DJ MENON'S BLOG

June 30, 2017

ഇടതുബുദ്ധിജീവിയുടെ ഇടയിളക്കങ്ങള്‍

ഇടതുബുദ്ധിജീവിയുടെ ഇടയിളക്കങ്ങള്‍

DJ Menon

പാലക്കാട് ജില്ലാ പബ്ലിക്ക് ലൈബ്രറിയും ജില്ലാ ലൈബ്രറി കൌണ്‍സിലും ചേര്‍ന്ന്, 2016 ഡിസംബര്‍ 26 മുതല്‍ 30 വരെ തുടര്‍ച്ചയായി അഞ്ചു ദിവസം നീണ്ടുനില്‍‌ക്കുന്ന ഒരു പ്രഭാഷണ പരമ്പര, പാലക്കാട് സംഘടിപ്പിക്കുകയുണ്ടായി. വിഷയം: ‘മഹാഭാരതത്തിന്റെ സാംസ്‌കാരികചരിത്രം’. പ്രഭാഷകന്‍, പ്രമുഖ ഇടതുപക്ഷ ബുദ്ധിജീവിയും കാലടി സംസ്‌കൃത സര്‍വകലാശാലാ അധ്യാപകനുമായ ശ്രീ. സുനില്‍ പി. ഇളയിടവും. ഭാഗ്യവശാല്‍, പ്രൌഢഗംഭീരമായ ഈ ബൌദ്ധികവ്യായാമത്തിന്റെ പൂര്‍‌ണരൂപം, ശ്രീ. എം.ബി. രാജേഷ് യൂട്യൂബില്‍ ഇടുകയും അങ്ങനെ അത് സാകൂതം ശ്രവിക്കാന്‍ ഇടയാവുകയും ചെയ്‌തു.

ശ്രീ. ഇളയിടത്തിനെ അഭിനന്ദിക്കാതെ വയ്യ. പ്രതിദിനം ഏകദേശം മൂന്നു മണിക്കൂര്‍ വീതം, തുടര്‍ച്ചയായി അഞ്ചു ദിവസം! ആകെ ഏതാണ്ട് പതിനാലു മണിക്കൂര്‍! ഇത്തരമൊരു വൈജ്ഞാനിക വ്യവഹാരത്തിനു വേണ്ടിവരുന്ന കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഗവേഷണത്തിന്റെയും തീവ്രത ആലോചിക്കുമ്പോള്‍ത്തന്നെ എന്റെ തല പെരുക്കുന്നു. മാതൃഭൂമി-മനോരമ ചാനലുകളിലെപോലും ആസ്ഥാന വിദ്വാന്മാരുടെ നാവില്‍നിന്നും പദ്ദതി, മേഖം, വിധ്യാബ്യാസം എന്നൊക്കെ കേട്ടുശീലിച്ച നമ്മുടെ ചെവികള്‍ക്ക്, തേന്മഴയായി പൊഴിയുന്ന ശ്രീ. ഇളയിടത്തിന്റെ ഉച്ചാരണശുദ്ധി കൂടിയാവുമ്പോള്‍, ഈ പതിനാലു മണിക്കൂര്‍ ഒരു ശ്രാവ്യവിരുന്നായി അനുഭവപ്പെടുകയും ചെയ്യുന്നു.
പക്ഷെ പ്രഭാഷണവിഷയങ്ങള്‍ക്കിടയ്‌ക്ക്, അദ്ദേഹത്തിന്റെയുള്ളില്‍ ദഹിയ്‌ക്കാതെ കിടക്കുന്ന മറ്റെന്തൊക്കെയോ സാമൂഹികവിഷയങ്ങള്‍ ഇടയ്‌ക്കിടെ തികട്ടി വരുന്നത് അവിടവിടെയായി അദ്ദേഹം കേള്‍വിക്കാരിലേക്ക് പകരുന്നുണ്ട്. വല്ലതും നാലക്ഷരം വായിക്കുന്ന ഒരു മുതിര്‍ന്ന പൌരനെന്ന നിലയ്‌ക്ക് എനിക്ക് അദ്ദേഹത്തോട് ചില കാര്യങ്ങളിലെങ്കിലും വിയോജിക്കേണ്ടതുണ്ട്, ചിലയിടത്ത് അദ്ദേഹത്തെ തിരുത്തേണ്ടതുണ്ട്, ചിലപ്പോളെങ്കിലും വിമര്‍ശിക്കേണ്ടതുമുണ്ട് എന്നു തോന്നുന്നു. ഈ പോസ്‌റ്റിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ, പ്രഭാഷണം പലയാവര്‍ത്തി കേട്ടുകഴിഞ്ഞപ്പോൾ എന്റെയുള്ളിലും ചിലതൊക്കെ ദഹിക്കാതെ കിടക്കുന്നു എന്നുമാത്രമേ അതിനര്‍ത്ഥമുള്ളു, എങ്കില്‍പ്പോലും. ഒന്നൊന്നായി വിഷയങ്ങളിലേക്ക് കടക്കാം.

1. ദേശീയത.

ഒന്നാം ദിവസത്തെ പ്രഭാഷണത്തില്‍ത്തന്നെ ദേശീയതയെക്കുറിച്ച് അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നുണ്ട്. കേസരി ബാലകൃഷ്‌ണപിള്ളയേയും എന്‍.വി. കൃഷ്‌ണവാര്യരെയും ഇടശ്ശേരിയേയും ടാ‍ഗോറിനെയുമെല്ലാം സമൃദ്ധമായി ഉദ്ധരിച്ചുകൊണ്ട്, ദേശീയത എന്നത് ഒരു സങ്കുചിതവികാരം മാത്രമാണെന്ന് അദ്ദേഹം വിദഗ്‌ധമായി സ്ഥാപിച്ചെടുക്കുകയും ഒടുവില്‍, ‘ഭൂപടത്തിലെ ഒരു വരയല്ല ദേശീയത’ എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു (Day1, 1:00:20)

എന്റെ സംശയം ഇതാണ്. സോവിയറ്റ് യൂണിയന്‍ പൊട്ടി തകര്‍ന്ന് ചിതറിത്തെറിക്കുന്നതുവരെ ഇവിടുത്തെ ഇടതുബുദ്ധിജീവികള്‍ പാടിക്കൊണ്ട് നടന്നിരുന്ന ഒരു ഈരടിയുണ്ട്: “സോവിയറ്റെന്നൊരു നാടുണ്ടത്രേ, പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം!” ഒരു കഷ്‌ണം റൊട്ടിയ്‌ക്കായി നാലു മണിക്കൂര്‍ അതിശൈത്യത്തില്‍പ്പോലും വരിനിന്നിരുന്ന മനുഷ്യരുടെ ഈ ശപിക്കപ്പെട്ട നാടിനെയായിരുന്നു നാം ‘തേനും പാലുമൊഴുകുന്ന, സമത്വസുന്ദരമായ’ ദേശമെന്ന് മിഥ്യാസ്വപ്‌നം കണ്ടിരുന്നതെന്ന് മനസ്സിലാക്കാന്‍, ബെര്‍ലിനിലെ മതില്‍ തകരുന്നതുവരെ മാത്രമേ ഏതായാലും കാത്തിരിക്കേണ്ടിവന്നുള്ളു.

പക്ഷെ അതിനുശേഷവും, ഇന്നും “മധുര മനോഹര മനോജ്ഞ ചൈന” എന്നു കേള്‍ക്കുമ്പോള്‍ ഇതേ ആള്‍ക്കാര്‍ക്ക് രോമാഞ്ചമുണ്ടാവും എന്നതിനു തെളിവാണ്, ഇക്കഴിഞ്ഞ ആറാം തീയതി (2017 ജൂണ്‍ 6) മാതൃഭൂമി പത്രത്തിന്റെ എഡിറ്റ് പേജില്‍, ജോണ്‍ ബ്രിട്ടാസ് എഴുതിയ ‘ചൈന മുന്നേറുന്നത് എന്തുകൊണ്ട്’ എന്ന ലേഖനം. എന്റെ ചോദ്യം ഇത്രയേയുള്ളു: അപ്പോള്‍ ഈ ദേശീയത എന്നത് ഒരു അധമവികാരമാകുന്നത് ഇന്ത്യക്കാരന്‍ അവന്റെ സ്വന്തം നാടിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മാത്രമേയുള്ളോ?

2. വൈദികസാഹിത്യത്തിലെ കൃഷ്‌ണന്‍

“വാസ്‌തവത്തിൽ വൈദികസാഹിത്യത്തിൽ കൃഷ്ണൻ പ്രധാനിയല്ല. വൈദികസാഹിത്യത്തിൽ കൃഷ്ണൻ അസുരനായിട്ടുകൂടി വരുന്നുണ്ട്‌. ഘോരആംഗിരസ്സന്റെ ശിഷ്യനായിട്ടുള്ള ഒരസുരരൂപിയായിട്ട്‌ കൃഷ്ണൻ വരുന്നുണ്ട്” (Day1, 2:15:40), എന്നൊക്കെ പൊതുവെ പറഞ്ഞു പോകുന്ന ഇളയിടം, രണ്ടാം ദിവസം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുകയും തന്റെ സ്വരം കടുപ്പിക്കുകയും ചെയ്യുന്നു. അവിടെ അദ്ദേഹം പറയുന്നതു കേള്‍ക്കൂ:

“ഋഗ്വേദത്തിൽ കൃഷ്‌ണശബ്‌ദം വരുന്നുണ്ട്‌, പക്ഷെ കൃഷ്‌ണൻ എന്ന ദൈവരൂപമായിട്ടല്ല, ഒരു അസുരനാമമായിട്ടാണ്‌. ഒരു വ്യൿതിയുടെ   നാമമായിട്ടാണോ, അതോ ഒരു വംശത്തിന്റെ പേരായിട്ടാണോ ഒരു പൊതുപ്പേരായിട്ടാണോ കൃഷ്‌ണൻ വരുന്നതെന്നറിഞ്ഞുകൂടാ. ഇന്ദ്രന്റെ ശത്രുവായ ഒരസുരനെന്ന രൂപത്തിലാണ്‌ ഋഗ്വേദം കൃഷ്‌ണനെ പരാമർശിക്കുന്നത്‌ എന്നു കാണാൻ പറ്റും. അങ്ങനെ നോക്കിയാൽ, ആദ്യ ഘട്ടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന – ഇപ്പോൾ ഛാന്ദോഗ്യത്തിൽ – ഇതിൽ കൃഷ്‌ണൻ വരുന്നത്‌, ഘോര ആംഗിരസ്സന്റെ ശിഷ്യനായ അസുരനാമധാരിയായ, അസുരനായ ഒരാളായിട്ടാണ്‌; ദൈവരൂപമായിട്ടല്ല! അങ്ങനെ, പ്രാചീനമായ പ്രമാണങ്ങളിൽ – ഋഗ്വേദത്തിലാവട്ടെ, ഛാന്ദോഗ്യത്തിലാവട്ടെ, മറ്റുപ്രാചീന പ്രമാണങ്ങളിലാവട്ടെ – കൃഷ്‌ണൻ ആര്യേതരമായ, അസുരസ്വഭാവമുള്ള, ദേവവിരുദ്ധമായ ഒരു സൂചനയായിട്ടാണ്‌ പ്രത്യക്ഷപ്പെടുന്നത്‌.” (Day2, 2:37:22)

ശ്രീ. ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാടിന്റെ (ഒളപ്പമണ്ണ) ‘ഋഗ്വേദം ഭാഷാഭാഷ്യം’, 1896-ലെ റാല്‍ഫ് ടി.എഛ്. ഗ്രിഫിത്തിന്റെ ആംഗലേയ പരിഭാഷയുമായി ഒത്തുനോക്കി വായിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ചരിത്രവിദ്യാര്‍ത്ഥി എന്ന നിലയില്‍ (വയോജനവിദ്യാഭ്യാസമാണേ)‍, എന്റെ ശ്രദ്ധയില്‍പ്പെട്ട കുറച്ചു കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ.

