ഒരു സ്ലേറ്റ്പെന്‍സില്‍ പോലും ലഭ്യമലാതിരുന്ന കാലത്ത് ഭഗവദ്ഗീത രചിച്ച ഋഷിയെ കുറ്റം‌പറയുന്നതു നോക്കൂ: “ശ്രേയാന്‍ സ്വധര്‍മ്മോ വിഗുണഃ / പരധര്‍മാത്‌ സ്വനുഷ്ഠിതാത്. 3:35 ലും 18:47 ലും വള്ളിപുള്ളി വ്യത്യാസമില്ലാതെ ആവര്‍ത്തിക്കപ്പെടുന്ന ഈ വരികള്‍ ഒരു കൃതിയെന്ന നിലയില്‍ ഗീതയുടെ എഡിറ്റിംഗിന്റെ മോശം അവസ്ഥ പ്രകടമാക്കുന്നു.” (പുറം. 183). ഇവിടെ മാത്രമല്ല, “കട്ട് ആന്‍ഡ് പേസ്റ്റ് ചെയ്തപ്പോള്‍ എഡിറ്റിംഗില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്ന് സാരം” (പുറം 26) എന്നൊക്കെയുള്ള സമാനമായ പ്രസ്താവങ്ങള്‍ വേറെയുമുണ്ട് ഗ്രന്ഥത്തില്‍ വേണ്ടുവോളം. ഫലിതോക്തിക്കും വേണ്ടേ ഒരതിരൊക്കെ!

മുകളില്‍ സൂചിപ്പിച്ച തരം മൌലികദൌര്‍ബല്യങ്ങളുടെ ആസ്തിക്യവും ഭാഷാപ്രയോഗങ്ങളിലെ ഔചിത്യക്കുറവും കാരണം, ബൌദ്ധികലോകത്തെയും ആത്മീയരംഗത്തെയും അതികായന്മാരാരും ഈ കൃതിയോട് പ്രതികരിക്കാന്‍ ഇറങ്ങി പുറപ്പെടില്ല എന്ന്‌ ഏറെക്കുറെ ഉറപ്പാണ്. അതുകൊണ്ടുണ്ടായ നഷ്ടം മലയാളത്തിനാണ്. ഗീത മഹാഭാരതത്തില്‍ പിന്നീട് പ്രക്ഷിപ്‌‌തമായതാണോ, അത് പലകാലങ്ങളില്‍ പലരാല്‍ എഴുതപ്പെട്ടതാണോ, പ്രചുരപ്രചാരം സിദ്ധിച്ച ബൌദ്ധ-ജൈന-ആജീവിക ദര്‍ശനങ്ങള്‍ക്കെതിരെ ബ്രാഹ്മണമേധാവിത്വം തീര്‍ത്ത പ്രതിരോധമാണോ എന്നുതുടങ്ങി ഗൌരവമേറിയ സംവാദം ആവശ്യപ്പെടുന്ന പല വിഷയങ്ങളും ഈ കൃതി മുന്നോട്ടുവെക്കുന്നുണ്ട്. അവയൊക്കെ തമസ്കരിക്കപ്പെടുന്നത് നമ്മുടെ വൈജ്ഞാനിക ലോകത്തിനു വരുത്തുന്ന നഷ്ടം കനത്തതാണ്. ഏതായാലും ഈ ലേഖനം ഉപസംഹരിക്കുമ്പോള്‍, അഴീക്കോട്‌മാഷ് പറഞ്ഞതുപോലെ, “ചിന്തയുടെ അഗാധതയും അഭിപ്രായങ്ങളുടെ മിതത്വവും നിഗമനങ്ങളുടെ ശുദ്ധിയും പ്രതിപാദ്യത്തോടുള്ള താദാത്മ്യവും പ്രതിപാദനത്തിലെ ഓജസ്സും ആശയപ്രകടനത്തിലെ സത്യധീരതയു”മൊക്കെയാണ് ഒരു കൃതിയെ മഹത്തരമാക്കുന്നതെങ്കില്‍ ഈ വിശേഷണങ്ങള്‍ക്കൊന്നിനും ശ്രീ രവിചന്ദ്രന്റെ ‘ബുദ്ധനെ എറിഞ്ഞ കല്ല്’ നമ്മുടെ മുമ്പില്‍ നിന്നുതരുന്നില്ലെന്ന് നമുക്ക് വ്യസനപുരസ്സരം പറയേണ്ടിവരും. മാത്രമല്ല, രവിചന്ദ്രന്റെ കല്ല് അദ്ദേഹത്തോട് വിയോജിക്കുന്നവരുടെ ആശയങ്ങളെയും വിയോജിക്കുന്നവരെത്തന്നെയും വിട്ട് വായനക്കാരന്റെ നേര്‍ക്കാണ് വന്നുകൊണ്ടിരിക്കുന്നതെന്നും.

===================================================================================================

[Tags: Response to / Criticism of / Review of ‘Buddhane Erinja Kallu’ (The Stone Thrown / Pelted at Buddha), the Malayalam Book written by Sri. Ravichandran. C, the renowned atheist and Asst. Professor at University College, Trivandraum; and published by DC Books. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ശ്രീ. രവിചന്ദ്രന്‍. സി -യുടെ ‘ബുദ്ധനെ എറിഞ്ഞ കല്ല്’ എന്ന മലയാളം പുസ്തകത്തിനോടുള്ള ഒരു സാധാരണ വായനക്കാരന്റെ പ്രതികരണം / വിമര്‍ശനം / വിമര്‍ശം / വിമര്‍ശിക്കപ്പെടുന്നു / നിരൂപണം ]

Advertisements

3 Comments »

 1. സാർ,
  മികച്ച നിരൂപണം

  Comment by subhash N — April 10, 2017 @ 1:39 pm | Reply

  • Thank you for the appreciation, Subhash.

   Comment by DJ Menon — April 10, 2017 @ 1:45 pm | Reply

 2. Thank you for the effort.

  Comment by hari — June 14, 2018 @ 10:10 pm | Reply


RSS feed for comments on this post. TrackBack URI

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a free website or blog at WordPress.com.

%d bloggers like this: