DJ MENON'S BLOG

January 30, 2018

ഡി.ജെ. മേനോന്റെ തിരഞ്ഞെടുത്ത വാട്ട്‌സാപ്പ് രചനകൾ (2017)

Filed under: Uncategorized — DJ Menon @ 8:43 pm

ഡി.ജെ. മേനോന്റെ തിരഞ്ഞെടുത്ത വാട്ട്‌സാപ്പ്‌ രചനകൾ (2017)

അങ്ങനെ അതും സംഭവിച്ചു. സൈബർ ലോകത്തെ കൂട്ടായ്‌മകളിൽനിന്നും ഇതുവരെ അകലം പാലിച്ചിരുന്ന ഞാനും ഒരു വാട്ട്‌സാപ്പ്‌ ഗ്രൂപ്പിൽ അംഗമായി! പത്തൻപതു വർഷം മുമ്പ്‌ പഠിച്ചിരുന്ന കോളേജിലെ സഹപാഠികളുടെ ഒരു ഗ്രൂപ്പിൽ. മഹദ്‌വചനങ്ങളിൽ പൊതിഞ്ഞതും അല്ലാത്തതുമായ ഗുഡ്‌മോണിംഗുകളും ഗുഡ്‌നൈറ്റുകളും തമാശകളും ഫോർവേഡുകളും സഹിക്കാൻ എനിക്കാവില്ലെന്നും, അതൊന്നുമില്ലാത്ത ഗ്രൂപ്പാണെങ്കിൽ മാത്രം അംഗമാകാം എന്നുമായിരുന്നു എന്റെ നിലപാട്‌. എന്റെയീ ദുശ്ശാഠ്യത്തിനും ബാക്കിയുള്ളവർ വഴങ്ങിയതോടെ, പിന്നെ എന്റെ മുൻപിൽ മറ്റു മാർഗ്ഗങ്ങളൊന്നും ഇല്ലാതായി. അങ്ങനെ 2017 ഒൿടോബറിൽ തുടങ്ങിയ ഈ ഗ്രൂപ്പിൽ ഞാൻ പോസ്‌റ്റുചെയ്‌ത ചില ലേഖനങ്ങളാണ്‌ ഇവിടെ ചേർക്കുന്നത്‌; കാര്യമായ എഡിറ്റിംഗുകൾ ഒന്നുമില്ലാതെ.

(1). ആത്മാവും ചില അനാവശ്യചിന്തകളും

കഴിയുന്നത്ര ലളിതമാക്കാൻ നോക്കാം; പരമാവധി ഹൃസ്വവും.

മുപ്പതു മുറികളുള്ള ഒരു വീട്‌ സങ്കൽപിക്കുക. ഒന്നൊഴിയാതെ ഓരോ മുറിയിലും ഓരോ മേശയും സങ്കൽപിക്കുക. ഇപ്പറഞ്ഞ ഓരോ മേശയ്‌ക്കുള്ളിലും ആ വീടിന്റെ പ്ലാനും സൂക്ഷിച്ചുട്ടുണ്ട്‌കേട്ടോ! ശ്രദ്ധിക്കുക, ആ മുറിയുടെ മാത്രമല്ല, മൊത്തം വീടിന്റെയാണു പ്ലാൻ.

ഇനി മുപ്പത്തിയേഴു ട്രില്യൻ കോശങ്ങളുള്ള നമ്മുടെ ശരീരത്തെ ആ വീടിനു പകരം വെക്കുക. ഇപ്പോൾ, നമ്മുടെ കോശങ്ങളാണ്‌ ആ വീടിന്റെ മുറികൾ. ഇനി നമുക്ക്‌ വീടിന്റെ ഉപമ വിടാം. കോശങ്ങളിലോരോന്നിലും ഉള്ള അനേകം സൂക്ഷ്‌മഭാഗങ്ങളിൽ ഒന്നാണ്‌ മൈറ്റോകോണ്ട്രിയ എന്ന വിരുതൻ. ഇവനാണ്‌ കോശത്തിന്റെ ഊർജ്ജസ്രോതസ്സ്‌. ഇവൻ ഒരു കോശത്തിൽ ഒന്ന് എന്ന കണക്കിലല്ലാ കേട്ടോ ഉള്ളത്‌. കരളിലെ ഒരു കോശത്തിൽത്തന്നെയുണ്ട്‌ ഏതാണ്ട്‌, രണ്ടായിരത്തോളം മൈറ്റോകോണ്ട്രിയകൾ! ഇവനാണ്‌ ജീവന്റെ അടിസ്ഥാനം! ഇവൻ സ്വന്തമായിത്തന്നെ ജീവനുണ്ടായിരുന്ന ഒരു സൂക്ഷ്‌മജീവിയായിരുന്നുവെന്നും പരിണാമത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ നമ്മുടെ കോശങ്ങൾക്കുള്ളിൽ കയറിപ്പറ്റിയവനാണെന്നും ഒരു വാദമുണ്ട്‌. കാര്യങ്ങൾ അവിടംകൊണ്ട്‌ തീരുന്നില്ല. കൂടെ മരണത്തിനു കാരണമാകുന്ന ലൈസോസോമുകൾ എന്ന വില്ലന്മാരും നമ്മുടെ കോശങ്ങളിൽ സുഖമായി കഴിയുന്നു. ഗർഭധാരണം മുതൽ അന്ത്യശ്വാസം വരെ ഈ നായകനും വില്ലനുമായുള്ള ഒരു ചതുരംഗക്കളിയാണ്‌ നമ്മുടെയൊക്കെ ജീവിതം.

ഇനി, അവയവദാനം എന്ന നൂതനപ്രതിഭാസത്തിലേക്ക്‌ വരാം. മരിച്ചയാളുടെ ഹൃദയം മാറ്റിവയ്‌ക്കുന്നു, വൃക്കകൾ മാറ്റിവയ്‌ക്കുന്നു, ശ്വാസകോശം മാറ്റിവയ്‌ക്കുന്നു, കരൾ മാറ്റിവയ്‌ക്കുന്നു, നേത്രപടലം മാറ്റിവയ്‌ക്കുന്നു. അതുപോട്ടെ, മരിച്ചയാളുടെ കൈപ്പത്തി ആറു മണിക്കൂർ വരെ ജീവനോടെയിരിക്കുന്നു. അതുതന്നെ നാലു ഡിഗ്രിയിൽ സൂക്ഷിച്ചാൽ മുപ്പതു മണിക്കൂർ വരെ ജീവനോടെയിരിക്കും! ത്വക്കിലെ കോശങ്ങൾ 24 മണിക്കൂർ വരെ ജീവനോടെയിരിക്കുന്നു! അസ്ഥികളിലെ കോശങ്ങൾ 48 മണിക്കൂറും രക്തധമനികൾ മൂന്നു ദിവസം വരെയും ജീവനോടെയിരിക്കുന്നു! ആത്മാവ്‌ ദേഹം വിട്ടുപോയ ഒരാളുടെ കാര്യമാണീ പറയുന്നത്‌! അപ്പോൾ മരിച്ചയാളുടെ ആത്മാവിന്റെ കുറച്ചു ഭാഗം ഇവിടെ തങ്ങിനിന്നെന്ന് പറയാൻ പറ്റുമോ?

ഗീത പറയുന്നു, ആത്മാവിനെ മുറിക്കാനൊന്നും പറ്റില്ലാന്ന്. “അച്ഛേദ്യോയമദാഹ്യോയം…..” (2:24). ഗീതതന്നെ പറയുന്നു, കാറ്റ്‌ പൂവിലെ വാസനയും ആവാഹിച്ചുകൊണ്ട്‌ പോകുന്നതുപോലെയാണ്‌, ജീവൻ മനസ്സുൾപ്പെടെയുള്ള ആറ്‌ ഇന്ദ്രിയങ്ങളെയും ആകർഷിച്ചെടുത്തുകൊണ്ട്‌ പോകുന്നതും പുതിയ ശരീരത്തെ പ്രാപിക്കുന്നതെന്നും. “വായുർഗന്ധാനിവാശയത്‌….” (15:8). ഇവിടെ ചോദ്യമിതാണ്‌: അങ്ങനെ വരികയും പോവുകയും ചെയ്യുന്ന ഒരാത്മാവ്‌ ജീവികളിലുണ്ടോ?

ഇനി നമുക്ക്‌ പഴയ വീടിന്റെ ഉദാഹരണത്തിലെ, മുറികളിലിരിക്കുന്ന മേശയിലേക്ക്‌ വരാം. ഇതാണ്‌ കോശത്തിന്റെ കേന്ദ്രമായ ന്യൂക്ലിയസ്‌. ഈ കോശകേന്ദ്രത്തിനുള്ളിലാണ്‌ നമ്മുടെ 46 ക്രോമസോമുകളും സ്ഥിതിചെയ്യുന്നത്‌. പകുതി അമ്മയിൽനിന്നു കിട്ടിയത്‌; ബാക്കി പകുതി അച്ഛനിൽനിന്നു കിട്ടിയതും‌. ഈ ക്രോമസോമിലാണ്‌ നമ്മുടെ ഡി.എൻ.എ ഇരിക്കുന്നത്‌. ഒരു കാര്യം പ്രത്യേകം ഓർക്കുക: ഡി.എൻ.എ എന്നാൽ ഡി.എൻ.എ! അവിടെ മനുഷ്യന്റെ ഡി.എൻ.എ, പട്ടിയുടെ ഡി.എൻ.എ, പാമ്പിന്റെ ഡി.എൻ.എ എന്നൊന്നുമില്ല! ഇരുനൂറ്റിയൻപത്‌ കോടി വർഷത്തെ പരിണാമചരിത്രത്തിനിടയിൽ നമ്മൾ കടന്നുവന്ന പടവുകളെല്ലാം അതിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു! ഇതാണ്‌ നമ്മൾ മുമ്പു പറഞ്ഞ ഉദാഹരണത്തിലെ ബിൽഡിംഗ്‌ പ്ലാൻ.