(i) ഋഗ്വേദം ഒന്നാം മണ്ഡലം, നൂറ്റിയൊന്നാം സൂക്‍തം, ഒന്നാം മന്ത്രത്തില്‍ ശ്രീ. ഇളയിടം പറയുന്നപോലെ, ഇന്ദ്രന്റെ ശത്രുവായ ഒരു കൃഷ്‌ണനെപ്പറ്റി പരമര്‍ശമുണ്ട്. പക്ഷെ അവിടെ മാത്രമല്ല ഋഗ്വേദം കൃഷ്‌ണനെപ്പറ്റി പറയുന്നത്. ഒന്നാം മണ്ഡലം, നൂറ്റിപ്പതിനാറാം സൂക്‍തത്തിലെ‍, ഇരുപത്തിമൂന്നാം ഋക്കില്‍, ‘സ്വയമിച്ഛിക്കുന്നവനും സ്‌തുതിക്കുന്നവനുമായ കൃഷ്‌ണന്റെ’ മകന്‍ വിശ്വകന്‍ എന്ന ഋഷിയെപ്പറ്റി പരാമര്‍ശമുണ്ട്. നൂറ്റിപ്പതിനേഴാം സൂക്‍തത്തിലെ ഏഴാം മന്ത്രവും ഇതേ കൃഷ്‌ണപുത്രനെത്തന്നെ വീണ്ടും പരാമര്‍ശിക്കുന്നുണ്ട്. അതൊക്കെ പോട്ടെ, ഋഗ്വേദം എട്ടാം മണ്ഡലത്തിലെ ഒന്‍പത് മന്ത്രങ്ങളുള്ള എഴുപത്തിനാലാം സൂക്‍തത്തിന്റെ ഋഷി തന്നെ ആംഗിരസനായ ഒരു കൃഷ്‌ണനാണ്. അവിടെ നിങ്ങള്‍ക്ക് ഈ ഋഷി, ‘അല്ലയോ അശ്വികളേ, ഈ കൃഷ്‌ണനെന്ന മന്ത്രദ്രഷ്‌ടാവായ ഋഷി നിങ്ങളെ വിളിക്കുന്നു’ എന്നും, ‘സ്‌തുതിശീലനായി നിങ്ങളെക്കുറിച്ചു സ്‌തോത്രം ചൊല്ലുന്ന കൃഷ്‌ണന്റെ വിളി കേട്ടാലും’ എന്നൊക്കെ ചൊല്ലുന്നത് കേള്‍ക്കാന്‍പറ്റും.

(ii) ഛാന്ദോഗ്യത്തില്‍ കൃഷ്‌ണന്‍ പ്രത്യക്ഷപ്പെടുന്നത്, ശ്രീ. ഇളയിടം മറച്ചുവെക്കാന്‍ ശ്രമിക്കുന്നതുപോലെ ഏതോ ഒരു കൃഷ്‌ണനായിട്ടല്ല; മറിച്ച് ‘ദേവകീപുത്രനായ കൃഷ്‌ണനാ’യിട്ടാണ്. “തദ്ധൈതഘോര ആംഗിരസഃ കൃഷ്‌ണായ ദേവകീപുത്രായോക്‍ത്വോവാചാപിപാസ….” എന്നിങ്ങനെ പോകുന്നു ആ മന്ത്രം (ഛാന്ദോഗ്യം 3:17:6). ആംഗിരസ ഗോത്രത്തില്‍പ്പെട്ട ഘോരനെന്ന ഋഷിയില്‍നിന്നും ലഭിച്ച യജ്ഞദര്‍ശനം ആവോളം പാനംചെയ്‌ത് ദാഹം ശമിച്ച ദേവകീപുത്രനായ കൃഷ്‌ണനെപ്പറ്റിയാണ് ഇവിടെ പറയുന്നത്. ഇനി ഛാന്ദോഗ്യത്തിന്റെ പഴക്കത്തെപ്പറ്റിയാണെങ്കില്‍, ബുദ്ധനെക്കാള്‍ പ്രാചീനമാണിതെന്നും, പ്രൊഫ. ഡോയ്‌സനെയും ഡോ. രാധാകൃഷ്‌ണനെയും പോലുള്ളവര്‍ ഇതിന് ബൃഹദാരണ്യകത്തിനൊപ്പം‌തന്നെ പൌരാണികത കല്‍പ്പിച്ചിരിക്കുന്നു എന്നും പറയുന്നു, അഴീക്കോട്മാഷ് (തത്ത്വമസി പു. 268). ബൃഹദാരണ്യകത്തോടൊപ്പം പഴക്കം എന്നുവെച്ചാല്‍ അതിലും പ്രാചീനമായ ഒരു ഉപനിഷത്തില്ലെന്നര്‍ത്ഥം. [ആനുഷംഗികമായി പറയട്ടെ, ഛാന്ദോഗ്യത്തിലെ കൃഷ്‌ണന്‍ ഇത്തരക്കാരെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. മറ്റൊരു മഹാപണ്ഡിതന്‍, ഡി.സി. ബുക്‍സ് പ്രസിദ്ധീകരിച്ച തന്റെ പുസ്‌തകത്തിന്റെ 232 -ആം പേജില്‍, “ഛാന്ദോഗ്യോപനിഷത്തില്‍ ഒരു കൃഷ്‌ണനെപ്പറ്റി പരാമര്‍ശമുണ്ടെങ്കിലും അത് ദേവകീപുത്രനാണെന്ന് സൂചനയില്ല” എന്നുവരെ പറഞ്ഞുകളഞ്ഞു! ഈ ബ്ലോഗിലെ, ‘രവിചന്ദ്രന്റെ കല്ലിന് ലക്ഷ്യം തെറ്റുന്നുവോ?’ എന്ന പോസ്‌റ്റിലെ ‘ഛാന്ദോഗ്യത്തിലെ കൃഷ്‌ണന്‍’ എന്ന ഭാഗം വേണമെങ്കില്‍ നോക്കാവുന്നതാണ്.]

(iii) ഇനി അംഗിരസ്സ്, അസുരനാണെന്ന് ആരു പറഞ്ഞു? ഘോരന്‍ എന്നൊക്കെ കേള്‍ക്കുമ്പോഴേ പേടിച്ച്, ‘അയ്യോ അസുരന്‍’ എന്ന് ആര്‍ത്തുവിളിക്കേണ്ട ആളൊന്നുമല്ല ശ്രീ. ഇളയിടം. പണികളാല്‍ അപഹരിക്കപ്പെട്ട പശുക്കളെ ഇന്ദ്രന്‍, ‘ബ്രാഹ്മണരായ അംഗിരസ്‌സു’കള്‍ക്ക് വീണ്ടെടുത്തുകൊടുത്ത കാര്യം പരാമര്‍ശിക്കുന്നതുപോലുള്ള എത്രയോ മന്ത്രങ്ങള്‍ ഋഗ്വേദത്തില്‍ത്തന്നെ കാണാന്‍ കഴിയും. ഉദാഹരണങ്ങള്‍ക്ക് ഋഗ്വേദം 1:101:5, 1:108:7 മുതലായവ കാണുക. അംഗിരസ്സ് ബ്രാഹ്മണനാണെന്ന് വ്യക്‍തം.

(iv) ഇതൊക്കെ പോട്ടെ, അസുരശബ്‌ദത്തിന് നാമിന്ന് കൊടുക്കുന്ന അര്‍ത്ഥം മാത്രമാണ് വൈദികകാലഘട്ടത്തിലും നിലനിന്നിരുന്നത് എന്നാരു പറഞ്ഞു? അസുരശബ്‌ദത്തിന്, ‘എല്ലാ ജീവികള്‍ക്കും പ്രാണങ്ങളെ കൊടുക്കുന്നവന്‍’ എന്നും (1:3:57), ‘പ്രാണരൂപമായ ജലത്തെ തരുന്നവന്‍’ എന്നും (1:5:43), ‘അനിഷ്‌ടങ്ങളെ അകറ്റുന്നവന്‍’ എന്നുമൊക്കെ (1:24:14) ഋഗ്വേദത്തില്‍ അര്‍ത്ഥം കൊടുത്തിരിക്കുന്നത് എന്നു കാണാന്‍ കഴിയും.

3. സോമനാഥക്ഷേത്രാക്രമണം

ഗുജറാത്തിലെ സോമനാഥക്ഷേത്രം മഹമൂദ് ഗസ്‌നി പതിമൂന്നു തവണ ആക്രമിച്ചുവെന്നത് വെറുമൊരു കെട്ടുകഥയാണെന്നാണ് ശ്രീ. ഇളയിടത്തിന്റെ സുനിശ്ചിതമായ അഭിപ്രായം. ഗസ്‌നിയുടെ കൊട്ടാരത്തിലെ ഇക്കാര്യത്തിലുള്ള പുരാരേഖകളൊക്കെ പൊങ്ങച്ചക്കാരന്‍ ഗസ്‌നിയുടെ വീമ്പുപറച്ചിലാണത്രെ! രണ്ടാം ദിവസത്തെ പ്രഭാഷണത്തില്‍ അദ്ദേഹം ചോദിക്കുന്നതിതാണ്:

“ഈ ടർക്കിഷ്‌ റെക്കോഡുകളിലല്ലാതെ അക്കാലത്തെ ഇൻഡ്യൻ രേഖകളിലൊരിടത്തും – സംസ്‌കൃതരേഖകളിൽ, നമ്മുടെ പ്രാദേശിക പ്രമാണങ്ങളിൽ ഒരിടത്തും – നിങ്ങൾക്ക്‌ സോമനാഥം ആക്രമിക്കപ്പെട്ടതിനെക്കുറിച്ച്‌ ഒരു വിവരവും കാണാൻ സാധിക്കുകയില്ല. പതിമൂന്നു തവണ സോമനാഥം തകർക്കപ്പെട്ടുവെങ്കിൽ എന്തുകൊണ്ടാണ്‌ തദ്ദേശീയരുടെ ഒരു രേഖയിലും അതു പതിയാതെപോയത്‌?” അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍, “വാസ്‌തവത്തിൽ സോമനാഥ ക്ഷേത്രാക്രമണമൊരു വലിയ സംഭവമാക്കിയത്‌ പതിനെട്ടാം നൂറ്റാണ്ടിലെ പാശ്ചാത്യ ചരിത്രകാരന്മാരാണ്‌.” (Day2, 0:26:30)

സമ്മതിച്ചു; ഗസ്‌നിയുടെ ആക്രമണം കെട്ടുകഥ തന്നെ. പക്ഷെ, ഒന്നു ചോദിച്ചോട്ടെ; ഈ അലക്‍സാണ്ടറുടെ ആക്രമണം കെട്ടുകഥയൊന്നുമല്ലല്ലോ? അങ്ങനെയെങ്കില്‍ ഏതു സംസ്‌കൃതരേഖയില്‍, ഏതു ഇന്ത്യന്‍ രേഖയിലാണ് ആ ആക്രമണം പതിഞ്ഞിട്ടുള്ളത്? ക്രിസ്‌തുവര്‍ഷം ആദ്യനൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന യവന ചരിത്രകാരന്മാരായ പ്ലൂട്ടാര്‍ക്കിന്റെയും ആരിയന്റെയും (Lucius Flavius Arrianus, Plutarch of Chaeronea) മറ്റും വിവരണങ്ങളില്ലായിരുന്നുവെങ്കില്‍ അലക്‍സാണ്ടറെപ്പറ്റിയോ, പുരു എന്ന പൌരവനെപ്പറ്റിയോ നാം എന്തറിഞ്ഞേനെ? ഇനി, നമ്മുടെ കേരളത്തിലെ ആദ്യ ചരിത്രരേഖ ക്രിസ്‌തുവര്‍ഷം ഒന്‍പതാം നൂറ്റാണ്ടിലെയാണെന്നോര്‍ക്കുക (എ.ഡി 830-ലെ വാഴപ്പിള്ളി ശാസനം). ബി.സി. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ദുഢഗാമണിയെപ്പറ്റിയും ബി.സി. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വട്ടഗാമണിയെപ്പറ്റിയും സിലോണില്‍ ചരിത്രരേഖകള്‍ സ‌മൃദ്ധമായി ഉണ്ടെന്നിരിക്കെയാണ് ഇങ്ങനെയെന്നോര്‍ക്കണം. അതുകൊണ്ട്, അതിനുമുന്‍പ് കേരളത്തില്‍ മനുഷ്യവാസമില്ലായിരുന്നുവെന്നോ ചരിത്രസംഭവങ്ങളൊന്നും നടന്നിട്ടില്ലെന്നോ നമുക്കു പറയാന്‍ കഴിയുമോ? ഇല്ല. അപ്പോള്‍, അക്കാലത്തെ ഇന്ത്യക്കാര്‍ക്ക്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സര്‍വകലാശാലാ പണ്ഡിതന്മാരെ തൃപ്‌തിപ്പെടുത്തുവാന്‍ പാകത്തില്‍ ചരിത്രം രേഖപ്പെടുത്തി വെയ്‌ക്കുന്ന രീതികളുണ്ടായിരുന്നില്ല എന്നുമാത്രമല്ലേ ധരിക്കേണ്ടതുള്ളു?

4. എഴുത്തച്ഛന്റെയും നാരായണഗുരുവിന്റേയും ഗീതാവിരോധം

പ്രഭാഷണത്തിലുടനീളവും നാലാം ദിവസത്തിലെ പ്രഭാഷണത്തില്‍ പ്രത്യേകിച്ചും ശ്രീ. ഇളയിടം ഉയത്തിക്കൊണ്ടുവരുന്ന ഒരു വാദം, മധ്യകാല-ഭക്‍തിപ്രസ്ഥാന കവികളെല്ലാം തന്നെ ഗീതയെ തമസ്‌കരിച്ചു എന്നാണ്. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കേള്‍ക്കുക:

“ഒരർത്ഥത്തിൽ ഗീതയുടെ വിശാലമായ താത്‌പര്യം ഈ വർണധർമ്മത്തിന്റെ സംസ്ഥാപനമാണ്‌ എന്നു പറയാം. വർണധർമ്മം ഉറപ്പിക്കാനാണ്‌, മറ്റെല്ലാറ്റിനുമെതിരെ വർണധർമ്മത്തെ പറഞ്ഞുറപ്പിച്ചുകൊണ്ടേയിരിക്കാനാണ്‌ ഗീത ശ്രമിച്ചത്‌. അതുകൊണ്ടാണ്‌ ഇന്ത്യയിലെ ഭൿതിപ്രസ്ഥാനത്തിന്റെ നായകന്മാരായ കവികൾ – എഴുത്തച്ഛനെ പോലുള്ളയാളുകൾ മുതൽ നമ്മുടെ നാരായണഗുരു വരെ – ഗീതയെക്കുറിച്ച്‌ ഏതാണ്ട്‌ പൂർണമായും മൗനം പാലിച്ചത്‌. ഗീതയെക്കുറിച്ചുള്ള ഈ മൗനം വളരെ പ്രധാനപ്പെട്ടതാണ്‌”. (Day 4, 0:08:06)

ഈ വിഷയത്തിലെ ശ്രീ. ഇളയിടത്തിന്റെ മറ്റൊരു പരാമര്‍ശമിതാ:

“ക്രിസ്‌തുവർഷം അഞ്ചാം ശതകം മുതൽ പതിനെട്ടാം നൂറ്റാണ്ടുവരെയാണ്‌ ഗീതയുടെ മധ്യകാലജീവിതം എന്നു പറയാം. പൊതുവെ പറഞ്ഞാൽ ഗീതയ്‌ക്ക്‌ ഈ ഘട്ടത്തിൽ ഒരു ജനകീയ ജീവിതം ഉള്ളതായി നാം കാണുന്നില്ല. മധ്യകാല കവികൾക്കൊക്കെ കൈവിട്ടുകളയാവുന്ന – ഒട്ടും പ്രാധാന്യമില്ലാതെ കൈവിട്ടുകളയാവുന്ന – എഴുത്തച്ഛനെ പോലെയുള്ള ഒരാൾക്കുപോലും രണ്ടുവരിയിലേക്ക്‌ ചുരുക്കിനിർത്താവുന്ന ഒന്നായി ഗീത മാറി”. (Day 4, 1:33:15).

ഒരു ക്ഷേത്രമുറ്റത്ത് നാരായണഗുരുവിനെയും ഭഗവദ്ഗീതയേയും ബന്ധപ്പെടുത്തി ആരോ ഒരു പ്രഭാഷണം നടത്തിയതുപോലും ശ്രീ. ഇളയിടത്തെ അസ്വസ്ഥനാക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: “… നമ്മുടെ എല്ലാ ക്ഷേത്രാന്തരീക്ഷങ്ങളിലും ഇന്ന് ഗീത മുഴങ്ങുന്നു. ഞാൻ സമീപകാലത്ത്‌ ഒരു സ്ഥലത്ത്‌ കേട്ടത്‌, ‘നാരായണഗുരുവും ഭഗവദ്ഗീതയും’ എന്നാണ്‌! കൂട്ടിവിളക്കുകയാണ്‌!” (Day 4, 3:00:47). ഇതുപോലൊരു മഹാപരാധം മറ്റെന്തുണ്ട് എന്ന മട്ടിലാണ് ശ്രീ. ഇളയിടം ഇക്കര്യം അവതരിപ്പിക്കുന്നത്.

സംഗതി ഇത്രേയുള്ളു – ഏകദേശം ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളുള്ളതാണ് മഹാഭാരതം. അത് വെറും ആറായിരത്തില്‍ ചില്വാനം ശ്ലോകങ്ങളിലേക്ക് സംഗ്രഹിക്കുകയാണ് എഴുത്തച്‌ഛന്‍ ചെയ്‌തത്. അപ്പോള്‍ എഴുനൂറു ശ്ലോകങ്ങളുള്ള ഗീത എഴുത്തച്‌ഛന്റെ ഗ്രന്ഥത്തില്‍ രണ്ടു ശ്ലോകങ്ങളിലേക്ക് ചുരുങ്ങി. ഇതുപോലെ, വ്യാധഗീതയ്‌ക്കും അനുഗീതയ്‌ക്കുമെല്ലാം എഴുത്തച്ഛൻ ഒന്നോ രണ്ടോ ശ്ലോകങ്ങളേ കൊടുത്തിട്ടുള്ളു. വസ്‌തുത ഇപ്രകാരമായിരിക്കെ, എന്തിനാണിദ്ദേഹം ഇങ്ങനെ കാര്യങ്ങള്‍ വളച്ചൊടിക്കുന്നത്?

ഇനി, നാരായണഗുരുവിന്റെ കാര്യം. അതിനിടയ്‌ക്ക് മറ്റൊന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ശ്രീ. രവിചന്ദ്രന്‍. സി- യും എഴുത്തച്‌ഛനേയും ഗുരുവിനേയും സംന്ധിച്ച ഇതേ വാദമുഖങ്ങള്‍ സ്ഥിരമായി കൊണ്ടുനടക്കുന്നയാളാണ്. ‘ഭഗവദ്ഗീത ജാതി വ്യവസ്ഥയെ പിന്തുണയ്‌ക്കുന്നുവോ?’ എന്ന വിഷയത്തില്‍ സ്വാമി ചിദാനന്ദപുരിയും ശ്രീ. രവിചന്ദ്രന്‍. സി-യും തമ്മില്‍ നടന്ന ഒരു സംവാദത്തില്‍, ശ്രീ. രവിചന്ദ്രന്‍ ഈ വാദങ്ങളുന്നയിച്ചതിന് സ്വാമിയുടെ മറുപടി ഇങ്ങനെയായിരുന്നു:

 

“ഗീത ശ്രീനാരായണഗുരുദേവന്‌ സ്വീകാര്യമായിരുന്നില്ല എന്നൊരു പരാമർശം കേട്ടു. കഷ്‌ടമെന്നേ പറയാനുള്ളു. നടരാജഗുരുസ്വാമികൾ വ്യൿതമായി എഴുതിയിട്ടുണ്ട്‌, തങ്ങൾ അന്തേവാസികളായി താമസിക്കുന്ന സമയത്ത്‌ ശിവഗിരിയിൽ ദിവസവും ഗീത ചൊല്ലാൻ ഗുരുദേവൻ നിർബന്ധിച്ചിരുന്നു (എന്ന്). ഭക്ഷണം കഴിക്കുന്നതിനു മുമ്പ്‌ ഗീത പതിനഞ്ചാം അദ്ധ്യായം നിർബന്ധമായും ചൊല്ലിച്ചിരുന്നു. ആ ശീലം ഇന്നും ശിവഗിരിയിൽ തുടരുന്നുണ്ട്‌. (ഇവിടെ) അടുത്തു തന്നെയാണ്‌ (ശിവഗിരി); ആർക്കും വേണമെങ്കിൽ പോയി നോക്കാം. അങ്ങനെയിരിക്കെ ഗീത ഗുരുദേവന്‌ സ്വീകാര്യമായിരുന്നില്ല എന്ന വാദം അസ്വീകാര്യം, അസംബന്ധം എന്നല്ലാതെ ഒന്നും പറയാനില്ല.”

 

[Youtube Video: ‘Debate: Swami Chidanandapuri V/s Ravichandran C. ‘ഭഗവദ്ഗീത ജാതി വ്യവസ്ഥയെ പിന്തുണയ്‌ക്കുന്നുവോ?’ Total length: 3:19:21. Published by esSENSE. 1:16:38]

5. മതങ്ങളുടെയും ദേശീയതയുടെയും പേരില്‍ നടന്ന കൂട്ടക്കൊലകള്‍.

മതങ്ങളുടെയും ദേശസ്‌നേഹത്തിന്റെയും പേരില്‍ നടന്ന കൂട്ടക്കൊലകളെക്കുറിച്ച് വളരെയധികം കണ്ണീര്‍ പൊഴിക്കുന്നുണ്ട് ശ്രീ. ഇളയിടം. ഇദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹം വെളിവാക്കുന്ന വാക്കുകളുടെ വേവു നോക്കാന്‍ മാത്രമായി ഒരു വറ്റിതാ:

“മതങ്ങൾ നടത്തിയ കൂട്ടക്കൊലകളെക്കാൾ എത്രയോ വലിയ കൂട്ടക്കൊലകൾ ദേശസ്‌നേഹത്തിന്റെ പേരിൽ നമ്മൾ നടത്തി. ഇരുപതാം നൂറ്റാണ്ടിലെ വലിയ സാമൂഹ്യ ചിന്തകരിലൊരാൾ (ആരെന്നു വെളിപ്പെടുത്തുന്നില്ല ശ്രീ. സുനില്‍) പറയുന്നുണ്ട്‌: ‘മനുഷ്യവംശം ഇക്കാലം വരെ നടത്തിയ എല്ലാ കൂട്ടക്കൊലകളിലും കൊല്ലപ്പെട്ടവരുടെ എണ്ണം ചേർത്തു വെക്കൂ; അതിനെക്കാൾ കൂടുതലാണ്‌ ദേശീയതയുടെ പേരിൽ കൊലചെയ്യപ്പെട്ടവരുടെ എണ്ണം’. എന്നിട്ടും നിങ്ങൾ ദേശീയതയെ മഹത്തായ ആശയമായി കാണുന്നു!” (Day 5, 1:26:51)

മാനവികതയാല്‍ ഹൃദയം വിങ്ങുന്ന ഇത്രയും വലിയ ഈ മനുഷ്യസ്‌നേഹിയുടെയൊരു മറവി നോക്കൂ! സ്‌റ്റാലിനോ മാവോ സേതൂങ്ങോ പോള്‍ പോട്ടോ കൊന്നൊടുക്കിയ ലക്ഷങ്ങളൊന്നും ഇദ്ദേഹത്തിന്റെ സ്‌മൃതിപഥത്തില്‍പ്പോലും വരുന്നില്ല! പോട്ടെ, ടി.വി. ചാനലുകള്‍ കേരളത്തില്‍ വന്നതിനുശേഷം നമ്മുടെയൊക്കെ മനസ്സില്‍ പതിഞ്ഞ ടിയാനന്മെന്‍ ചത്വരമെങ്കിലും ഇദ്ദേഹമൊരുതവണയെങ്കിലും ഓര്‍ക്കേണ്ടതായിരുന്നില്ലേ? ഇല്ല! ‘വിധവകളുടെ മഹാരാജ്യങ്ങള്‍’ മതങ്ങളുടെയും ദേശീയതയുടെയും പേരില്‍ അരങ്ങേറുന്ന യുദ്ധങ്ങളേ സൃഷ്‌ടിക്കുന്നുള്ളു എന്നാണീ മനുഷ്യസ്‌നേഹി കരുതുന്നതെങ്കില്‍, ഹാ കഷ്‌ടം!

6. ഇതെന്താണിങ്ങനെ?

ഇങ്ങനെ, ചിലപ്പോള്‍ നുണകള്‍ പറഞ്ഞും ചിലപ്പോള്‍ കാര്യങ്ങള്‍ വളച്ചൊടിച്ചും മറ്റുചിലപ്പോള്‍ തമസ്‌കരിച്ചും എന്തിനാണിദ്ദേഹം മുന്നേറുന്നത്? ഉത്തരം അദ്ദേഹംതന്നെ നല്‍കുന്നുണ്ട്. രണ്ടാം ദിവസത്തെ പ്രഭാഷണത്തിലെ ഈ വരികള്‍ ശ്രദ്ധിക്കുക:

“എല്ലാ ചരിത്രത്തിലും ചരിത്രത്തിലേക്കു നോക്കുന്നവരുടെ ജീവിതബോധം അടങ്ങിയിരിക്കുന്നു. അതുകൊണ്ട്‌, ഏതു ചരിത്രവും സിദ്ധാന്തബദ്ധമാണ്‌ എന്നു പറയാം. അങ്ങനെയെങ്കിൽ പിന്നെ എന്താണ്‌ ചരിത്രത്തിലെ സത്യസന്ധത എന്നൊരാൾക്ക്‌ ചോദിക്കാം. പറയാവുന്ന കാര്യം, ഇത്രമാത്രമേയുള്ളു: ഒന്ന്, നിങ്ങൾ പിൻപറ്റുന്ന സൈദ്ധാന്തിക സമീപനം ഏതാണ്‌ എന്ന് ആദ്യമേ പറയുക. അതിന്റെ നേട്ടങ്ങളെയും അതിന്റെ കോട്ടങ്ങളെയും കുറിച്ച്‌ സ്വയം ബോധ്യമുണ്ടാവുക. രണ്ട്‌, വസ്‌തുതകളോട്‌ സത്യസന്ധമാകാൻ ശ്രമിക്കുക.” (Day2, 0:16:53).