എന്ന് വെച്ചാൽ, ആദ്യത്തെ സയനോബാൿറ്റീരിയയിൽ കയറിപ്പറ്റിയ ആ ജീവനാണ്‌, കോടിക്കണക്കിനു വർഷത്തെ പരിണാമപ്രക്രിയയിലൂടെ ഇന്ന് നമ്മളിലും ഇക്കാണുന്ന സകലമാന ജന്തു-ജീവി-സസ്യ-സൂക്ഷ്‌മകോശ-ജീവവർഗ്ഗങ്ങളിലും കുടികൊള്ളുന്നതെന്ന്! അവിടെ വരാനും പോകാനുമൊന്നും ഒരു ആത്മാവും ഇല്ല! നേരത്തേ പറഞ്ഞ ഡി.എൻ.എയുടെ ഭാഗമായ ജീനുകൾ, അവയുടെ സമയത്തിലൂടെയുള്ള യാത്രയ്‌ക്ക്‌ വേണ്ടി വാടകയ്‌ക്കെടുത്ത യൂബർ ടാക്സികൾ മാത്രമാണ്‌ ഞാനും നിങ്ങളും ഇക്കാണായ സകല ജീവിവർഗ്ഗങ്ങളും! മക്കളിലേക്ക്‌ ജീനുകൾ പകർന്നു കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിന്റെ ദൗത്യം പൂർത്തിയായി എന്നു സാരം.

……………………………………………………

ജോർജ്ജേ, സുനിശ്ചിതമായ പാതകളിലൂടെയുള്ള സഞ്ചാരം, എന്നെ സംബന്ധിച്ചിടത്തോളം, പരമ ബോറാണ്‌. വിജനമായ ഒറ്റയടിപ്പാതകളിലൂടെ വഴിതെറ്റി നടക്കുന്നതാണ്‌ എനിക്ക്‌ ഹിതകരം. അതുകൊണ്ടുതന്നെ, ഒരു തേങ്ങേം മനസ്സിലായില്ലെങ്കിൽ കൂടി എനിക്ക്‌ ക്വാണ്ടംഭൗതികതയുടെ പുറകെ പോകാം, തന്മാത്രാജീവശാസ്‌ത്രത്തിന്റെ പുറകെ പോകാം, പരിണാമത്തിന്റെ പുറകേപോകാം, ജനിതകശാസ്‌ത്രത്തിന്റെ പുറകേ വെച്ചുപിടിക്കാം. എന്നിട്ട്‌, അവയെ ആത്മീയതയുടെ തേരിൽ കെട്ടാം! ഒരു അവയവദാനത്തിൽ തൂങ്ങി, ഞാൻ അവയെയൊക്കെ കൂട്ടിക്കെട്ടാൻ നടത്തിയ ഒരു ശ്രമമായിരുന്നു ‘ആത്മാവും ചില അനാവശ്യചിന്തകളും’. ആശയത്തിന്റെ മൗലികതയ്‌ക്ക്‌ വേറെ അവകാശികളേറെയുണ്ട്‌ എന്നത്‌ വേറേകാര്യം.

ഇനി, ജീവികളിൽ വരികയും പോവുകയുമൊക്കെ ചെയ്യുന്ന ഒരാത്മാവുണ്ടോ എന്നതായിരുന്നു അവിടെ എന്റെ വിഷയം. ഉണ്ടെങ്കിൽ, നോ പ്രോബ്ലം. ഇനി ഇല്ലെങ്കിലോ? അപ്പോഴും നോ പ്രോബ്ലം. എന്നെ സംബന്ധിച്ചിടെത്തോളം കേസ്‌ ക്ലോസ്‌ഡ്‌!

[ഈ പോസ്‌റ്റിനോടുള്ള ചില സഹപാഠികളുടെ പ്രതികരണത്തെ തുടർന്നാണ്‌ രണ്ടാമത്തെ പോസ്‌റ്റ്‌ പ്രസിദ്ധീകരിക്കേണ്ടി വന്നത്‌. അത്‌ താഴെ]

(2). പച്ചപ്പരമാർത്ഥങ്ങൾ നാടുവിട്ടോടുമ്പോൾ

തീരെ നിസ്സാരമായ ഒരു ചോദ്യം ചോദിച്ചുകൊണ്ട്‌ ആരംഭിക്കാം. വിജനമായ കാട്ടിൽ വന്മരമൊന്നു മറിഞ്ഞു വീഴുമ്പോൾ, ശബ്‌ദം ഉണ്ടാകുന്നുണ്ടോ? കുസൃതിച്ചോദ്യമൊന്നുമല്ല. ഋജുവായ – മലയാളത്തിൽ പറഞ്ഞാൽ സ്‌ട്രെയ്‌റ്റ്‌ ഫോർവേഡായ – ചോദ്യമാണ്‌. ശ്രദ്ധിക്കുക: കാട്‌ വിജനമാണ്; നിങ്ങളാരും അവിടെയില്ല. ഉത്തരമിതാണ്‌: ശബ്‌ദം ഉണ്ടാകുന്നില്ല! വിശദീകരിക്കാം. മരം മറിഞ്ഞുവീഴുമ്പോഴും താഴെ പതിക്കുമ്പോഴും കമ്പനങ്ങളുണ്ടാകുന്നുണ്ട്‌. നിങ്ങളവിടെ ഉണ്ടെങ്കിൽ, ആ കമ്പനങ്ങൾ വായുവിലൂടെ തരംഗരൂപത്തിൽ നിങ്ങളുടെ ചെവിയ്‌ക്കുള്ളിലെ മെംബ്രെയിനിൽ പതിക്കുന്നു. അവയിൽ 0.02 kHz മുതൽ 20 kHz വരെ തരംഗദൈർഘ്യമുള്ള തരംഗങ്ങളെ നിങ്ങൾക്ക്‌ അനുഭവപ്പെടുത്തി തരുവാൻ വേണ്ടി നിങ്ങളുടെ മസ്‌തിഷ്‌കം അവയെ ശബ്‌ദമായി പരിഭാഷപ്പെടുത്തിത്തരുന്നു! അതായത്‌, കേൾക്കാൻ പര്യാപ്‌തമായ ചെവിയുമായി നിങ്ങളവിടെയില്ലെങ്കിൽ, ശബ്‌ദം ഉണ്ടാകുന്നില്ല. മറ്റു ജീവികളുടെ കാര്യത്തിൽ തരംഗദൈർഘ്യങ്ങൾ വ്യത്യസ്‌തമാണ്‌. അതാണ്‌‌ നമുക്കു കേൾക്കാൻ കഴിയാത്ത ശബ്‌ദങ്ങൾ കേൾക്കുമ്പോളാണ്‌ നായകൾ ഓരിയിടുന്നത്‌ എന്നു പറയാറ്‌.

ഇതു തന്നെയാണ്‌ കാഴ്ചയുടെയും അവസ്ഥ. റേഡിയോ തരംഗങ്ങൾ മുതൽ കോസ്‌മിക്‌ / ഗാമാ തരംഗങ്ങൾ വരെയുള്ള വിദ്യുദ്‌കാന്തിക തരംഗങ്ങളിൽ, നമ്മുടെ നേത്രങ്ങൾക്കായി ഇതുപോലെ നമ്മുടെ മസ്‌തിഷ്‌കം പരിഭാഷപ്പെടുത്തുന്നത്‌ 0.00007 cm (ചുവപ്പ്‌) മുതൽ 0.00004 cm (വയലറ്റ്‌) വരെയുള്ളവ മാത്രം. കുരുവികളുടെയും ശലഭങ്ങളുടെയും പരുന്തിന്റെയുമൊക്കെ കാഴ്ച നമ്മുടേതിൽനിന്ന് എത്രയോ വ്യത്യസ്‌തമാണ്‌! ചീഞ്ഞളിഞ്ഞു കിടക്കുന്ന മാംസം നമുക്ക്‌ അറപ്പുളവാക്കുന്നതും ദുർഗന്ധവുമാണെങ്കിൽ പട്ടിക്ക്‌ അത്‌ പാൽപ്പായസവും സൗരഭ്യവുമാണ്‌.

ഇങ്ങനെ ശബ്‌ദ-സ്‌പർശ-രസ-രൂപ-ഗന്ധങ്ങളൊക്കെയും നമ്മുടെ മസ്‌തിഷ്‌കം നമുക്ക്‌ മാത്രമായി പരിഭാഷപ്പെടുത്തിത്തരികയാണ്‌. എന്നു വെച്ചാൽ നമുക്കു ചുറ്റുമുള്ള ലോകം, നാം നമുക്കായി നിർദ്ധരിച്ചെടുക്കുന്നതാണ്‌. യഥാർത്ഥ ലോകം – അങ്ങനൊന്നുണ്ടെങ്കിൽ – മറ്റെന്തൊക്കെയോയാണ്‌!

അതവിടെ നിക്കട്ടെ. കുട്ടിക്കാലത്ത്‌ പറമ്പിലൊക്കെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തെന്നി നീങ്ങുന്ന ചില ജീവികളെ കണ്ടിട്ടില്ലേ? ഇംഗ്ലീഷിൽ അവയ്‌ക്ക്‌ ‘വാട്ടർ സ്‌പൈഡർ’ എന്നു പറയും. വെള്ളത്തിനു മുകളിലെ, നമ്മൾ ‘സർഫസ്‌ ടെൻഷൻ’ എന്നു വിളിക്കുന്ന ഒരു സവിശേഷതയിലാണവയുടെ ലോകം സ്ഥിതിചെയ്യുന്നത്‌. നമ്മുടെ ലോകമാണെങ്കിൽ ഗ്രാവിറ്റിയിൽ അധിഷ്‌ഠിതവും. പറഞ്ഞു വരുന്നത്‌, ഈ ഭൂമിയിൽത്തന്നെ പലപല ‘ലോകങ്ങളുണ്ട്‌’ എന്നാണ്‌. ഓരോ ജീവിവർഗ്ഗങ്ങൾക്കും അവയുടേതായ ഒരോ ‘സ്‌പീഷീസ്‌ റിയാലിറ്റി’യും.