 

ഇപ്പോള്‍ കാര്യം പിടികിട്ടിയില്ലേ? ചരിത്രവസ്‌തുതകളെ ചരിത്രവസ്‌തുതകളായി കാണാതെ, ആദ്യം തന്റെ പ്രത്യയശാസ്‌ത്രം അതിനോട് എന്തു സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് എന്നു കണ്ടെത്തുക. എന്നിട്ട്, അതനുസരിച്ച് വസ്‌തുതകളെ അതിനിണങ്ങുംവിധം വ്യാഖ്യാനിക്കുക. ഇത്രേയുള്ളു; അയിനാണ്! ഇങ്ങനെ പ്രത്യയശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ല. ഇന്ത്യയിലെ ഏറ്റവും പ്രഗല്‍ഭനായ പുരാവസ്‌തുശാസ്‌ത്രജ്ഞന്‍, ശ്രീ. കെ.കെ. മുഹമ്മദിന്റെ ആത്മകഥ, ‘ഞാനെന്ന ഭാരതീയനി’ലെ, ‘അയോധ്യ: അറിഞ്ഞതും പറഞ്ഞതും ചരിത്രസത്യം’ എന്നൊരധ്യായം ഇക്കൂട്ടരുടെ ഇത്തരം പ്രവൃത്തികളെ ഒരു മറയുമില്ലാതെ തുറന്നുകാട്ടുന്നുണ്ട്. ശ്രീ. മുഹമ്മദിന്റെ വാക്കുകളുടെ ഒരു സാമ്പിള്‍ മാത്രം നോക്കൂ:

“അനുരഞ്ജനത്തിന് അനുകൂലമായി ചിന്തിക്കാന്‍ തുടങ്ങിയ മുസ്‌ലിം ബുദ്ധിജീവികളെപ്പോലും തിരിച്ചു ചിന്തിക്കാന്‍ പ്രേരിപിച്ചത് ഈ ഇടതുചരിത്രകാരന്മാരും അവരുടെ ലേഖനങ്ങള്‍ക്കു മാത്രം മുന്‍‌ഗണന നല്‍കി പ്രസിദ്ധീകരിക്കുന്ന ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങളുമാണ്” (പേജ് 116). ഇതാ മറ്റൊന്നുകൂടി: “ഹിന്ദു-മുസ്‌ലിം തീവ്രവാദം മാത്രമല്ല, കമ്യൂണിസ്‌റ്റ് തീവ്രവാദവും രാഷ്‌ട്രത്തിന് അപകടകരമാണെന്ന് വ്യക്‍തമാക്കുന്നതാണ് ഈ കളഞ്ഞുകുളിച്ച അവസരം. നിഷ്‌പക്ഷമായി കാര്യങ്ങള്‍ നോക്കിക്കാണുന്നതിനു പകരം ഇടതുപക്ഷക്കാരുടെ ഇടത്തേക്കണ്ണിലൂടെ മാത്രം അയോധ്യാപ്രശ്‌നം നോക്കിക്കണ്ട ടൈംസ് ഓഫ് ഇന്ത്യ ചെയ്‌ത ഏറ്റവും വലിയ അപരാധമാണ് അവരുടെ അയോധ്യാപ്രശ്‌നസമീപനം. ഇതിനു രാഷ്‌ട്രം കൊടുക്കേണ്ടിവന്നത് കനത്ത വിലയും” (പേജ് 117).

ഒരു മാധവനോ മുരളീധരനോ ഒന്നുമല്ല ഇതു പറഞ്ഞിരിക്കുന്നത് എന്നോര്‍ക്കുക; ഒരു മുഹമ്മദാണിത് പറഞ്ഞത്. അതും പറമ്പില്‍ പൈങ്ങ പറിക്കാന്‍ വരുന്ന ഏതോ ഒരു മുഹമ്മദല്ല; അയോധ്യാപര്യവേക്ഷണത്തില്‍ നേരിട്ട് പങ്കെടുത്ത, ഇന്ത്യയിലെ ഏറ്റവും പ്രഗല്‍ഭനായ ആര്‍ക്കിയോളജിസ്‌റ്റ്!

7. ഇതെന്തിനാണിങ്ങനെ?

ഈ ചോദ്യത്തിനുള്ള ഉത്തരവും നമുക്ക് ശ്രീ. ഇളയിടത്തിന്റെ തന്നെ വാക്കുകളില്‍നിന്ന് കണ്ടെത്താന്‍പറ്റും. സമാപനദിവസത്തെ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ശ്രദ്ധികുക:

“എന്തിനാണിങ്ങനെ ആലോചിക്കുന്നത്‌? മഹാഭാരതത്തെയുംമറ്റും മുൻനിർത്തി ഇങ്ങനെ ആലോചിക്കുന്നത്‌ കെട്ടുപോയ പൗരാണിക ഗ്രന്ഥങ്ങളെ, പ്രാചീനതയുടെ പഴമകളെ, മടക്കിക്കൊണ്ടുവരുന്ന ഒരു പുനരുത്ഥാന പ്രവർത്തനമല്ലേ എന്ന വിമർശനാത്മകമായ ചോദ്യങ്ങളും ഉയരുകയുണ്ടായി.” (Day 5, 0:4:59).

ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെടുക്കുന്നതിന് അദ്ദേഹം ആശ്രയിക്കുന്നത് ശ്രീ. പി. ഗോവിന്ദപ്പിള്ളയെയാണ്. ശ്രീ. ഇളയിടം തുടരുന്നത് ശ്രദ്ധിക്കുക:

“രാമായണവും മഹാഭാരതവും ടെലിവിഷൻ പരമ്പരകളായതിന്‌ ഇന്ത്യയിലെ ഹിന്ദുത്വവ്യാപനവുമായുള്ള ബന്ധത്തെ കുറിച്ച്‌ ധാരാളം അന്വേഷണങ്ങൾ നടന്നിട്ടുണ്ട്‌. അതുകൊണ്ട്‌, ഇതിഹാസപുരാണങ്ങളെന്നത്‌ ഇന്ത്യയെ സംബന്ധിച്ച്‌ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ഭൗതികശൿതിയായിരിക്കുന്നു എന്നും, അങ്ങനെ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്ന ഈ ഭൗതികശൿതിയെ അതിന്റെ ചരിത്രപരവും ഭൗതികവും ജനസംസ്‌കാരപരവുമായ ഉള്ളടക്കത്തിലേക്ക്‌ ചേർത്തു വച്ചുകൊണ്ട്‌, മതപരവും അധ്യാത്മികവും പലപ്പോഴും വിദ്വേഷപരവുമായും മാറ്റാനുള്ള ശ്രമങ്ങളെ ചെറുക്കാനുള്ള ഉത്തരവാദിത്വം – ധാർമ്മികവും രാഷ്‌ട്രീയവുമായ ഉത്തരവാദിത്വം – ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കെല്ലാം ഉണ്ട്‌ എന്ന് അദ്ദേഹം (പി. ഗോവിന്ദപ്പിള്ള) അതിൽ (മഹാഭാരതം എന്ന മഹാപ്രസ്ഥാനം) സൂചിപ്പിക്കുന്നുണ്ട്‌”. (Day 5, 0:8:26).

ഇനി ശ്രീ. ഇളയിടം തന്റെ കാര്യം പറയുന്നു:

“അത്തരമൊരു വഴിയിലൂടെയാണ്‌ വാസ്‌തവത്തിൽ ഈ പ്രഭാഷണങ്ങളും അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്‌ എന്ന് മുഖ്യമായിട്ടും പറയാം. ഈ രണ്ടു താത്‌പര്യങ്ങളാണ്‌. ജനസംസ്‌കാരത്തിന്റെയും ഒരുപക്ഷെ ഇന്ന് അക്രമോത്സുകമായിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വരാഷ്‌ട്രീയത്തിന്റെയും വീക്ഷണഗതികളെ ചെറുക്കുന്നതിനുവേണ്ടി ജനസംസ്‌കാരത്തിന്റെ വിപുലമായ ഒരു തുറസ്സിലേക്ക്‌ നമ്മുടെ പൂർവപാരമ്പര്യങ്ങളെ കെട്ടഴിച്ചു വിടുക എന്നത്‌ പ്രധാനപ്പെട്ട ഒരു രാഷ്‌ട്രീയപ്രവർത്തനം കൂടിയാണ്‌ എന്നു കരുതിക്കൊണ്ടാണ്‌ ഞാൻ ഈ നിലയിൽ ചെയ്യുന്നത്‌”. (Day 5, 0:10:37)

അപ്പോള്‍ സംഭവം ഇത്രേയുള്ളു. ആര്‍.എസ്.എസ്, ബി.ജെ.പി തുടങ്ങിയ ഹിന്ദുത്വശക്‍തികള്‍ കൃഷ്‌ണനെയും രാമനെയുമൊക്കെ പൊക്കിപ്പിടിച്ച് നടക്കുന്നതിനൊരു തടയിടുക. ഇവരീ ടെലിവിഷന്‍ പരമ്പരകളിലൂടെയൊക്കെ പ്രചരിപ്പിക്കുകയും പൊക്കിപ്പിടിച്ച് നടക്കുകയുമൊക്കെ ചെയ്യുന്ന രാമനും കൃഷ്‌ണനുമൊക്കെ വല്യ പുള്ളികളൊന്നുമല്ല, മറിച്ച് വൈദികകാലഘട്ടത്തിനും ബുദ്ധനുമൊക്കെശേഷം നൂലില്‍ തൂങ്ങിയിറങ്ങിയ പുരാണകഥാപാത്രങ്ങള്‍ മാത്രമാണെന്ന് വൈജ്ഞാനിക മേഖലയില്‍ ചരിക്കുന്നവരെയെങ്കിലും ബോധ്യപ്പെടുത്തുക. അതേസമയംതന്നെ, ഗ്രാമീണമേഖലയില്‍ ഡി.വൈ.എഫ്.ഐക്കാര്‍ ഇതേ രാമനെയും കൃഷ്‌ണനെയുമൊക്കെ ഫ്ലെക്‍സുകളില്‍ കയറ്റിയും ഉറിയടിച്ചും കൊണ്ടുനടക്കുകയും ചെയ്‌തോളും. അങ്ങനെ പരസ്‌പരവിരുദ്ധമായ തന്ത്രങ്ങളുപയോഗിച്ച് ഗ്രാമീണമേഖലയിലും ബൌദ്ധികമേഖലയിലും തങ്ങളുടെ സ്വാധീനം ഉറപ്പിക്കുക. എത്ര ലളിതമാണ് കാര്യങ്ങളെന്നു നോക്കൂ.

8. പലവക

കാര്യങ്ങളിങ്ങനെ പറയാനാണെങ്കില്‍ അതിവിടെയെങ്ങും നില്‍ക്കില്ല. അതുകൊണ്ട് അത്യാവശ്യം ചിലതുകൂടി ചുരുക്കിപ്പറഞ്ഞ് ഈ പ്രബന്ധം അവസാനിപ്പിക്കാം.

(a) “മഹാഭാരതം പൊട്ടിക്കിളിർത്ത വീരഗാഥകൾ, നാരശംസികൾ ഇതിലൊന്നിലും കൃഷ്‌ണനെ നാം കാണുന്നില്ല.” (Day 2, 2:33:00)

മഹാഭാരതത്തിന്റെതന്നെ വായിച്ചെടുക്കാന്‍ പറ്റുന്ന ഏറ്റവും പഴയ കൈയെഴുത്തുപ്രതി, സൂക്‍താംഗാറിനുപോലും കിട്ടിയത് ക്രി.വ. പതിനാറാം നൂറ്റാണ്ടിലേതാണെന്ന് ശ്രീ. ഇളയിടം പറയുന്നുണ്ട്. പിന്നെയീ പറയുന്ന ബി.സി. അഞ്ചാം നൂറ്റാണ്ടിലെ നാരശംസികളും വീരഗാഥകളും ഇളയിടത്തിന് എവിടെനിന്നു കിട്ടി?

(b) “ഇപ്പൊ പ്രതിശീർഷവരുമാനമെന്നൊരു തമാശയുണ്ട്‌. അതെങ്ങനെയാന്ന്‌വെച്ചാൽ, ഇന്ത്യയിലെ മുഴുവൻ സമ്പത്തും കൂട്ടിയിട്ട്‌ ഇന്ത്യക്കാരെക്കൊണ്ട്‌ ഹരിക്കും – 130 കോടി ആളുകളെക്കൊണ്ട്‌ ഹരിക്കും. ഹരിക്കുമ്പൊ മാത്രേ നിങ്ങളുള്ളു. കാശ്‌ നിങ്ങടെ കൈയിലില്ല. കാശ്‌ വേറേ ആരുടെയോ കൈയിലാ. ഹരിക്കാൻ മാത്രെ നമ്മളെ കൂട്ടുകയുള്ളു. അപ്പൊ, പ്രതിശീർഷവരുമാനം ഒരു ലക്ഷം ഉറുപ്പിക; എല്ലാ ഇന്ത്യക്കാർക്കും! ഇന്ത്യക്കാരുടെ സ്ഥിതിയെന്താ? ഒരു രൂപേടെ അരിവാങ്ങാനായിട്ടുപോലും വകയില്ല. പക്ഷെ കണക്ക്‌ നോക്കിയാൽ ഒരുലക്ഷം റുപ്പിയാ! ഈ മട്ടിലുള്ള കുറെ സൂചികകൾ കൊണ്ടാണ്‌ നമ്മള്‌ നമ്മുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച്‌ ചർച്ചചെയ്യുന്നതുപോലും.” (Day 3, 2:25:40)

സ്വന്തം ബൈക്കിലോ കാറിലോ മാത്രം സഞ്ചരിച്ച്, സ്‌മാര്‍ട്ട് ഫോണും ചെവിയില്‍ തിരുകി, മേലനങ്ങാതെ ദുര്‍മേദസ്‌സു മുറ്റിയ മലയാളിയോടാണ് ഇദ്ദേഹം പറയുന്നത്, ‘ഒരു രൂപേടെ അരിവാങ്ങാനായിട്ടുപോലും വകയില്ല’ എന്ന്! ഒരു മാസം എണ്ണായിരം രൂപയെങ്കിലും വരുമാനമുള്ള ഒരാളുടെ ഒരു വര്‍ഷത്തെ വരുമാനം കണക്കാക്കാന്‍ ഈ തുകയെ പന്ത്രണ്ട് കൊണ്ട് ഗുണിക്കുകയേ വേണ്ടൂ. അപ്പൊത്തന്നെ ഒരു ലക്ഷം രൂപയായിക്കഴിഞ്ഞു എന്നോര്‍ക്കുക. അതൊക്കെ പോട്ടെ, ഇതു കഴിഞ്ഞ് അദ്ദേഹത്തിന്റേതായ ഒരു പരിഹാസമുണ്ട്: “അച്‌ഛാ ദിന്‍ ആയേഗാ!” പരിഹാസം പിന്നെയും സഹിക്കാം. നിങ്ങളീ വിഡിയോ ഒട്ടും കണ്ടില്ലെങ്കിലും കുഴപ്പമില്ല, ഇതു പറഞ്ഞുകഴിഞ്ഞ് അദ്ദേഹത്തിന്റെ ഒരു ചിരിയുണ്ട്. അത് കണ്ടില്ലെങ്കില്‍ നഷ്‌ടം നിങ്ങളുടേത് മാത്രമാണ്.

(c) “ഹെർമൻ ഓൾഡെൻബർഗ്‌ മഹാഭാരതത്തെക്കുറിച്ച്‌ പറയുന്ന രസമുള്ള ഒരു ഒബ്‌സർവേഷനുണ്ട്‌: “ദി മഹാഭാരത വിച്ച് ബിഗാന്‍ ആസ് എ സിമ്പ്‌ള്‍ എപിക് നരേറ്റീവ് ബിക്കെയിം ഇന്‍ ദി കോഴ്‌സ് ഓഫ് സെഞ്ചുറീസ് ദി മോസ്‌റ്റ് മോണ്‍‌സ്‌ട്രസ് കയസ്” (‘The Mahabharata which began as a simple epic narrative became in the course of centuries, the most monstrous chaos’). [Day 1, 2:18:40]

നിസ്സാരമായൊരു ഉച്ചാരണപ്പിഴവിനെ ഇങ്ങനെ വിമര്‍ശിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് മാന്യതയല്ലെന്നറിയാം. പക്ഷെ, 15 സെക്കന്റിനിടയ്‌ക്ക്‌ 3 തവണ അടുപ്പിച്ചടുപ്പിച്ച്‌ ആവർത്തിക്കപ്പെടുന്നുണ്ട്, ഈ ‘കയസ്‌’ എന്ന പ്രയോഗം. മാത്രമല്ല, മൂന്നാം ദിവസത്തെ പ്രഭാഷണത്തിനിടയിലും (Day 3, 1:42:16) ഈ വികലോച്ചാരണം ആവര്‍ത്തിക്കുന്ന സ്ഥിതിക്ക് ആരും ഇത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടില്ലെന്നു വ്യക്‍തം. ഇതിവിടെ പരസ്യമായി ഉന്നയിച്ചതിന് ക്ഷമ ചോദിച്ചുകൊള്ളുന്നു.

9. ഉപസംഹാരം

പ്രശ്‌നമിതാണ്: ഋഗ്വേദത്തെപ്പറ്റിയും ഛാന്ദോഗ്യത്തെപ്പറ്റിയും സോമനാഥത്തെപ്പറ്റിയും എഴുത്തച്‌ഛനെപ്പറ്റിയും ശ്രീനാരായണ ഗുരുദേവനെപ്പറ്റിയുമെല്ലാം, അസത്യങ്ങളും അർദ്ധസത്യങ്ങളും മാത്രമാണ് ശ്രീ. ഇളയിടം വിളിച്ചുപറഞ്ഞത് എന്നു ബോധ്യമായ സ്ഥിതിയ്‌ക്ക്, ഇദ്ദേഹം സരളദാസനെപ്പറ്റിയോ കബീറിനെപ്പറ്റിയോ തുക്കാറാമിനെപ്പറ്റിയോ ചൊക്കാമലയെപ്പറ്റിയോ എന്തിന്, സൂക്‍താംഗാറെപ്പറ്റിയോ മഹാഭാരതത്തെപ്പറ്റിയോപോലും പറഞ്ഞ കാര്യങ്ങള്‍ നാം എങ്ങനെ വിശ്വസിക്കും? നമ്മളെപ്പോലുള്ള സാധാരണമനുഷ്യര്‍ എന്നും വൈജ്ഞാനിക വിവരങ്ങള്‍ക്ക് ഇത്തരം ബുദ്ധിജീവികളെയാണ് ആശ്രയിക്കുന്നത് എന്നിരിക്കെ, അവര്‍ തന്നെ അവരുടെ വിശ്വാസ്യത ഇങ്ങനെ വലിച്ചുകീറി കൊട്ടയിലിട്ടാല്‍ നമ്മള്‍ പാമരന്മാര്‍ പിന്നെന്തുചെയ്യും?

മറ്റൊന്നുകൂടി പറഞ്ഞുകൊള്ളട്ടെ. പത്തറുപത്തഞ്ച് വയസ്സിനിടയ്‌ക്ക് ഒരിക്കല്‍ പോലും ഞാന്‍ വോട്ട് ചെയ്‌തിട്ടില്ല. (ആലങ്കാരികമായി പറഞ്ഞതാണ്. പതിനെട്ടു വയസ്സു കഴിഞ്ഞ് ആദ്യം നടന്ന ഒന്നുരണ്ടു തിരഞ്ഞെടുപ്പുകളില്‍ ഒരുപക്ഷെ വോട്ടു ചെയ്‌തിട്ടുണ്ടാവാം; അത് ഏതു തിരഞ്ഞെടുപ്പാണെന്നോ, ഏതു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കാണ് വോട്ടുചെയ്‌തതെന്നോ പക്ഷെ, ഒരു ധാരണയും ഇന്നില്ല). അടുത്തെങ്ങും ഇനി വോട്ട് ചെയ്യുമെന്നും തോന്നുന്നില്ല. പക്ഷെ, മാതൃഭൂമി ചാനലിലെ വേണുവും മനോരമയിലെ ഷാനി പ്രഭാകറും ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാറും റിപ്പോര്‍ട്ടര്‍ ചാനലിലെ നികേഷുമൊക്കെ എന്നെക്കൊണ്ട് വോട്ടു ചെയ്യിച്ചേ അടങ്ങൂ എന്ന വാശിയിലാണെന്നു തോന്നുന്നു. വോട്ടു ചെയ്യിപ്പിക്കാന്‍ മാത്രമല്ല, അത് ബി.ജെ.പിക്ക് തന്നെ ചെയ്യിക്കാനാണ് അവരോരോരുത്തരും കിണഞ്ഞ് ശ്രമിക്കുന്നതും. ഇപ്പോളിതാ ശ്രീ. ഇളയിടവും അദ്ദേഹത്തിന്റെ വഴിയേ അതു തന്നെ ചെയ്യുന്നു! ഇതു പറയാന്‍ കാരണം, നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തോടെ നരേന്ദ്ര മോദിയെ ആദരവോടെ വീക്ഷിക്കാന്‍ തുടങ്ങിയ ഒരാളാണ് ഞാന്‍. ഡിസംബര്‍ 31- ഓടെ എല്ലാ ബാങ്ക് അക്കൌണ്ടുകളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നുകൂടി ഈയടുത്ത് കേട്ടപ്പോള്‍, ആ ആദരവ് നല്ലപോലെ വര്‍ദ്ധിച്ചിരിക്കുന്നു. ഈ മനുഷ്യന്‍ ഈ നാട് നേരേയാക്കിയിട്ടേ പോവുകയുള്ളോ എന്നാണ് ഈയിടെയായി എന്റെ ചിന്ത.

ഒന്നാം ദിവസത്തെ പ്രഭാഷണത്തില്‍ ദേശീയത ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍, ശ്രീ. ഇളയിടം ദേശീയത എന്നതിന്, ബെര്‍ണാഡ് ഷാ കൊടുത്ത നിര്‍വചനം ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്:

“നിങ്ങൾ ഒരു പ്രത്യേക രാജ്യത്ത്‌ ജനിച്ചു എന്നുള്ളതുകൊണ്ട്‌ മറ്റെല്ലാ രാജ്യക്കാരും നിങ്ങളെക്കാൾ മോശക്കാരാണ്‌ എന്നു നിങ്ങൾ കരുതുന്ന, നിങ്ങൾ കൊണ്ടുനടക്കുന്ന വിവരക്കേടാണ്‌ ദേശീയത.”(Day 1, 1:00:58).

ശ്രീ. ഇളയിടത്തിനോട് ഒരു മറുചോദ്യം ചോദിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം: ‘ഒരാള്‍ ഒരു പ്രത്യയശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നു എന്നതുകൊണ്ട്, അതില്‍ വിശ്വസിക്കാത്തവരെല്ലാം മന്ദബുദ്ധികളും അതിനോട് വിയോജിക്കുന്നവരൊക്കെ അവിവേകികളുമാണെന്ന് ചിലരൊക്കെ കൊണ്ടുനടക്കുന്ന വിവരക്കേടിനെ നമ്മളെന്തു പേര്‍ വിളിക്കും?