ഇനി, താരാകദംബങ്ങളും നക്ഷത്രങ്ങളുമൊക്കെയടങ്ങുന്ന ‘മാക്രോവേൾഡി’ലേക്ക്‌ നോക്കൂ. അവിടെ മറ്റൊരു നിയമവ്യവസ്ഥയാണ്‌ നിലനിൽക്കുന്നത്‌. ഐൻസ്‌റ്റീന്റെ സാമാന്യാപേക്ഷികതാ സിദ്ധാന്തമൊക്കെക്കൊണ്ട്‌ മാത്രം നമുക്ക്‌ വിശദീകരിക്കാൻ പറ്റുന്നവ. കണികകളും ഇലൿട്രോണുകളും പ്രോട്ടോണുകളുമൊക്കെ അടങ്ങുന്ന ‘മൈക്രോവേൾഡി’ലേക്ക്‌ നോക്കൂ. അവിടെയാണെങ്കിലോ ക്വാണ്ടംഭൗതികം കൊണ്ട്‌മാത്രം വിശദീകരിക്കാൻ സാധിക്കുന്ന മറ്റൊരു പ്രപഞ്ചം അതാ അവിടെ!

ഞാൻ പറഞ്ഞുവരുന്നത്‌, മധ്യലോകത്ത്‌ മാത്രം നിലനിൽക്കുന്ന കുറേ നിയമങ്ങൾക്കകത്ത്‌, വെറും ഒന്നര ലക്ഷം മാത്രം വർഷം മുൻപ്‌ ആവിർഭവിച്ച കുറേ മനുഷ്യർ വന്ന് പറയുകയാണ്‌ – ഇതാ ഞങ്ങൾ പറയുന്നതാണ്‌ സത്യം. ഇതാണ്‌ പരമമായ സത്യം! ലോകാവസാനം വരെയുള്ള സകലമാന മനുഷ്യർക്കും വേണ്ടിയുള്ള ദൈവികമായ പച്ചപ്പരമാർത്ഥം! തെളിവോ? ഞങ്ങളുടെ പൊത്തകത്തിൽ പറഞ്ഞിട്ടുണ്ട്‌! ഞങ്ങളുടെ മഹർഷിമാർക്ക്‌ ദിവ്യജ്ഞാനം ലഭിച്ചിട്ടുണ്ട്‌! അവരത്‌ ഉപനിഷത്തുക്കളിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌! ഈശാവാസ്യത്തിലെ ‘വാസ്യം’ എന്ന ഒറ്റ വാക്കിന്റെ അർത്ഥം ശങ്കരനും അരവിന്ദനും രണ്ടുതരത്തിൽ വ്യാഖ്യാനിച്ച്‌ മുന്നേറി, ഒരുതരത്തിലും അടുപ്പിക്കാനാവാത്ത തരത്തിൽ രണ്ടു കടവിൽ കൊണ്ടുപോയി കെട്ടിയ കഥ അഴീക്കോട്‌മാഷ്‌ വിവരിക്കുന്നുണ്ട്‌, ‘തത്ത്വമസി’യിൽ. അതും പോട്ടെ, ശങ്കരൻ ഏത്‌ ഉപനിഷത്തുക്കളുടെയും ബ്രഹ്‌മസൂത്രത്തിന്റെയും ഗീതയുടെയും അടിസ്ഥാനത്തിലാണോ അദ്വൈതം സ്ഥാപിച്ചത്‌, അതേ ഉപനിഷത്തുക്കളുടെയൊക്കെ തന്നെ അടിസ്ഥാനത്തിലാണ്‌ രാമാനുജൻ ‘വിശിഷ്‌ടാദ്വൈതം’ സ്ഥാപിച്ചത്‌. അതുപിന്നെ പോട്ടെ, പിന്നെ വന്ന മധ്വൻ അതേ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ‘ദ്വൈതം’ സ്ഥാപിച്ചുകളഞ്ഞു!

വെളിപാട്‌ സാഹിത്യങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും കഥ ഇവിടെ അവസാനിക്കുന്ന ഒന്നല്ല. ഏഴാം നൂറ്റാണ്ടിലെ ഒരു അറബി ഗോത്രത്തലവന്‌ ഇരുപത്തിമൂന്നു വർഷമാണ്‌ വെളിപാട്‌ കിട്ടിക്കൊണ്ടിരുന്നത്‌! കിട്ടിയതൊക്കെ രേഖപ്പെടുത്തിയിട്ടുമുണ്ട്‌. അതിൽ പറയുന്ന പോലെ പ്രാർത്ഥിക്കുകയും ഗോത്രത്തലവൻ അപ്പിയിട്ടമാതിരി അപ്പിയിടുകയും (ദിശ തെറ്റാതെ) മീശ വടിച്ചമാതിരി മീശവടിക്കുകയും താടിനീട്ടുകയും മുണ്ട്‌ മുട്ടിനുമുകളിൽ കാണത്തക്കവിധം ഉടുക്കുകയും ഒക്കെ ചെയ്‌താൽ ഹൂറിമാരും മദ്യമൊഴുകുന്ന പുഴയും ഒക്കെയുള്ള ആരാമങ്ങളിൽ നിങ്ങൾക്കെത്തിപ്പറ്റാം! 160 കോടി ആൾക്കാരാണിത്‌ വിശ്വസിക്കുന്നത്‌.

മറ്റൊന്നിൽ പറയുന്നത്‌, ലോകത്തിലെ ആദ്യത്തെ പെണ്ണുംപിള്ള കാണിച്ച ഒരു കുരുത്തക്കേടു കാരണം‌ ഇന്നുള്ള സകല മനിശന്മാരും പാപികളായിപ്പോയെന്നാണ്‌! പക്ഷെ, കുഴപ്പമില്ല; പിന്നൊരാൾ വന്ന് മുയുമൻ മനിശന്മാരുടെ പാപങ്ങളും സ്വയം മുൻകൂറായി ഏറ്റെടുത്ത്‌ കഴുവിൽ കേറി, അതുകൊണ്ട്‌ നിങ്ങൾ അങ്ങേരിൽ വിശ്വസിച്ചാൽ മതി, ബാക്കിയൊക്കെ പുള്ളിക്കാരൻ നോക്കിക്കോളുമെന്നാണ് കഥ‌! 240 കോടിയുടെ പിൻബലം ഇവർക്കുമുണ്ട്‌.

ഇനി, കുടവയറും തുമ്പിക്കൈയ്യുമുള്ള ഒരു ചങ്ങായി എലിയുടെ പുറത്താണ്‌ സഞ്ചാരമെന്നാണ്‌ വേറെ ഒരു 115 കോടി ആൾക്കാർ വിശ്വസിക്കുന്നത്‌. വിഷ്‌ണു മോഹിനി വേഷത്തിൽ ഫാൻസിഡ്രസ്സ്‌ കളിച്ചുവന്നപ്പൊ ശിവന്‌ കാമവികാരമുണ്ടായി എന്നും ആ ബന്ധത്തിൽ വേറൊരു കുഞ്ഞിക്കാലുകൂടി ഉണ്ടായി എന്നും വിശ്വസിക്കാനും ഒരു മടിയുമില്ല ആർക്കും! പിന്നെ, ഇക്കൂട്ടർക്ക്‌ മറ്റൊരു ഗുണമുണ്ട്‌. ഇതൊക്കെ കഥയാണെന്നും ഇതിനുപുറകിൽ ഭയങ്കരങ്ങളായ ആത്മീയസന്ദേശങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നും കാച്ചിക്കളയും ഇവർ.

അപ്പോൾ, പറഞ്ഞു വരുന്നത്‌ ഇത്രേയുള്ളു: സത്യത്തിന്റെ – ആപേക്ഷികമല്ലാത്ത കേവലസത്യത്തിന്റെ – സമ്പൂർണ്ണകുത്തക ആർക്കും ഈ ഭൂമിയിലെ വാസത്തിനിടയ്‌ക്ക്‌ അവകാശപ്പെടാനുള്ള യോഗ്യതയില്ല. അങ്ങനൊരു കേവലസത്യം എന്നൊരു ചരക്ക്‌ ഉണ്ടാവേണ്ട കാര്യംതന്നെയുണ്ടോ എന്നത്‌ മറ്റൊരു ചോദ്യം. എന്തെങ്കിലും സംശയമുള്ളവർ, ദൃശ്യപ്രപഞ്ചത്തിലെ ഭൂമിയുടെ സ്ഥാനം ഒന്നു ഗൂഗിൾ ചെയ്‌തുനോക്കുക. ഉത്തരം ഇതാണ്‌: 0.00000 00000 0000000000 0000000000 0000000000 0000000000 00000 00003016% [ഇങ്ങനെയും എഴുതാം: 3.016 x 10 ^-60%]

ഇനി, എന്റെ കാര്യം പറയാം: ഈശ്വരനുണ്ടോ എന്നെനിക്കറിയില്ല. ഭാഗവതത്തിലും ബൈബിളിലും ഖുർആനിലും വിവരിക്കപ്പെട്ടിരിക്കുന്ന ദൈവങ്ങളിൽ എനിക്ക്‌ തരിമ്പും വിശ്വാസവുമില്ല. എനിക്ക്‌ സ്വർഗ്ഗരാജ്യം വേണ്ട, കർത്താവിന്റെ വലതുവശത്ത്‌ ഇരിക്കണ്ട, മദ്യപ്പുഴകളും ഹൂറിമാരുമുള്ള സ്വർഗ്ഗീയാരാമങ്ങൾ വേണ്ട, അപ്‌സരസ്സുകൾ നൃത്തമാടുന്ന വൈകുണ്ഠങ്ങൾ വേണ്ട, മോക്ഷം വേണ്ട; എനിക്കൊരു തേങ്ങയും വേണ്ട. ചത്തുകഴിഞ്ഞാൽ ഒരു ചടങ്ങുകളും വേണ്ട എന്ന് ഭാര്യയെ പറഞ്ഞേർപ്പാടാക്കീട്ടുണ്ട്‌. കണ്ണും കരളും വൃക്കയുമൊക്കെ ആർക്കെങ്കിലും വലിച്ചൂരിക്കൊടുത്തിട്ട്‌, ബോഡി വല്ല മെഡിക്കൽ കോളേജിനും കൊടുത്തേക്കാനും പറഞ്ഞേൽപ്പിച്ചിട്ടുണ്ട്‌. റീത്തുകളും ‘മേ ദ സോൾ റെസ്‌റ്റ്‌ ഇൻ പീസ്‌ മോഡൽ’ കണ്ടോളൻസ്‌ സന്ദേശങ്ങളും നിങ്ങളും ഒഴിവാക്കിയാൽ നന്ന്. ഒറ്റ ദിവസംകൊണ്ട്‌ മുപ്പത്തിയെട്ട്‌ വിരോധികളെ സൃഷ്‌ടിച്ച സ്ഥിതിക്ക്‌, മിക്കവാറും ഇതെന്റെ അവസാനത്തെ പോസ്റ്റുമാകാം. എന്നാപ്പിന്നെ ഞാനങ്ങോട്ട്‌…