Advertisements

September 26, 2008

ധാര്‍ഷ്ട്യത്തിന്റെ ഭാഷയും സ്വരവും

ഞാന്‍ ജോലി ചെയ്യുന്ന, കേരളത്തിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനത്തില്‍ സംസ്ഥാനവ്യാപകമായി ഒരു ദിവസത്തെ സൂചനാ പണിമുടക്ക് നടക്കുകയാണ് . പുതിയ ഓഫീസിലേക്ക് സ്ഥലം മാറി വന്നിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളൂ. അതിനിടയില്‍ നടന്ന രാഷ്ട്രീയപ്പിരിവുകളിലൊന്നും സഹകരിക്കാത്തതുകൊണ്ടുതന്നെ, അറിയപ്പെടുന്ന മൂരാച്ചിയും പെറ്റിബൂര്‍ഷ്വ പിന്തിരിപ്പന്‍ സാമ്രാജ്യവാദിയും ആയതുകൊണ്ടാവാം, ഈയുള്ളവനെ കണ്ടപ്പോള്‍തന്നെ ഘോരഘോരം പ്രസംഗിച്ചുകൊണ്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാതില്‍ ആരൊക്കെയോ ചെറുതായി എന്തോ മന്ത്രിച്ചു. ഓഫീസിന്റെ ഒരേയൊരു വാതിലിനു മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്ന നൂറോളം തൊഴിലാളി സുഹ്രുത്തുക്കളോടാണ്‌ പ്രസംഗം. മൈക്കും സ്റ്റേയ്ജും ഒന്നുമില്ല. വാതിലിനടുത്ത്‌ ഉണ്ടായിരുന്ന ചെറിയൊരു വിടവും കൂടി ഒന്നു രണ്ടു സഖാക്കന്മാര്‍ ചേര്‍ന്ന്‌ അടച്ചതുകൊണ്ട്‌ ഈയുള്ളവനും ജനക്കൂട്ടത്തില്‍ തന്നെ കൂടി- പ്രാസംഗികന്റെ തൊട്ടുപുറകിലായിതന്നെ. നേതാവ്‌ ടോക്യോവിലെ തൊഴിലാളിസമരത്തെപ്പറ്റി വിശദീകരിച്ചതിനുശേഷം ബെല്‍ജിയത്തിലേക്കു കടന്നപ്പോള്‍ ഈയുള്ളവനു്‌ ഇനി വയ്യ എന്നായി. സഹിക്കുന്നതിനും ഇല്ലെ ഒരതിരു്‌? എന്നാല്‍ ഒരു കട്ടന്‍ചായ കുടിക്കാമെന്നു വെച്ച്‌ അടുത്തുള്ള ബാലന്റെ ചായക്കടയിലേക്കു്‌ കയറി കുറച്ചു കഴിഞപ്പോളേക്കും പ്രസംഗമെല്ലാം നിറുത്തി നേതാവും ചായക്കടയിലേക്കു കയറിവന്നു. ഭേഷ്‌!
‘അല്ലാ സുഹ്രുത്തെ, ന്യൂയോര്‍ക്കില്‍നടന്ന സമരത്തെ ഉദ്ദേശിച്ചാണോ നിങ്ങള്‍ ടോക്കിയോ ടോക്കിയോ എന്ന് പ്രസംഗിക്കുന്നത് കേട്ടത്?’ എന്ന് ഈ ഞാന്‍ .
ചോദ്യത്തിനുമുന്നില്‍ സഖാവ് അല്‍പ്പമൊന്നു പകച്ച്, അല്‍പ്പം ആലോചിക്കുന്നത് പോലെ ഭാവിച്ച് ഒടുവില്‍ തെറ്റ് സമ്മതിച്ചു .’ അത്……പല പല കാര്യങ്ങളല്ലേ തലയില്‍ കൂടി പോകുന്നത് ,ചിലപ്പോള്‍ എനിക്ക് സ്ഥലപ്പേരു മാറിപ്പോയിട്ടുണ്ടാകും’.
ചായകുടിക്കിടയില്‍, സമരത്തിന്റെ ന്യയാന്യായങ്ങളിലേക്കൊന്നും കടക്കാതെതന്നെ, കഴിഞ്ഞ പത്തിരുപത്തഞ്ചു വര്‍ഷത്തെ സര്‍വീസിന്നിടയില്‍ നടന്ന ഒട്ടുമിക്ക സമരങ്ങളിലും കരിങ്കാലിപ്പണി ചെയ്ത ഈയുള്ളവന്‍ നേതാവിനോട് നേരിട്ടു കാര്യം ചോദിച്ചു ‘ജോലിക്ക് കയറിയാല്‍ നിങ്ങള്‍ എന്നെ തല്ലുമോ?
നേതാവും ഉള്ള കാര്യം തുറന്നു പറഞ്ഞു ‘വേണ്ട, സാര്‍ ജോലിക്ക് കയറാന്‍ ഒന്നും നില്‍ക്കണ്ട .ബലം പ്രയോഗിച്ച് ആണെങ്കിലും പണിമുടക്ക് വിജയിപ്പിക്കുവാന്‍ തന്നെ ആണ് ഞങ്ങളുടെ തീരുമാനം. കാരണം ഈ സ്ഥാപനത്തിലെ മൊത്തം തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് വേണ്ടി ഉള്ളതാണീ സമരം.’
നൂറോളം വരുന്ന സമരാനുകൂലികളോട്‌ ഒറ്റക്ക് മസില് പിടിക്കുന്നതിലെ യുക്തി രാഹിത്യം നല്ല പോലെ ബോധ്യം ഉള്ളത് കൊണ്ട് നേരെ സ്ഥലം കാലി ആക്കാന്‍ ഒരുങ്ങുമ്പോള്‍ ആണ് നേതാവിന്റെ ചാട്ടുളി പ്രയോഗം! ‘എട്ടു ശതമാനം ഡി എ പ്രഖ്യാപിച്ചത് കൊണ്ട് സാറിന് സന്തോഷം ആയി കാണും, പക്ഷെ തൊഴിലാളിയെ സംബന്ധിച്ച് അതിലും പ്രധാനമാണ് മറ്റു പലതും ‘
സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലേ ദിവസം പ്രഖ്യാപിച്ച ക്ഷാമബത്തയെ ഉദ്ദേശിച്ചാണ് നേതാവിന്റെ തട്ട്! ഏതായാലും ജോലിക്കോ കയറാന്‍ പറ്റിയില്ല, ഒരു ദിവസത്തെ പൈസയും പോയി., എന്നാല്‍ പിന്നെ നേതാവിന്റെ മുഖത്ത് നോക്കി രണ്ടു പറയാന്‍ തന്നെ ആയിരിക്കും വിധി എന്ന് നിനച്ച് തിരിച്ചു ബാലന്റെ കടയിലേക്ക് തന്നെ കയറി. പ്രാധമിക റൌണ്ടിലെ നേതാവിന്റെ ആദ്യ വാചകത്തെ തന്നെ സൌഹൃദബുദ്ധ്യാ തടഞ്ഞു കൊണ്ട്‌ ഈയുള്ളവന്‍ പറഞ്ഞു.

‘സുഹൃത്തേ, നമുക്കു കുറച്ചുകൂടി പുറകില്‍ നിന്നു തുടങ്ങാം. ഞാന്‍ ഇങ്ങിനെ പലതും വായിക്കുന്ന കൂട്ടത്തില്‍ വായിച്ചിട്ടുള്ളതാണ്- അരുണ്‍ ഷൂരിയുടെ ‘ദ മിഷനരീസ് ഇന്‍ ഇന്ത്യ’ എന്ന പുസ്തകം. അതില്‍ അതുല്യം ആയ ഒരു നിരീക്ഷണം ഉണ്ട്. കമ്മ്യൂണിസം ഉള്‍പ്പെടെ ഉള്ള സെമെറ്റിക് മതങ്ങളെ പറ്റി ആണത്. അത് ഏകദേശം ഇങ്ങിനെ ആണ്. “സത്യം ഒന്നേ ഉള്ളൂ (യഹോവ /അള്ളാഹു /വിപ്ലവം). അത് ഒരു മഹാ പുരുഷന് വെളിപ്പെട്ടു കിട്ടിയിട്ടുണ്ട് (ക്രിസ്തു /നബി /മാര്‍ക്സ്-ഏംഗല്‍സ് ). അത് ഒരു മഹാ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി കിട്ടുവാനുള്ള ഭാഗ്യവും നമുക്ക് ഉണ്ടായിട്ടുണ്ട്(ബൈബിള്‍ /ഖുറാന്‍ /ദാസ് കാപ്പിറ്റല്‍ ). ആ മഹാ ഗ്രന്ഥങ്ങളിലെ പ്രദിപാദ്യ വിഷയം അതീവ സങ്കീര്‍ണം ആയതു കൊണ്ട്‌ അതിനെ ശരിയായി വ്യാഖ്യാനിക്കുവാന്‍ ഒരു ഏജന്‍സിയുടെ ആവശ്യം ഉണ്ട് (സഭ /മൊല്ലാക്ക /പാര്‍ട്ടി ). ഈ സ്വര്‍ഗ്ഗ രാജ്യം എല്ലാവര്‍ക്കും സൌജന്യം ആയി തന്നെ അവകാശപ്പെട്ടത് ആണെങ്കിലും ആ മഹാ സത്യം സക്ഷാത്കരിക്കണം എങ്കില്‍ ഭൂമിയില്‍ ഉള്ള എല്ലാ മനുഷ്യരും അതില്‍ വിശ്വസിച്ചേ പറ്റൂ . അത് കൊണ്ട് അമേരിക്കന്‍ മാവും ഗോതമ്പും കൊടുത്തിട്ട് ആയാലും ശരി, അഗ്നിയും വാളും തോക്കും ഉപയോഗിച്ച് ആണെങ്കിലും ശരി, പ്രലോഭിപ്പിച്ച് ആണെങ്കിലും ശരി എല്ലാ അവിശ്വാസികളേയും സത്യ വിശ്വാസത്തിലേക്ക് കൊണ്ട്‌ വരേണ്ടത് ഓരോ വിശ്വാസിയുടെയും ഒഴിവാക്കപ്പെടാനാവാത്ത ബാധ്യത ആണ് (inescapable responsibility)”.

ഉദ്ധരണി ഒന്ന് അവസാനിപ്പിച്ചിട്ട് ഞാന്‍ വിശദീകരണത്തിലേക്ക്‌ കടന്നു. ‘ വിശ്വാസങ്ങളുടേയും പ്രത്യയശാസ്ത്രങ്ങളുടെയും വായു കടക്കാത്ത ഇത്തരം ഓരോ അറകളില്‍ ആണ് നമ്മള്‍ ഓരോരുത്തരും നില്‍ക്കുന്നത് . അവിടെ നമ്മള്‍ നില്ക്കുന്ന നിലപാട് തറകളില്‍ നിന്നു കൊണ്ടുള്ള കാഴ്ചകള്‍ മാത്രമാണ് സത്യം അല്ലെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട സത്യം എന്നും, മറ്റുള്ളവരുടെത് മിഥ്യ അല്ലെങ്കില്‍ വികലമായ സത്യം എന്നുമാണ് നമ്മള്‍ ഓരോരുത്തരും ശാഠ്യം പിടിക്കുന്നത്. സത്യം എന്ന് ഞാന്‍ കരുതുന്നത് തന്നെ മറ്റുള്ളവരും കരുതിയെ പറ്റൂ എന്നാണ് നമ്മുടെ വാശി. വിശ്വാസത്തിന്റെ തീവ്രത കൊണ്ട് വ്യതസ്തമായ ഒരു പ്ലാറ്റ്ഫോമില്‍ ഒന്ന് നിന്നു നോക്കുവാന്‍ പോലും നമ്മള്‍ വിസമ്മതിക്കുകയും ചെയ്യുന്നു. ഈ സൂര്യന് കീഴിലുള്ള ഏത് പ്രശ്നവും- അത് രാഷ്ട്രീയമോ മതപരമോ സാമൂഹികമോ എന്തുമായികൊള്ളട്ടെ, അരുണ്‍ ഷൂരിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വീക്ഷിച്ചാല്‍ പരിഹരിക്കാവുന്നതെ ഉള്ളു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഏത് നാണയത്തിനും മറ്റൊരു വശം കൂടി ഉണ്ട് എന്ന ഏറ്റവും ലളിതമായ ഒരു തിരിച്ചറിവ് മാത്രം മതി ഏത് പ്രശ്നത്തിന്റെയും കാഠിന്യം ലഘൂകരിക്കാന്‍ ‍. അതിന് തയ്യാറാകാതെ തന്റെ കാഴ്ചപ്പാടിന്റെ സാധുത താന്‍ തന്നെ ഉറപ്പിക്കുന്നതാണ് ഏത് നിസ്സാര പ്രശ്നത്തെയും ഗൌരവം ഉള്ളതാക്കുന്നതും’.
ഇത്രയും ആയപ്പോളേക്കും ചായക്കടയുടെ വാതില്‍ക്കല്‍ വന്ന്‌ ആരോ നേതാവിനെ വിളിച്ചു ‘ ഇക്കാ, ഒരു മിനിറ്റ്’

പിന്നെ എന്തുകൊണ്ടോ നേതാവിനെ അന്നോ പിന്നീട് കുറേ നാളത്തേക്കൊ അഭിമുഖീകരിക്കേണ്ടി വന്നില്ല. മറ്റു സ്ഥലങ്ങളിലും തൊഴിലാളി വര്‍ഗ്ഗത്തെ ഒറ്റു കൊടുക്കുവാന്‍ ഒരുമ്പെട്ട കരിങ്കാലികളെ തല്ലി ഓടിച്ചതും, കരി ഓയില്‍ ഒഴിച്ചതും ഉള്‍പ്പെടെ ഉള്ള വീര സാഹസിക കഥകള്‍ ആയിരുന്നു, പിന്നെ രണ്ടു ദിവസം പക്ഷെ ഓഫീസിന്നുള്ളിലെ നേരമ്പോക്കുകളില്‍ പ്രധാനം. ഈ നേരമ്പോക്കുകളില്‍ അഭിരമിക്കുവാന്‍ വിസമ്മതിക്കുന്ന എന്റെ മനസ്സിലേക്ക് എങ്ങിനെയോ കയറി വന്നത് പക്ഷെ, കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ബി. ബി. സി. വേള്‍ഡ്‌ ടി. വി യില്‍ കണ്ട സൗദി അറേബ്യയിലെ നിയമ വ്യവസ്ഥയെ കുറിച്ചു വന്ന ഒരു ഡോക്യുമെന്ററി ആണ്. പരിഷ്കൃത ലോകത്ത് നിന്നു നോക്കുമ്പോള്‍ പ്രാകൃതം, കിരാതം എന്നെല്ലാം വിശേഷിപ്പിക്കാവുന്ന പല പല ദൃശ്യങ്ങളും രഹസ്യമായി ചിത്രീകരിക്കപെട്ടിരുന്ന ആ പരിപാടിയില്‍ ലണ്ടനിലെ സൗദി അറേബ്യയുടെ നയതന്ത്ര പ്രതിനിധിയും ആയുള്ള അഭിമുഖവും ഉള്‍പ്പെടുത്തിയിരുന്നു. പൊതു സ്ഥലത്ത് പരസ്യമായി നടത്തിയിരുന്ന ശിരഛേദത്തിനെക്കാള്‍ എത്രയോ നിസ്സാരമാണ് നൂറോ നൂറ്റന്‍പതൊ ചാട്ടവാര്‍ അടി എന്നാണ് അതുവരെ ഞാന്‍ ധരിച്ചിരുന്നത്.എന്റെ ധാരണയെ പാടെ തിരുത്തുന്നത് ആയിരുന്നു പക്ഷെ ആ സംപ്രേഷണം. കാരണം ആദ്യത്തെ അഞ്ചോ ആറോ അടി ഏല്‍ക്കുമ്പോള്‍ തന്നെ കുറ്റവാളി എന്ന് വിധിക്കപ്പെട്ട ആ മനുഷ്യന്റെ പൃഷ്ഠ ഭാഗത്തെ മാംസം പൊട്ടി രക്തം ചീറ്റാന്‍ തുടങ്ങും! അന്നത്തെ ശിക്ഷ അവസാനിപ്പിച്ച് വൃണത്തില്‍ മരുന്ന് വെച്ചു കെട്ടി ചികിത്സ ആണ് പിന്നെ. ഒന്നോ രണ്ടോ ആഴ്ച കൊണ്ട്‌ മുറിവ് ഭേദമായ അയാളെ പിന്നെയും ഇതേ ചാട്ടവാര്‍ അടിക്ക് വിധേയന്‍ ആക്കുകയാണ് തുടര്‍ന്ന് ഉണ്ടാവുക. ഇങ്ങിനെ ചാട്ടവാര്‍ അടി, ചികിത്സ എന്നിവയുടെ തനിയാവര്‍ത്തനം പലതു കഴിയുമ്പൊഴേക്ക്‌ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടുണ്ടാവും. ഇങ്ങിനെ ചാട്ടവാര്‍ അടി, അംഗവിഛേദം, ശിരഛേദം തുടങ്ങിയ പ്രാകൃത ശിക്ഷക്ക് വിധേയരാവുന്നവരുടെ വിചാരണയും വളരെ വിചിത്രമാണ്. സൌദിയില്‍ നിലവിലുള്ള നിയമം അനുസരിച്ച് അമുസ്ലിം ആയ പത്തു പേര്‍ പ്രതിക്ക് അനുകൂലമായി സാക്ഷി പറഞ്ഞാലും ഒരു മുസ്ലിം പ്രതികൂലമായി പറഞ്ഞാല്‍ രണ്ടാമത് പറഞ്ഞതാണ്‌ സ്വീകരിക്കപ്പെടുക!

ഈ പരിപാടി സംപ്രേഷണം ചെയ്യപ്പെടാതിരിക്കുവാന്‍ വേണ്ടി സൗദി ഗവണ്മെന്റ് സ്വീകരിച്ച സമ്മര്‍ദതന്ത്രങ്ങള്‍ വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാഷ്ട്രീയവും, പ്രതിരോധ കരാറുകള്‍ റദ്ദ് ചെയ്യല്‍ ഉള്‍പ്പെടെ ഉള്ള കടുത്ത സാമ്പത്തീക തന്ത്രങ്ങളെയും എല്ലാം അവഗണിച്ച് കൊണ്ടും, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ തന്നെ അപേക്ഷയെ നിരസിച്ചു കൊണ്ടും ബി ബി സി സംപ്രേഷണം ചെയ്ത ആ പരിപാടിയില്‍, സൗദി നയതന്ത്ര പ്രതിനിധി പ്രതിരോധത്തിന് തിരഞ്ഞെടുത്ത ശൈലി ആയിരുന്നു ശ്രദ്ധേയം. തങ്ങളുടെ നാട്ടിലെ സംസ്കാരത്തിനും പാരമ്പര്യത്തിനും യോജിച്ച രീതിയില്‍ തങ്ങളുടെ പ്രവാചകശ്രേഷ്ടര്‍ രൂപീകരിച്ച വിശുദ്ധനിയമം ആണ് അതെന്നും ആ നിയമം അനുസരിക്കുവാന്‍ തയ്യാര്‍ ഉള്ളവര്‍ മാത്രം ആ നാട്ടിലേക്ക് വന്നാല്‍ മതി എന്നും ആയിരുന്നു അദ്ദേഹത്തിന്റെ വാദം!

ഇനി നമുക്ക് സാംസ്‌കാരിക വര്‍ണരാജിയുടെ നേരെ മറുപുറത്ത് നില്ക്കുന്ന അമേരിക്കയിലേക്ക് വരാം. സെപ്റ്റംബര്‍ പതിനൊന്നിലെ വേള്‍ഡ്‌ ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ആ രാജ്യം കൈകൊണ്ട പ്രതികാരനടപടികളുടെ പോക്ക് എങ്ങിനെ ഉള്ളതായിരുന്നു എന്ന് മറക്കാറായിട്ടില്ല ലോകത്തിന്. ആക്രമണത്തിന് നേതൃത്വം കൊടുത്തവന്‍ എന്ന് അമേരിക്ക വിശ്വസിക്കുന്ന ബിന്‍ ലാദന്റെ ജന്മദേശം പോലും അല്ലാത്ത അഫ്ഘാനിസ്ഥാന്‍ എന്ന സ്വതന്ത്ര രാഷ്ട്രത്തില്‍ ആ രാജ്യം വര്‍ഷിച്ച ക്രുയിസ് മിസ്സൈലുകളും ക്ലസ്റ്റര്‍ ബോംബുകളും ഏത് ധാര്‍മീകതയുടെ പേരിലാണ് ന്യായീകരിക്കപ്പെടുക? തുടര്‍ന്ന് ഇല്ലാത്ത നശീകരണആയുധങ്ങളുടെ പേരില്‍ മറ്റൊരു സ്വതന്ത്ര പരമാധികാര രാഷ്ട്രം ആയ ഇറാഖില്‍ അവര്‍ നടത്തിയ അധിനിവേശവും നമ്മള്‍ കണ്ടു. വേള്‍ഡ്‌ ട്രേഡ് സെന്റര്‍ ആക്രമണവും ആയി ബന്ധപ്പെട്ട് അമേരിക്ക പുറത്തിറക്കിയ പ്രതിപ്പട്ടികയില്‍ ഒന്നും ഇറാഖികള്‍ ആരും തന്നെ ഇല്ല. എന്ന് മാത്രം അല്ല, സെപ്റ്റംബര്‍ പതിനൊന്നിനെയും ഇറാഖിനെയും പരോക്ഷം ആയി പോലും ബന്ധിപ്പിക്കുന്ന ഒരു സൂചനയും ഇപ്പോഴും ഇല്ല എന്നതാണ് വസ്തുത! എന്നിട്ടും ഈ രണ്ടു ആക്രമണങ്ങളെയും ലോകജനതയ്ക്ക് മുമ്പില്‍ അമേരിക്ക ന്യായീകരിക്കുന്നത് എങ്ങിനെ എന്ന് ശ്രദ്ധിക്കുക. മാരക ശേഷിയുള്ള നശീകരണ ആയുധങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു എങ്കിലും ഈ ആക്രമണങ്ങള്‍ കൊണ്ട്‌ ഭീകരവാദത്തെ തളക്കുവാനും, ലോകത്തെ കൂടുതല്‍ സുരക്ഷിതം ആക്കുവാനും തങ്ങള്‍ക്കു കഴിഞ്ഞു എന്നാണ് അവരുടെ ന്യായം. അനേക കോടികളുടെ നാശനഷ്ടങ്ങളും പതിനായിരങ്ങളുടെ ജീവാപഹരണവും എല്ലാം അതിന്റെ അവഗണിക്കപ്പെടാവുന്ന വെറും ഒരു ഉപോല്‍പ്പന്നം (byproduct) മാത്രം.

ഇനി നമുക്ക് നമ്മുടെ ഭരതാംബയിലേക്ക് തന്നെ തിരിച്ചു വരാം. ഭാരതത്തിലെ ന്യൂനപക്ഷങ്ങളോട് ഭൂരിപക്ഷത്തിന്റെ വിശ്വാസം ആര്‍ജിക്കുവാനും, അവരുടെ തണലില്‍ സ്വസ്ഥമായി ജീവിക്കുവാനും നിര്‍ദേശിച്ചു കൊണ്ട്‌, രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെതായി ഒരു ഉപദേശം വന്നിട്ട് ഏറെയൊന്നും ആയില്ല. ന്യൂന പക്ഷങ്ങളുടെ തന്നെ നന്മക്കും സുരക്ഷിതത്വത്തിനും ആണ് ഈ നിര്‍ദ്ദേശം എന്നായിരുന്നു സംഘത്തിന്റെ ഉറച്ച നിലപാടും.

ഈ മൂന്ന് ഉദാഹരണങ്ങളിലും പൊതുവായ ചില ഘടകങ്ങള്‍ കാണുവാന്‍ കഴിയും.
1. മറ്റുള്ളവരുടെ കാഴ്ച്ചപ്പാടുകള്‍ ഒന്നും ഞങ്ങള്‍ക്ക് പ്രശ്നം അല്ല, ഞങ്ങളുടെതാണ് ശരിയും നിയമവും.
2. ആ നിയമം സമൂഹത്തിന്റെ പൊതുവായ നന്മക്കു വേണ്ടി ഉള്ളതാണ്.
3. ആ പൊതു നന്മക്കു വേണ്ടി പോരാടുകയും വിയര്‍പ്പ് ഒഴുക്കുകയും ചെയ്യുന്ന ഞങ്ങളോട് എന്നും വിധേയര്‍ ആയിരിക്കുക.

ഇനി ആണ് നമ്മള്‍ ഈ കൊച്ചു കേരളത്തിലേക്ക് നോക്കേണ്ടത്. ലാറ്റിന്‍ അമേരിക്കയിലോ ആഫ്രിക്കയിലോ ഏഷ്യയിലോ എവിടെ എങ്കിലും പൌരാവകാശ ലംഘനമോ മനുഷ്യാവകാശ ലംഘനമോ ഉണ്ടായാല്‍ മതി, അതിനെതിരെ ശക്തമായ പ്രതികരണവും ആയി ഇറങ്ങുകയായി ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. കമ്മ്യൂണിസ്റ്റ് ചൈനയിലും പഴയ റഷ്യയിലും മറ്റും എത്രത്തോളം ഇവയൊക്കെ അനുവദിക്കപ്പെട്ടിരുന്നു എന്നൊന്നും അന്വേഷിക്കാന്‍ മെനക്കെടേണ്ടതില്ല. ഇവിടെ അവര്‍ വേണ്ടതിനും വേണ്ടാത്തതിനും ഇടക്കിടെ പ്രഖ്യാപിക്കുന്ന ബന്ദുകളും ഹര്‍ത്താലുകളും പണിമുടക്കുകളും മാത്രം നോക്കുക. പേശീബലവും മുഷ്ക്കും ഉപയോഗിച്ച്‌ കടകള്‍ അടപ്പിച്ചും, ഗതാഗതം തടസ്സപ്പെടുത്തിയും, കരിങ്കാലികള്‍ എന്നവര്‍ വിളിക്കുന്നവരെ തല്ലിയും കരി ഓയില്‍ ഒഴിച്ചും ഒതുക്കുമ്പോള്‍, വിചിത്രം എങ്കിലും ഒരു കാര്യം വ്യക്തമാകുന്നു – സൗദി അറേബ്യയുടെയും അമേരിക്കയുടെയും ആര്‍ എസ് എസ്സിന്റെയും ഭാഷയും സ്വരവും തന്നെ ഇവരുടേതും!