(3). ചെറിയൊരു വിശദീകരണക്കുറിപ്പ്‌

ഭാരതീയപൈതൃകത്തോട്‌ പരമപുച്ഛം വെച്ചുപുലർത്തുന്ന ഒരു മരങ്ങോടന്റെ ഛായയാണോ ഞാൻ എനിക്കായി നിങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുത്തിട്ടുള്ളത്‌ എന്നൊരു സംശയം രണ്ടു ദിവസം മുമ്പാണ്‌ എന്റെയുള്ളിൽ മുളപൊട്ടിയത്‌‌. ഒരുപക്ഷെ, എന്റെ പോസ്‌റ്റുകളിൽ അതിനുള്ള മരുന്ന് ഞാൻ തന്നെ ഇട്ടിട്ടുമുണ്ടാവാം. എന്നാൽ ഒന്നു പറഞ്ഞോട്ടേ, നമ്മുടെ പൈതൃകത്തിൽ ലോകത്ത്‌ മറ്റൊരിടത്തും കാണാനാവാത്ത മേന്മ സുലഭമായി ദർശിക്കുന്ന ഒരാളാണ്‌ ഞാൻ. ഉപനിഷത്തുകളുടെ ചിന്താഗരിമ എന്നെ ആദ്യം ബോധ്യപ്പെടുത്തിയത്‌ ‘വിവേകാനന്ദ സാഹിത്യസർവസ്വ’വും പിന്നെ ‘തത്ത്വമസി’യുമാണ്‌. എ.എൽ. ബഷാമിന്റെ ‘ദ വണ്ടർ ദാറ്റ്‌ വാസ്‌ ഇൻഡ്യ’ കൂടി വായിച്ചതോടെ അത്‌ അരക്കിട്ടുറപ്പിച്ചപോലെയായി. മനുഷ്യന്റെ ചിന്തയ്‌ക്കെത്താവുന്ന ഏറ്റവും ഉയർന്ന തലമാണതെന്നും എനിക്ക്‌ തോന്നിയിട്ടുണ്ട്‌. അങ്ങനെയാണ്‌ ദശോപനിഷത്തുകൾ എന്റെ ഷെൽഫിൽ കയറിപ്പറ്റിയത്‌.

“ഗ്രന്ഥമഭ്യസ്യ മേധാവീ ഞാനവിജ്ഞാനതത്‌പരഃ / പലാലമിവ ധാന്യാർത്ഥീ ത്യജേത്‌ ഗ്രന്ഥമശേഷതഃ” ഗ്രന്ഥം അഭ്യസിച്ച്‌, മനനം ചെയ്‌ത്‌, മേധാശൿതിയെ വളർത്തി, സ്വയം അതിനാൽ ഉദ്ദേശിക്കുന്ന ലക്ഷ്യതലത്തിലേക്കുയർന്നാൽ, അരി വേണ്ടവൻ ഉമിയും തവിടും കളയുന്ന പോലെ, ഗ്രന്ഥം വലിച്ച്‌ തോട്ടിലേക്കെറിഞ്ഞ്‌ വീട്ടിപ്പോകാൻ വേറെ എത്ര പൗരാണിക ഗ്രന്ഥം വേറെ ഏതു നാട്ടിൽ പറയും! ബ്രഹ്‌മബിന്ദൂപനിഷത്തിലും (11:18) ഉത്തരഗീതയിലും (20) ആവർത്തിക്കപ്പെടുന്ന ഈ കാഴ്ചപ്പാടിനോട്‌ ബഹുമാനമല്ലാതെ വേറെന്തു തോന്നാൻ!

ഒറ്റ പ്രശ്നമേയുള്ളു. മനുഷ്യന്റെ ചിന്തയ്‌ക്ക്‌ എത്തിപ്പിടിക്കാൻ പറ്റിയ ദുരൂഹതയൊക്കെയേ ഇക്കാണായ പ്രപഞ്ചത്തിനുള്ളൂ എന്നും, പ്രാപഞ്ചികസമസ്യകളുടെ മുഴുവൻ രഹസ്യങ്ങളും നമ്മുടെ ഋഷിമാർ പണ്ടേക്കുപണ്ടേ പൊത്തകത്തിലാക്കീ എന്നുമുള്ള വാദങ്ങളോടാണ്‌ എനിക്ക്‌ യോജിക്കാൻ പറ്റാത്തത്‌. ഇന്നു ലോകത്തു കാണുന്ന സകല ശാസ്‌ത്രസത്യങ്ങളുടെയും ആവിർഭാവം ഭാരതത്തിലായിരുന്നു എന്നമട്ടിലുള്ള വാദങ്ങളും എനിക്ക്‌ അസ്വീകാര്യമാണ്‌. നമ്മുടെ തനതെന്ന മട്ടിൽ നമ്മൾ കൊണ്ടുനടക്കുന്ന പലതും യവനന്മാരിൽനിന്നും മറ്റും കടംകൊണ്ടതാണെന്ന വസ്‌തുതയും ബഷാം എന്നെ ചരിത്രവസ്‌തുതകളുടെ അടിസ്ഥാനത്തിൽ പഠിപ്പിച്ചുതന്നിട്ടുണ്ട്‌.

ശ്രുതികളിൽ സ്‌മൃത്യംശങ്ങളുണ്ടെന്ന ജോർജ്ജിന്റെ നിലപാട്‌ ശ്ലാഘനീയം തന്നെ. പതിനെട്ട്‌ മന്ത്രങ്ങളുള്ള ഈശത്തിലെ ആദ്യത്തെ ഏഴെണ്ണമൊഴിച്ച്‌ ബാക്കി പതിനൊന്നും സ്‌മൃതിയാണെന്ന സത്യം നമ്മളെ തുറിച്ചുനോക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

ഗീതയുടെയും ജോർജ്ജിന്റെയും പേരെടുത്തു പറഞ്ഞില്ലെങ്കിലും എന്റെ അവസാന പോസ്റ്റ്‌ പ്രധാനമായും നിങ്ങളുടെ രണ്ടു പേരുടെയും പോസ്‌റ്റുകളോടുള്ള പ്രതികരണമായിരുന്നു എന്നത്‌ വ്യൿതമാണല്ലോ. വ്യൿതിപരമായി ഒഫെൻഡിംഗ്‌ ആയി തോന്നാൻ പാകത്തിനുള്ള വല്ല പരാമർശവും അതിലെവിടെയെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിച്ചുകൊള്ളുന്നു. വിഷയവുമായി ഒരു ബന്ധവുമില്ലാത്ത മഹാഭൂരിപക്ഷത്തിനെ ആത്‌മീയത പറഞ്ഞ്‌ ബോറടിപ്പിച്ചതിന്‌ ഒരായിരം ക്ഷമാപണം വേറെ.

(4). ഭഗവാൻ കൃഷ്‌ണനുമായി ഒരു സംവാദം

രണ്ടു ദിവസം മുമ്പ്‌ ചന്ദ്രനുമായി നടത്തിയ ഗുസ്‌തിയുടെ പശ്ചാത്തലത്തിൽ വികസിപ്പിച്ചെടുത്ത ഒരു സ്‌കിറ്റാണ്‌. ഗീതാഭക്തർ പൊറുക്കുക.

പുറംചട്ടപോലും കാണാതെ പുസ്‌തകത്തെ വിലയിരുത്താൻ ശേഷിയുള്ള അതികായനോടാണ്‌ ഏറ്റുമുട്ടുന്നത്‌! എന്റെ കൈയും കാലും വിറക്കുന്നു, തൊണ്ട വരളുന്നു, മേലാകസകലം തളരുന്നു. പണ്ട്‌ ഈ അവസ്ഥയിലുണ്ടായിരുന്ന പാർത്ഥനെ ഇത്തരമൊരു ആപത്തിൽനിന്ന് കരകയറ്റിയവനല്ലേ; എന്റെ കൃഷ്‌ണാ ഒന്ന് ഹെൽപ്പ്‌ ചെയ്യാമോ?

കൃഷ്‌ണൻ: പിന്നേ, വേടന്റമ്പുകൊണ്ട്‌ മയ്യത്തായ ‘മ്മളിപ്പൊ അന്നെ ശരിയാക്കാൻ വരുവല്ലേ? നീയ്‌ പോയി ആ ഗീതയെടുത്തുവെച്ച്‌ വായിക്ക്‌. നിനക്കൊക്കെ വേണ്ടിയല്ലേ ഞാനത്‌ അവിടെ വെച്ചിട്ടു പോന്നത്‌?

ഈയുള്ളവൻ: കൃഷ്‌ണാ, അതു ശരിയാവൂന്ന് തോന്നണില്ല. അതിലെ ആ പത്താമത്തെ അധ്യായമുണ്ടല്ലോ, വിഭൂതിയോഗം. കൃമികളിൽ പുഴുവാണ്‌, പാമ്പുകളിൽ മൂർഖനാണ്‌ എന്നൊക്കെ പറയുന്ന സാധനം. പൊങ്ങച്ചം പറയുന്നതുകേട്ട്‌ എന്റെ ഗ്യാസ്‌ പോയി അതു വായിച്ചപ്പൊഴേ.

കൃഷ്‌ണൻ: അതു സാരമില്ല, ആ ഭാഗം ഒഴിവാക്കി ബാക്കി വായിച്ചാ മതി.

ഈയുള്ളവൻ: എന്നാലും ശരിയാവൂന്ന് തോന്നണില്ല ഭഗവാനേ. സാംഖ്യവും യോഗയുമൊക്കെ എടുത്തിട്ട്‌ അലക്കീട്ട്‌ അവസാനം ചേട്ടൻ അതെല്ലാം ഭൿതിയോഗത്തിൽ കൊണ്ട്‌ കുത്തീല്ലേ? ‘എന്നെ ആരാധിച്ചാൽ മതി, നിന്റെ കാര്യം ഞാനേറ്റു’ എന്ന ആ ലൈൻ. അത്‌ ‘മ്മക്ക്‌ ഒട്ടും പറ്റുന്നില്ല ഭഗവാനെ.

കൃഷ്‌ണൻ: എന്നാ ഇയ്യാള്‌ പോയി പണി നോക്ക്‌. രാവിലെ തന്നെ ഓരോ റിക്വെസ്‌റ്റുമായി വന്നേക്കുന്നു. മനുഷ്യനെ, സോറി ദൈവങ്ങളെ മെനക്കെടുത്താൻ!

ഈയുള്ളവൻ: ഓ.കെ, കൃഷ്‌ണാ, ഞാനാ ചന്ദ്രന്റെ ചവിട്ടുകൊണ്ടുതന്നെ ചത്തോളാം. മെനക്കെടുത്തിയതിനു സോറി.

(5). യേശു യഥാർത്ഥത്തിൽ ഉദ്ദേശിച്ചത്‌?

അച്ചായന്മാർ തമ്മിലുള്ള തർക്കത്തിൽ അവിശ്വാസിയായ നായർക്കെന്താ കാര്യം എന്നൊരു ചോദ്യം സ്വാഭാവികമായും ഉയർന്നുവരാം. ‘കേട്ടതിനുശേഷം ആർക്കും പറയാം’ എന്നൊരു പഴയ നാടൻ പ്രമാണമേ അതിനു മറുപടിയായുള്ളു. ആത്‌മീയവഴികളിലൂടെയുള്ള അപഥസഞ്ചാരത്തിനിടയിൽ പലവട്ടം ഈ പ്രദേശങ്ങളിലൂടെയൊക്കെ ഈയുള്ളവനും കടന്നുപോയിട്ടുണ്ടെന്നതും വേണമെങ്കിൽ പരിഗണിക്കാം. നേരെ ബൈബിളിലേക്കു കടക്കാം.

യേശു തന്റെ മരണത്തെയും ഉയിർപ്പിനെയും പറ്റി പല തവണ ശിഷ്യന്മാരോട്‌ കാലേക്കൂട്ടി വെളിപ്പെടുത്തുന്നത്‌ നമുക്ക്‌ അതിൽ കാണാം. ഉദാ:- “തനിക്കു ജെറുസലേമിൽ പോകണമെന്നും മൂപ്പന്മാർ, മുഖ്യപുരോഹിതർ, വേദജ്ഞർ എന്നിവരിൽനിന്നു പലതും സഹിക്കണമെന്നും താൻവധിക്കപ്പെടുകയും മൂന്നാം ദിവസം ഉയിർക്കപ്പെടുകയും വേണമെന്നും യേശു അപ്പോൾമുതൽ ശിഷ്യന്മാർക്കു വെളിപ്പെടുത്താൻ തുടങ്ങി.” (മത്താ. 16:21). മത്തായി മാത്രമല്ല, മർക്കോസും (8:31) ലൂക്കോസും (9:22) ഇക്കാര്യം ഏതാണ്ട്‌ ഇതേപോലെ തന്നെ രേഖപ്പെടുത്തുന്നുണ്ട്‌. മത്തായി ഇക്കാര്യം വീണ്ടും എടുത്തുപറയുകയുംകൂടി ചെയ്യുന്നു: “അവർ ഗലീലയിൽ ഒത്തുചേർന്നപ്പോൾ യേശു അവരോടു പറഞ്ഞു: ‘മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏൽപ്പിക്കപ്പെടാൻ പോകുന്നു. അവനെ അവർ കൊല്ലും. എന്നാൽ അവൻ മൂന്നാം ദിവസം ഉയിർക്കപ്പെടും (മത്താ. 17:22). അതൊക്കെ പോട്ടെ, “യേശു ജെറുസലേമിലേക്കു പോകവേ, പന്ത്രണ്ടു ശിഷ്യന്മാരെയും വഴിയിൽവച്ച്‌ മാറ്റിനിർത്തി” ഇക്കഥ വീണ്ടും അർത്ഥശങ്കയ്‌ക്കിടയില്ലാത്തവിധം അവരെ ബോധ്യപ്പെടുത്തുന്നുമുണ്ട്‌‌ (മത്താ. 20:17).

പാവം യേശു കുരിശിൽ കേറിക്കഴിഞ്ഞ്‌ ഈ മാന്യന്മാരാരും ആ വഴിക്ക്‌ പോയില്ലെന്നതോ പോട്ടെ, അതുവഴി പോവുകയും കല്ലറയ്‌ക്കടുത്ത്‌ പുനർജീവിച്ച യേശുവിനെ കാണുകയുംചെയ്‌ത മഗ്‌ദലനക്കാരി മറിയം ഇക്കാര്യം ഓടിക്കിതച്ച്‌ ചെന്നു പറഞ്ഞപ്പോഴുള്ള സീൻ ഒന്നു കാണുക: “അവൻ ജീവിച്ചിരിക്കുന്നു എന്നും അവൾ അവനെ കണ്ടു എന്നും കേട്ടപ്പോൾ അതവർ വിശ്വസിച്ചില്ല. പിന്നീട്‌ അവരിൽ രണ്ടുപേർ ഗ്രാമത്തിലേക്കു പോകുമ്പോൾ യേശു മറ്റൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി. അവർ മടങ്ങിച്ചെന്ന് മറ്റുള്ളവരോട്‌ പറഞ്ഞെങ്കിലും ഇവരുടെ വാക്കും അവർ വിശ്വസിച്ചില്ല” (മർക്കോ. 16:11). അടിപൊളി! വാ പൊളിക്കാൻ വരട്ടെ; സാക്ഷാൽ പത്രോസ്‌ – മറ്റാരുമായിക്കോട്ടെ, യേശു സഭ പടുത്തുയർത്താൻ തെരഞ്ഞെടുത്ത പാറ – മ്മടെ പത്രോസിന്റെ പ്രതികരണം കൂടി കാണുക: “മഗ്‌ദലനക്കാരി മറിയമും അവരോടു കൂടെയുണ്ടായിരുന്ന മറ്റു സ്‌ത്രീകളുമാണ്‌ അപ്പോസ്‌തലന്മാരോട്‌ ഇക്കാര്യം പറഞ്ഞത്‌. ഈ വാക്കുകൾ ഒരു കെട്ടുകഥയായിട്ടേ അവർക്കു തോന്നിയുള്ളു. ഇത്‌ അവർ വിശ്വസിച്ചില്ല. എന്നാൽ പത്രോസ്‌ എഴുന്നേറ്റ്‌ കല്ലറയിങ്കലേക്ക്‌ ഓടിച്ചെന്ന് കുനിഞ്ഞ്‌ അകത്തേക്കു നോക്കിയപ്പോൾ ലിനൻ കച്ചകൾ മാത്രമേ കണ്ടുള്ളു. സംഭവിച്ചതിനെപ്പറ്റി വിസ്‌മയിച്ച്‌ അയാൾ വീട്ടിലേക്ക്‌ മടങ്ങി (ലൂക്കോസ്‌. 24:10).

ഇനി, മറ്റൊരു കഥയെടുക്കാം.

യേശു ഒരു തളർവാതരോഗിയെ സുഖപ്പെടുത്തുന്ന കഥ ലൂക്കോസ്‌ വിവരിക്കുന്നത്‌ ഇങ്ങനെയാണ്‌: “ഇതാ, തളർവാതം ബാധിച്ച ഒരു മനുഷ്യനെ ആളുകൾ കിടക്കയിൽ എടുത്തുകൊണ്ടു വരുന്നു! അയാളെ അകത്തു കൊണ്ടുവന്ന് യേശുവിന്റെ മുമ്പിൽ കിടത്താൻ അവർ ശ്രമിച്ചു. എന്നാൽ ആൾക്കൂട്ടം നിമിത്തം അയാളെ ഉള്ളിൽ കൊണ്ടുവരാൻ ഒരു വഴിയുമില്ലായിരുന്നു. അവർ മേൽക്കൂരയിൽ കയറി ഓടിളക്കി കിടക്കയോടുകൂടി അയാളെ ആൾക്കൂട്ടത്തിന്റെ നടുവിൽ യേശുവിന്റെ മുന്നിലേക്ക്‌ ഇറക്കി. അവരുടെ വിശ്വാസം കണ്ട്‌ അവൻ പറഞ്ഞു: ‘മനുഷ്യാ, നിന്റെ പാപങ്ങൾ നിന്നോടു ക്ഷമിച്ചിരിക്കുന്നു.” ഈ കഥ അവസാനിക്കുന്നത്‌ ഇങ്ങനെയാണ്‌: “അവൻ തളർവാതരോഗിയായ മനുഷ്യനോട്‌ പറഞ്ഞു: ‘ഞാൻ നിന്നോടു പറയുന്നു: എഴുന്നേറ്റ്‌ നിന്റെ കിടക്കയുമെടുത്ത്‌ വീട്ടിലേക്ക്‌ പോവുക.’ ഉടൻതന്നെ അയാൾ അവരുടെ മുമ്പാകെ എഴുന്നേറ്റ്‌ താൻ കിടന്നിരുന്ന കിടക്ക എടുത്ത്‌ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ വീട്ടിലേക്കുപോയി.” (ലൂക്കോ. 5:17-26; മർക്കോ. 2:1-12)