ഇതെന്തുകൊണ്ട് അവര്‍ സ്വയം തിരിച്ചറിയുന്നില്ല എന്ന് അന്വേഷിക്കുമ്പോള്‍ ആണ് നമ്മള്‍ അരുണ്‍ ഷൂരിയിലേക്ക്‌ മടങ്ങി വരേണ്ടത്. പുറത്ത് നില്‍‌ക്കുന്ന വര്‍ഗശത്രുക്കള്‍ സര്‍വശക്തിയും ഉപയോഗിച്ച് ആക്രമിക്കുവാന്‍ നില്‍ക്കുമ്പോള്‍, നിരന്തരം ആയി അവരെ പ്രതിരോധിക്കേണ്ടത് പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനു തന്നെ അത്യന്താപേക്ഷിതം ആണെന്ന മട്ടില്‍, ദേശാഭിമാനിയും ചിന്തയും ലേഘനങ്ങളും വാര്‍ത്തകളും ചമക്കുമ്പോള്‍ അവക്കനുസരിച്ചു സ്വന്തം ബുദ്ധി ദിവസവും പുനഃക്രമീകരിക്കുവാന്‍ വിധിക്കപ്പെട്ട അവര്‍ക്ക്‌ എങ്ങിനെ അതിന് സാധിക്കും എന്ന് തിരിച്ചു ചോദിക്കുക ആകും കൂടുതല്‍ യുക്തിസഹം.

ഇത് ഇടതുപക്ഷത്തിന്റെ മാത്രം കഥയാണെന്ന് കരുതിയാല്‍ തെറ്റി. ഏതെങ്കിലും ഒരു വിശ്വാസത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ ചട്ടകൂടിന്നുള്ളില്‍ അള്ളിപിടിച്ചിരുന്നു്‌, അതിന്റെ നേതാക്കള്‍ക്ക് സ്വയം അപ്രമാദിത്യം കല്‍പ്പിച്ച്‌, സ്വന്തം ചിന്താശക്തി അവര്‍ക്ക് പണയപ്പെടുത്തി, വ്യതസ്ത കമ്പാര്‍ട്ട്മെന്റുകളില്‍ സുഖവാസം നയിക്കുന്ന നമ്മള്‍ ഓരോരുത്തരും മറ്റെന്താണ് ചെയ്യുന്നത് എന്നാലോചിക്കുക. ദേശാഭിമാനിയുടെയും ചിന്തയുടെയും സ്ഥാനത്ത് സത്യദീപവും ചന്ദ്രികയും വീക്ഷണവും ഒക്കെ ആണെന്നുള്ള വ്യത്യാസം അല്ലെ ഉള്ളൂ?

ഇനി നന്മതിന്മകളെ മാതിരി കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുള്ള ഗുണങ്ങളെ എങ്ങിനെയാണ് കാഴ്ചപ്പാടുകളും പ്ലാറ്റ്ഫോമുകളും സ്വാധീനി‌ക്കുക എന്നാണെങ്കില്‍, ചുരുക്കം ചില സൂചനകള്‍ മാത്രം തരാം. മോഷണം, പിടിച്ചുപറി, കൊള്ള എന്നിവ തിന്മയുടെ കൂട്ടത്തിലാണെങ്കില്‍, കായംകുളം കൊച്ചുണ്ണിയെയും ഇത്തിക്കര പക്കിയെയും നമ്മള്‍ താരാരാധനയോടെ തസ്കരവീരന്മ്മാര്‍ എന്ന് വിളിക്
കുന്നത് എന്തിന്? റോബിന്‍ ഹുഡുമാരുടെയും മീശമാധവന്മാരുടെയും ഭാഗത്തല്ലേ നമ്മള്‍ മനസ്സുകൊണ്ടെങ്കിലും?

ഇനി തിന്മയുടെ പരമോന്നത സ്ഥാനത്ത് പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്ന കൊലപാതകത്തിലേക്ക് വരാം. കയ്യോ കാലോ വളരുന്നത് എന്ന് നോക്കിയും, നെഞ്ചിലേറ്റി ലാളിച്ചും, ഒക്കത്തിരുത്തി അമ്പിളി അമ്മാവനെ കാട്ടി ഊട്ടിയും, സ്കൂളില്‍ നിന്നു വരാന്‍ പത്തു മിനിട്ട് വൈകിയാല്‍ ആധി പിടിച്ചും വളര്‍ത്തി വലുതാക്കിയ, എത്രയോ അമ്മമാരുടെ ഉണ്ണികളെ ആണ്, അവര്‍ ഒരു വരക്ക് അപ്പുറത്ത് ആയാല്‍, ഇപ്പുറത്ത് അതേ പോലെ വളര്‍ന്ന ഉണ്ണികള്‍ക്ക് കൊല്ലാന്‍ ഒരു മടിയും ഇല്ലാത്തത്? കാര്‍ഗിലില്‍ കണ്ടവന്റെ വെടി കൊണ്ടു മരിച്ച നമ്മുടെ കുട്ടികള്‍ കേണല്‍ വിശ്വനാഥനും ക്യാപ്ടന്‍ റെജി പ്രേംനാഥും എല്ലാം വീരസ്വര്‍ഗം ആണത്രേ പൂകിയത്‌! കഷ്ടം! തന്തക്കും തള്ളക്കും പോയി. പിന്നെ ഭാര്യക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കും. വേറെ ആര്‍ക്ക് എന്ത് ചേതം? ത്രിപ്പൂണിത്തുറയിലെ ആ അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍ ശ്രദ്ധിക്കുവാന്‍ ആര്‍ക്ക് നേരം? കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുംതോറും പുണ്ണ്യത്തിന്റെയും വീരചക്രങ്ങളുടെയും തോതും കൂടുന്നത് എന്ത് കൊണ്ടാണ്? അവര്‍ തമ്മില്‍ ഒരു പ്രശ്നവും ഇല്ലെന്നു മാത്രം അല്ല, അവര്‍ അതിന് മുമ്പ് പരസ്പരം കണ്ടിട്ട്കൂടിയും ഇല്ല എന്നതല്ലെ സത്യം ? ഡല്‍ഹിയിലും ഇസ്ലാമാബാദിലും ഉള്ള ശീതീകരിച്ച മുറികളില്‍ ഇരുന്നു രാഷ്ട്രീയക്കോമരങ്ങള്‍ യുദ്ധസന്നാഹങ്ങള്‍ തീര്‍ക്കുമ്പോള്‍ അവരുടെ മക്കള്‍, അഥവാ ആരെങ്കിലും സൈന്യത്തില്‍ ഉണ്ടെങ്കില്‍ തന്നെ, മുന്നണിയില്‍ നിന്നു എത്രയോ അകലേക്ക് സ്ഥലം മാറ്റപ്പെട്ടിട്ടുണ്ടാകും എന്ന് കൂടി ഓര്‍ക്കുക!

ഇനി ഏറ്റവും വിശുദ്ധം ആയ നന്മ്മയിലേക്ക് വരാം. വ്യാജ ദൈവങ്ങളുടെ ആരാധനയില്‍ മുഴുകി നരകത്തില്‍ പോകാന്‍ വിധിക്കപ്പെട്ട, കോടികള്‍ വരുന്ന വിഗ്രഹാരാധകര്‍ ആയ ഹിന്ദുക്കളെ, സത്യ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന്, സ്വര്‍ഗത്തിന് അവകാശികള്‍ ആക്കുവാന്‍ ആളും അര്‍ഥവും എത്രയും ഉപയോഗിക്കുന്ന സഭകളും ഇസ്ലാമിക പ്രസ്ഥാനങ്ങളും ചെയ്യുന്നത് നന്മ അല്ലേ? എന്നാല്‍, അതിലെ കൊടും തിന്മ കാണാന്‍ കുമ്മനം രാജശേഖരന്മാരുടെയും ലാല്‍ കൃഷ്ണ ആദ്വാനിമാരുടെയും പ്ലാറ്റ്ഫോമിലേക്ക് വരേണ്ട കാര്യം ഒന്നും ഇല്ല. ആദ്ധ്യാത്മിക വിഷയങ്ങളില്‍ ബഹുദൂരം സഞ്ചരിച്ച മഹാത്മാഗാന്ധിയുടെ പ്ലാറ്റ്ഫോമിലേക്ക് വന്നാല്‍ മതി. തനിക്ക് അധികാരം കിട്ടിയാല്‍ 24 മണിക്കൂറിനകം നിരോധിക്കുന്ന മൂന്നു തിന്മകളില്‍ അദ്ദേഹം മതപരിവര്‍ത്തനവും ഉള്‍പ്പെടുത്തിയത് മറ്റെന്തുകൊണ്ടാണ് ?

വാല്‍കഷ്ണം: കേരള കര്‍ഷക സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സ: കോടിയേരിയും സ: രാമചന്ദ്രന്‍ പിള്ളയും നയിക്കുന്ന വന്‍ പ്രകടനം വയനാട്ടില്‍ ദേശീയ പാതയിലൂടെ കടന്നു പോകുന്നു. ഒരു മണിക്കൂറോളം പൂര്‍ണ്ണമായ ഗതാഗത സ്തംഭനം. നിരത്ത് പൂര്‍ണ്ണമായും കയ്യടക്കിയ പ്രകടനത്തിനരികിലൂടെ എതിര്‍ ദിശയിലേക്ക് രണ്ട് ആംബുലന്‍സിലും ഒരു ലോറിയിലും ആയി മൂന്നു മൃതദേഹങ്ങള്‍ ഏറെ ക്ലേശിച്ച് വളരെ സാവധാനം കടന്നു പോകുന്നു. പൊടുന്നനെ സമ്മേളന സ്ഥലം കേന്ദ്രീകരിച്ച് യാതൊരു മുന്നറിയിപ്പും ഇല്ലാതെ ശക്തമായ കാറ്റും മഴയും. പ്രകടനത്തിന്റെ പൊടി പോലും നിരത്തില്‍ ഇല്ല. തികച്ചും യാദൃശ്ചികമായി ഒത്തു വന്ന രണ്ടു വ്യതസ്ത സംഭവങ്ങള്‍. എങ്കിലും മനസ്സിലൊരു നേര്‍ത്ത പ്രതീക്ഷ – പ്രകൃതി അതിന്റെ പണ്ടെക്കുപണ്ടേ മറന്നു കഴിഞ്ഞ ഉത്തരവാദിത്വങ്ങള്‍ വീണ്ടെടുക്കുക ആണോ?

ആ പ്രതീക്ഷ അസ്ഥാനത്ത് ആണെന്ന് തെളിയിച്ചു കൊണ്ട് ബന്ദുകളും ഹര്‍ത്താലുകളും വീണ്ടും എത്രയോ കടന്നു പോയി. രക്താര്‍ബുദം ബാധിച്ചു മരിച്ച നാല് വയസ്സുകാരന്‍ സോണലിന്റെ മൃതദേഹം കെട്ടിപിടിച്ചു ഒന്നു കരയാന്‍ പോലും ആകാതെ അമ്മ റോഡിയ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇരുന്നു പോട്ടികരയുമ്പോള്‍, ആ ദൃശ്യം സംപ്രേഷണം ചെയ്ത ചാനലിന്റെ പ്രവൃത്തി, അത്യന്തം മനുഷ്യത്വഹീനം (inhumane) എന്ന് ആവര്‍ത്തിച്ചു ശകാരിക്കുക ആയിരുന്നു എം എം ലോറന്‍സ് എന്ന വിപ്ലവ വീരന്‍ ! ആഴ്ച രണ്ടു കഴിഞ്ഞില്ല, വിദേശികളും ആയി കായലിലൂടെ പോയിരുന്ന കെട്ടുവള്ളം ആക്രമിച്ച്‌ ജീവനക്കാരെ പിടിച്ചുകൊണ്ടുപോയി ഇതേ വിപ്ലവ സംഘടന! എന്റെ കൂടി വോട്ടു വാങ്ങിയിട്ടല്ലല്ലോ ഈ നരാധമന്മാര്‍ എന്റെ നെഞ്ചത്ത് കേറി നിരങ്ങുന്നത് എന്നത് മാത്രം ആണ് ഏക ആശ്വാസം.

Create a free website or blog at WordPress.com.