ഇനി കണ്ണടച്ച്‌, ഈ സീൻ ഒന്ന് മനസ്സിൽ കാണാൻ ശ്രമിക്കുക. ജനം തിങ്ങിനിറഞ്ഞ്‌ നിൽക്കുന്ന ഒരു വീടും പറമ്പും. തളർവാതരോഗിയുമായി വരുന്ന നാലുപേർ (എണ്ണം മർക്കോസ്‌ തരുന്നുണ്ട്‌). അവരൊരുവിധം വീടിനടുത്തെത്തുന്നു. ഇനി നമുക്ക്‌ ഭാവനയുടെ എല്ലാ ആനുകൂല്യങ്ങളും ഈ കഥയ്‌ക്ക്‌ നൽകാം. അവിടെയതാ അത്‌ഭുതമെന്നോണം രണ്ടു കോണിയും ധാരാളം കയറും. മൂന്നുനാലുപേർ വീടിനു മുകളിൽ കയറുന്നു. അവരവിടെനിന്നും ഇട്ടുകൊടുത്ത കയറിന്റെ മറ്റേ അറ്റത്ത്‌ തളർവാതരോഗിയുടെ കട്ടിലിന്റെ നാലു കാലും ബന്ധിക്കുന്നു (കിടക്ക മാറ്റി കട്ടിൽ കൊടുത്തതും ഭാവനയുടെ സൗജന്യമാണ്‌. കിടക്കയാണെങ്കിൽ രോഗി ‘റ’ മാതിരി വളഞ്ഞു പോകും). കയർ ഉയർത്തുമ്പോൾ രോഗി താഴെ വീണുപോകാതിരിക്കാൻ അയാളെ കട്ടിലുമായി വരിഞ്ഞു കെട്ടുന്നു. ഇനിയാണ്‌ ആകെ പ്രശ്‌നം. മുകളിൽ നിൽക്കുന്ന ആൾക്കാർക്ക്‌ രോഗിയെ വലിച്ചുകേറ്റാൻ കട്ടിയുള്ള ഉത്തരവും കപ്പിയും കയറും വേണം. ഇല്ലെങ്കിൽ മേൽക്കൂരയിൽനിന്നു പുറത്തേക്കു തള്ളിനിൽക്കുന്ന പ്ലാറ്റ്ഫോം വേണം. വലിച്ചടുപ്പിക്കാൻ തോട്ടി വേണം. ഇതെല്ലാം ദൈവാനുഗ്രഹംകൊണ്ട്‌ കിട്ടിയെന്നും കരുതുക. വീട്ടുടമസ്ഥൻ ഇതെല്ലാം കണ്ടുകൊണ്ട്‌ നിന്നിരുന്നുവെന്നും അയാൾ ഓട്‌ പൊളിക്കാൻ സമ്മതിച്ചുവെന്നും കരുതുക. ഭാവനയുടെ സർവ ആനുകൂല്യങ്ങളും നിർലോഭം കൊടുത്തിട്ടും സംഭവം ബുദ്ധിമുട്ടാണ്‌ (ഓടും കഴുക്കോലുമൊക്കെ നമ്മുടെ കാഴ്ചയാണ്‌. അക്കാലത്തെ പാലസ്‌തീനിൽ വീടുകളുടെ റൂഫിംഗ്‌ നിരപ്പായതാണ്‌).

പക്ഷെ, തമാശ ഇവിടെയൊന്നുമല്ല കിടക്കുന്നത്‌. ഇതേ സംഭവം മത്തായി വിവരിക്കുന്നത്‌ ഒന്ന് നോക്കൂ: “യേശു വഞ്ചിയിൽ കയറി മറുകര കടന്ന് സ്വന്തം നഗരത്തിലെത്തി. അപ്പോൾ ആളുകൾ ഒരു തളർവാതരോഗിയെ, കിടന്ന കിടക്കയോടെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ട്‌, യേശു ആ തളർവാതക്കാരനോടു പറഞ്ഞു: മകനേ, ധൈര്യമായിരിക്കൂ. നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. ………….” ഈ മനുഷ്യനെയാണ്‌ ലൂക്കോസും മർക്കോസുംകൂടി കഷ്‌ടപ്പെട്ട്‌, ബുദ്ധിമുട്ടി, ഓടു പൊളിച്ച്‌ കെട്ടിയിറക്കിയത്‌! (മത്താ. 9:1-8)

മത്തായി എത്ര നേരസ്ഥൻ എന്നു പറയാൻ വരട്ടെ. രണ്ടു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെയെല്ലാം വധിക്കാൻ ഹെരോദാരാജാവ്‌ ഉത്തരവിടുന്ന ഒരു രംഗം മത്തായി അവതരിപ്പിക്കുന്നുണ്ട്‌. അക്കാലത്തെ റോമൻ ചരിത്രത്തിലെവിടെയും ഇങ്ങനെയൊരു സംഭവം രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നതും യോഹന്നാൻ ഇതു വിട്ടുകളഞ്ഞു എന്നുള്ളതും പോട്ടെ. സമാന്തരസുവിശേഷങ്ങളെന്നറിയപ്പെടുന്ന മർക്കോസിലും ലൂക്കോസിലുംപോലും ഇങ്ങനെയൊരു കഥയില്ല!

ഞാൻ പറഞ്ഞുവരുന്നത്‌, ചരിത്ര വസ്‌തുതകൾക്കായി ബൈബിളിനെ ആശ്രയിക്കുന്നതിൽ കാര്യമില്ല എന്നാണ്‌. അതുകൊണ്ടാണ്‌ ചരിത്രകാരന്മാർ മിക്കവാറും ബൈബിളിനെ ഒരു ഗ്രീക്ക്‌ കാൽപനികകൃതിയായി മാത്രം പരിഗണിക്കുന്നത്‌ (A Hellenistic Romance). എങ്കിലും, യഥർത്ഥ യേശുവിനെ കണ്ടെടുക്കാൻ നമുക്കൊരുപക്ഷെ അതിലേക്കു സൂക്ഷിച്ചു നോക്കിയാൽ സാധിച്ചേക്കും. അതിനുള്ള ഒരു ശ്രമമാണിത്‌.

യേശുവിനെ എറിയാനായി യഹൂദർ കല്ലെടുക്കുന്ന ഒരു രംഗം യോഹന്നാൻ അവതരിപിക്കുന്നുണ്ട്‌. യേശു അവരോട്‌ ചോദിക്കുന്നുണ്ട്‌, തന്റെ ഏതു പ്രവൃത്തിയാണവരെ പ്രകോപിച്ചതെന്ന് (യോഹ. 10:31-37). “ദൈവദൂഷണം നിമിത്തമാണ്‌. കാരണം വെറും മനുഷ്യനായിരിക്കെ നീ നിന്നെത്തന്നെ ദൈവമാക്കുന്നു” എന്നാണ്‌ യഹൂദരുടെ മറുപടി. ഇതിനുള്ള യേശുവിന്റെ പ്രതിവചനം സശ്രദ്ധം വായിക്കുക:

“യേശു അവരോടു പറഞ്ഞു: ‘നിങ്ങൾ ദേവന്മാരാണ്‌ എന്ന് ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ നിയമത്തിൽ എഴുതപ്പെട്ടിട്ടില്ലേ?’ ദൈവത്തിന്റെ വചനം ലഭിച്ചവരെ അവൻ ദേവന്മാർ എന്നു വിളിച്ചെങ്കിൽ, ‘ഞാൻ ദൈവപുത്രനാണ്‌’ എന്നു പറഞ്ഞതുകൊണ്ട്‌, പിതാവ്‌ അഭിഷേകംചെയ്‌ത്‌ ലോകത്തിലേക്ക്‌ അയച്ച എന്നെപ്പറ്റി, ‘നീ ദൈവദൂഷണം നടത്തുന്നു’ എന്നു നിങ്ങൾ പറയുന്നുവോ?”

യെസ്‌! അതാണ്‌ യേശുവിന്റെ പോയിന്റ്‌. ‘നിങ്ങളോരോരുത്തരും ദൈവങ്ങളാണ്‌ എന്നു നിങ്ങളുടെ പുസ്‌തകത്തിൽ തന്നെ പറഞ്ഞിട്ടില്ലേ?’ എന്നാണ്‌ യേശുവിന്റെ ചോദ്യം. അതെവിടെയാണ്‌ അങ്ങനെ പറഞ്ഞിരിക്കുന്നത്‌ എന്നാണെങ്കിൽ, സങ്കീർത്തനം 82:6 കാണുക. അവിടെയിതാ പറഞ്ഞിരിക്കുന്നു: “ഞാൻ പറയുന്നു: ‘നിങ്ങൾ ദേവകൾ തന്നെ. നിങ്ങളെല്ലാം അത്യുന്നതന്റെ പുത്രന്മാർ.”

ഇപ്പോൾ നിങ്ങൾക്ക്‌ ഗുട്ടൻസ്‌ പിടികിട്ടിയോ? യേശു മാത്രമല്ല ദൈവപുത്രൻ; നമ്മളോരോരുത്തരും ദൈവത്തിന്റെ പുത്രന്മാരാണ്‌! അത്‌ തിരിച്ചറിയുന്നവർ വളരെ കുറവാണെന്നുമാത്രം. അത്‌ നമ്മൾ ഭാരതീയർക്കു പരിചിതമായ ഭാഷയിൽ പറഞ്ഞാൽ, ‘അഹം ബ്രഹ്മാസ്‌മി’! അതുതന്നെ‌ ഒരു ഗുരു നമ്മളോട്‌ പറയുമ്പോൾ, ‘തത്ത്വമസി – അത്‌ നീയാകുന്നു’! ഒരുപക്ഷെ, പത്രോസിനെ വരെ വെട്ടിനിരത്തി പൗലോസ്, ക്രൈസ്‌തവീകത എന്നപേരിൽ തന്റെ സ്വകപോലകൽപിത മതം സ്ഥാപിച്ചപ്പോൾ, അയാൾ ഈ തത്ത്വം കാറ്റിൽപ്പറത്തി, യേശുവിനെ മാത്രം രൂപക്കൂട്ടിൽ കയറ്റിയതാകാം! (ജീവിതത്തിൽ ഒരിക്കൽപ്പോലും പൗലോസ്‌, യേശുവിനെ കണ്ടിട്ടില്ലെന്നും, ദമാസ്‌കസ്സിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹത്തിന്‌ ഒരു ‘ദർശനം’ ലഭിക്കുകയാണുണ്ടായതെന്നും കൂടി ഓർക്കുക!) ഇക്കാര്യത്തിൽ ഇനിയും സംശയം ബാക്കിനിൽക്കുന്നവർക്ക്‌ റോമാക്കാർ 8:16; 1. യോഹ. 3:2; 2. കോറി 6:18 എന്നിവകൂടി നോക്കാവുന്നതാണ്‌.

ഈ ആംഗിളിലൂടെ ഒന്നു നോക്കിയാൽ, ബൈബിളിനെ നിരാകരിക്കാതെതന്നെ, ഗ്രേസിക്കും ചിലപ്പോൾ ജോർജിന്റെ യേശുവിലേക്ക്‌ എത്തിപ്പെടാൻ പറ്റിയേക്കും. ഇനി നേരത്തേ പറഞ്ഞപോലെ, ഞങ്ങൾ ക്രിസ്‌ത്യാനികളുടെ തർക്കം തീർക്കാൻ അവിശ്വാസിയായ നായരുടെ സൗജന്യം വേണ്ടായെന്നാണെങ്കിൽ, അമ്മയുടെ ഉദരത്തിൽ കിടക്കുമ്പോൾത്തന്നെ ദൈവവേലക്ക്‌ നേർച്ചയാക്കപ്പെട്ട സാമുവേലച്ചായനെ ഒന്നു കേട്ടുനോക്കിക്കോളൂ. https://youtu.be/0S_0ffAm7NQ

(ഈ സാഹസം, രണ്ടായിരത്തിപ്പതിനേഴിലെ ക്രിസ്‌തുമസ്‌ തലേന്നായതുകൊണ്ട്‌ അച്ചായന്മാർ ദയവായി കള്ളുകുടി തുടങ്ങുന്നതിനു മുമ്പ്‌ തന്തയ്‌ക്കു വിളിക്കുക. അവിശ്വാസിയാണേലും ഇത്തവണത്തേക്ക്‌ ഒരു ആശംസയും നായരുടെ വക.)

……………………………………………..

[ഒരു കമന്റിനുള്ള പ്രതികരണം കൂടി: പെരുന്നാൾത്തലേന്ന് രാവിലെ നോക്കുമ്പൊ ജോർജിന്റെ വക ക്രിസ്‌മസ്‌ സന്ദേശം. അതുകണ്ട്‌ കണ്ട്രോള്‌പോയ ചേച്ചീടെ കട്ടക്കലിപ്പ്‌ തൊട്ടു പിന്നാലെ! നല്ലോരു ദിവസമായിട്ട്‌ ഇതുങ്ങളിങ്ങനെ ശൺഠകൂടുവാന്നല്ലോ കർത്താവേ എന്നും പറഞ്ഞ്‌ ബാക്കിയുള്ളവൻ ബൈബിളുമെടുത്ത്‌ ഒരൊറ്റയിരുപ്പായിരുന്നു. അതു തീർന്നപ്പൊഴേക്കും തലയങ്ങ്‌ പെരുക്കുവായിരുന്നു. പിറ്റേ ദിവസം വൈകുന്നേരം ഒരു ഡോളോ കൂടി കേറ്റിയിട്ടേ തലയുടെ പണ്ടാരംപിടിച്ച വേദന ശമിച്ചുള്ളൂ. അങ്ങനെ വിരുദ്ധ ധ്രുവങ്ങളിൽ നിന്നിരുന്ന രണ്ട്‌ വിശ്വാസികളെ പെരുന്നാൾത്തലേന്ന് ആർക്കും കേടില്ലാത്തവിധം പൊരുത്തപ്പെടുത്തുകയാണല്ലോ‌ അവിശ്വാസിയായ ഈ മനുഷ്യൻ ചെയ്‌തത്‌ എന്നുള്ള ചാരിതാർത്ഥ്യത്തോടെ തളർന്നിരിക്കുമ്പോഴാണ്‌, പോളി വന്നു പറയുന്നത്‌‌, നായര്‌ വന്ന് കരണത്തടിച്ചൂന്ന്! ഇക്കാലത്ത്‌ ആർക്കും ഒരുപകാരവും ചെയ്യരുതെന്നു പറയുന്നത്‌ വെറുതെയല്ല!

എന്നാലും പ്രശ്‌നമെന്താണെന്ന് കണ്ടുപിടിക്കണമല്ലോ. പോസ്‌റ്റ്‌ വീണ്ടും വീണ്ടും വായിച്ചു നോക്കിയപ്പൊ ഒരു സാധ്യത തെളിഞ്ഞു വന്നു. “പത്രോസിനെ വെട്ടിനിരത്തി പൗലോസ്‌, കൈസ്‌തവീകത എന്നപേരിൽ തന്റെ സ്വകപോലകൽപിത മതം സ്ഥാപിച്ചപ്പോൾ” എന്നു തുടങ്ങുന്ന വരിയായിരിക്കണം പ്രശ്‌നഹേതു എന്നൊരു തോന്നലാണ്‌ തെളിഞ്ഞു വന്നത്‌. ഏതായാലും, ഇനി ആ വിഷയത്തെപ്പറ്റി കൂടുതൽ പറഞ്ഞ്‌ ബോറാക്കുന്നില്ല.]

(6). വാക്കിന്റെ പോക്കും ലോകത്തിന്റെ ലുക്കും

ഭാഷയെപ്പറ്റിയുള്ള ചർച്ച കൊഴുക്കുമെന്ന് വിചാരിച്ചിരുന്നപ്പോൾ അത്‌ വാതാപിയായി!

ജോർജ്, ക്രൈസ്‌തവീകതയെടുത്ത്‌ ഒന്നൂടെ വീശാൻ നോക്കിയെങ്കിലും അതും ഗോപിയായി!

ഈ ലോകത്തിന്റെയൊരു പൊക്കു നോക്കണേ എന്നാണ്‌ പറയാൻ തുടങ്ങിയത്‌. അപ്പോഴാണ്‌ ‘ലോകം’ കേറി തലയിൽ കുടുങ്ങിയത്‌. എന്താണ്‌ ലോകം എന്നു നോക്കാം. ‘ലോക്യതേ ഇതി’ അതായത്, കാണപ്പെടുന്നതെന്തോ അതാണ്‌ ലോകം. ആ ‘ലോക’ത്തിലിരുന്ന് ഇംഗ്ലീഷിലെ ‘ലുക്ക്‌’ (look) നമ്മളെ കണ്ണുമിഴിച്ച്‌ നോക്കുന്നത്‌ കണ്ടോ? അതുപോട്ടെ, ‘എൽ’- നും ‘കെ’- യ്‌ക്കും ഇടയിലേക്കു നോക്കൂ, രണ്ട്‌ ഉണ്ടക്കണ്ണുകൾ നിങ്ങൾക്കവിടെ അക്ഷരാർത്ഥത്തിൽ തന്നെ കാണാൻ പറ്റും!

അപ്പൊ, വാക്കോ? വോൿസ്‌ എന്ന് ലാറ്റിൻ. അതാണ്‌ ഇംഗ്ലീഷിൽ വോക്കൽ (vocal) ഒക്കെയാകുന്നത്‌! വാക്കിന്റെയൊരു പോക്കു കണ്ടോ!

ഇനി വാക്കുകളിൽ അഗ്നി കാണണോ? നിങ്ങളുടെ കാറിന്റെ ഇഗ്നീഷൻ കീയിലേക്ക്‌ ഒന്നു നോക്കൂ. ലാറ്റിനിലെ ‘ഇഗ്നിസി’ലേക്ക്‌ നോക്കൂ. അഗ്നിയുടെ തീപ്പൊരി കാണുന്നില്ലേ?

‘മോർട്ടാ’ലിറ്റിയിലും പോസ്‌റ്റ്‌’മോർട്ട’ത്തിലുമെല്ലാം നമ്മുടെ ‘മൃത്യു’ തണുത്തുറഞ്ഞ്‌ കിടക്കുന്നത്‌ കാണുന്നില്ലേ?

ഫാദർ – പിതൃ, മദർ – മാതൃ, ബ്രദർ – ഭ്രാതൃ, ഡോഹ്ട്ടർ – ദുഹിതൃ, സൺ – സൂനു ബന്ധങ്ങളിൽ കുടുമ്പമൊന്നാകെ സ്‌നേഹത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നതു നോക്കൂ! ഈ ‘ബന്ധ’ത്തിലും നിങ്ങൾക്കൊരു ‘ബോൺഡ്‌ (bond)’ -ന്റെ കാണാച്ചരട്‌ കാണാനാകുന്നില്ലേ?

കൗവിൽ (cow) ഗോവിനെ കാണാൻ കൊമ്പു വേണോ? ‘ഗമ്‌’ എന്ന ധാതുവിൽനിന്ന് ഗമിക്കുക എന്ന പദമുണ്ടാകുമ്പോൾ ഇംഗ്ലീഷിലെ ‘കം’ (come) എണീറ്റ്‌ നടന്നു വരുന്നത്‌ കണ്ടോ?

ഡിവൈനിൽ (divine) ദിവ്യവും, ‘ഐ’ (eye) യിൽ ‘അക്ഷി’യും കാണാൻ ദിവ്യജ്ഞാനം വേണോ?

‘ഹാർഷി’ൽ (harsh) ഊഷരതയും, ഡ്രൗട്ടിൽ (drought) ദാഹാർത്തതയും നിങ്ങൾക്ക്‌ അനുഭവപ്പെടുന്നില്ലേ?

ഹാർട്ടും (heart) ‘ഹൃത്തും’ ഒരേ താളത്തിൽ മിടിക്കുന്നതു നോക്കൂ. ഗോളവും ഗ്ലോബും (globe) ഒരേ ‘റിഥ’ (rhythm) ത്തിൽ ചലിക്കുമ്പോൾ ‘ഋതു’ക്കൾ വന്നുപോകുന്നതു നോക്കൂ.

ഇപ്പറഞ്ഞതെല്ലാം ഒരു ‘സേംപ്‌ൾ’ മാത്രം. അതാണ്‌ ഭാഷയുടെ ഒരു രീതി. അതൊരിടത്ത്‌ തങ്ങിനിൽക്കുന്ന സാധനമല്ല. അതങ്ങനെ പരിണമിച്ച്‌ പരിണമിച്ച്‌ ഒഴുകി പരന്നുകൊണ്ടേയിരിക്കും. നമ്മുടേതു മാത്രമെന്നു നമ്മൾ കരുതുന്ന ഒരു വാക്കും നമുക്കു മാത്രമായി അവകാശപ്പെടാൻ പറ്റുന്നതല്ല. അത്‌ ലോകത്തെവിടെ നോക്കിയാലും നിങ്ങൾക്ക്‌ കാണാൻ പറ്റും – നോക്കേണ്ടത്‌പോലെ നോക്കിയാൽ!

ഇനി ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം നോക്കാം. ഷേൿസ്‌പിയർ മരിക്കുന്നതു വരെ ഇംഗ്ലീഷിൽ മുപ്പതിനായിരത്തിൽ താഴെ മാത്രമേ വാക്കുകളുണ്ടായിരുന്നുള്ളു. പതിനെട്ടാം നൂറ്റാണ്ടിൽ ജോൺസൺ തന്റെ ആദ്യത്തെ നിഘണ്ടു പ്രസിദ്ധീകരിക്കുമ്പോൾ അത്‌ നാൽപതിനായിരമായി. ഇന്ന് ഇംഗ്ലീഷ്ഭാഷ ഉൾക്കൊള്ളുന്നത്‌ ആറു ലക്ഷത്തോളം വാക്കുകളാണ്‌! വെറും നാലര നൂറ്റാണ്ടിനിടയിൽ ആ ഭാഷയ്‌ക്ക്‌ കൈവന്ന വികാസം നോക്കൂ.

ഇനി നമുക്ക്‌ സംസ്‌കൃതത്തിന്റെ കാര്യമെടുക്കാം. ഋഗ്വേദം അതിന്റെ പത്താം മണ്ഡലത്തിൽ എത്തുമ്പോഴേക്കും (ca. ബി.സി. 900) സംസ്‌കൃതഭാഷയും ക്രമാനുഗതമായി വികസിച്ചു വരുന്നത്‌ നമുക്കതിൽ കാണാം. പക്ഷെ, ബി.സി നാലാം നൂറ്റാണ്ടിൽ പാണിനിയുടെ വരവോടെ സംസ്‌കൃതത്തിന്‌ കൂച്ചുവിലങ്ങ്‌ വീണു. വ്യാകരണനിയമങ്ങളുടെ കെട്ടിപ്പൂട്ടലിൽനിന്നും ഒരു പരിധി വരെയെങ്കിലും‌ സംസ്‌കൃതത്തിനെ രക്ഷിക്കാൻ പിന്നീട്‌ കാളിദാസൻ വരേണ്ടിവന്നു (എ.ഡി നാല്‌-അഞ്ച്‌ നൂറ്റാണ്ട്‌?). സ്വന്തം പേരിൽപ്പോലും വ്യാകരണപ്പിശകുമായി വന്ന കാളിദാസൻ! (കാളീക്ഷേത്രം, കാളീപൂജ എന്നൊക്കെപ്പോലെ കാളീദാസൻ എന്നതാണ്‌ ശുദ്ധപ്രയോഗം). കാളിദാസന്‍ ഉപയോഗിച്ച അപശബ്ദങ്ങള്‍ അസംഖ്യങ്ങളാണ് എന്നാണ്‌ അന്നത്തെ വൈയാകരണന്മാര്‍ കണക്കാക്കിയിട്ടുള്ളത്‌- ‘അസംഖ്യാഃ കാളിദാസസ്യ’ എന്നാണ്‌ പ്രമാണം പോലും! പത്തുനാലായിരം കൊല്ലത്തെ ചരിത്രം അവകാശപ്പെടുന്ന സംസ്‌കൃതം ഇന്നെവിടെ നിൽക്കുന്നു എന്നും നോക്കുക.

ശുദ്ധിവാദമൊക്കെ നമ്മളെ എവിടേക്കാണ്‌ നയിക്കുക എന്നറിയാൻ ഇംഗ്ലീഷ്‌ ഇന്നെവിടെ എത്തിയിരിക്കുന്നു, സംസ്‌കൃതം എവിടെ നിൽക്കുന്നു എന്നു മാത്രം നോക്കിയാൽ മതിയാകും. ഇത്‌ ഭാഷയുടെ മാത്രം കാര്യമല്ല. കലർപ്പുകൾ ഉണ്ടാവട്ടെ, ധാരാളമായി ഉണ്ടാവട്ടെ.

ഭാഷയ്‌ക്ക്‌ ‘ഭാഷതേ ഭാഷ’ എന്നുമൊരു നിർവചനമുണ്ട്‌. പറയുന്നതെന്തോ അതാണ് ഭാഷ. അര്‍ഥയുക്തമായ ശബ്ദങ്ങള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നതിനുള്ള ഉപാധിയാണ്‌ ഭാഷ. ഭാഷ് എന്ന ധാതുവില്‍നിന്നാണ് ഭാഷ എന്ന പദം ഉണ്ടായത്. ഭാഷ് എന്നാല്‍ സംസാരിക്കുക എന്നർത്ഥം.

(7). പുരുഷു എന്നെ അനുഗ്രഹിക്കണം

ഹൗസ്‌കോട്ട്‌, നൈറ്റി എന്നിവയെ ഗർഭം ധരിക്കാൻ കാലം തയ്യാറെടുത്തിട്ടില്ല അന്ന്- നായർ തറവാടുകളിലെങ്കിലും. ജനിച്ചയന്നു മുതൽ അമ്മയെ കാണുന്നത്‌ സാരിയിലോ രണ്ടാംമുണ്ടിലോ ഒക്കെയാണ്‌. ചിറ്റമാരും സാരിയിലൊക്കെ തന്നെ. അമ്മാവന്മാരുടെ വധുവായി വന്നവരും സാരിയിൽത്തന്നെ.

സ്‌കൂളിൽ കൂടെ പഠിച്ചിരുന്ന പെൺകുട്ടികൾക്കന്ന് പാവാടയും ജമ്പറും ആണ്‌ വേഷം. ജമ്പറ്‌ പിന്നീട്‌ ഗസറ്റിൽ കൊടുക്കാതെ തന്നെ പേര്‌, ബ്ലൗസെന്ന് മാറ്റിയെടുത്തു. അതു പോട്ടെ. ഹാഫ്‌ സാരിയെന്നൊരു പരിഷ്‌കാരം വന്നു തുടങ്ങിയിരുന്നെങ്കിലും പത്താം ക്ലാസു വരെ അതും സ്‌ഥിരമായി കണ്ടത്‌ ഓർമ്മയിലില്ല.

ഫസ്‌റ്റ്‌ കസിൻസായി മുതിർന്ന പെൺകുട്ടികളും തറവാട്ടിലില്ലായിരുന്നു. (ആൺകുട്ടികളിലും എന്നേക്കാൾ മൂത്തത്‌ ഒരുത്തൻ മാത്രം. അതും ഏതാനും മാസങ്ങളുടെ മാത്രം മൂപ്പ്‌. അതുകൊണ്ട്‌ ആ ചങ്ങായിയേയും ചേട്ടൻ എന്നൊന്നും വിളിക്കേണ്ടി വന്നിട്ടില്ല). ചുരുക്കിപ്പറഞ്ഞാൽ, സാരിയുടുക്കുന്നവരൊക്കെ അമ്മയോ ചിറ്റയോ അമ്മായിയോ ആണ്‌!

അങ്ങനെ, ഒരു പീക്കിരിച്ചെക്കൻ വള്ളിനിക്കറൊക്കെയിട്ട്‌, നല്ലബുദ്ധി തോന്നിക്കണെയെന്നൊക്കെ പരദേവതയോട്‌ പ്രാർത്ഥിച്ച്‌ ആദ്യമായി കോളേജിലെത്തിയപ്പോളതാ, കൂടെ പഠിക്കാൻ പത്തിരുപത്‌ സാരിക്കാർ! എടാ ചെറുക്കാ, ഈ പുള്ളാരും നിന്നെപ്പോലത്തെ പീക്കിരികളാണെന്നും, അവരൊക്കെ ആദ്യമായി കോളേജിൽ ചേരാൻ നേരത്ത്‌ പൊങ്ങച്ചം‌ കളിച്ചതാണെന്നും, സ്വന്തം ബുദ്ധി ഉപദേശിക്കാൻ ശ്രമിച്ചിരുന്നോ എന്നൊന്നും അറിഞ്ഞുകൂടാ. ഏതായാലും മനസ്സ്‌ പറഞ്ഞിരുന്നത്‌, ഇവരൊക്കെ ബഹുമാനവും ആദരവും അർഹിക്കുന്ന ചേച്ചിമാരാണെന്നാണ്‌! എന്തിനാ എന്റെ ചേച്ചിമാരേ, നിങ്ങളന്നാ ഫാൻസിഡ്രസ്സ്‌ കളിച്ചത്‌? അതല്ലേ എനിക്കിന്നും നിങ്ങളേ കാണുമ്പോൾ, ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്നു പറയേണ്ടി വരുന്നത്‌?

Advertisements

Leave a Comment »

No comments yet.

RSS feed for comments on this post. TrackBack URI

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a free website or blog at WordPress.com.

%d bloggers like this: